ശങ്കുണ്ണിയും രാജകുമാരിയും

Malayalam digital books are now available for online reading. Enjoy the world of folk tale (nadodikathakal) series.

ശങ്കുണ്ണിയും രാജകുമാരിയും


സിൽബാരിപുരം രാജ്യം പുലികേശൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ ഏക പുത്രിയായിരുന്നു പുഷ്പവല്ലി രാജകുമാരി.

അവൾ തോഴിമാരുമൊത്ത് ഒരു ദിവസം രാവിലെ പുഴയിൽ നീരാടാൻ പോയി. എല്ലാവർക്കും നന്നായി നീന്തലറിയാം. സാധാരണയായി രാജകുമാരിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന രത്നമാല പുഴക്കടവിൽ ഊരി വച്ചിട്ടാണ് വെള്ളത്തിൽ കളിക്കാനും കുളിക്കാനും ഇറങ്ങാറുള്ളത്. എന്നാൽ, ആ ദിനം അവൾ അതു മറന്നു പോയി. ആ സമയത്ത്, പുഴവെള്ളത്തിൽ എവിടെയോ മാല നഷ്ടപ്പെട്ടു!

രാജകുമാരി തോഴിമാരൊപ്പം കളിച്ചു ചിരിച്ചു തിരികെ കൊട്ടാരത്തിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്.

ഉടൻ, രാജാവിന്റെ .ഇരുപതു ഭടന്മാർ പുഴക്കരയിലേക്ക് കുതിച്ചു. അവർ ചെന്നയുടൻ, എല്ലാവരും കൂടി വെള്ളത്തിലേക്ക് എടുത്തു ചാടി. പിന്നെയൊരു ബഹളമായിരുന്നു. ഏതു ഭടന്റെ കയ്യിലാണോ കിട്ടുന്നത് അവന് പാരിതോഷികമായി എന്തെങ്കിലും കിട്ടുമെന്നു തീർച്ചയാണ്. ആ വെപ്രാളത്തിൽ പുഴവെള്ളം കുത്തിക്കലങ്ങി ഒഴുകി. വൈകുന്നേരം വരെ മുങ്ങിയിട്ടും ആർക്കും കിട്ടിയില്ല. അവർ നിരാശയോടെ കൊട്ടാരത്തിലെത്തി രാജകുമാരിയെ വിവരം അറിയിച്ചു.

രാജകുമാരി പറഞ്ഞു -

"ഞങ്ങൾ കുളിച്ച സ്ഥലം സുരക്ഷിതമാണ്. പക്ഷേ, മാല ഒഴുകിപ്പോയതിനു പിറകെ പോകുന്നത് അപകടമാണ് . നല്ല വഴുക്കുള്ള പാറകൾ നിറഞ്ഞ നദിയാണത്. ഒട്ടേറെപ്പേർ അവിടെ ഒഴുകിപ്പോയിരിക്കുന്നു. ഇക്കാര്യം നാട്ടുകാർ അറിയേണ്ട. കാരണം, അടുത്ത മാസം എന്റെ സ്വയംവരമാണ്. രത്നമാല വെള്ളത്തിൽ കളഞ്ഞതു നാണക്കേടാണ്. മാത്രമല്ല, ഭടന്മാർ മാല നോക്കി പരാജയപ്പെട്ടതും നാണക്കേടാണ്! "

അങ്ങനെ, അന്വേഷണം ഒറ്റ ദിവസം കൊണ്ട് മതിയാക്കി.

എന്നാൽ, ഇതെല്ലാം കണ്ടുകൊണ്ട് മുകളിൽ ഒരാളുണ്ടായിരുന്നു- ദൈവമൊന്നുമല്ല - വെറും സാധാരണക്കാരനായ ശങ്കുണ്ണി!

ചെറുപ്പം മുതൽ തേൻ ശേഖരണമാണ് അവന്റെ തൊഴിൽ. കൂടുതലായും മരത്തിൽ തൂങ്ങിക്കിടക്കുന്ന വൻതേനീച്ചക്കൂട്ടങ്ങളിൽ നിന്ന് തേനട ചെത്തിയെടുക്കാൻ ശങ്കുണ്ണി ബഹുമിടുക്കനാണ്. അവന്, പുഴക്കരയിലെ അല്പം ദൂരെയുള്ള മരത്തിലിരുന്ന് ഭടന്മാരുടെ വെപ്രാളം കണ്ട് ചിരിയടക്കാനായില്ല.

"ഹും.. കലക്കവെള്ളത്തിൽ മാല പിടിക്കാൻ നോക്കുന്ന മണ്ടന്മാർ"

അന്നു വൈകുന്നേരം വീട്ടിലേക്കു നടക്കുന്നതിനിടയിൽ ശങ്കുണ്ണിയുടെ മനസ്സിൽ ലഡു പൊട്ടി -

"ആ രത്നമാല ഇന്നുതന്നെ തപ്പിയെടുത്ത് സ്ഥലം വിടണം"

അന്നു നിലാവുള്ള രാത്രിയായിരുന്നു. കുളിക്കടവിനടുത്ത് പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന ഓരോ മരത്തിലും അവൻ കയറി താഴെ വെള്ളത്തിൽ രത്നമാല നിലാവത്ത് തിളങ്ങുന്നുണ്ടോ എന്നു നോക്കി. മരങ്ങൾ ഓരോന്നായി കയറിയിറങ്ങി. പത്താമത്തെ മരത്തിൽ കയറി താഴേക്കു നോക്കിയപ്പോൾ എന്തോ വെള്ളത്തിൽ മിന്നുന്നതു കണ്ടു. ശിഖരത്തില്‍ കാലുകള്‍ കൊളുത്തി തലകീഴായി തൂങ്ങിക്കിടന്ന് സ്ഥലം ഉറപ്പാക്കി. എന്നിട്ട്, ശങ്കുണ്ണി വെള്ളം ഒട്ടും കലങ്ങാതെ പുഴയിൽ നീന്തി ആ സ്ഥാനത്ത് മുങ്ങി രത്നമാല സ്വന്തമാക്കി!

ഉടൻ, നാടുവിടുന്നതാണു ബുദ്ധിയെന്ന് ശങ്കുണ്ണി വിചാരിച്ചു. ആ രാത്രിയിൽ പാത്തും പതുങ്ങിയും കോസലപുരംരാജ്യം ലക്ഷ്യമാക്കി നടന്നു. എന്നാൽ, അതിർത്തിയിലെ ഭടന്മാർ ശങ്കുണ്ണിയെ പിടികൂടി കൊട്ടാരത്തിൽ ഹാജരാക്കി.

ശങ്കുണ്ണി കരഞ്ഞുകൊണ്ട് രാജകുമാരിയോട് അപേക്ഷിച്ചു -

"അടിയൻ ഒരു രാത്രി മുഴുവൻ ജീവൻ പണയം വച്ച് ചെറിയ ശിഖരങ്ങളിൽ തൂങ്ങിക്കിടന്ന് രത്നമാലയുടെ തിളക്കം നിലാവത്ത് വെള്ളത്തിൽ കാണുന്നുണ്ടോ എന്നു നോക്കിയിട്ടാണ് പത്താമത്തെ മരത്തിലിരുന്ന് ഈ രത്നമാല കണ്ടത്. അതു കൊണ്ട് എന്നെ ദയവായി ശിക്ഷിക്കരുതേ! "

രാജകുമാരി പറഞ്ഞു -

"നീ വീണ്ടെടുത്ത മാല എന്നെ ഏൽപ്പിക്കാതെ പോയതിനാൽ മോഷ്ടാവുതന്നെയാണ്. പക്ഷേ, മാല എനിക്കു തിരിച്ചു കിട്ടാൻ കാരണം നീ തന്നെ. അതിനാൽ, നൂറു സ്വർണ നാണയം ഇവനു നൽകി കോസലപുരം രാജ്യത്തേക്ക് നാടുകടത്തുക "

സ്വർണക്കിഴിയുമായി നടന്നു പോകുന്നതിനിടയിൽ ശങ്കുണ്ണി സ്വയം പറഞ്ഞു-

" ബന്ധുക്കളാരും ഇല്ലാത്ത എനിക്ക് ഏതു ദേശമായാലും ഒരു പോലെ..ഹി..ഹി.."

അവൻ സന്തോഷത്തോടെ ആ രാജ്യം വിട്ടു.

ആശയം - Idea of this folk tales, nadodikadhakal.

ജീവിതമാകെ അനിശ്ചിതത്വം നിറഞ്ഞതാകുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തൊഴിലും കഴിവും പ്രയോജനപ്പെടണമെന്നില്ല. പണവും സ്വാധീനവും ഇല്ലാത്ത പ്രജകള്‍, ചില ഉദ്യോഗസ്ഥന്മാരെ സമീപിക്കുമ്പോള്‍ അവരുടെ ഇരിപ്പും വര്‍ത്തമാനവും കണ്ടുകേട്ടാല്‍ അറിവിന്റെയും അധികാരത്തിന്റെയും മഹാസമുദ്രമായി പുഛരസത്തില്‍ നോക്കി എല്ലാം തികഞ്ഞ മട്ടിലായിരിക്കും ഇടപെടുക. എല്ലാത്തരം കഴിവുകളും അറിവുകളും ഒരാളില്‍ സമ്മേളിക്കില്ലെന്ന് ഓര്‍ക്കുക! ജൈവവൈവിധ്യം എന്ന ചങ്ങലയിലെ വിവിധ കണ്ണികളാണ് നാം ഓരോരുത്തരും! ഒരു കണ്ണിയകന്നാല്‍ ആ ചങ്ങല ദുര്‍ബലമാകും!

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam