പോത്തിനോടു വേദം ഓതരുത്!

Online reading spiritual Malayalam stories from my EBOOKS.

സിൽബാരിപുരംദേശത്ത് വീരമണിഗുരുജി ആശ്രമം നടത്തിവരികയായിരുന്നു. ഒരിക്കൽ, അദ്ദേഹം ശിഷ്യന്മാരോടു പറഞ്ഞു -

"ഈശ്വരൻ പ്രപഞ്ചത്തിലെ എല്ലാ ജീവികളിലും അടങ്ങിയിരിക്കുന്നു. ഈശ്വരന്റെ ഊർജംതന്നെ സർവ ജീവജാലങ്ങൾക്കും കൊടുത്തിരിക്കുന്നു. അതിനാൽ, ഏതിനെയും താണുവണങ്ങിയാൽ അവയുടെ ഊർജം നിങ്ങൾക്ക് അനുകൂലമായി വരും. ആദ്യം നിങ്ങൾ അവറ്റകളെ ബഹുമാനിച്ചാൽ തിരികെ ബഹുമാനം ലഭിക്കുകയും ചെയ്യും"

പിന്നീട്, ശിഷ്യരിൽ ഒരാൾ ചന്തയിലേക്ക് പുറപ്പെട്ടു. ആശ്രമത്തിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഗുരുജി പറഞ്ഞയച്ചതാണ്. അവൻ കാടുപിടിച്ചു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ കുറെ ദൂരം ചെന്നപ്പോൾ ഒരാൾ ഓടി വരുന്നതു കണ്ടു.

അയാൾ ഓടുന്നതിനിടയിൽ വിളിച്ചുകൂവി - "ഈ വഴിയിലൂടെ കാട്ടുപോത്ത് മുക്രയിട്ട് വരുന്നുണ്ട്. വേഗം രക്ഷപ്പെട്ടോളൂ..''

ശിഷ്യന് ഇതു കേട്ടിട്ട് ലേശം പോലും പേടി തോന്നിയില്ല. കാരണം, ഗുരുജിയുടെ വാക്കുകൾ അവനു ധൈര്യമേകി. മുന്നറിയിപ്പു കൊടുത്ത പോലെ തന്നെ കാട്ടുപോത്ത് വെകിളി പിടിച്ച് അങ്ങോട്ട് ഓടിയടുത്തു. ഉടൻ, ശിഷ്യൻ വിനീതനായി ഇരുകരങ്ങളും കൂപ്പി കാട്ടുപോത്തിനെ താണു വണങ്ങി!

പെട്ടെന്ന്, തന്റെ പാതയിൽ തടസ്സമായി നിന്ന ശിഷ്യനെ കാട്ടുപോത്ത് കൊമ്പിൽ കോര്‍ത്ത് തൂക്കിയെറിഞ്ഞു!

അവന്റെ ശരീരമാസകലം മുറിവും ചതവും ഉണ്ടായെങ്കിലും ഭാഗ്യത്തിന് ഒരു കാലു മാത്രമേ ഒടിഞ്ഞുള്ളൂ. ആശ്രമത്തിൽ ഗുരുജി അവനെ ശുശ്രൂഷിച്ചു. അതിനിടയിൽ ഗുരുജിയോട് ശിഷ്യൻ പരിഭവപ്പെട്ടു -

"അങ്ങ്, പറഞ്ഞതുപോലെ ഞാൻ കാട്ടുപോത്തിനെ താണു വണങ്ങിയെങ്കിലും ആ വൃത്തികെട്ട ജന്തു എന്നെ ആക്രമിച്ചു "

അനന്തരം, ഗുരുജി ഉപദേശിച്ചു - "യഥാർഥത്തിൽ, നീ താണു വണങ്ങേണ്ടിയിരുന്നത് അപകട മുന്നറിയിപ്പ് നിനക്കു നൽകിയ ആളിനെയാണ്! ദൈവം അവനെ നിന്റെ മുന്നിലേക്ക് അയച്ചു. അത് അനുസരിച്ചെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു!"

ആശയം - (Spiritual books in Malayalam)

-പാണ്ഡിത്യം തലയില്‍ കുന്നുകൂടിയിട്ടു കാര്യമില്ല. ഏതു തരത്തിലുള്ള സാഹചര്യങ്ങളിലും പിടിച്ചു നിൽക്കാൻ തൽസമയ ബുദ്ധി പ്രയോഗിക്കാനുള്ള വിവേകം ഉണ്ടായിരിക്കണം. ചിലർ പരാജയങ്ങളെ സാഹചര്യങ്ങളുടെ മേൽ പഴിചാരാൻ ശ്രമിക്കും.

-ചെളിക്കുണ്ടിലും താമര തലയുയർത്തി നിൽക്കുന്നത് കാണുക!

-നീർകാക്ക വെളളത്തിൽ മുങ്ങി നിവരുമ്പോൾ അല്പം പോലും വെള്ളമില്ലാതെ കുടഞ്ഞു കളയുന്നു!

-ചേറുമീനാകട്ടെ, അല്പം പോലും ചേറു പറ്റാതെ തിളങ്ങുന്നു!

-പഞ്ചസാരയും മണലും കൂട്ടിക്കുഴച്ചാലും ഉറുമ്പ് പഞ്ചസാര മാത്രം വേർതിരിച്ചു കൊണ്ടു പോകും!

-ചെറിയ ജീവജാലങ്ങള്‍ക്കുപോലും അതിജീവനതന്ത്രങ്ങള്‍ ദൈവം നല്‍കിയിരിക്കുന്നതു ശ്രദ്ധിക്കുക. അങ്ങനെ വരുമ്പോള്‍, മനുഷ്യന് എത്രയധികം വാരിക്കോരി നല്‍കിയിട്ടുണ്ടാവണം?

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam