മുൾച്ചെടിയും ഇലച്ചെടിയും

സിൽബാരിപുരംദേശത്ത് ഗുരുജിയുടെ ആശ്രമത്തിൽ മനോഹരമായ ഉദ്യാനമുണ്ടായിരുന്നു. അതിന്റെ പ്രത്യേകത എന്താണെന്നോ?

ഇലച്ചെടികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ!

 കാട്ടിലുള്ളതും നാട്ടിലുള്ളതുമായ പല തരം ഇലച്ചെടികൾ ഭംഗിയോടെ നില്പുണ്ട്. അതിൽ, പഴയ തറവാടുകളിൽ കണ്ടു വന്നിരുന്ന ഇനങ്ങളും ഉണ്ടായിരുന്നു. ആശ്രമത്തിൽ വരുന്ന അതിഥികൾ ചെടികളെക്കുറിച്ച് ചോദിക്കും. അപ്പോൾ ഗുരുജി വാചാലനാകും -

"എനിക്ക് ഇലച്ചെടികളോട് പണ്ടേ ഒരിഷ്ടമൊക്കെയുണ്ട്. ഒന്നാമതായി ഇവയ്ക്ക് മുള്ളുകളില്ലല്ലോ. എന്നാലോ? പൂച്ചെടികൾക്ക് മുള്ളുകൾ സാധാരണമാണ്. എത്ര കുട്ടികളുടെ കയ്യിൽ ഇത്തരം മുള്ളു തറച്ചു കയറിയിരിക്കുന്നു? രണ്ടാമത്തെ കാര്യം - ഇലനിറമായതിനാൽ എക്കാലവും ഒരേ നിറത്തിൽ അങ്ങനെതന്നെ നിൽക്കും. പൂച്ചെടിയിലെ പൂവാണെങ്കിൽ കൊഴിഞ്ഞു പോകുമ്പോഴും പൂവില്ലാത്ത സമയത്തും യാതൊരു ഭംഗിയുമില്ല. ഇനി വേറൊരു സംഗതി കൂടെയുണ്ട് - പൂമ്പൊടി ചിലർക്ക് തുമ്മലും മൂക്കൊലിപ്പും ശ്വാസമുട്ടലുമൊക്കെ ഉണ്ടാക്കും"

ഇത്രയും പറഞ്ഞ് സ്വയം മിടുക്കനെന്ന് ഗുരുജി അഹങ്കരിക്കും. കേൾക്കുന്നവരൊക്കെ അതു ശരിയെന്ന മട്ടിൽ തല കുലുക്കുകയും ചെയ്യും.

ഒരു ദിവസം, ഗുരുജി ആശ്രമ വരാന്തയിൽ ചാരിയിരിക്കുകയായിരുന്നു. അന്നേരം, ഒരു പിച്ചക്കാരൻ മുറ്റത്തു വന്ന് പാത്രം നീട്ടി. കാവിയുടുത്ത് മുടിയും താടിയും നീട്ടി വളർത്തിയ ഒരു വൃദ്ധൻ.

"ഉം..."

ഒരു മൂളലിൽ എല്ലാമൊതുക്കി ഗുരുജി അകത്തു പോയി ഒരു പാത്രം കഞ്ഞിയുമായി പുറത്തേക്കു വന്നു. ഇതിനിടയിൽ വൃദ്ധൻ നടയിലിരുന്ന് ആശ്വാസം കണ്ടെത്തി. കഞ്ഞി മോന്തുന്നതിനിടയിൽ വൃദ്ധൻ ഇലച്ചെടികളെ ശ്രദ്ധിച്ചു-

"ഗുരുജീ....ഇതെന്താ, പൂക്കളില്ലാത്ത പൂന്തോട്ടമോ?"

ഗുരുജി പറഞ്ഞു -

"ഇതിന്റെ കൊഴിയാതെ നിൽക്കുന്ന ഇലകൾ പൂവിനേക്കാൾ നല്ലതല്ലേ?"

"കാണാൻ നല്ലതാ. പക്ഷേ, പൂവില്ലെങ്കിൽ തേനീച്ചയും വണ്ടുമൊക്കെ എവിടെപ്പോകും?"

ഉടൻ , ഗുരുജി മറുചോദ്യമെറിഞ്ഞു -

"തേനീച്ച വളർത്തൽ എനിക്കില്ല. വണ്ടും പൂമ്പാറ്റയും വന്നില്ലെങ്കിൽ എനിക്കെന്തു ചേതം?"

"ഗുരുജീ, ഇതിന്റെ പേരാണ് സ്വാർഥത. അവറ്റകൾ പൂക്കളിൽ പോയിരുന്ന് പരാഗണം നടത്തിയാണ് ഈ കാണുന്ന പല വിധ മരങ്ങളും പഴങ്ങളും പച്ചക്കറികളും ഔഷധച്ചെടികളുമൊക്കെ ഉണ്ടായത്! "

ഇതുകേട്ട് ഗുരുജി അന്തം വിട്ടു! ഒരു പിച്ചക്കാരന് എനിക്കറിയാൻ മേലാത്ത തത്വജ്ഞാനമോ? ഇയാൾ മോശക്കാരനല്ല!

"ഏയ്... നിങ്ങൾ പിച്ചക്കാരനല്ലേ? കേട്ടിട്ട് ഒരു ജ്ഞാനി പറയുന്ന പോലെയുണ്ട്"

"ശരിയാണ്. ഒരേ സമയം ഞാൻ പിച്ചക്കാരനും വിവരമുള്ളവനുമാണ്. എന്റെ ചെറുപ്പകാലത്തെ ചോരത്തിളപ്പിൽ ഒരാൾക്കെതിരെ ഗുരുതര തെറ്റ് ചെയ്തു. കുറച്ചു വൈകിയാണ് ആ തെറ്റു മനസ്സിലാക്കാൻ പറ്റിയത്. പിന്നെയുള്ള ജീവിതം ധർമ്മം പ്രചരിപ്പിക്കലും നിസ്വാർഥ സേവനങ്ങളും മാത്രമായി. വിശന്നിട്ട് ഇവിടെ കയറിയതാണ്. അടുത്തുള്ള ക്ഷേത്രത്തിൽ കുറച്ചു കാലം ഭക്തരെ സേവിക്കണം. പിന്നെ മറ്റൊരിടത്തേക്ക്.... "

അയാൾ നടന്നകന്നു. ഒപ്പം ഗുരുജിയുടെ ഗർവ്വും.

ആശയം - ഒട്ടേറെ അറിവുള്ള മനുഷ്യർപോലും വർഷങ്ങളായി അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും അപക്വമായ വിശകലനങ്ങളും പേറി നടക്കുന്നു. കടുംപിടിത്തം ഉപേക്ഷിച്ച്, ഒരേ കാര്യത്തെ പല തലങ്ങളിൽ നോക്കിക്കാണുമ്പോൾ അറിവിന്റെ വിസ്തൃതി നമ്മെ അത്ഭുതപ്പെടുത്തും! ആ തിരിച്ചറിവില്‍ നമുക്ക് അനേകം നന്മകള്‍ മറ്റുള്ളവര്‍ക്കായി ചെയ്യാനാകും!

Comments