തൂവാലയുടെ കടുംകെട്ട് !
ഒരിക്കൽ ശ്രീബുദ്ധൻ ആൽമരച്ചുവട്ടിൽ ഒരു പ്രഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ധാരാളം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു.
അദ്ദേഹം, ഒരു തൂവാല കയ്യിലെടുത്ത് ആളുകളോട് ചോദിച്ചു -
"എന്റെ കയ്യിൽ എന്താണ്?"
"തൂവാല "
ആളുകൾ പറഞ്ഞു.
പിന്നീട്, ശ്രീബുദ്ധൻ അതിൽ രണ്ടു കെട്ടുകൾ ഇട്ടു. എന്നിട്ട്, ആളുകളുടെ നേർക്ക് ആ തൂവാല ഉയർത്തിക്കാട്ടി പറഞ്ഞു -
"ഇപ്പോൾ മുൻപ് നിങ്ങൾ കണ്ട തൂവാലയുടെ രൂപം മാറി അത് ഉപയോഗശൂന്യമായിരിക്കുന്നു. ഞാൻ നിങ്ങളോട് ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് പഴയ തൂവാലയുടെ രൂപത്തിലേക്ക് മാറ്റുന്നത്?"
അന്നേരം, ആളുകൾ വിളിച്ചു പറഞ്ഞു -
"എങ്ങനെയാണോ അതിൽ കെട്ടുണ്ടാക്കിയത്, അതിനു വിപരീതമായി പ്രവർത്തിച്ചാൽ കെട്ടഴിഞ്ഞ് പഴയ തൂവാലയായി മാറും''
ശ്രീബുദ്ധന് ആ മറുപടി നന്നേ ബോധിച്ചു. അനന്തരം അദ്ദേഹം ചോദിച്ചു -
"അങ്ങനെയെങ്കിൽ നിങ്ങളെ പലതരം ദുശ്ശീലങ്ങൾ ബാധിച്ചിട്ടുണ്ടല്ലോ. ആ കെട്ടുകൾ എന്തുകൊണ്ടാണ് ഈ വിധം നിങ്ങൾ അഴിച്ചു കളഞ്ഞ് സ്വതന്ത്രമാകാത്തത് ?"
അനേകം, ദുശ്ശീലങ്ങള്‍ പേറുന്ന ആള്‍ക്കൂട്ടം അമ്പരന്നുപോയി!
ചിന്തിക്കുക...
ഒരു മനുഷ്യന്റെ ഓരോ ദുശ്ശീലവും തുടക്കത്തിൽ നിസാരമായ കെട്ടിന്റെ പോലുള്ള ബന്ധനങ്ങൾ സൃഷ്ടിക്കും. തുടക്കത്തിൽ ആ കുരുക്ക് അഴിച്ചെടുക്കാം. പക്ഷേ, ആ ദുശ്ശീലങ്ങളുമായി ഒരാൾ മുന്നോട്ടു പോകുന്തോറും കെട്ടുകളുടെ മേൽ കടും കെട്ടുകൾ വീണു കൊണ്ടിരിക്കും. ഒരിക്കലും അഴിച്ചെടുക്കാൻ പറ്റാത്ത വിധത്തിൽ!
പിന്നീട്, കെട്ടുകൾ അറത്തു മുറിച്ചു മാറ്റേണ്ടി വരും. ബന്ധങ്ങൾ അതോടൊപ്പം അറ്റു വീഴാം.
പ്രിയ വായനക്കാരാ, ആത്മശോധന ചെയ്യുക. ദുശ്ശീലങ്ങൾ കടുംകെട്ടുപോലെ ദൃഢമാകുന്നതിനു മുൻപ്, നിന്നിൽനിന്ന് അഴിച്ചു കളയൂ...സ്വതന്ത്രമാകൂ...
Comments