സന്തോഷം കെടുത്തിയ വിദ്യ!

സിൽബാരിപുരംരാജ്യം ശൂരപാണിരാജാവ് ഭരിച്ചിരുന്ന കാലം. പേരു സൂചിപ്പിക്കുന്ന പോലെ തന്റെ കൈ കൊണ്ട് അസ്ത്ര വിദ്യയിൽ വീരശൂരനാണെന്ന് ലോകമെങ്ങും ഖ്യാതിയുണ്ടായിരുന്നുരാജാവിന്. അദ്ദേഹത്തിന്റെ താൽപര്യപ്രകാരം ഇടയ്ക്കിടെ കൊട്ടാര മൈതാനിയിൽ അമ്പെയ്ത്തു മൽസരം നടക്കാറുണ്ട്. ഒരിക്കൽ, അത്തരം മൽസരം നടക്കുകയായിരുന്നു.

അതിനിടയില്‍-

"കടലേ... ചൂടു നിലക്കടലേ...."

കാണികളായ ആളുകൾക്കിടയിലൂടെ നടന്ന് ഒരു പയ്യൻ കടല വിൽക്കുകയാണ്. അടുത്തുള്ള ഗ്രാമത്തിലെ പത്തു വയസ്സുകാരനായിരുന്നു അത് -മാണിക്കൻ. അന്ന്, വിൽപന കൂടുതലാകയാൽ കയ്യിലെ സാധനം പെട്ടെന്നു വിറ്റുതീർന്നു. അതു കാരണം, അവൻ കൗതുകത്തോടെ മൽസരാർഥികൾ അമ്പെയ്യുന്നത് നോക്കി നിന്നു. അതിനിടയിൽ ആരോ ഉപേക്ഷിച്ചതായ തുണിസഞ്ചി നിലത്തു കിടന്നത് അവന്റെ കാലിൽ തട്ടി. അതു തുറന്നു നോക്കിയപ്പോൾ വലിയ ഇരുമ്പാണിയും ഞാണിൽ തൊടുക്കുന്ന അഗ്രം കേടുപറ്റിയ ഒരു അമ്പും! 

അതു വച്ച് കളിക്കാമെന്നു കരുതി മാണിക്കൻ സഞ്ചിയുമായി വീട്ടിലേക്കു മടങ്ങി.

പോകുംവഴി അവന്റെ മനസ്സുനിറയെ ഒരു വൃത്തത്തിനുള്ളിൽ അമ്പെയ്തു കൊള്ളിക്കുന്ന മൽസരമായിരുന്നു. കാടുപിടിച്ചു കിടന്ന നടപ്പാതയിൽ കണ്ട ഒരു വലിയ മരത്തിന്മേൽ കല്ലുകൊണ്ട് അമ്പ് അടിച്ചു കയറ്റി. എന്നിട്ട്, അതിനു ചുറ്റും ആണി കൊണ്ട് വൃത്തം പോലെ ദ്വാരവുമുണ്ടാക്കി. പിന്നെ, അവൻ മൂളിപ്പാട്ടും പാടി വീട്ടിലെത്തി.

രണ്ടു ദിനം കഴിഞ്ഞപ്പോൾ അതുവഴി നായാട്ടിനായി കാട്ടിലേക്കു പോയ രാജാവ് ഈ കാഴ്ച കണ്ട് ഞെട്ടി! അറ്റം പോലും ചളുങ്ങിയ അമ്പു കൊണ്ട് വൃത്തം പോലെ മരത്തിൽ ശരവർഷമുണ്ടായിരിക്കുന്നു! മരത്തിൽ നടുക്ക് ആഴത്തിൽ അമ്പു കയറിയിരിക്കുന്നു! 

എന്നേക്കാൾ മിടുക്കനായ അതിശക്തൻ കാട്ടിൽ എവിടെയോ പതിയിരിപ്പുണ്ട്!

രാജാവ്  പേടിച്ച് തിരികെ കൊട്ടാരത്തിലെത്തി. തന്റെ വിശ്വസ്ത പണ്ഡിതനെ വിളിച്ച് രഹസ്യമായി വിവരം ധരിപ്പിച്ചു. അയാള്‍ ഉപദേശിച്ചു-

"രാജാവേ, ഇത് ആരോടും പറയേണ്ട. നിലവിൽ ശരവിദ്യയിലെ ഏറ്റവും കേമൻ അങ്ങു തന്നെയാണ്. അവനെ കണ്ടു പിടിച്ചാൽ അങ്ങയുടെ പ്രശസ്തി പോകും. ഇനി ശത്രുവാണെന്നു കരുതുക. കൊട്ടാരത്തിന്റെ സുരക്ഷ ഉടൻ ഉയർത്തുക"

പെട്ടെന്ന്, കൊട്ടാരത്തിന്റെ കാവൽ ശക്തമാക്കി. പക്ഷേ, രാജാവിന്റെ വിനോദമായ നായാട്ടുകൾ ഉപേക്ഷിച്ച് ശത്രുവിന്റെ വരവും നോക്കിയിരുന്ന് രാജാവിന്റെ വിശപ്പു കുറഞ്ഞു. മാനസിക സമ്മർദ്ദത്താൽ വയറിനുളളിൽ ഏതോ മഹാരോഗം പിടിപെട്ടു. ആറു മാസത്തിനുള്ളിൽ രാജാവ് നാടുനീങ്ങി!

ആശയം-

വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത് തോളിൽ വയ്ക്കുന്ന മനോഭാവം മലയാളികളിൽ കൂടുതലാണ്. വെറുതെ കിംവദന്തികളും ദുർവാഖ്യാനങ്ങളും അനാവശ്യ വിശകലനങ്ങളും നടത്തി മാനസിക ശാരീരിക അവസ്ഥകൾ ദുർബലമാക്കുന്നു. ഭൂരിഭാഗം കാര്യങ്ങളും നമ്മെ സ്പര്‍ശിക്കാതെ അതിന്റെ വഴിക്കു പോകുന്നവയാകും. വിദ്യാര്‍ത്ഥികളുടെ കാര്യം നോക്കിയാല്‍ പ്രവേശന പരീക്ഷയെഴുതി കഴിഞ്ഞ് മെഡിക്കല്‍ അഡ്മിഷന്‍ കിട്ടുമോ ഇല്ലയോ എന്നും മറ്റും  കണ്ടമാനം ടെന്‍ഷനടിക്കുന്നവരുണ്ട്. ഇനി അഡ്മിഷന്‍ കിട്ടിയെന്നിരിക്കട്ടെ. ആ കാലയളവില്‍ ശരീര കോശങ്ങള്‍ക്ക് ദോഷമായി രോഗങ്ങള്‍ വരാന്‍ സാധ്യത കൂട്ടുന്നു. മനസ്സുഖം കളയാതെ കിട്ടുന്ന നേട്ടങ്ങളെ സ്നേഹിക്കുക. അതായിരിക്കും കൂടുതല്‍ അര്‍ത്ഥപൂര്‍ണമായത്!

Malayalam digital books- 324 as online free reading. How to avoid happiness reducing events? Learn some basics with this soft story.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam