പോടാ പുല്ലേ! എന്ന് മേലിൽ പറയരുത്!

വാസുദേവൻ കെ.പി. എന്ന മുഴുവൻ പേര് ഉച്ചരിച്ചത് സ്കൂളിൽ ഹാജരെടുത്ത അധ്യാപകർ മാത്രമായിരുന്നു. ഏഴാം തരത്തിൽ തോറ്റതോടെ അതും അവസാനിച്ചു. അപ്പനും അമ്മയും വിളിച്ചിരുന്ന ചുരുക്കപ്പേര് വാസുക്കുട്ടൻ. തൊഴിൽ പുല്ലുചെത്ത് ആയതിനാൽ രണ്ടും സമം ചേർത്ത് ചെത്തിമിനുക്കി പുല്ലുവാസു എന്നൊക്കെ ചെല്ലപ്പേരുള്ള സാധു മനുഷ്യനാണ് ഈ കൊച്ചുകഥയിലെ താരം.

പതിവുപോലെ രാവിലെതന്നെ പുളിക്കലെ പറമ്പിൽനിന്ന് അയാൾ പുല്ലുവെട്ടിക്കൊണ്ടിരുന്ന സമയത്ത്, അയൽപക്കത്തുള്ള ജോർജും നാലഞ്ചു കൂട്ടുകാരും കൂടി ആ വഴി നടന്നു വരുന്നുണ്ടായിരുന്നു. അക്കാലത്ത്, കോണ്ടസാ കാറും അംബാസഡറും കുറച്ചു പ്രിമീയർ പത്മിനികളും മുതലാളിമാരുടെ മാത്രം കുത്തകയായി തുടരുന്ന കാലം. കോളജിലെ സഹപാഠികൾക്ക് ഇന്നത്തേപ്പോലെ ചെത്തു ബൈക്കുകളൊന്നും ഇല്ല.

ജോർജിനെ കൂട്ടുകാർ കാണാൻ വീട്ടിലെത്തിയതിനൊരു വിശേഷമുണ്ട്-  എം.ബി.എയ്ക്ക് യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ഒന്നാം റാങ്ക് കിട്ടിയത് ജോർജിന്!

ആ സന്തോഷത്തിൽ ജോർജിന്റെ അഭിമാനം പെട്ടെന്ന് അഹങ്കാരത്തിലേക്ക് ചുവടു മാറ്റിയിരുന്നു. കൂട്ടുകാരോട് അങ്ങനെ സംസാരിച്ചുകൊണ്ട് പുല്ലു വാസുവിന്റെ മുന്നിലൂടെ പോയപ്പോൾ അയാൾ ബീഡിക്കറയുള്ള പല്ലുകാട്ടി ചിരിച്ചു -

"കുഞ്ഞിന് റാങ്ക് കിട്ടീന്നു വീട്ടിൽ പറയണതു കേട്ടു . ചെലവു ചെയ്യണം കേട്ടോ ''

ജോർജ് ഓക്കാനിക്കുന്ന ഒരു നോട്ടം മാത്രം എറിഞ്ഞതല്ലാതെ ഒന്നും പറയാതെ അല്പം മുന്നോട്ടു പോയപ്പോൾ കൂട്ടുകാരോടു പറഞ്ഞു-

"ഓ...പിന്നേ...കണ്ണിൽക്കണ്ട പുല്ലന്മാർക്കെല്ലാം ചെലവു ചെയ്യാൻ എന്റെ തലയ്ക്ക് കിറുക്കില്ല!"

അവന്‍, വാസുക്കുട്ടനെ കേള്‍പ്പിക്കാന്‍ പറഞ്ഞതായിരുന്നില്ല; ഇനിയിപ്പോള്‍, കേട്ടാലും പുല്ലുവിലയുള്ള വാസുവിനെ എന്തിനു പേടിക്കണം? എങ്കിലും അത് കേള്‍ക്കണമെന്നുള്ളത് വാസുവിനു പണ്ടേയുള്ള തലേവരയാണ്. ശബ്ദവീചികള്‍ കാതുകളെ ഇതിനോടകം തെരഞ്ഞുപിടിച്ചിരുന്നു.  

കൂട്ടുകാരും റാങ്കുകാരനെ ചിരിച്ചുസുഖിപ്പിച്ചുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്ന സമയത്ത്, വാസു പുല്ലുവെട്ട് നിർത്തി. ജോർജിന്റെ പരിഹാസം നിറഞ്ഞ വാക്കുകൾ അയാളുടെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി. വാസു കുറച്ചു നേരം ചിന്തിച്ചു - താൻ പറഞ്ഞതിൽ എന്തെങ്കിലും പിശകുണ്ടോ? അയാൾ പുല്ലും അരിവായും അവിടെയിട്ട് വീട്ടിലേക്കു കാപ്പി കുടിക്കാനായി നടന്നു. 

ഭാര്യയോട് ഇക്കാര്യം പറഞ്ഞപ്പോൾ, അതു കേട്ട് മകനാണ് ഉത്തരമേകിയത്-

"അച്ഛാ, എന്റെ ക്ലാസിലെ പിള്ളേരു പുല്ലുവാസൂന്റെ മകനാ ഇവനെന്നു സ്ഥിരം പറയുന്ന കാര്യമാ"

പക്ഷേ, കെട്ട്യോള് ദേഷ്യപ്പെട്ടു -

"എടാ, വല്യവര് പറയുന്നിടത്ത് നിനക്കെന്തോന്നാ കാര്യം? പോടാ ചെറുക്കാ അപ്രത്ത്! "

കാപ്പികുടിയും കഴിഞ്ഞ് വാസു വീണ്ടും പറമ്പിലെത്തി. ഒരു മണിക്കൂർ കഴിഞ്ഞ് ഒരുകെട്ടു പുല്ലുമായി പുളിക്കൽതറവാട്ടിലെത്തി. അവിടത്തെ തൊഴുത്തിൽ എത്രമാത്രം പുല്ലിട്ടാലും ആക്രാന്തം പിടിച്ച ജേഴ്സിപ്പശുക്കൾ വെട്ടി വിഴുങ്ങും. പിന്നെ അവറ്റകൾ മത്സരിച്ച് അയവെട്ടും!

തൊഴുത്തിൽ പുല്ലു നിരത്തിയ ശേഷം തോളിൽ കിടന്ന തോർത്തെടുത്ത് അയാൾ ദേഹത്തെ പൊടിമണ്ണു തട്ടിക്കളഞ്ഞ് കിഴക്കുവശത്തെ വരാന്തയിലിരുന്നു. അന്നേരം ഫിലിപ്പ്സാർ (അദ്ദേഹം സർക്കാർ സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു) കസേരയിൽ ചാരിയിരുന്ന് വാസുവിനോട് നാട്ടുവിശേഷങ്ങൾ തിരക്കി-

"സാറേ, പ്ലാമ്പറമ്പിലെ വർക്കിച്ചന്റെ മകന് റാങ്ക് കിട്ടി. ഇന്നവിടെ പിള്ളേർക്ക് പാർട്ടിയൊക്കെ ഉണ്ടായിരുന്നു"

"ങാ. ഇന്നത്തെ പത്രത്തിൽ ആ പയ്യന്റെ ഫോട്ടോ ഉണ്ടല്ലോ. നാലാം ക്ലാസിൽ അവന്റെ ക്ലാസ് ടീച്ചർ ഞാനായിരുന്നു"

കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹം തുടർന്നു -

"എടാ വാസൂ.... ഞാനിപ്പോഴാ ഒരു കാര്യം ഓർത്തത്. കാനഡയ്ക്ക് കൊണ്ടുപോകാൻ എം.ബി.എക്കാരനെ വേണമെന്ന് സണ്ണിക്കുട്ടി പറഞ്ഞിരുന്നു. നമുക്ക് ഈ പയ്യനെ നോക്കിയാലോ?"

"സാറേ, അവൻ ആളു മുറ്റാണ്!"

അന്നു രാവിലത്തെ സംഭവം വാസു തന്റെ നാടൻശൈലിയിൽ വച്ചു കാച്ചി!

മാത്രമല്ല, അവന്റെ എളിയ ബുദ്ധിയിൽ പിറന്ന മറ്റൊരു നിർദ്ദേശം സാറിനോടു പറയുകയും ചെയ്തു-

"സാറേ, പീടികയിലെ വിജയേട്ടന്റെ മോൻ ആ ചെറുക്കന്റെ കൂടെ പഠിച്ചതാ.. പാവമാണെന്നാ തോന്നുന്നത് "

"ഉം..ഞാനൊന്ന് ആലോചിക്കട്ടെ "

രണ്ടു വർഷം കഴിഞ്ഞപ്പോൾ വിജയേട്ടന്റെ ചായപ്പീടിക നിർത്തി!

നാട്ടുകാർക്ക് കിട്ടിയിരുന്ന രുചിയുള്ള സഞ്ചിച്ചായ നിന്നപ്പോൾ പലരും അതിനു വിശദീകരണം ചോദിച്ചു.

വിജയേട്ടൻ അഭിമാനത്തോടെ പറഞ്ഞു -

"എന്റെ മോൻ പറഞ്ഞു അച്ഛൻ ഒരുപാടു കഷ്ടപ്പെട്ടതാ. ഇനി മതി, നിർത്തിക്കോളാൻ! "

ആ ഗ്രാമത്തിൽ, മൂന്നു വർഷങ്ങൾ കൂടി പിന്നിട്ടപ്പോൾ പുതിയൊരു ഇരുനില വീടുകൂടി പിറന്നു. അത് പുത്തൻ പെയിന്റിൽ തലയെടുപ്പോടെ നിന്നു.

ഒപ്പം, വിജയേട്ടൻ പുളിക്കൽ തറവാട്ടിലെത്തി-

"സാറേ, അടുത്ത തിങ്കളാഴ്ച വീടിന്റെ കേറിത്താമസമാണ്. എല്ലാവരും വന്നു സംബന്ധിക്കണം"

"എടോ, വിജയാ എനിക്ക് രാവിലെ ഒക്കത്തില്ല, വൈദ്യശാലേല് നടു തിരുമ്മിക്കാൻ പോണം. ഞാൻ വൈകുന്നേരം വരാം"

" ശരി. അങ്ങനായിക്കോട്ടെ. സണ്ണിമോൻ വരുന്ന കാര്യം വല്ലതും? എല്ലാം സാറിന്റെ അനുഗ്രഹമാണെന്ന് മകൻ കുറച്ചു മുൻപു കൂടി പറഞ്ഞതേയുള്ളൂ"

"ഏയ്... അങ്ങനൊന്നും ഇല്ലടോ. തന്റെ മോൻ മിടുക്കനായതു കൊണ്ട് ഞങ്ങൾ അല്ലെങ്കിൽ മറ്റാരെങ്കിലും. അത്രതന്നെ "

കുറച്ചു കഴിഞ്ഞ്, വിജയൻ നടന്നു പോകുന്നതു നോക്കി ഫിലിപ്പ് സാർ അഞ്ചു വർഷം മുൻപത്തെ കാര്യങ്ങൾ വീണ്ടും ഓർമയിലെത്തിച്ചു -

അവരെ ആരാണു സഹായിച്ചത്?

ഞാനാണോ?

അല്ല.

സണ്ണിയാണോ?

അല്ല.

പിന്നെ?

വാസുക്കുട്ടൻ? -അല്ല- പുല്ലുവാസു!

അതേസമയം, ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ റാങ്കുകാരൻ ജോർജ് കരിമ്പിൻചണ്ടിയായി രൂപാന്തരപ്പെടുകയായിരുന്നു!

ആശയം -

ജീവിതത്തിലെ വലിയ മാറ്റങ്ങള്‍ക്കായി വലിയവര്‍ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നിമിത്തമാകാന്‍ ദൈവം ആരെ ഏര്‍പ്പെടുത്തിയിക്കുന്നുവോ അവര്‍ യഥാസമയം ചെയ്യുന്നത് ചിലപ്പോള്‍ ഗുണഭോക്താക്കള്‍ അറിയുകപോലുമില്ല!

ലോകത്ത്, ആഞ്ഞിലിയും തേക്കും വീട്ടിയും ജയന്റ് സെക്വയയും പോലുള്ള കരുത്തരായ മരങ്ങള്‍ ഉണ്ടെങ്കിലും, ഏറ്റവും വേഗത്തില്‍ വളരാന്‍ നിയോഗമുള്ളത് മുള (Bamboo) എന്ന സസ്യത്തിനാണ്. സാധാരണയായി പ്രതിദിനം കുറഞ്ഞത്‌ 10 സെന്റിമീറ്റര്‍ എങ്കിലും വളരുന്ന സ്വഭാവമുണ്ടിതിന്. ഒരു ദിവസം 35 ഇഞ്ച്‌ വരെ വളരുന്ന ലോക റെക്കോര്‍ഡ്‌ കരസ്ഥമാക്കിയ ഇക്കൂട്ടര്‍ പുല്ലുവര്‍ഗ്ഗത്തില്‍ പെടുന്നു! 

ലോകത്തെ തീറ്റിപ്പോറ്റുന്ന പ്രധാനികളായ നെല്ലും ഗോതമ്പും ചോളവും റാഗിയും കോണും മറ്റും പുല്ലുവംശക്കാരാണ്!

കൊടുങ്കാറ്റില്‍  ഭയന്നു , മനുഷ്യര്‍ ഓടിയൊളിക്കുമ്പോഴും വന്മരങ്ങള്‍ പിഴുതെറിയപ്പെടുമ്പോഴും പുല്‍കൂട്ടങ്ങള്‍ അതിനൊപ്പിച്ച്‌ നൃത്തമാടി രക്ഷപെടുന്നു! 

അതിനാല്‍ ആരെയും തൃണവല്‍ക്കരിക്കാന്‍(തൃണം=പുല്ല്‍)  ശ്രമിക്കരുതേ! 

“പോടാ...പുല്ലേ...” എന്നു മനസ്സില്‍പോലും ആരെയും വിളിച്ചു പുച്ഛിക്കില്ലെന്ന്  ഇപ്പോള്‍ത്തന്നെ പ്രിയ വായനക്കാര്‍ ഉറച്ച തീരുമാനമെടുക്കൂ... 

Comments