നമ്മെ നയിക്കുന്ന വിനോദം

കോസലപുരംദേശം ഒരു കാലത്ത് ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. തടിക്കച്ചവടമായിരുന്നു മുഖ്യ വരുമാനം. പ്രധാന ഇനമാകട്ടെ, പ്ലാവിന്റെ തടിയും. ഒട്ടേറെ ആശാരിമാരും മരംവെട്ടുകാരും അനേകം ദേശങ്ങളിലേക്ക് ഉരുപ്പടികളും കരകൗശല വസ്തുക്കളും വീട്ടുസാധനങ്ങളും പുഴയിലൂടെ കയറ്റി വിട്ടുകൊണ്ടിരുന്നു. എവിടെ നോക്കിയാലും കൊത്തുപണികൾ ചെയ്ത തടിവീടുകൾ കാണാമായിരുന്നു. പത്തു വർഷം അങ്ങനെ കടന്നു പോയി. അവിടത്തെ പ്ലാവുകളെല്ലാംതന്നെ തീർന്നു. പിന്നീട്, അവർ ആഞ്ഞിലിത്തടിയെ പ്രധാന ഇനമാക്കി.

ആ സമയത്ത്, അവിടെ പുഴവക്കത്ത് ഉണക്കമരത്തിൽ വലിയ തരം കറുത്ത ഉറുമ്പുകൾ പാർത്തിരുന്നു. അവരുടെ നേതാവായിരുന്നു കിട്ടനുറുമ്പ്‌. എന്നാൽ, ശക്തിയായി കാറ്റടിച്ച സമയത്ത് മരം ഒടിഞ്ഞ് പുഴവെള്ളത്തിൽ വീണു. അതേസമയം, ഉറുമ്പു സംഘം വെള്ളത്തിൽ മുങ്ങാതെ പൊങ്ങിയ മരത്തടി ഭാഗത്ത് പറ്റിച്ചേർന്നു കിടന്നു. വാട്ടർ തീം പാർക്കിലെ റൈഡു പോലെ അവർ തടിക്കൊപ്പം ഏതാനും ദിവസങ്ങൾ വെള്ളത്തിലൂടെ ഒഴുകി സിൽബാരിപുരംദേശത്ത് വന്നു കരയ്ക്കടിഞ്ഞു.

സിൽബാരിപുരംദേശം അപ്പോൾ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു. ആ പ്രദേശത്ത്, എവിടെ നോക്കിയാലും അനേകം പ്ലാവുകളും അതിൽ നൂറുകണക്കിന് വലിയ ചക്കകളും പതിവു കാഴ്ചയാണ്.

നനഞ്ഞ തടി ഉപേക്ഷിച്ച് കിട്ടനും കൂട്ടരും വരിവരിയായി ഇറങ്ങി നടന്നു നീങ്ങവേ, അവർ വലിയൊരു പ്ലാവിന്റെ ചുവട്ടിലെത്തി. അവരുടെ മൂക്കിൽ ചക്കപ്പഴങ്ങളുടെ മണം ഇരച്ചുകയറി.

അന്നേരം, കിട്ടനുറുമ്പ് പറഞ്ഞു -

"ഹായ്, നമ്മൾ ഇതുവരെ തിന്നിട്ടില്ലാത്ത ഏതോ പഴത്തിന്റെ മണം വരുന്നുണ്ട്. നമുക്ക് മരത്തിന്റെ മുകളിലേക്കു നീങ്ങാം"

അതുകേട്ട്, മരച്ചുവട്ടിലൂടെ പോയ ഒരു കുഞ്ഞനുറുമ്പ് പറഞ്ഞു-

"കണ്ടിട്ട്, നിങ്ങൾ ഈ ദേശക്കാരല്ലെന്നു തോന്നുന്നല്ലോ. മുകളിലേക്കു പോകുന്നത് സൂക്ഷിച്ചു വേണം. ഈ മരത്തിൽ തേൻവരിക്കയുടെ ചക്കപ്പഴം ഒരുപാടുണ്ട്. പക്ഷേ, ഇതിന്റെ പശ വലിയ അപകടമാണ്"

അന്നേരം, കിട്ടനുറുമ്പ് പറഞ്ഞു -

"ഞങ്ങൾക്ക് ഒന്നിനെയും പേടിയില്ല. എല്ലാവരും പേടിക്കേണ്ടത് ഞങ്ങളെയാണ്. പണ്ടെങ്ങോ ഞങ്ങളിൽ ഒരുത്തൻ ആനമൂക്കിൽ കയറിയപ്പോൾ ആന മരണവെപ്രാളം കൊണ്ട് ഓടി. അതിൽപ്പിന്നെ തുമ്പിക്കൈ വായിൽ വച്ചാണ് അവറ്റകള്‍  ഉറങ്ങുന്നത്! കഴിഞ്ഞ ദിവസം, എന്റെ കടിയേറ്റ കാട്ടുവാസി കരഞ്ഞുകൊണ്ട് ഓടി!"

ഇതുകേട്ട് കുഞ്ഞനുറുമ്പ് പേടിച്ച് അതിന്റെ വഴിക്കു പോയി. അന്നേരം, കാട്ടുറുമ്പു സംഘത്തിലെ പ്രായമായ ഒരുവൻ പറഞ്ഞു-

"ഇവിടത്തുകാരനായ ഒരാൾ മുന്നറിയിപ്പു തരുമ്പോൾ അല്പം കരുതൽ വേണം. അതുകൊണ്ട് നമ്മുടെ നേതാവുതന്നെ മുകളിൽപോയി നോക്കിയിട്ട് വരണം"

ഇതു കേട്ടയുടൻതന്നെ തലയെടുപ്പോടെ കിട്ടനുറുമ്പ് മുകളിലേക്കു പോയി. മുകളിലേക്കു നടന്നപ്പോൾ ചക്കപ്പഴത്തിന്റെ മണം കൂടിക്കൂടി വന്നു. ഒരു വലിയ ചക്ക പഴുത്ത് വിണ്ടു കീറിയിരിക്കുന്നു. ഏതാനും ചെറുതേനീച്ചകൾ അതിന്റെ ഞെടുപ്പിൽ ഊറിയിരിക്കുന്ന മുളഞ്ഞിൽ കാലുകൊണ്ട് തോണ്ടിയുരുട്ടുന്നുണ്ടായിരുന്നു. എന്നിട്ട്, വെള്ളപ്പന്തു കണക്കെ ചെറുതേനീച്ചകൾ ഇരുകാലിലും വഹിച്ച് പറന്നുപോകുന്നു.

ഇതു നോക്കിയിട്ട് കിട്ടനുറുമ്പ് ആരോടെന്നില്ലാതെ പറഞ്ഞു -

"പശ കുഴപ്പമാണെങ്കിൽ തേനീച്ചയ്ക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ!"

അവൻ ആര്‍ത്തിയോടെ ചക്കയ്ക്കുള്ളിലേക്കു നടന്നുനീങ്ങി. മധുരമേറിയ ചക്കച്ചുള കടിച്ചു തിന്നപ്പോൾ തിരിച്ചു ചെല്ലുന്ന കാര്യമൊക്കെ മറന്നു. വയറു നിറഞ്ഞപ്പോൾ തിരികെ നടക്കാൻ ശ്രമിച്ചപ്പോൾ മുളഞ്ഞിൽ അവിടമാകെ ഒലിച്ചിറങ്ങിയിരുന്നു! അവൻ സർവശക്തിയും എടുത്ത് മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും ശരീരം ഒന്നനക്കാൻ പോലുമായില്ല. അവൻ അലറിക്കരഞ്ഞെങ്കിലും ആരും കേൾക്കാനില്ലായിരുന്നു .

അതേസമയം, നേതാവ് മടങ്ങി വരാഞ്ഞതിനാൽ മറ്റുള്ളവർ പറഞ്ഞു-

"നമ്മളെ ഒഴിവാക്കി കിട്ടനുറുമ്പ് ഒറ്റയ്ക്ക് പഴം മുഴുവൻ തിന്നുതീർക്കുകയാണ്. ഇനി വേറൊരാൾ പോകട്ടെ"

അങ്ങനെ മറ്റൊരു കാട്ടുറുമ്പ് മുകളിൽ ചെന്നു നോക്കിയപ്പോൾ മുളഞ്ഞിൽ കിട്ടനുറുമ്പിനെ മൂടിക്കളഞ്ഞതിനാൽ കാണാനായില്ല. ചക്കപ്പഴം തിന്നാൻ അതും എടുത്തു ചാടി അവിടെ കുടുങ്ങി. പിന്നെയും കാട്ടുറുമ്പു സംഘം ഒന്നിനു പിറകേ മറ്റൊന്നായി ചത്തു കൊണ്ടിരുന്നു. 

ഒടുവിൽ പ്രായമായ കട്ടുറുമ്പിന്റെ ഊഴമായി-

"ആരും തിരികെ വരാത്തതിനാൽ ഈ മരത്തിനു അപകടമുള്ള പശയുണ്ടെന്നു തോന്നുന്നു. കുഞ്ഞനുറുമ്പു പറഞ്ഞതാണു ശരി"

അത് മറ്റൊരിടത്തേക്കു മെല്ലെ നടന്നുനീങ്ങി.

ആശയം -

ജീവിതം ഒരുതരം ലഹരിയായി ആസ്വദിക്കുന്നതില്‍ തെറ്റില്ല. അതുപക്ഷേ,  ഏതെങ്കിലും നല്ല ലഹരിയാവണമെന്നു മാത്രം. ദുഷിച്ച കൂട്ടുകെട്ടുകളിൽ നേതാവിന്റെ ജീവിതംതന്നെ രക്ഷപ്പെടാൻ പറ്റാത്ത വിധത്തിലുള്ള പലതരം ലഹരികളുടെ പശപ്പിടിത്തത്തിൽ ആയിരിക്കും. മാധുര്യമേറിയ ലോകമെന്ന് തെറ്റിദ്ധരിച്ച് കൂട്ടുകാരും ഓരോന്നായി പടുകുഴിയിലേക്ക് വീണ് അവിടെ ഒട്ടിപ്പിടിച്ച് കുടുങ്ങി നശിക്കും. ലഹരികളിലും ആസക്തികളിലും നല്ലതും ചീത്തയുമുണ്ട് -

സ്നേഹം, പ്രണയം, രുചിയുള്ള ആഹാരം, പഠനം, സംഗീതം, കായിക ഇനങ്ങൾ, ഗാർഡനിങ്, ചിത്രരചന, യാത്രകള്‍, വായന, എഴുത്ത്, ഫോട്ടോ/വീഡിയോഗ്രഫി, സിനിമ, പരോപകാര പ്രവൃത്തികൾ, തേനീച്ചവളർത്തൽ, യോഗാ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ പരിപാലനം.... അങ്ങനെ നല്ല ഹോബികൾ ലഹരിയായി ഏതെങ്കിലും ഒന്നോ രണ്ടോ വച്ചുപുലർത്തുന്നവരെ ദുഷിച്ച ലഹരികൾ സാധാരണയായി ബാധിക്കാറില്ല! കുട്ടിക്കാലത്തുതന്നെ തുടങ്ങിയാല്‍ ഏറെ നല്ലത്!

നിരാശര്‍, അശുഭ വിശ്വാസികള്‍, നിരീശ്വരവാദികള്‍,  ഒന്നും പ്രവര്‍ത്തിക്കാത്ത മനോഭാവമുള്ളവര്‍, ശാരീരിക-മാനസിക വൈകല്യമുള്ളവര്‍, ബോറടിച്ചു വിരസമായവര്‍, അമിതമായി പണം ഉള്ളവര്‍... എന്നിവരൊക്കെ ദുഷ്ട ലഹരിയെ പ്രാപിക്കാന്‍ സാധ്യത കൂടുതലാണ്!

You can see different types hobby and its leaders. select atleast one hobby but not more than two! This story is from my Malayalam eBooks-331 for easy online reading.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam