ചാർളി ചാപ്ലിൻ

ചാർളി ചാപ്ലിൻ (1889-1977) ലോകം കണ്ട ഏറ്റവും മികച്ച ഹാസ്യനടനാണ്. അഞ്ചു വയസു മുതൽ എണ്‍പത് വയസുവരെ അഭിനയം തുടർന്നു.

ട്രാംപ് എന്ന കഥാപാത്രമാണ് നാം ഏറ്റവും കൂടുതൽ കണ്ടതും ചാപ്ലിൻ അവതരിപ്പിച്ചതും.

അദ്ദേഹത്തിന്റെ മറക്കാനാവാത്ത ഒരു അനുഭവം കേള്‍ക്കൂ...

ചാപ്ലിന്‍ താമസിച്ചിരുന്ന തെരുവിന്റെ അവസാന അറ്റത്ത് ഒരു അറവുശാലയുണ്ടായിരുന്നു. ഒരിക്കൽ ആടുകളെ കൂട്ടത്തോടെ അങ്ങോട്ടു കൊണ്ടു പോകുന്നതിനിടയിൽ ഒരെണ്ണം ചാടിപ്പോയി. അതിനെ പിടിക്കാനായി ആളുകൾ പിറകെയും. ആട് രക്ഷപ്പെടാനായി ഓടി നടക്കുന്ന വിക്രിയകൾ കണ്ട് ചാർളി ചാപ്ലിൻ പൊട്ടിച്ചിരിച്ചു. എന്നാൽ, താമസിയാതെ ആളുകൾ വളഞ്ഞു പിടിച്ച് അറവുശാലയിലേക്ക് കൊണ്ടുപോയി. അപ്പോൾ മാത്രമാണ്- ആടു കാട്ടിയത് വിക്രിയയല്ല, അതിന്റെ ജീവന്മരണ പോരാട്ടമായിരുന്നെന്ന് അവനു മനസ്സിലായത്. അന്നേരം, പൊട്ടിക്കരഞ്ഞുകൊണ്ട് അവരതിനെ കൊല്ലുമെന്ന് അമ്മയോടു പറഞ്ഞു.

ഒരിക്കൽ, ആഴ്ചകളോളം രോഗബാധിതനായി ചാപ്ലിൻ കിടന്നപ്പോൾ മുറിക്കു വെളിയിലെ കാഴ്ചകൾ അമ്മ അഭിനയിച്ചാണു കാട്ടിക്കൊടുത്തിരുന്നത്. കൂടാതെ, ബൈബിൾ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. അതിനിടയിൽ രോഗ പീഡയും പട്ടിണിയും നിമിത്തം ചാപ്ലിൻ മരിക്കണമെന്ന് അമ്മയോട് ആഗ്രഹം പറഞ്ഞു. 

അമ്മ ആശ്വസിപ്പിച്ചു -

"ആദ്യം നീ ജീവിക്കണമെന്നും നിന്റെ കർമം ഇവിടെ സാക്ഷാൽക്കരിക്കണമെന്നുമാണ് യേശു ആഗ്രഹിക്കുന്നത്"

അദ്ദേഹത്തിന്റെ അമ്മ ഹന്നാ ഹിൽ ഒരു നാടക നടിയായിരുന്നു. അഛൻ നാടകനടനായിരുന്നുവെങ്കിലും മദ്യപനായിരുന്നതിനാല്‍ നേരത്തെ മരണമടഞ്ഞു. 1894-ൽ സംഗീത വേദിയിൽ മനസികരോഗിയായ അമ്മയ്ക്കു ശബ്ദമിടറി പരിപാടി നിർത്തി കരഞ്ഞപ്പോൾ അഞ്ചു വയസുകാരൻ ചാപ്ലിൻ പരിപാടി പൂര്‍ത്തിയാക്കാന്‍ അതുതന്നെ അനുകരിച്ചു കാട്ടി വേദിയിലെ ആളുകളെ ചിരിപ്പിക്കേണ്ടി വന്നു!

അദ്ദേഹം, രണ്ട് ഓസ്കർ അവാർഡ് നേടിയിട്ടുണ്ട്. അപ്പോൾ, ആ വേദിയിൽ മുഴുവൻ ആളുകളും എണീറ്റു നിന്ന് കയ്യടിച്ചത് അപൂർവതയായി.

കടുത്ത ദാരിദ്ര്യം, അമ്മയുടെ മാനസിക രോഗം, പിതാവിന്റെ മദ്യപാനം, തെരുവിൽ കഴിയേണ്ടിവന്നത്, വിശപ്പ്, ഏകാന്തത, ഒറ്റപ്പെടൽ, മൂന്നു വിവാഹമോചനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തെ ഒരുപാട് അനുഭവങ്ങള്‍ ഉള്ള മികച്ച മനുഷ്യനാക്കി.

ഒരിക്കൽ, ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു. അതുകേട്ടപ്പോള്‍  ആളുകൾ ചിരിക്കാൻ തുടങ്ങി. ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു. ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു. പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു. എന്നാൽ, ഇത്തവണ ആരും ചിരിച്ചില്ല!

അപ്പോൾ, ചാപ്ലിൻ പറഞ്ഞു-

"ഒരേ തമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് പഴയ ഒരു സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്?

അതുകൊണ്ട്, നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക. ജീവിതം അതു മനോഹരമാണ്!”


ചാപ്ലിന്റെ മഹത് വചനങ്ങള്‍ ശ്രദ്ധിക്കൂ...

"ജീവിതത്തിലെ ഏറ്റവും പാഴ്ദിനം  അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്"

"ജീവിതമെന്നത് ക്ലോസപ്പിൽ ദുരന്തവും ലോങ്ങ് ഷോട്ടിൽ അതൊരു തമാശയുമാണ് "

"നാം കുറെ ആലോചിക്കുന്നു. എന്നാൽ, അനുഭവിക്കുന്നത് കുറച്ചും"

"താഴോട്ടു നോക്കി നിൽക്കുന്ന ഒരാൾക്ക് മഴവില്ല് കാണാൻ പറ്റില്ല"

"എന്റെ വേദന ചിലർക്ക് ചിരിക്കാനുള്ള വക നൽകുന്നു. എന്നാൽ, എന്റെ ചിരി ഒരിക്കലും മറ്റൊരാൾക്ക് വേദനയാകില്ല"

“ എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണം, ഞാൻ കരഞ്ഞാലും ആരും എന്‍റെ  കണ്ണുനീർ കാണില്ല"

"ഒരു ജെല്ലിഫിഷിനായാലും ജീവൻ മനോഹരവും അതിഗംഭീരവും ആകുന്നു"

"ഒരാൾ സ്വയം അവജ്ഞയോടെ നോക്കുന്നതാണ് ഈ ലോകത്തിന്റെ പ്രശ്നം "

"ദ്രോഹം ചെയ്യുന്നതിനാണ് അധികാരം വേണ്ടത്. നല്ല കാര്യങ്ങൾ ചെയ്യാൻ സ്നേഹം തന്നെ ധാരാളം''

"മനുഷ്യനെ മടിയനാക്കുന്ന മയക്കുമരുന്നാണ് നിരാശ "

“ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല, നമ്മുടെ തെറ്റുകൾ പോലും"

"ഞാൻ കരയുമ്പോൾ എന്നെ നോക്കി ചിരിക്കാത്ത കണ്ണാടിയാണ് എന്റെ ഏറ്റവും വലിയ സുഹൃത്ത് "

"കഴിവുകളേക്കാൾ നമുക്കു വേണ്ടത് ദയയും മര്യാദയും"

"എന്റെ വിഷമതകൾ എപ്പോഴും പുഞ്ചിരിക്കുന്ന എന്റെ ചുണ്ടുകൾ അറിയുന്നില്ല"

" ലാളിത്യം ഒരു നിസാര ഗുണമല്ല "

Comments

Post a Comment