തീറ്റി കണ്ട വെപ്രാളം

പണ്ടുപണ്ട്, സിൽബാരിപുരംഗ്രാമത്തിൽ കേശു എന്നൊരു പാവം കർഷകൻ ജീവിച്ചിരുന്നു. ഒരു കാലത്ത്, പളളപിടിച്ചു കിടന്ന സ്ഥലത്ത് അയാൾ ഒരുപാടു നാളത്തെ പരിശ്രമത്തിനൊടുവിൽ നെൽകൃഷി സാധ്യമാക്കി.

അതിനിടയിൽ, ഒരു തുരപ്പനെലി ദൂരെ നിന്നും തീറ്റി അന്വേഷിച്ച് ആ വയലിലെത്തി. വിളഞ്ഞ നെല്ലു കണ്ടപ്പോൾ അവനു വല്ലാത്ത സന്തോഷമായി. അതു തിന്നാൻ തുടങ്ങിയപ്പോൾ കേശുവിനു കാര്യം പിടികിട്ടി. അയാൾ എലിവില്ലു സ്ഥാപിച്ചു. എന്നാൽ, ആ ചതിക്കെണിയിൽ അവൻ വീണില്ല. പകൽ മുഴുവനും അയാൾ കാവലിരുന്നു. ആ സമയത്ത് കർഷകനെ കണ്ട് എലി മാളത്തിൽത്തന്നെ കഴിച്ചുകൂട്ടി. പിന്നെ, കേശു പോയപ്പോൾ പാതിരാത്രിയിൽ അവന്റെ തീറ്റി തുടങ്ങി.

അയാൾ ദു:ഖത്തോടെ ഭാര്യയോടു പറഞ്ഞു -

"എടീ, നമ്മുടെ കൃഷിയിൽ വലിയ നഷ്ടമാണ് എലികൾ വരുത്തിവയ്ക്കുന്നത്. ഇവറ്റകളെ പിടിക്കാൻ നോക്കിയിട്ട് ഒരെണ്ണം പോലും വീണില്ല"

ഭാര്യ പറഞ്ഞു -

"സാരമില്ല, കുറച്ചു നഷ്ടം സഹിച്ചാലും വൈകാതെ നെല്ലു കൊയ്യണം"

"അടുത്തയാഴ്ച ആകട്ടെ "

അതേസമയം, അന്നു രാത്രി എലി സ്വയം പറഞ്ഞു-

"എന്തായാലും, ഇത്രയും നെല്ല് ഞാൻ ഒറ്റയ്ക്കു തിന്നില്ല. എന്റെ കൂട്ടുകാരെയും വിളിച്ചുകൊണ്ടുവന്നാൽ എല്ലാവർക്കും നല്ലൊരു സദ്യയാകും ഇത്''

അവൻ അതിവേഗം ഓടി.

ആദ്യം കണ്ട ഒരു വയസ്സന്‍എലിയോട് ഈ കാര്യം പറഞ്ഞു. എന്നാല്‍, വയസ്സനെലി പേടിച്ചു-

"നാം എല്ലാവരെയും അറിയിച്ചാല്‍ ആ കൃഷിക്കാരന്‍ പിന്നെ നെല്‍കൃഷി ചെയ്യില്ല. എനിക്കു മുന്‍ അനുഭവമുണ്ട്. അങ്ങനെ, നമുക്കു തിന്നാന്‍ പറ്റാത്ത വേറെ കൃഷി ചെയ്താലോ?”

പക്ഷേ, തുരപ്പന്‍ അതു തള്ളി. പകരം, കാട്ടിലുള്ള എല്ലാ എലികളെയും വിവരം അറിയിച്ചു. ആ വയലിലേക്ക് പിന്നെയൊരു ഘോഷയാത്രയായിരുന്നു. അവറ്റകൾ എല്ലാം കൂടി മൽസരിച്ചു തിന്നാൻ തുടങ്ങി.

രാവിലെ, കേശുവും ഭാര്യയും കണ്ടത്തിലേക്കു വന്നതും നെൽക്കതിർ മുഴുവനും ഉഴുതുമറിച്ചപോലെ കാണപ്പെട്ടു. കേശു തളർന്നു കുഴഞ്ഞുവീണു!

പാഞ്ഞു നടക്കുന്ന നൂറു കണക്കിന് എലികളെ കണ്ട് ഭാര്യയും വെപ്രാളപ്പെട്ടു.

അവൾ കേശുവിന്റെ മുഖത്തു വെള്ളം തളിച്ച് എണീപ്പിച്ചു നടത്തി വീട്ടിലേക്കു പോയി. ഭാര്യ കേശുവിനെ ആശ്വസിപ്പിച്ചു -

"നമുക്ക് ഈ നാട്ടിൽ നിന്ന് ഇന്നുതന്നെ പോകണം. ഇനിയും ഒരിക്കൽക്കൂടി ആ കൃഷിസ്ഥലം കണ്ടാൽ നമ്മൾ രണ്ടും ചങ്കുപൊട്ടി ചാവും''

അവർ ഒരു പാണ്ടക്കെട്ടുമായി കോസലപുരത്തേക്കു ദു:ഖത്തോടെ നടന്നുപോയി.

അതേസമയം, എലിക്കൂട്ടത്തിന് അന്ന് വിളവെടുപ്പ് മഹോൽസവമായിരുന്നു. അത് രണ്ടാഴ്ച നീണ്ടു. പിന്നെ, ക്രമേണ നെൽമണികൾ കുറഞ്ഞു വന്നു. ഒരാഴ്ചകൂടി കഴിഞ്ഞപ്പോൾ നൂറുകണക്കിനു വരുന്ന എലികൾക്ക് ആഹാരമില്ലാതായി. മാത്രമല്ല, അവറ്റകൾ പെട്ടെന്നു പെറ്റുപെരുകുകയും ചെയ്തു.

എന്തെങ്കിലും, ചെറിയ തീറ്റി കിട്ടിയാൽത്തന്നെ എല്ലാവരും കൂടി കടിപിടി തുടങ്ങിയിരിക്കും. അപ്പോൾ സംഘത്തിലെ ഒരുവൻ പറഞ്ഞു-

"നമ്മളെ ഇങ്ങോട്ടു വിളിച്ചുകൊണ്ടു വന്നവനാണ് തീറ്റി തരേണ്ട ഉത്തരവാദിത്തം"

ഉടൻ, ആദ്യത്തെ തുരപ്പനെ എല്ലാവരും കൂടി വളഞ്ഞു പിടിച്ച് കടിച്ചുകൊന്നു.

അപ്പോൾ മറ്റൊരുവൻ പറഞ്ഞു-

"നമ്മുടെ എണ്ണക്കൂടുതലാണ് തീറ്റി കിട്ടാനുള്ള തടസ്സം. പ്രായമായവരെ ഈ സംഘത്തിന് ഇനി ആവശ്യമുണ്ടോ?"

അതു കേൾക്കേണ്ട താമസം, കരുത്തരായ ഒരു സംഘം- പ്രായമായ മറ്റുള്ളവയെ കൊന്നു തള്ളി!

എലികൾ തലങ്ങും വിലങ്ങും പാഞ്ഞു. പ്രായമേറിയവർ കഴിഞ്ഞ് ദുർബലരായ എലികളും ചത്തൊടുങ്ങി. ഒടുവിൽ കരുത്തരായ ഇരുപതോളം എലികൾ മാത്രമായി

അന്നേരം, മറ്റൊരുവൻ -

"ഇവിടെ കരുത്തരായ പകുതിയാളുകൾക്കു ജീവിക്കാനുള്ള തീറ്റി എങ്ങനെയും കിട്ടും"

സംഗതിയുടെ പൊരുൾ ഇരുപതു പേർക്കും പിടികിട്ടി. പിന്നെ, അതിശക്തമായ പോരാട്ടം നടന്നു. മാരകമായ മുറിവേറ്റ് എല്ലാവരും ചത്തൊടുങ്ങി. ഒടുവിൽ,  ആ കര്‍ഷകന്റെ കണ്ണീരു വീണ മണ്ണിലേക്ക് അവറ്റകൾ ചീഞ്ഞഴുകി, വളമായി അലിഞ്ഞു ചേർന്നു!

ആശയം -

സത്യവിരുദ്ധമായി അന്യായ മാർഗങ്ങളിലൂടെ പെട്ടെന്ന് സമ്പത്തു നേടാൻ മനുഷ്യർ ഈ എലികളെപ്പോലെ പാഞ്ഞു നടക്കുകയാണ്. അത്യാഗ്രഹത്തിന് താൽക്കാലിക സന്തോഷം തരാനാകും. പക്ഷേ, ആനന്ദം നൽകാനാവില്ല!

Comments