02/03/21

ശിങ്കന്‍ സിംഹം

പണ്ടുപണ്ട്, സിൽബാരിപുരംവനത്തിനുള്ളിൽ ബോലു എന്നു പേരുള്ള ഒരു വെളുത്ത കാട്ടാട് ഉണ്ടായിരുന്നു. അവൻ കാട്ടിലൂടെ തുള്ളിക്കളിച്ചു നടക്കവേ, ഒരു വിചിത്ര കാഴ്ച കണ്ടു!

ശിങ്കൻസിംഹം ഒരു വലിയ കുഴിയുണ്ടാക്കുന്നു!

ബോലു ശ്വാസമടക്കി അല്പനേരം മരത്തിന്റെ മറയത്തു നിന്ന് അതു നോക്കിയിട്ട് അവൻ വേഗത്തിൽ ചാടിയോടി കുറെ ദൂരം പിന്നിട്ട്, വഴിയിൽ കണ്ട മൃഗങ്ങളോട്  വിളിച്ചു കൂവി -

"ശിങ്കൻസിംഹം മൃഗങ്ങളെ കുഴിയിൽ വീഴ്ത്തി എളുപ്പത്തിൽ തിന്നാൻ വേണ്ടി വലിയൊരു കുഴി കുത്തുകയാണ്. ആ വലിയ മാഞ്ചുവടു വഴി ആരും പോകല്ലേ!''

അങ്ങനെ അവൻ ഓടി ചെന്നു നിന്നത് ഒരു വയസ്സൻകുറുക്കന്റെ മുന്നിലായിരുന്നു. ആട് പരിഭ്രമത്തോടെ കുഴിയുടെ കാര്യം പറഞ്ഞെങ്കിലും കുറുക്കൻ പുഞ്ചിരിയോടെ പറഞ്ഞു -

"ഹേയ്, നീ അതു കണ്ട് ഒട്ടും പേടിക്കേണ്ട. ശിങ്കനെ വീഴ്ത്താൻ ഞാനും മറ്റുള്ള കുറുക്കന്മാരും ചേർന്ന് മറ്റൊരു കെണി ഒരുക്കിയിട്ടുണ്ട്. വരൂ, കാണിച്ചു തരാം"

ബോലു തല കുലുക്കി-

"അല്ലെങ്കിലും നിങ്ങൾ കുറുക്കന്മാരുടെ ബുദ്ധിയെ വെല്ലാൻ ഈ കാട്ടിൽ ആർക്കാണു കഴിയുക?"

അവർ കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ കുറുക്കൻ പ്രായത്തിന്റെ അവശത അഭിനയിച്ചു -

"നീ മുന്നിൽ നടന്നോ. എനിക്ക് കണ്ണിനു കാഴ്ച കുറവാണ്"

മുന്നിൽ നടന്ന ആട് കുറച്ചു ദൂരംകൂടി പിന്നിട്ടപ്പോൾ -

"പ്ധും''

ഒരു വലിയ കുഴിയിലേക്ക് വീണു!

"അയ്യോ! കുറുക്കച്ചാ, എന്നെ രക്ഷിക്കണേ!"

അത് നിലവിളിച്ചപ്പോൾ കുറുക്കൻ പൊട്ടിച്ചിരിച്ചു-

"എടാ, മണ്ടാ, എനിക്ക് ഒറ്റയ്ക്ക് നിന്നെ കൊന്നു തിന്നാനുള്ള ശക്തിയില്ലാത്തതു കൊണ്ട് പണ്ടത്തെ പൊട്ടക്കുഴിയിൽ ഞാന്‍ വീഴിച്ചതാണ്, ഞാൻ പോയി നല്ല ചുണയുള്ള കുറച്ച് കുറുക്കന്മാരെ കൊണ്ടു വരാം. എന്നിട്ടു നിന്നെ തിന്നാന്‍ വേണ്ടി വലിച്ചു കയറ്റാം"

ഇതു കേട്ട് ആട് നിലവിളിച്ചുകൊണ്ടിരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ ആ കുഴിയിലേക്ക് നീളമുള്ള ഉണക്ക ശിഖരം വന്നു വീണു. പെട്ടെന്ന് ആട് അതിൽ ചവിട്ടി കുഴിക്കു പുറത്തുചാടി നോക്കിയതും -

"അയ്യോ! ശിങ്കൻ!''

തന്റെ കഥ കഴിഞ്ഞിരിക്കുവെന്ന് ആടിനു മനസ്സിലായി.

അന്നേരം, ശിങ്കൻ പറഞ്ഞു -

"നീ കരച്ചില്‍ നിര്‍ത്ത്. നിലവിളി കേട്ടപ്പോൾ നിന്നെ രക്ഷിച്ചത് തിന്നാൻ വേണ്ടിയല്ല. എനിക്ക് കാട്ടുപന്നികളുടെ ഇറച്ചി ഇപ്പോൾ സുലഭമാണ്. നൂറു കണക്കിന് വരുന്ന അവറ്റകളുടെ സങ്കേതം എനിക്കറിയാം"

പേടിച്ച് അതുവരെയുള്ള കാര്യങ്ങൾ സിംഹത്തോടു പറഞ്ഞു. എന്നിട്ട്, ബോലു ചോദിച്ചു-

"അങ്ങനെയെങ്കിൽ ശിങ്കൻ എന്തിനാണ് മാഞ്ചുവട്ടിൽ വലിയ കുഴി കുത്തുന്നത്? മൃഗങ്ങളെ വീഴ്ത്താനല്ലേ?"

ശിങ്കൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു -

"എടാ, മരമണ്ടാ.... നമ്മുടെ കാട്ടിൽ ഇപ്പോൾ ജലക്ഷാമം ഭയങ്കരമാണ്. നീരുറവ കണ്ട സ്ഥലത്ത് എല്ലാവർക്കും വെള്ളം കുടിക്കാൻ പാകത്തിന് കിടങ്ങുണ്ടാക്കിയതാണ് ഞാന്‍. കാട്ടിലെ രാജാവായതിനാൽ അതൊക്കെ ചെയ്യേണ്ട കടമ എനിക്കുണ്ട്. എനിക്കു വിശക്കുമ്പോൾ മാംസത്തിനായി അന്നേരം മുന്നിൽ കിട്ടുന്ന മൃഗത്തെ തിന്നും. ആഹാരത്തിനല്ലാതെ കൊല്ലുന്നത് നാട്ടിലെ മനുഷ്യരാണ്! "

അതേ സമയത്ത്, ഒരു സംഘം കുറുക്കന്മാർ ആർത്തിയോടെ അങ്ങോട്ടു കുതിച്ചു വന്നു. അവിടം വളഞ്ഞു. പക്ഷേ, അവറ്റകൾ സിംഹത്തെ കണ്ടില്ലായിരുന്നു. ഉടൻ സിംഹം ശക്തമായി അലറി -

"ഗ...ഗ....ഗ....ർ...ർ:..ര്‍"

കുറുക്കന്മാർ ജീവനും കൊണ്ട് നാലു പാടും ചിതറിയോടി! ബോലുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല!

ആശയം -

ഒരു സിംഹം നല്ല കാര്യം ചെയ്തപ്പോള്‍ എല്ലാവര്‍ക്കും സംശയം. അതുപോലെ, സാധാരണക്കാരും പാവപ്പെട്ടവരും എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്താൽ സംശയദൃഷ്ടിയോടെ ഊതിപ്പെരുപ്പിച്ച് മഹാസംഭവമാക്കുന്ന പ്രവണത പൊതുവേ കണ്ടു വരുന്നുണ്ട്. ജാഗ്രത വേണ്ടാ എന്നല്ല ഇവിടെ അർഥമാക്കുന്നത്. എന്നാല്‍, പൊതുജനങ്ങളുടെ ഇടയില്‍ നല്ല അഭിപ്രായം നേടിയെടുത്ത് കുഞ്ഞാടുകളായും മാന്‍പേടയായും നടിച്ച്, അതിന്റെ മറവില്‍ അനേകം തെറ്റുകള്‍ ചെയ്ത ശേഷം സെല്‍ഫികള്‍ ചൂടപ്പം പോലെ സോഷ്യല്‍ മീഡിയയില്‍ വിളമ്പി ചിലര്‍   ആളാകുന്നു! സ്തുതിഗീതങ്ങള്‍ പാടാന്‍ കുറെ ശിങ്കിടികളും!

No comments:

Post a Comment