പണ്ടുപണ്ട്, നരൻ എന്നു പേരുള്ള നാടുവാഴി സിൽബാരിപുരംദേശം വാണിരുന്ന കാലം. അക്കാലംവരെ, നാടുവാഴിക്ക് കിരീടമോ തലപ്പാവോ അംശവടിയോ ഔദ്യോഗിക വസ്ത്രമോ അങ്ങനെയൊന്നും ഇല്ലായിരുന്നു.
ഒരു ദിവസം - പൊങ്ങച്ചക്കാരനായിരുന്ന നരൻ ഇങ്ങനെ ചിന്തിച്ചു - താൻ എവിടെ യാത്ര ചെയ്താലും എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞ് എന്റെ മുന്നിൽ താണു വണങ്ങി നിൽക്കുന്നതു കാണാൻ ഒരു സുഖമുണ്ട്! അതിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഒരു തലപ്പാവ് വയ്ക്കുക എന്നുള്ളതാണ്. കിരീടം രാജാക്കന്മാർക്കു മാത്രമേ പറ്റൂ.
പിന്നീട്, നാടുവാഴിയുടെ ശിരസ്സിൽ ഒരു ചുവന്ന തലപ്പാവ് ഉണ്ടായിരുന്നു. ആ തലക്കെട്ടിലെ പട്ടുതുണിയിൽ വലിയ രത്നക്കല്ലു തുന്നിച്ചേർത്തിട്ടുണ്ടായിരുന്നു.
അതു കണ്ടിട്ട്, അന്നാട്ടിലെ പ്രമാണിമാർ തമ്മിൽ കുശുകുശുത്തു -
"ദേശ പ്രമാണിമാരേ, നാടുവാഴി കഴിഞ്ഞാൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ടത് നമ്മളാണ്"
അങ്ങനെ, അവർ നീല നിറത്തിലുള്ള തലപ്പാവു കെട്ടാൻ തുടങ്ങി.
പിന്നെ, അവരെ നോക്കിയപ്പോൾ തങ്ങൾക്കും ഒരു സ്ഥാനം വേണമെന്ന് കച്ചവട പ്രധാനികൾക്കു തോന്നി. കച്ചവടക്കാർ പച്ച നിറത്തിലുള്ള തലക്കെട്ട് വച്ചു തുടങ്ങി.
ഇതെല്ലാം നോക്കിയപ്പോൾ ആശാന്മാരും സന്യാസിമാരും ഗുരുക്കന്മാരും മഞ്ഞ നിറമുള്ള തലക്കെട്ട് തങ്ങളുടെ തലയിൽ ഉറപ്പിച്ചു.
അതിനുശേഷം, പുരോഹിത ജനങ്ങൾക്കും സമൂഹത്തിൽ ഒരു സ്ഥാനം സൂചിപ്പിക്കണമെന്നു തോന്നി. അവർ വെള്ള നിറത്തിലുള്ള തലക്കെട്ട് ധരിച്ചു തുടങ്ങി.
ഇത്തരത്തിലുള്ള തുണിനിറമുള്ള തലക്കെട്ടുകൾ അധികാര പൗഢിയോടെ വിലസുന്നതു കണ്ടപ്പോൾ ന്യായാധിപസംഘത്തിന് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. അവർ കറുപ്പു നിറം എടുത്തു.
അതോടെ പ്രധാന നിറമെല്ലാം തീർന്നു. പിന്നെ, മറ്റുള്ള തൊഴില്‍ സമൂഹം ഈ നിറങ്ങളുടെ ഇളംനിറങ്ങൾ എടുക്കാൻ തുടങ്ങി. അത്, പ്രമുഖ നിറമുള്ള കൂട്ടരെ രോഷം കൊള്ളിച്ചു-
"നമ്മുടെ നിറത്തിനോട് സാമ്യം വരുത്തിയത് മനപ്പൂർവ്വമാണ്. നമ്മുടെ പ്രശസ്തി ചൂഷണം ചെയ്യുകയാണ് അവരുടെ ലക്ഷ്യം"
അതുവരെ സമാധാനമായും ശാന്തിയോടും സന്തോഷത്തോടെയും കഴിഞ്ഞിരുന്ന ദേശക്കാർ അവഗണന, വേർതിരിവ്, ഏഷണി, ചതി എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്കു കടന്നു. ഈ പ്രശ്നത്തിൽ സഹികെട്ട് നാടുവാഴി ഒരു നാട്ടുകൂട്ടം വിളിച്ചു ചേർത്തു.
നാടുവാഴിനരൻ പറഞ്ഞു -
"ആദ്യം പ്രധാന നിറങ്ങൾ എടുത്തവർ തന്നെയാണ് ആ നിറത്തിന്റെ അവകാശി. അതു കഴിഞ്ഞ് അതിന്റെ ഇളം നിറങ്ങൾ ആരും എടുക്കുന്നതു ശരിയല്ല"
അപ്പോൾ, ചെറുകിട ജോലിക്കാർ ഇളകി-
"പ്രധാന നിറങ്ങൾ ആദ്യം എടുത്തവർക്കു മാത്രം കിട്ടിയല്ലോ. അതാകട്ടെ, വിരലിൽ എണ്ണാൻ പറ്റുന്ന നിറങ്ങളേ ഉള്ളൂ. മറ്റുള്ളവർ എന്തുചെയ്യും?"
ആ നാട്ടുകൂട്ടത്തിലും ബഹളവും വിയോജിപ്പും തുടങ്ങി. അപ്പോള്‍,
നാടുവാഴി പറഞ്ഞു -
"ഏതെങ്കിലും പ്രധാന നിറമുള്ള വിശാലമനസ്കര്‍ ആ നിറത്തിന്റെ പല തരം ഇളം നിറങ്ങൾ അനുവദിച്ചു കൊടുത്താലും"
മഞ്ഞയും പച്ചയും നീലയും കറുപ്പും വെള്ളയും എടുത്തവർ ഒന്നടങ്കം പറഞ്ഞു -
"ചുവപ്പു നിറം എടുത്തിരിക്കുന്നത് നാടുവാഴി മാത്രമേ ഉള്ളൂ. അതുകൊണ്ട്, ആ നിറം മറ്റുള്ളവരുമായി പങ്കു വയ്ക്കട്ടെ''
നാടുവാഴി അതിനു വഴങ്ങിയില്ല. കാരണം, ഇപ്പോൾ പ്രമാണിമാർ ജയിച്ചാൽ പിന്നെ തനിക്കു മുന്നോട്ടു രക്ഷയില്ല. പ്രമാണിമാർ യോജിച്ചു പ്രവർത്തിച്ചാൽ തന്നെ തടങ്കലിലാക്കി ഒരു പ്രമാണി പുതിയ നാടുവാഴിയായെന്നും വരാം!
അന്നേരം, കരപ്രമാണിമാർ മുറുമുറുത്തു-
"ഈ ചെറിയ കാര്യം പോലും നാട്ടുകൂട്ടത്തിൽ തീർപ്പാക്കാൻ പറ്റാത്ത നാടുവാഴിയെ നമുക്കെന്തിന്?"
അതുകേട്ട്, നരൻ നടുങ്ങി. അയാൾ മനസ്സിനുള്ളിൽ നിലവിളിച്ചു -
"എന്റെ ദേവ്യേ.... എന്നെ രക്ഷിക്കണേ! ഞാൻ ആയിരം പേർക്ക് അന്നദാനം നടത്തിയേക്കാമേ...."
അപ്പോൾ, നാട്ടുകൂട്ടത്തിന്റെ പിറകിലായി മെതിയടി തലയിൽ വച്ച് ഒരു വൃദ്ധൻ അവിടെ നിൽക്കുന്നത് നാടുവാഴിയുടെ ശ്രദ്ധയിൽപെട്ടു-
"ഹേയ്, താങ്കൾ എന്തിനാണ് മെതിയടി കാലിൽ ധരിക്കുന്നതിനു പകരം തലയിൽ വച്ചിരിക്കുന്നത്?"
വൃദ്ധൻ പരിഹാസത്തോടെ പറഞ്ഞു -
"ഞാനൊരു സാധു കർഷകനാണ്. എന്റെ എട്ടാം വയസ്സു മുതൽ എഴുപതു വയസു വരെ അങ്ങയുടെ പാടത്ത്, നെൽകൃഷിയിൽ അനേകം പണിക്കാരുടെ കൂടെ പണിത് ഈ ഗ്രാമത്തെ മുഴുവൻ തീറ്റിപ്പോറ്റാൻ സഹായിച്ചു. ഞാൻ അക്കാലമത്രയും വച്ചിരുന്നത് നിറമുള്ള തലപ്പാവ് ആയിരുന്നില്ല. കമുകിന്റെ നിറമില്ലാത്ത തൊപ്പിപ്പാളയായിരുന്നു എന്റെ തലയിൽ. അതു കണ്ടിട്ട് ആർക്കും ഒരു തർക്കവുമുണ്ടായിരുന്നില്ല. കർഷകനായ എനിക്ക് നിറമുള്ള വസ്ത്രങ്ങൾ പോലും ഒരിക്കലും ഉണ്ടായിട്ടില്ല. ചെമ്മണ്ണു പറ്റിയ പഴകി ദ്രവിച്ച തോർത്തു മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴാണ് ഈ അഹങ്കാരത്തിന്റെ നാട്ടുകൂട്ടം നിറത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരിൽ തമ്മിലടിക്കുന്നത്!"
ഉടനെ, പ്രമാണിമാർ ദേഷ്യപ്പെട്ടു -
"ഒരു കർഷകന് ഇത്രയും ധിക്കാരമോ? നമ്മളെയെല്ലാം കളിയാക്കാനാണ് മെതിയടി തലയിൽ വച്ചിരിക്കുന്നത്. അവനെ പിടിച്ചു വെളിയിൽ തളളൂ..."
വൃദ്ധൻ ഒട്ടും ശങ്കയില്ലാതെ പറഞ്ഞു -
"ഞങ്ങൾ, കൃഷിക്കാര് ഈ നാട്ടിൽ ഏറ്റവും താഴെയാണെന്ന് സൂചിപ്പിക്കാനാണ് മെതിയടി തലയിൽ ചുമക്കുന്നത്, അല്ലാതെ എനിക്ക് യാതൊരു നിറവും വേണ്ട, പക്ഷേ, ഭീഷണി എന്റെ മുന്നിൽ വിലപ്പോകില്ല, കാരണം, എനിക്ക് ഇത്രയും പ്രായമായിരിക്കുന്നു. ചാകാൻ ഒരു മടിയുമില്ല"
പെട്ടെന്ന്, നാടുവാഴി തന്റെ തലപ്പാവ് അഴിച്ചെടുത്ത് രത്നക്കല്ല് പട്ടുതുണിയിൽ നിന്നും പറിച്ചെടുത്ത് ആ വൃദ്ധനു കൊടുത്തു!
നരൻ പറഞ്ഞു -
"അവഗണിക്കപ്പെട്ട കൃഷിക്കാർ നാട്ടിൽ കഷ്ടപ്പെടുമ്പോൾ ഞാനും നിങ്ങളും തലപ്പാവ് കെട്ടുന്നതിൽ എനിക്കു ലജ്ജ തോന്നുന്നു"
നാടുവാഴി തലപ്പാവ് ഒഴിവാക്കിയപ്പോൾ പ്രമാണിമാർക്കും പിടിച്ചു നിൽക്കാനായില്ല. അവരും തലപ്പാവ് കളഞ്ഞു. പിന്നെ, എല്ലാ നിറമുള്ള തലക്കെട്ടുകളും അഴിഞ്ഞു വീണു!
നാടുവാഴി നരൻ അപ്പോൾത്തന്നെ, ആയിരം പേർക്കുള്ള സദ്യ അടുത്തയാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. ആ നാട്ടുകൂട്ടം സന്തോഷത്തോടെ നാലുപാടും പിരിഞ്ഞുപോയി.
ആശയം -
അധികാരപ്രകടനങ്ങളും പൊങ്ങച്ചവും സാമ്പത്തിക ശക്തിയും കാട്ടാൻ മലയാളി എന്തൊക്കെയാണ് ഇപ്പോൾ കാണിച്ചുകൂട്ടുന്നതെന്ന് നിങ്ങൾ ഒരു നിമിഷം ചിന്തിക്കുക. അതിന്റെ കിടമത്സരത്തിൽ ഏർപ്പെടുമ്പോൾ കടക്കെണിയും ധൂർത്തും അസൂയയും ഏഷണിയും....എല്ലാം കൂടി ചേർന്ന് മാനസിക ശാരീരിക ആരോഗ്യമെല്ലാം വഷളാക്കുകയാണ്. സന്തോഷമുള്ള മനുഷ്യപ്രകൃതത്തിന് ഇതെല്ലാം ഉപേക്ഷിക്കാൻ ശീലിക്കുക.
Comments