Survival of human beings

Now, my Malayalam digital eBooks are available as online reading for super fast reading!

കാലിൽ തറച്ച മുള്ള്!

ചന്ദ്രു എന്നു പേരായ രാജാവ് സില്‍ബാരിപുരംരാജ്യം ഭരിച്ചിരുന്ന കാലം. അദ്ദേഹം ഓരോ മാസത്തിന്റെയും ആദ്യ ദിനത്തിൽ കാട്ടിലുള്ള കാവിൽ വിളക്കു കൊളുത്തി പ്രാർഥിക്കാനായി പോകും. അവിടെ പ്രാർഥിക്കാൻ രാജകുടുംബത്തിനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. മൂന്നു ദിവസത്തെ വ്രതമെടുത്ത് പാദരക്ഷകൾ ധരിക്കാതെ ലളിതമായ വേഷത്തിൽ രാജാവ് ഒറ്റയ്ക്ക് പോകണമെന്നുള്ളത് പണ്ടേയുള്ള ആചാരമാണ്. രാജകുടുംബത്തിന്റെ ഐശ്വര്യത്തിനു നിദാനം അതാണത്രെ. അതിനായി ആ പ്രദേശം മുൾവേലി കെട്ടി തിരിച്ച് വൃത്തിയായി സൂക്ഷിച്ചു പോന്നു.

ഒരിക്കൽ, രാജാവ് കാവിൽ പ്രാർഥിച്ചു മടങ്ങുന്ന സമയം. ഒറ്റയടിപ്പാതയിലൂടെ നടന്നപ്പോൾ പെട്ടെന്നാണ് അത് സംഭവിച്ചത് - രാജാവിന്റെ കാലിൽ വലിയൊരു മുള്ള് തറച്ചു കയറിയിരിക്കുന്നു!

വേദന എന്തെന്നറിയാതെ സുഖലോലുപതയിൽ മുഴുകി ജീവിച്ചിരുന്ന രാജാവിന് വേദന പതിന്മടങ്ങ് കൂടുതലായി അനുഭവപ്പെട്ടു. മുള്ള് വലിച്ചൂരിയ ശേഷം, നിലത്തു കിടന്ന ഒരു മരക്കമ്പിന്റെ സഹായത്താൽ കൊട്ടാരത്തിലെത്തി. ഉടൻ, അദ്ദേഹം ഒരു രാജകല്പന പുറപ്പെടുവിച്ചു - "കാട്ടിൽ വച്ച് എനിക്ക് അപകടം സംഭവിച്ചതിനാൽ കാവിലേക്കു പോകുന്ന ആ ഒറ്റയടിപ്പാത മുഴുവനും കാട്ടുമൃഗങ്ങളുടെ തോലു വിരിക്കണം, ഇനി ഒരിക്കലും എന്റെ പാദത്തിൽ മുള്ളുകയറാൻ ഞാൻ അനുവദിക്കില്ല" ആ കല്പന അന്നു തന്നെ പ്രാബല്യത്തിലായി. ഭടന്മാർ കാട്ടിൽ പല സംഘങ്ങളായി തിരിഞ്ഞ് അനേകം കാട്ടുപോത്തുകളെയും മാനുകളെയും കാട്ടുപന്നികളെയുമെല്ലാം കൊന്നൊടുക്കി തോലുരിഞ്ഞു. എങ്ങും മൃഗങ്ങളുടെ ദീനരോദനം മുഴങ്ങി. ആ ശബ്ദം കാടിനുള്ളിലെ ഗുഹയിൽ ധ്യാനത്തിലായിരുന്ന സന്യാസിയുടെ ചെവിയിലുമെത്തിയതോടെ അദ്ദേഹത്തിന്റെ ധ്യാനം മുറിഞ്ഞു. ഇതിനിടയിൽ, നടപ്പാത മുഴുവനായും മൃഗത്തോൽ വിരിച്ചുകഴിഞ്ഞിരുന്നു.

അടുത്ത മാസം, ഒന്നാം ദിനം രാജാവ് കാവിൽ എത്തിയപ്പോൾ സന്യാസി തടഞ്ഞു- "താങ്കളുടെ പൂർവ്വികർ സമ്പാദിച്ച പുണ്യമെല്ലാം ഈ ക്രൂരമായ പ്രവൃത്തിയിലൂടെ നഷ്ടമായിരിക്കുന്നു. കേവലം, മാസത്തിലൊരിക്കൽ ഇവിടേക്കു വരുന്ന ഒരാളുടെ പാദസുഖത്തിനായി മാത്രം (selfishness) എത്രയധികം മൃഗങ്ങളാണ് വേദനിച്ചത്? സ്വന്തം കാലിൽ മാത്രമായി തോൽച്ചെരുപ്പ് അണിഞ്ഞ് മുളളിനെ മറികടക്കാമായിരുന്നു!" ഈ കൊച്ചു കഥയ്ക്കു (sacrifice) സമാനമായി സ്വന്തം സുഖാന്വേഷണം നടത്തുന്ന മനുഷ്യവർഗ്ഗം, ഇപ്പോള്‍ മാനവരാശിയുടെ നിലനില്പിനുതന്നെ ഭീഷണിയായിരിക്കുന്നു.

ചില കാരണങ്ങള്‍ നോക്കുക-

1. ഭ്രൂണഹത്യയും ഗർഭഛിദ്രവും- യോഗശാസ്ത്രത്തിൽ (yoga science) 84 ലക്ഷം ജീവിവർഗങ്ങൾ ഉണ്ടെന്നു കരുതുന്നു. അക്കൂട്ടത്തിൽ ദൈവിക അംശം ഇഴചേർന്നിരിക്കുന്ന (human origin) മനുഷ്യഗണമാണ് ഏറ്റവും ശ്രേഷ്ഠം. എന്നാലോ? ഭൂമിയിലെ ഏറ്റവും മനോഹര ദൃശ്യമായി കരുതപ്പെടുന്നത് ശിശുക്കളുടെ പുഞ്ചിരിയാണെങ്കിൽ ഏറ്റവും ക്രൂരമായ ദൃശ്യം അല്ലെങ്കിൽ സത്യം എന്തായിരിക്കും? അതും ശിശുക്കളുടെ കുരുന്നു ജീവനുകളുമായി ബന്ധമുള്ളതു തന്നെ!

-ഭ്രൂണഹത്യയും ഗർഭഛിദ്രവും!

രോഗങ്ങൾ, അപകടങ്ങൾ, യുദ്ധങ്ങൾ, വാർദ്ധക്യം, പട്ടിണി തുടങ്ങിയവയെല്ലാം കൂടി ലോകമാകെ ഏകദേശം അഞ്ചര കോടി മനുഷ്യർ ഒരു വർഷത്തിൽ (Death Toll) മരണപ്പെടുമ്പോൾ 5.6 കോടി കുരുന്നു ജീവനുകളെ ഭ്രൂണഹത്യയും ഗർഭഛിദ്രവും എന്ന ഒരു വഴിയിലൂടെ കൊന്നുകളയുന്നു! ഇതിൽ 1.6 കോടിയും ഇന്ത്യയുടെ ക്രൂരതയാണ്. നേരത്തേ, ഉദരത്തിലെ കുഞ്ഞിന്റെ വളര്‍ച്ച 20 ആഴ്ച വരെയുള്ളത് അടിയന്തര ഘട്ടങ്ങളില്‍ നശിപ്പിക്കാമെന്ന നിയമം അനുവദിച്ചിരുന്ന സ്ഥാനത്ത് 2020ൽ 24 ആഴ്ചയാക്കിയിട്ടുണ്ട്. ഇനിയും എണ്ണം കൂടുമെന്നു സാരം. ഈ വിഷയത്തിൽ ഇന്ത്യയിൽ ഗോവ (Goa) കഴിഞ്ഞാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നാം മലയാളികൾ! ഒരു വർഷത്തിൽ ഏകദേശം എട്ടുലക്ഷത്തിനു മേൽ കേരളത്തിലാണ്! (Kerala)

2. പട്ടിണി മരണം- (starvation death) ലോകമൊട്ടാകെ, ഒരു വർഷത്തിൽ ഏകദേശം 90 ലക്ഷം മനുഷ്യർ പട്ടിണിമൂലം മരിക്കുന്നു. പട്ടിണിരാജ്യങ്ങളിലെ കുട്ടികള്‍ പുല്ലും മണ്ണും തിന്നു പിടഞ്ഞുവീണു മരിക്കുന്നു. മറുവശത്ത്, വികസിത നഗരങ്ങളിലെ സ്കൂളുകളിൽ കുട്ടികൾ ഭക്ഷണം എറിഞ്ഞു കളിക്കുന്നു. കൂട്ടുകാരുടെ മുഖത്ത് ഐസ്ക്രീം തേക്കുന്നു. സമ്പന്ന കുടുംബങ്ങൾ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഓർഡർ ചെയ്ത് അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കി ഓപ്ഷനുകൾ ആക്കി ഒരുപാട് ആഹാരം പാഴാക്കുന്നുണ്ട്. (food wasting) അതായത്, ലോകത്ത് ലഭ്യമായ ഭക്ഷണത്തിന്റെ 20% പാഴായി പോകുന്നു. ഇന്ത്യയില്‍ 67 കോടി ജനങ്ങളും ദാരിദ്ര്യത്തിലാണ്. (poverty rate)രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 73% കയ്യടക്കി വച്ചിരിക്കുന്നത് വെറും 1% വരുന്ന സമ്പന്നരാണ്.

3. കാലില്‍ ചങ്ങലകള്‍ ഇല്ലാത്ത ആധുനികകാല അടിമത്തം- (slavery)ലോകത്ത് ഇത് അനുഭവിക്കുന്നത് ഏകദേശം നാലു കോടി ജനങ്ങളാണ്. പക്ഷേ, ഏറ്റവുമധികം ആളുകൾ അടിമത്തം അനുഭവിക്കുന്ന രാജ്യം ഇന്ത്യയാണ്. ഏകദേശം രണ്ടു കോടി മനുഷ്യർ! നിർബന്ധിത ഭിക്ഷാടനവും ലൈംഗികവൃത്തിയും വരെ അതിൽ ഉൾപ്പെടും.

4. ബാലവേല- ILO കണക്കു പ്രകാരം 16.8 കോടി കുട്ടികൾ ലോകത്ത് ഏതെങ്കിലും ബാലവേലകളിൽ (child labour) ഏർപ്പെട്ടിരിക്കുന്നു.

5. അഭയാർഥികൾ- (refugees) ലോകത്ത് 6.53 കോടി അഭയാർഥികൾ നരകിക്കുന്നു. ആഭ്യന്തര യുദ്ധമാകുന്നു പ്രധാന കാരണം. നരകയാതനയുടെ പലായനം പലപ്പോഴും ലക്ഷ്യം കാണുന്നതിനു മുൻപേ മരണമടയും. ഏറ്റവും കൂടുതൽ രാജ്യം വിട്ടുപോയത് സിറിയ, അഫ്ഗാൻ, സൊമാലിയ. ഏറ്റവുമധികം ആളുകള്‍ ചേക്കേറിയത് തുർക്കിയിൽ(migration).

6. ആരോഗ്യ ബജറ്റിലെ കുറവ് - USA ഈ വർഷത്തെ പ്രതിരോധ ബജറ്റ് 633 ബില്യൻ ഡോളർ നൽകുമ്പോൾ ആരോഗ്യമേഖലയ്ക്ക് വെറും 106 ബില്യൺ മാത്രം! (1 ബില്യൻ = 100 കോടി). ഇന്ത്യയിൽ ബജറ്റ് യഥാക്രമം 3.23 ലക്ഷം കോടിയും 69,000 കോടിയും! അതായത്, രാജ്യങ്ങൾക്ക് അകത്തും പുറത്തും തമ്മിലടിക്കാൻ എത്ര ഭീകരമായ പണമാണ് ചെലവഴിക്കുന്നത്? (Defence budget) അത് ആരോഗ്യമേഖലയുടെ ഗവേഷണങ്ങളെ പ്രോൽസാഹിപ്പിച്ചിരുന്നെങ്കിൽ എലിക്കെണി പോലെ വൈറസ് കെണികളും മറ്റും രൂപം കൊള്ളുമായിരുന്നു. ലോകമെങ്ങും സയന്റിസ്റ്റുകള്‍ ഗവേഷണത്തിനുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്നു!

7.സന്തോഷസൂചിക- Happiness Index ലോകത്തില്‍ സന്തോഷം കുറഞ്ഞുവരികയാണ്. ഇവിടെയും ഇന്ത്യ ഏറെ പിറകിലാണ്. UN റിപ്പോര്‍ട്ട് പ്രകാരം, 2016-ല്‍ 118, 2017-ല്‍ 122, 2018-133, 2019-140 എന്നിങ്ങനെ താഴ്ന്ന റാങ്കോടെ സന്തോഷം കുറയുന്നു. തുടര്‍ച്ചയായി സന്തോഷത്തില്‍ ഒന്നാമതു നില്‍ക്കുന്ന ഫിന്‍ലന്‍ഡ്‌ Finland രാജ്യത്തിലെ 43% ജനങ്ങള്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നില്ല! ഇന്ത്യയില്‍ വെറും 7%! അതായത്, ദൈവവിശ്വാസവും മതവിശ്വാസവും രണ്ടാണെന്ന് ഓര്‍ക്കുമല്ലോ.

8. മതചൂഷണം- exploitation ലോകമെങ്ങും പണം വരുന്ന കച്ചവടമായി മതസ്ഥാപനങ്ങളും അതിന്റെ ആരാധനകേന്ദ്രങ്ങളും മാറിയിരിക്കുന്നു. തന്മൂലം, പണത്തിനായും അധികാരത്തിനായും മനുഷ്യര്‍ പരസ്പരം പോരടിക്കുന്നു. അൻപതു കോടിയുടെ ദൈവാലയ കൊട്ടാരത്തിൽ വരുന്ന മനുഷ്യജീവികൾ ചിലപ്പോൾ പ്രാർഥിക്കുന്നത് കാറ്റെടുത്തു പോകാവുന്ന ടർപോളിൻഷെഡില്‍ നിന്ന് അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടിയാകും!

9. ജോലിക്ക് അന്യായമായ കൂലി. (minimum wage) സര്‍ക്കാര്‍ജോലിയും ചുരുക്കം ചില സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും ഒഴികെ ഭൂരിഭാഗം ജോലികള്‍ക്കും ഇന്ത്യയില്‍ ന്യായമായ കൂലി കൊടുക്കുന്നില്ല. അതിനാല്‍, കുടുംബ സംവിധാനം ചെയ്യേണ്ട വീട്ടമ്മ ജോലിക്കു പോകുന്നതോടെ കുട്ടികളെയും പ്രായമായവരെയും നന്നായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. പണ്ടുകാലത്ത്, പുരുഷന്മാര്‍ മാത്രമേ ജോലിക്കു പോയിരുന്നുള്ളൂ. ഒരു ഹിറ്റ് സിനിമയുടെ സംവിധായകൻ ഏറ്റെടുക്കുന്ന വിവിധ തലത്തിലുള്ള ഏകോപനം പോലെ വീട്ടമ്മമാരാണ് ആ കുടുംബസിനിമ ഒരു ജീവിതമാകെ നിറഞ്ഞു നിൽക്കണമോ എന്നു തീരുമാനിക്കുന്നത്. സ്ത്രീകള്‍ കൂടുതലായും ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ ഭൂരിഭാഗം അധ്യാപികമാരും നഴ്സുമാരും കുറഞ്ഞ ശമ്പളവും തൊഴില്‍ചൂഷണവും അനുഭവിക്കുന്നുണ്ട്.

10. ആസക്തികള്‍- (Lust) മനുഷ്യന്‍ പലതരം ആസക്തികളുടെ സങ്കേതമാണ്. പണം, മദ്യം, മയക്കുമരുന്ന്, ദുര്‍ന്നടപ്പ്, പ്രശസ്തി, അധികാരം, അമിതാഹാരം, അത്യാഡംബരം, സോഷ്യല്‍ മീഡിയ.. (Addiction) ചൈനക്കാര്‍ അത്യാര്‍ത്തിയോടെ വന്യജീവികളെ തിന്നപ്പോള്‍ ലോകത്തെ വൈറസ്‌ തിന്നാന്‍ തുടങ്ങിയിരിക്കുന്നു.

ഇനിയും ദൈവം-മനുഷ്യര്‍ ബന്ധത്തെ വെറുപ്പിക്കുന്ന അനേകം കാര്യങ്ങളുടെ ലിസ്റ്റ് നീളുകയാണ്. അതായത്- ഈ ഭൂമിയില്‍ മനുഷ്യര്‍ വിതയ്ക്കുന്ന ക്രൂരതയും അഴിമതിയും അസമത്വവും അശാന്തിയുടെ നാളുകളും കൂടിവരുന്ന വേളയില്‍ പ്രകൃതി/ദൈവം വെറുതെ കയ്യുംകെട്ടി നോക്കിയിരിക്കുമോ?

പ്രയോജനവുമില്ലാത്ത വര്‍ഗ്ഗത്തെ ഭൂമിയില്‍നിന്നും തുടച്ചുനീക്കുന്ന പ്രതിഭാസം ദിനോസറുകളുടെ കാലത്തെ കൂട്ടവംശനാശം (extinct species)നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആറര കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്, 11-81 കി.മീ വലിപ്പമുള്ള വസ്തു (ഉല്ക്ക/ഛിന്നഗ്രഹം) ഭൂമിയില്‍ വന്നിടിച്ച്‌ 75% ജീവജാലങ്ങളും നശിച്ചതില്‍ ഭീകരജീവികളായ ദിനോസറുകളും (Dinosaurs) ഉണ്ടായിരുന്നു. 1994ല്‍ വ്യാഴത്തില്‍ 1 കി.മീ വലിപ്പമുള്ള ഷൂമാക്കര്‍ലെവി-വാല്‍നക്ഷത്രം (Comet)ഇടിച്ചുകയറി ഭൂമിയോളമുള്ള ഗര്‍ത്തം രൂപപ്പെട്ടു.

അങ്ങനെയെങ്കില്‍, നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്- പ്രപഞ്ചസൃഷ്ടാവായ ദൈവം/ പ്രകൃതി Almighty The creator, GOD, nature നമ്മെ കൈവിടാതിരിക്കാന്‍ എന്താണു ചെയ്യാനാവുക? മനുഷ്യപ്രീതിയല്ലാതെ ദൈവപ്രീതി എങ്ങനെ തിരികെ പിടിക്കാം?

Survival of human beings?

അസാമാന്യ ബുദ്ധികേന്ദ്രമായിരുന്ന സയന്റിസ്റ്റ്-ആൽബർട്ട് ഐൻസ്റ്റീൻ Albert Einstein അവസാന നാളുകളിൽ ഇങ്ങനെ പറഞ്ഞു- "എന്റെ ജീവിതം പാഴായിപ്പോയോ എന്നെനിക്കു ചിലപ്പോൾ തോന്നിപ്പോകാറുണ്ട്. ഞാൻ വിദൂരങ്ങളായ നക്ഷത്രങ്ങളിലേക്ക് അന്വേഷണം നടത്തി. എന്നാൽ എന്നിലേക്കു തന്നെ അന്വേഷണം നടത്താൻ ഞാൻ മറന്നു പോയി. ഞാൻ തന്നെയായിരുന്നു ഏറ്റവും അരികിലെ നക്ഷത്രം!"

മേല്‍പറഞ്ഞ ഒരുപാടു പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാകുന്നു യോഗ. 454 കോടി വര്‍ഷം പ്രായമായ ഭൂമിയില്‍ (Earth) മതം, (Religion) രാഷ്ട്രീയം (Politics) എന്നിവ പടര്‍ത്തുന്ന വിഷം ചെറുതല്ല. പല രാജ്യങ്ങളുടെയും അഭ്യന്തരയുദ്ധങ്ങള്‍ക്കും അത് കാരണമായി. മനുഷ്യര്‍ പരസ്പരം മനസ്സിനുള്ളില്‍ മുള്‍വേലി കെട്ടി അകറ്റി നിര്‍ത്തി.

യോഗയില്‍ നമ്മുടെ ആത്മാവും പ്രപഞ്ചസ്രഷ്ടാവായ ദൈവവും മാത്രമേയുള്ളൂ. ഇടനിലക്കാര്‍ ഇല്ല. യോഗയുടെ രണ്ടാമത്തെ ശാഖ- നിയമത്തില്‍ ഈശ്വരപ്രണിധാനം ഉപശാഖയാണ്.

കേരളത്തില്‍ ആറു ലക്ഷം സര്‍ക്കാര്‍ ജോലിക്കാരില്‍ നിസ്സാര കാര്യങ്ങള്‍ക്കു വരെ പോസ്റ്റ്‌ ഉണ്ടെങ്കിലും സര്‍ക്കാര്‍ യോഗാ ജോലിക്കാരെ എനിക്ക് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. മതരാഷ്ട്രീയവളവുകള്‍ ഇല്ലാത്ത പക്വതയുള്ള ഉന്നത വിദ്യാഭാസമുള്ള അധ്യാപകരും ഈ രംഗത്തേക്കു കടന്നുവരണം.

സ്കൂള്‍-കോളജ് തലത്തില്‍ ഏകീകൃത സിലബസില്‍ യോഗ വിദ്യാഭ്യാസം ഉള്‍പ്പെടുത്തി യുവതലമുറയുടെ ആത്മനിയന്ത്രണം സാധ്യമാകട്ടെ. സമ്പന്നവിഭാഗത്തിനും ഉയര്‍ന്ന ജോലി, ഉന്നത അധികാരം എന്നിവ ഉള്ളവര്‍ക്കും മനസ്സുഖം കുറവെങ്കില്‍ അതിനര്‍ത്ഥം വിദ്യാഭ്യാസത്തില്‍ എന്തോ കുറവുണ്ടെന്നു തന്നെ.

തെറ്റുകള്‍ ഇല്ലാത്ത മനുഷ്യജീവിതം അസാധ്യമെങ്കിലും യോഗയിലൂടെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കണം. അങ്ങനെ, സ്നേഹവും നന്മയും കൊണ്ട് ഈ ഭൂമിയെ സമ്പന്നമാക്കാന്‍ മനുഷ്യര്‍ ശ്രമിച്ചാല്‍ പ്രപഞ്ചശക്തി/പ്രകൃതിയില്‍ (Cosmic power) നിന്നും സത്ഫലങ്ങള്‍ ഉറപ്പ്.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1