മണ്ടന്മാരുടെ ലോകം

സിൽബാരിപുരംരാജ്യത്തിലെ ഗ്രാമത്തിൽ കേശു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. ഒരിക്കൽ, അയാൾ ഒരു ജന്മിയുടെ പറമ്പില്‍ കിളച്ചു കൊണ്ടിരുന്നപ്പോൾ-

"ണ്...ടിം''

ആ ശബ്ദം കേട്ട് കേശു ഞെട്ടി.

"ഹായ്, സ്വർണ്ണ നിധി !"

അയാൾ, തൂമ്പ മാറ്റി വച്ച് നാലുപാടും എത്തി നോക്കി.

"ഭാഗ്യം! ആരുമില്ല!"

പിന്നെ, കുനിഞ്ഞിരുന്ന് മണ്ണു മെല്ലെ മാറ്റിനോക്കിയപ്പോൾ വെറുമൊരു കല്ലായിരുന്നു അത്. കടുംനീലനിറമുള്ള അത്തരം കല്ല് കേശു ആദ്യമായി കാണുകയായിരുന്നു. എങ്കിലും, സ്വർണ നിധി അല്ലാത്തതിനാൽ അയാൾക്കു നിരാശ തോന്നി. അന്നത്തെ പണി കഴിഞ്ഞപ്പോൾ ആ കല്ല് അയാൾ തോർത്തിൽ കെട്ടി വീട്ടിലേക്കു കൊണ്ടുവന്നു. അടുത്ത ദിവസം രാവിലെ ചന്തയിലുള്ള പഴയ സാധനങ്ങൾ എടുക്കുന്ന കടയിൽ പോയി. അവിടെ കാട്ടിയപ്പോൾ കടക്കാരൻ പറഞ്ഞു -

"തന്റെ കയ്യിൽ ഈ കല്ല് വച്ചിട്ടെന്തിനാ? പത്തു വെള്ളിനാണയം തന്നേക്കാം"

കേശു സന്തോഷത്തോടെ നീങ്ങിയപ്പോൾ കടക്കാരൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു -

"വെറും മണ്ടൻ! ചന്തയിലെ  ആഭരണക്കടയിൽ കൊടുത്താൽ ഒരു സ്വർണനാണയമെങ്കിലും കിട്ടും!"

എന്നാൽ, നാണയവുമായി വീട്ടിലേക്കു മടങ്ങുംനേരം കേശു പറഞ്ഞു -

" വെറും മണ്ടൻ! ആ പരട്ടക്കല്ലിന് പത്തു വെള്ളിനാണയം ആരെങ്കിലും തരുമോ?"

ഒട്ടും താമസിയാതെ കടക്കാരൻ ആഭരണക്കടയിലേക്കു ചെന്നു. ആഭരണ വ്യാപാരി ആ കല്ല് തിരിച്ചും മറിച്ചും നോക്കിയിട്ട് അലസ ഭാവത്തിൽ മൊഴിഞ്ഞു -

"നിറമുള്ള വെറും കല്ലാണിത്. ആഭരണം ഉണ്ടാക്കാനുള്ള കട്ടി ഇതിനില്ല. എന്തായാലും, താൻ കൊണ്ടുവന്നതല്ലേ, പത്തു സ്വർണനാണയം.... ദാ, പിടിച്ചോളൂ"

കടക്കാരൻ സന്തോഷത്തോടെ പോകുന്നതു നോക്കി വ്യാപാരി പൊട്ടിച്ചിരിച്ചു -

"വെറും മണ്ടൻ! ഇത് അപൂർവ ഇനത്തിൽപ്പെട്ട വജ്രക്കല്ലാണ്! അയാൾ തിരിച്ചറിയാഞ്ഞത് ഭാഗ്യമായി ''

എന്നാലോ?കടക്കാരൻ തിരികെ കടയിലെത്തി ആരോടെന്നില്ലാതെ പിറുപിറുത്തു-

"വെറും മണ്ടൻ! ഒരു നീലക്കല്ലിന് പത്ത് സ്വർണനാണയം ആ വ്യാപാരി മാത്രമേ ഈ ലോകത്ത് എനിക്കു തരികയുള്ളൂ"

പിന്നീട്, ആഭരണ വ്യാപാരി ഒരു മാസത്തെ കൃത്യതയാർന്ന ചെത്തിമിനുക്കലുകൾ നടത്തിയപ്പോൾ നീലക്കല്ല് വെട്ടിത്തിളങ്ങുന്ന വജ്രമായി മാറി!

അയാൾ, ധൃതിയിൽ കൊട്ടാരത്തിലെത്തി രാജാവിനെ മുഖം കാണിച്ചു.

"അങ്ങുന്നേ, അടിയൻ കൊണ്ടുവന്നിരിക്കുന്ന അപൂർവമായ നീലവജ്രം കണ്ടാലും! അങ്ങയുടെ കിരീടത്തിലോ, സിംഹാസനത്തിലോ ഇതു നന്നായി ചേരും!"

പക്ഷേ, രാജാവിന്റെ മുഖത്ത് യാതൊരു തിളക്കവും കണ്ടില്ല. അദ്ദേഹം പറഞ്ഞു -

"എന്റെ ഖജനാവിൽ ഒട്ടേറെ വൈരക്കല്ലുകൾ ഇരിപ്പുണ്ട്. എനിക്ക് വേണ്ട"

ഇതു കേട്ട പാടേ, വ്യാപാരിയുടെ സർവശക്തിയും ചോർന്നുപോയി!

"മഹാരാജൻ, ദയവായി അങ്ങനെ പറയരുതേ! ഞാൻ അങ്ങേയ്ക്കായി ഒരു വർഷമെടുത്ത് മിനുക്കിയെടുത്ത രത്നക്കല്ലാണിത്!"

രാജാവ് ഒന്നു മൂളിയ ശേഷം പറഞ്ഞു -

"ആരവിടെ, ഈ വ്യാപാരിക്ക് ഇരുനൂറു സ്വർണനാണയങ്ങൾ അടങ്ങുന്ന പണക്കിഴി ഖജനാവിൽ നിന്നും കൊടുക്കുക"

അതും സ്വീകരിച്ച്, അതിയായ സന്തോഷത്തോടെ വ്യാപാരി തന്റെ വീട്ടിലേക്കു നടക്കുമ്പോൾ പറഞ്ഞു -

"വെറും മണ്ടൻ! മഹാരാജാവാണു പോലും! പരമാവധി നൂറു സ്വർണനാണയത്തിൽ കൂടുതൽ അതിനു വിലയില്ല!"

അതേ നേരത്ത്, രാജാവും മറ്റൊന്നു പിറുപിറുത്തു -

"വെറും മണ്ടൻ! അവന് ഇതിന്റെ വില അറിയില്ല. ഇത്രയും വലിയ വജ്രം ഏതെങ്കിലും രാജ്യത്തു കാണുമോ? കോസലപുരം രാജ്യത്തെ രാജാവ് ആഭരണഭ്രാന്തനാകയാൽ അവിടെ വിറ്റാൽ ആയിരക്കണക്കിനു സ്വർണനാണയങ്ങൾ ഇതിനു വിലമതിക്കും"

കോസലപുരത്തേക്കു പോകുന്ന കാര്യം ആരോടും പറഞ്ഞില്ല. കാരണം, പഴഞ്ചൻ മന്ത്രിമാളികകൾ പുതുക്കിപ്പണിയണമെന്ന് മന്ത്രിമാർ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണ്. ഈ പണം കിട്ടിയെന്ന് അറിഞ്ഞാൽ മന്ത്രിമാർ അതിനായി ആവശ്യപ്പെടും. അതിനാൽ, സിൽബാരിപുരംകാടിനുള്ളിൽ വേട്ടയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് രാജാവ് കോസലപുരത്തേക്ക് കുതിരപ്പുറത്ത് പാഞ്ഞു. ഭടന്മാരുടെ അകമ്പടിയില്ലായിരുന്നു.

ദൗർഭാഗ്യമെന്നു പറയട്ടെ, ദൂരക്കുറവുള്ള വഴിക്കായി കാട്ടുപാതയിലൂടെ പോയപ്പോൾ എവിടെ നിന്നോ ചെന്നായ്ക്കൾ കുതിരയെ വളഞ്ഞു. പിന്നെ, രാജാവിന് കുതിരയെ നിയന്ത്രിക്കാനായില്ല. കുതിര കണ്ണിൽ കണ്ട വഴിയിലൂടെയെല്ലാം ജീവനും കൊണ്ട് പാഞ്ഞു. നായ്ക്കൾ പിറകെയും. ചതുപ്പുനിലങ്ങളിലൂടെ കുതിരയ്ക്കു വേഗം കുറഞ്ഞപ്പോൾ അവറ്റകൾ രാജാവിനെയും കുതിരയെയും ഒന്നിച്ച് ആക്രമിച്ചു. രാജാവ് തലങ്ങും വിലങ്ങും വാൾ വീശിയെങ്കിലും ചെന്നായ്ക്കൾ ഒരു സംഘമുണ്ടായിരുന്നു. ഇതിനിടയിൽ രാജാവിന്റെ അരയിൽ കെട്ടിയിരുന്ന സഞ്ചി കീറി വജ്രം തെറിച്ച് ചതുപ്പിൽ വീണു!

അത് ആഴങ്ങളിലേക്ക് താണുപോയി!

രാജാവ് അറിഞ്ഞതു പോലുമില്ല!

കുറെ കഴിഞ്ഞ് വാളും കയ്യിൽ നിന്നും തെറിച്ചു പോയി.

പക്ഷേ, വെപ്രാളത്തോടെ രാജാവും കുതിരയും അനേക ദൂരം പിന്നിട്ട് നാട്ടുപ്രദേശത്തിലേക്ക് കടന്നപ്പോൾ ചെന്നായ്ക്കൾ പിൻവാങ്ങി. അങ്ങനെ, കൊട്ടാരത്തിലേക്കുള്ള പാതയിൽ എത്തിച്ചേർന്നു.

അവശതയാർന്ന രാജാവിന്റെ വസ്ത്രമെല്ലാം കീറിയിരുന്നു. കുതിരയാകട്ടെ ദേഹമാസകലം ചോരപുരണ്ട് മുടന്തിനീങ്ങി. അന്നേരം, പാതയോരത്തെ മരച്ചുവട്ടിൽ കിടന്നിരുന്ന ചിത്തരോഗി (മനോരോഗി) അതു കണ്ട് അട്ടഹസിച്ചു -

"വെറും മണ്ടൻ! കുതിരപ്പുറത്തു കയറിയിട്ടും എന്നേപ്പോലെ നിനക്കും കല്ലേറു കിട്ടിയല്ലേ?"

രാജാവിന് ദേഷ്യം ഇരച്ചു കയറിയെങ്കിലും ഒന്നും മിണ്ടാതെ ഒരു വിധത്തിൽ കൊട്ടാരത്തിലെത്തി. അന്തപ്പുരത്തിലിരുന്ന് അദ്ദേഹം ആദ്യം ചിന്തിച്ചത്, തന്നെ മണ്ടനെന്നു പരിഹസിച്ച ആ ചിത്തരോഗിയെ കൊന്നുകളയണമെന്നാണ്. അതിനൊപ്പം വജ്രം നഷ്ടമായതിലുള്ള ദുഃഖവും വലുതായിരുന്നു. അന്നു രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാൻ രാജാവിനായില്ല. നേരം പുലർന്നപ്പോൾ അദ്ദേഹം രഹസ്യമായി ഗ്രാമത്തിലുള്ള സന്യാസിയുടെ ആശ്രമത്തിലെത്തി തന്റെ പ്രശ്നങ്ങൾ വിശദീകരിച്ചു. അന്നേരം, സന്യാസി പുഞ്ചിരിച്ചു -

"ആ ചിത്തരോഗി പറഞ്ഞതിൽ എന്താണു തെറ്റ്? വജ്രക്കല്ല് മണ്ണിൽ നിന്ന് എടുത്തയാൾ മുതൽ അങ്ങേയ്ക്കു കൈമാറിയ വ്യാപാരിവരെ എല്ലാവരും ചതിയ്ക്കപ്പെട്ടിരിക്കാനാണു സാധ്യത. യഥാർഥ മൂല്യത്തിനൊത്ത പണം രാജാവു പോലും കൊടുത്തില്ലല്ലോ. ഈ രാജ്യത്ത് പ്രജകൾ വിശ്വസിക്കുന്ന, സനാതന ധർമ്മം പാലിക്കേണ്ട രാജാവു ചതിയനെങ്കിൽ അക്കാര്യം സ്വയം മനസ്സിലാകാത്ത വെറും മണ്ടൻ അങ്ങുതന്നെയല്ലേ?"

രാജാവ് തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ് മനസ്സമാധാനത്തോടെ കൊട്ടാരത്തിലേക്കു തിരിച്ചു.

ചിന്താശകലം - moral stories in Malayalam

കഥയിലെ നീലക്കല്ല് കേശു ഉണ്ടാക്കിയതല്ല. അത് പ്രകൃതിയുടേതാണ്. സത്യം മൂടിവച്ച് ചതിയുമായി കൂട്ടിച്ചേര്‍ത്ത് തേച്ചുമിനുക്കിയെടുത്ത് ഭൂമിയിൽനിന്ന് എടുക്കുന്നതും ഉയരുന്നതുമെല്ലാം ഒരു ദിവസം ഭൂമിയിലേക്കു തന്നെ മടങ്ങിയേ തീരൂ. മനുഷ്യരും ഇതിൽനിന്നും വ്യത്യസ്തരല്ല. മണ്ണിൽനിന്നും വന്ന് മണ്ണിലേക്കു മടങ്ങിയേ തീരൂ. മനുഷ്യജീവിതമെന്നത് ചെറിയൊരു അവധിക്കാലം ആഘോഷിക്കാൻ ഭൂമിയിലേക്ക് വിരുന്നു വരുന്നതു പോലെയാണ്. അത് സ്വയം നോവാതെയും മറ്റുള്ളവരെ നോവിക്കാതെയും ജീവിച്ചു തീർക്കുന്നതിലാണ് ഒരാളുടെ മിടുക്ക്. ഓരോ മനുഷ്യജീവനും 'വെറും മണ്ടൻ' എന്ന നിലയിൽ അവസാനിക്കേണ്ട ഒന്നല്ല!

Comments