ഇരുട്ടിന്‍ മറയത്ത്

സില്‍ബാരിപുരംഗ്രാമത്തിലെ ഒരു ആശ്രമം.

ഒരിക്കൽ, ഗുരുജി തന്റെ ആശ്രമത്തിലെ രണ്ടു മുറികളിലേക്ക് മണ്ണെണ്ണ വിളക്കു കൊണ്ടു വയ്ക്കാൻ രണ്ടു ശിഷ്യന്മാരോടു പറഞ്ഞു. അവർ തിരികെയെത്തിയപ്പോൾ അദ്ദേഹം അന്വേഷിച്ചു -

"നിങ്ങൾ ആ മുറിയിൽ എന്താണു കണ്ടത്?”

ഒന്നാമത്തെ ശിഷ്യൻ പറഞ്ഞു -

"കൂരിരുട്ടു നിറഞ്ഞ മുറി. വിളക്കിനു ചുറ്റും അതിനെ പേടിപ്പിക്കുന്ന ഇരുട്ട്. ചിലപ്പോൾ വിളക്ക് അണച്ചേക്കാൻവരെ കഴിവുള്ള ഇരുട്ട്!"

ഇതേ ചോദ്യത്തിന് രണ്ടാമന്റെ ഉത്തരം മറ്റൊരു വിധത്തിലായിരുന്നു-

"ആ മുറിയാകെ പ്രകാശിച്ച് സുന്ദരമായി കാണപ്പെടുന്നു. എന്റെ വിളക്കിന്റെ വെളിച്ചത്തെ ഇരുട്ടിനു പേടിയാണ്. വിളക്ക് മുന്നോട്ടു പോയപ്പോൾ ഇരുട്ടു പിറകോട്ടു പോയി ഒളിച്ചുകൊണ്ടിരുന്നു"

അപ്പോള്‍, ഗുരുജി പറഞ്ഞു-

“ഒരേസമയം, ഒരേ കാര്യത്തെ നമുക്കു നല്ലതായും ചീത്തയായും കാണാന്‍ സാധിക്കും. നാം പ്രകാശമുള്ള കണ്ണുകള്‍കൊണ്ടു നോക്കിയാല്‍ അവിടമാകെ പ്രകാശമായി ഭവിക്കും. അതേസമയം, അന്ധകാരമുള്ള കണ്ണുകള്‍ ഇരുട്ടിനെ ദര്‍ശിക്കും. അതിനാല്‍, സ്വന്തം കാഴ്ചപ്പാട് ആയിരിക്കും സുപ്രധാനം. അതാകട്ടെ, നിങ്ങളുടെ സ്വന്തം നിയന്ത്രണത്തിലും!"

ചിന്തിക്കുക...   (Malayalam books online reading)

നിങ്ങൾ പാതിരാത്രിയിൽ അടുക്കളയിലെ ലൈറ്റ് തെളിക്കുക. പാറ്റയും പല്ലിയും എലിയും പ്രാണികളും ഓടിയൊളിക്കാൻ വെപ്രാളപ്പെടുന്നതു കാണാം. പകൽനേരത്തും അവർ അവിടെയുണ്ടായിരുന്നു. പക്ഷേ, അവറ്റകള്‍ വെളിച്ചത്തെ പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു. കാരണം, ഇരുട്ട് അഴിഞ്ഞാടാൻ അവർക്കു പിന്തുണ കൊടുക്കുന്നു. മനുഷ്യരുടെ കാര്യവും അങ്ങനെയാകുന്നു. ഇരുട്ടിന്റെ മറവില്‍ ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നു? സന്ധ്യ മയങ്ങിയാല്‍ സ്ത്രീകള്‍ക്ക് എവിടെയെങ്കിലും പുരുഷന്മാരെപ്പോലെ തനിച്ചു യാത്ര ചെയ്യാന്‍ പറ്റുമോ?

അന്നേരം, പ്രകൃതിയുടെ ഇരുട്ടിനേക്കാള്‍ ക്രൂരമാകുന്നു പുരുഷന്മാരുടെ പ്രവൃത്തികള്‍!(Dark side of human beings)

സ്വന്തം മനസ്സില്‍ എത്രത്തോളം ഇരുട്ടും  വെളിച്ചവും തിങ്ങിനിറഞ്ഞിരിക്കുന്നുവെന്ന് ഇപ്പോള്‍ത്തന്നെ വായനക്കാര്‍ ആത്മശോധന ചെയ്യുമല്ലോ. മനുഷ്യ മനസ്സിലെ മനോഭാവം (Attitude) negative thoughts മാറി positive ആകട്ടെ.

Comments