Yoga job fraud interview stories Kerala

യോഗയിലെ അഭിമുഖം!


ബിനീഷ് അങ്ങനെയാണ് - എവിടെ യാത്ര ചെയ്താലും ഒരു കൊച്ചു കഥയ്ക്കുള്ള ത്രെഡ് അവിടെ നിന്നും നോക്കി വയ്ക്കും. കാരണം, യാത്ര പ്രയോജനപ്പെട്ടില്ലെങ്കിൽ അങ്ങനെയെങ്കിലും സ്വയം ചെറിയ നഷ്ടപരിഹാരം കഥാശേഖരത്തിലേക്കു കൂട്ടാൻ ആകുമല്ലോ. താഴെ പറയുന്ന യാത്രയ്ക്ക് ഏകദേശം 'ആകെമൊത്തംടോട്ടൽ' 600 രൂപയായി.

പക്ഷേ, എന്താ പ്രയോജനം? കുഛ് നഹീം.

കുറച്ചു മാസങ്ങൾ കഴിഞ്ഞ് ആ സ്ഥാപനത്തിലേക്ക് അവൻ വിളിച്ചപ്പോൾ ആരോ പറയുന്നു - "ഈ ജോലിക്കാര്യത്തിൽ കോടതിയിൽ കേസ് നടക്കുകയാണ്!"

ഇനി കഥയിലേക്ക് -

സില്‍ബാരിപുരംരാജ്യത്തെ തലസ്ഥാനനഗരത്തിൽ വച്ച് ഒരു സർക്കാർ സ്വയംഭരണ സ്ഥാപനം യോഗയുടെ ഇന്റർവ്യൂ നടത്തുന്നതായി പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. അതു കണ്ട ശേഷം സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോ കോപ്പികളുടെയും വൻ ശേഖരവുമായി കോട്ടയത്തുനിന്ന് പാതിരാ കഴിഞ്ഞപ്പോൾ ബിനീഷ് ട്രെയിൻ കയറി.

രാവിലെ എട്ടരയ്ക്ക് അവിടെ റിപ്പോർട്ട് ചെയ്യണമത്രേ. അവിടെ ചെന്നപ്പോൾ സൂചി കുത്താൻ ഇടമില്ലാത്ത തരത്തിൽ തിരക്ക് കാരണം സ്ഥാപനത്തിനുള്ളിൽ ഉന്തും തള്ളും അനുഭവപ്പെട്ടു. ഇതിനിടയിൽ വലിയ തലമൂത്ത യോഗാചാര്യന്മാർ കോപിക്കാനും തുടങ്ങി.

അശാസ്ത്രീയമായ വോക്ക്-ഇൻ-ഇൻറർവ്യൂ വച്ചതിനാൽ ഏകദേശം 500-700 ആളുകൾ തടിച്ചുകൂടിയിരുന്നു. ശ്വാസം വിടാൻ നിവൃത്തിയില്ലാത്ത ക്യൂ നിന്ന് അപേക്ഷ കൊടുത്തപ്പോൾ സമയം ഉച്ചകഴിഞ്ഞിരുന്നു. ഒട്ടേറെ ഡിപ്ലോമാ സഹപാഠികൾ ട്രെയിൻ-ബസ്-കാറു പിടിച്ച് അവിടെത്തി പാത്തും പതുങ്ങിയും നില്പുണ്ടായിരുന്നു.

അപ്പോൾ, ബിനീഷിന്റെ മനസ്സിലേക്ക് 'നന്ദനം' സിനിമയിലെ ഡയലോഗ് പോലൊന്ന് ചേർന്നുനിന്നു- "ഞാനേ അറിഞ്ഞുള്ളൂ.. ഞാൻ മാത്രമേ ജോലിയൊഴിവ് അറിഞ്ഞുള്ളൂ" എന്നു പലരും മനസ്സിൽ ആനന്ദാശ്രു പൊഴിച്ച് സ്ഥലത്തു വന്നപ്പോൾ അവരൊക്കെ ഞെട്ടിയിരിക്കണം! ഇവിടെ തൃശൂർ പൂരത്തിന്റെ ആള് !

ജോലി ഒഴിവിന്റെ എണ്ണം, ശമ്പളം, പ്രായം, യോഗ്യത, നിയമന സ്ഥലം എന്നിവയൊന്നും വ്യക്തമല്ലാത്ത നടപടിക്രമങ്ങൾ നീണ്ടു. ചിലർ യോഗ്യതയുടെ പേരിൽ അവിടെയുള്ള ജോലിക്കാരുമായി തർക്കിക്കുന്നതും കാണാമായിരുന്നു. അപേക്ഷ അവിടെ വാങ്ങിക്കാനായി ഉന്തും തള്ളും നടന്നപ്പോൾ പ്രായമേറിയവർ തള്ളപ്പെട്ടു. ഫോം നിർത്തിവയ്ക്കുമോ എന്നു വെപ്രാളപ്പെട്ട അത്തരം തലമുതിർന്ന യോഗീവര്യന്മാർ കോപിക്കാനും തുടങ്ങി!

ആ ജനക്കൂട്ടത്തിൽ ബിനീഷ് ശ്രദ്ധിച്ച പ്രത്യേകത എന്തെന്നാൽ, ഭൂരിഭാഗം ഉദ്യോഗാർഥികളും 55-60 വയസിനു മുകളിലാണ്!

ബിനീഷ് അടുത്തുകണ്ട പലരുമായും പരിചയപ്പെടാൻ തുടങ്ങി. അതിന്റെ പ്രധാന ലക്ഷ്യം എന്തെന്നാൽ, യോഗയുടെ ചില സംശയങ്ങൾ തീർക്കുക, ട്രെൻഡ് അറിയുക, ഈ പ്രായത്തിലും ഇവർക്കെന്തിനാണ് ഇനിയൊരു ജോലിയുടെ ആവശ്യം എന്നിങ്ങനെ പലതും.

രാവിലെ എട്ടര മുതൽ തുടങ്ങിയ കാത്തിരിപ്പിനൊടുവിൽ വൈകിട്ട് ആറരയോടെ ബിനീഷിന്റെ ഇന്റർവ്യൂ കഴിഞ്ഞു. എന്നാൽ, ഒരു സുഹൃത്ത് അവിടം വിട്ടപ്പോൾ രാത്രി ഒൻപതുമണി കഴിഞ്ഞത്രെ!

ഒന്നാമനെ പരിചയപ്പെടുത്താം-

ഒരു ബാങ്ക് ഓഫീസർ. റിട്ടയർ ചെയ്‌ത ശേഷം കിട്ടിയ തുകയും വലിയ ലോണും എടുത്ത് മകളെ സ്വകാര്യ ബി.ഡി.എസ് കോഴ്സിനു കോഴ കൊടുത്തു വിട്ടിട്ട് ദന്തഡോക്ടർ ആയെങ്കിലും രോഗികൾ ഇല്ലാത്തതിനാൽ സാമ്പത്തിക ഞെരുക്കത്തിലാണ്! ഇപ്പോൾ മകൾ സ്വന്തം പല്ലിട കുത്തുകയാണ്!

രണ്ടാമൻ - സർക്കാർ ഉദ്യോഗസ്ഥനാണ്. പെൻഷനായി. മകന്റെ വിവാഹപ്രായം അതിക്രമിച്ചിരിക്കുന്നു. ആലോചന വരുമ്പോൾ പെൺകൂട്ടർക്ക് മതിപ്പുതോന്നാനായി വലിയൊരു വീടു വച്ചു. (തുക അയാൾ വെളിപ്പെടുത്തിയില്ല) സ്ത്രീധനം കിട്ടുമ്പോൾ പരിഹരിക്കാമെന്ന് അയാൾ കണക്കുകൂട്ടിയിരിക്കാം. പക്ഷേ, എന്തോ കാരണത്താൽ കല്യാണം നീണ്ടു പോകുകയാണ്. ഇപ്പോൾ ഈ ജോലിയുടെ ശമ്പളം ആവശ്യമായി വന്നിരിക്കുന്നു.

മൂന്നാമൻ - പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലെന്ന സൂചനയാണു വർത്തമാനത്തിൽ നിന്നും കിട്ടിയത്. എന്തായാലും ദൂരെ എവിടെയെങ്കിലും മാറി താമസിക്കാൻ അയാൾ ഇഷ്ടപ്പെടുന്നു. കാരണം, വ്യക്തമല്ല. എങ്കിലും 65 വയസ്സിലും മുടിയും മീശയും കട്ടിക്കറുപ്പിൽ ഈ യോഗാചാര്യൻ ചായമടിച്ചിട്ടുണ്ട്! ആളു ഫ്രീക്കൻ! ലക്ഷ്യം അത്ര സുതാര്യമല്ല!

നാലാമൻ- ഒരു സ്ത്രീയാണ്. പ്രായം 50-55 വരും. ഏതോ ബിസിനസ് നടത്തി പൊളിഞ്ഞതാണ്. അതിനുള്ള പരിഹാരമാണ് അവർക്കു യോഗാ ജോലി.

അഞ്ചാമൻ - കുഴിയിലേക്ക് കാലു നീട്ടിയ യോഗനും നല നരച്ച യോഗിനിയായ പെൺസുഹൃത്തുമായി വന്നത് അവളുടെ സുരക്ഷ നോക്കാൻ!

മറ്റു ചിലർ - ചില ആത്മീയ നേതാക്കൾക്കു പ്രചാരം കൂട്ടുന്ന ശിങ്കിടികളായി വന്നതാണ്. അവർ കാർഡും ബുക്ക്ലറ്റും സൗജന്യമായി വിതരണം ചെയ്തു. ഇതിനിടയില്‍ സ്വന്തം യോഗക്ലാസ്സിലേക്ക് ആളിനെ പിടിക്കാന്‍ ചാക്കുമായി വന്നവരും ഉണ്ടായിരുന്നു.

ആശയം - ഒരായുസ്സു മുഴുവൻ കഴിഞ്ഞുകൂടാൻ ശമ്പളവും പെൻഷനും മേടിക്കുന്നവർ സത്കർമത്തിനുള്ള ഊഴം നന്നായി വിനിയോഗിച്ചില്ല എന്നുവേണം കരുതാൻ. പിന്നെയും ശമ്പളമുള്ള യോഗാ ജോലിക്കു വരികയെന്നു പറഞ്ഞാൽ അവർ യോഗയുടെ പരാജയമാണ്.

വയസ്സുകാലത്ത്, മാതാപിതാക്കളെ നോക്കാത്ത മക്കൾക്കു വേണ്ടി അവസാന ശ്വാസവും വരെ പണിക്കു പോകുക യോഗയിലെ യമനിയമങ്ങളുടെ പരാജയമാണ്. പൊങ്ങച്ചത്തിന്റെയും ദുർന്നടപ്പിന്റെയും വഴികളും യോഗയ്ക്കു യോഗ്യമല്ല.

പ്രശസ്തി ഒരു ലഹരിയാണ്. ഒരായുസ്സിന്റെ കർമ രഹിതമായ ജീവിതം നല്കിയ അപകർഷബോധവും പലരിലും ഇതിനെ പിന്തുണയ്ക്കുന്നു. പ്രശസ്തിയുടെയും പുകഴ്ത്തൽ, ആത്മപ്രശംസ, പൊന്നാടയുടെയും പതക്കത്തിന്റെയും മറ്റും പതപ്പിക്കൽ, സുഖിപ്പിക്കൽ കലാപരിപാടികൾ സൌജന്യമായി നടത്താമല്ലോ!

കുടുംബം പോറ്റാനായി സ്വകാര്യ മേഖലയിൽ ചോര നീരാക്കി പണിയെടുക്കുന്നവർക്കായി ഈ വയസ്സന്മാരും വയസ്സികളും മാറിക്കൊടുക്കട്ടെ.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam