Short stories in Malayalam online reading

Malayalam short stories from my Malayalam eBooks. Now you can read this series online!

1. സ്ക്രിപ്റ്റ് (മലയാളം ചെറുകഥകള്‍, Malayalam cherukathakal online )
ഏഴു വർഷങ്ങൾക്കു മുൻപ്, ബിജേഷിന്റെ മനസ്സിൽ താലോലിച്ചു നടന്ന ഒരു തിരക്കഥയുടെ പ്രമേയം ഉണ്ടായിരുന്നു. വെറുതെ ആലോചിച്ചു നടന്ന് എഴുതാൻ തുടങ്ങാൻ താമസിച്ചു. എന്നാല്‍, സ്വപ്നങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല. മുന്‍നിര നക്ഷത്ര താരങ്ങള്‍ക്കുള്ള കാറുകളിലും വീടുകളിലും വിദേശ യാത്രകളിലും മെഗാ ഷോയിലും മനസ്സു പറന്നുനടന്നു.
അയാൾ എഴുത്തു തുടങ്ങി ഏകദേശം മുപ്പതു ശതമാനത്തോളം ആയപ്പോഴാണ് കുറച്ചു ജോലിത്തിരക്കും മറ്റും വന്ന് അതങ്ങ് ഉഴപ്പി നീങ്ങിയത്.

'ബാക്കി പിന്നെയാവട്ടെ',
'മൂഡ് വരട്ടെ',
'സമയം ഇനിയും ഉണ്ടല്ലോ'
എന്നൊക്കെ സ്വയം ബോധിപ്പിക്കാൻ ശ്രമിച്ചു. കുറച്ചു മാസങ്ങൾ ആ വഴിക്കും പോയിക്കിട്ടി.
എന്നാൽ, ആ വർഷം അവസാനമിറങ്ങിയ ഒരു സിനിമ ബിജേഷ്, തിയറ്ററില്‍ ഇരുന്നു കണ്ടപ്പോള്‍ നടുങ്ങി!

ഏസിയുടെ തണുപ്പില്‍ ശരീരത്തിനൊപ്പം മനസ്സും മരവിച്ചു-
യാദൃശ്ചികമായി അവന്റെ മനസ്സിലെ കഥ തന്നെ ആ സിനിമയിൽ!
ആ സിനിമ പൊട്ടിയിരുന്നെങ്കില്‍ ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു. അതിനു പകരം, അതങ്ങു കത്തിക്കയറി മെഗാ ഹിറ്റ്‌ ആവുകയും ചെയ്തിരിക്കുന്നു!

എന്താണു പോംവഴി? സാധാരണയായി സാമ്യം വരുന്ന സ്ക്രിപ്റ്റ് ചെയ്യാൻ സംവിധായകരും നിർമ്മാതാവും തയ്യാറാകില്ല. കഥയിൽ തിരുത്തു വന്നാൽ ആ കഥയൊട്ട് ശരിയാകുകയുമില്ല.
അങ്ങനെ, ബിജേഷിന്റെ ഭാവിജീവിതകഥയിൽത്തന്നെ ട്വിസ്റ്റ് വരുത്താമായിരുന്ന സ്ക്രിപ്റ്റിന്റെ കഥ അവിടെ തപ്പിത്തടഞ്ഞു നിൽക്കയാണ്.

ഈ കൊച്ചുകഥ പറയുന്ന പോലെ,
സമയത്തിന്റെ ചിലപ്പോഴത്തെ വില നമുക്കു വിലയിടാൻ പറ്റാത്തതാണ്. പല വഴിയിലൂടെയും ഊർജ നഷ്ടവും സമയച്ചോർച്ചയും ഉണ്ടാകുന്നത് തടയാൻ ഏകാഗ്രത, ജാഗ്രത, മുൻഗണനക്രമം, സമയവിതരണം എന്നിവയൊക്കെ പരിശീലിക്കാൻ നമുക്ക് എല്ലാവർക്കും ഇടയാകട്ടെ.

2. സ്വർണ പാദസരം (short stories, cherukadhakal)
ബിജേഷും ഗര്‍ഭിണിയായ ഭാര്യയും ഒരു വൻകിട ആശുപത്രിയുടെ ഗൈനക്കോളജി ഒ.പി.യുടെ മുന്നിൽ ഇരിക്കുകയാണ്.
അവിടെ നൂറുപേരെങ്കിലും ഇരിപ്പുണ്ടാവും. ഇടയ്ക്ക് ടോക്കൺ നമ്പർ മിന്നിത്തെളിയുന്ന സംവിധാനവുമുണ്ട്.
ആവശ്യക്കാർ പലതരമുണ്ട് -
നിറവയറുമായി ഇരിക്കാനും നിൽക്കാനും പാടുപെടുന്നവർ...
സാദാ ഗർഭിണികൾ....
ഗർഭിണിയാണോ എന്നു സംശയമുള്ളവർ..
കുഞ്ഞിനെ വേണ്ടെന്ന് ആലോചിക്കുന്നവർ...
കുട്ടികളില്ലാതെ ദീർഘകാല ചികിൽസ ചെയ്യുന്നവർ...

ബിജേഷിന്റെ മുന്നിലുള്ള സീറ്റിൽ അരമണിക്കൂറോളം ഉണ്ടായിരുന്ന സ്വർണത്തിളക്കമുള്ള ദമ്പതികൾ ഡോക്ടറെ കാണാൻ കയറി. ഒഴിവു സീറ്റ് വന്നതു നോക്കി ഒരു സാധാരണ സ്ത്രീയും ഗർഭിണിമോളും പകരം ആ സീറ്റിൽ മൂടുറപ്പിച്ചു. പെട്ടെന്ന്, ആ സ്ത്രീ കുനിഞ്ഞ് എന്തോ എടുക്കുന്നതു കണ്ടു. ബിജേഷും ഭാര്യയും അതു കണ്ടു ഞെട്ടി!

സ്ത്രീ ഒരു വിറയലോടെ പട്ടിത്തൊടലു പോലത്തെ സ്വർണ പാദസരം ഒതുക്കത്തിൽ പിടിച്ചു കൊണ്ട് പിറകോട്ടു നോക്കിയപ്പോൾ ഭൂരിഭാഗവും ഫോണിൽ. മിച്ചമുള്ളവർ മുകളിലുള്ള ടി.വിയിൽ കണ്ണു തള്ളിയിരിക്കുന്നു.
ഈ ദമ്പതികൾ കണ്ടെന്ന് മനസിലായപ്പോൾ ബിജേഷിനെ നോക്കി പതിയെ വിറയലോടെ പറഞ്ഞു -
"ആരുടെയാ ഇത്... എന്തായാലും താഴെ ആശുപത്രി കൗണ്ടറിൽ കൊടുത്തേക്കാം. വാടീ..കൊച്ചേ..."
ഗർഭിണിമോൾ ഫുട്ബോൾ കളിച്ചു പോകുന്ന പോലെ വേഗത്തിൽ സ്ത്രീയോടൊപ്പം സ്ഥലം വിട്ടു!

ഉടൻ, ബിജേഷിന്റെ ഭാര്യ പറഞ്ഞു -
"വേഗം അവരുടെ കൂടെ ചെന്നാലോ?അല്ലെങ്കിൽ രണ്ടു മൂന്നു പവന്റെ സാധനം അവരു കൊണ്ടു പോകും. ബിജേഷ് ചെന്നാൽ അവർക്കു കൗണ്ടറിൽ കൊടുക്കാതെ പറ്റില്ലാ ''
"ഓ... പിന്നെ... അവരു പാവപ്പെട്ടവരാടീ... കൊണ്ടുപോട്ടെന്നേ"
"ഓഹോ... അവര് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് വല്ലവരും കൊണ്ടുപോകാനോ?"

"എടീ.. റൂമിൽ കയറിയവര് ആവശ്യത്തിൽ കൂടുതൽ സ്വർണമുള്ളവരാ. അതല്ലേ ദേഹത്തു മുഴുവൻ ഇട്ടതു പോരാഞ്ഞിട്ട് കാലിലും കൂടി ഇട്ടിരിക്കുന്നത്?"
"അവരുടെ ക്യാഷ് കൊടുത്ത് മേടിച്ചിരിക്കുന്നത് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാനാ. വെറുതെ മോഷണത്തെ ന്യായീകരിക്കരുത് "
കെട്ട്യോന്റെയും കെട്ട്യോളുടെയും ലോജിക്കുകൾ തമ്മിൽ ഉരസി.
"എടീ... നീയൊരു കാര്യം മനസ്സിലാക്കണം. തിയറിറ്റിക്കലി നീ പറഞ്ഞതു ശരിയാണ്. സംഗതി മോഷണം തന്നെയാണ്. പക്ഷേ, പ്രാക്ടിക്കലായി നോക്കിയാലോ? വെറും കറുത്ത ചരടിൽ താലി മാത്രം കഴുത്തിലണിയുന്ന നാടാ ഇത്. അന്നേരം, മാലയും വളയും കമ്മലും മൂക്കൂത്തിയും മോതിരവും അരഞ്ഞാണവും സ്വർണത്തിൽ ഇട്ട് പിന്നെ മിച്ചം വരുന്ന സ്വർണാ കാലിലെ പാദസരം! അതുകൊണ്ട്, അവര് ഇവർക്കൊരു അക്ഷര ത്രിതീയ ഗിഫ്റ്റ് കൊടുത്തതാ"

ഭാര്യയ്ക്കു ചിരി വന്നു.
"ഹ..ഹ.. അതു ശരിയാ. വല്ലവന്റെയും സ്വർണം വല്ലവരും കൊണ്ടോട്ടെ. നമ്മളെന്തിനാ അതും പറഞ്ഞു സമയം കളയുന്നത്"
ചിന്തിക്കുക.. (Moral of the Malayalam digital books story)
ലോജിക്കുകൾ അങ്ങനെയാണ്. അവരവരുടെ ഇഷ്ടപ്രകാരം റൂൾസ് ആന്റ് റെഗുലേഷൻസ് ഇല്ലാതെ ലോജിക്കുകൾ രൂപം കൊള്ളുന്നു. അതെല്ലാം ശരിയാവണമെന്നില്ല, തെറ്റാവണമെന്നുമില്ല. പറയുന്നതും കേൾക്കുന്നതും കാണുന്നതുമൊക്കെ പൂർണമായും സത്യമാവണമെന്നില്ല!

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam