സ്കൂള്‍ ബ്രാന്‍ഡ്
എറണാകുളം ജില്ലയിലെ വലിയൊരു സ്കൂളിൽ, യോഗ ടീച്ചർ ഇന്റർവ്യൂവിന് ജോലിക്കായി ബിനീഷും വേറെ നാലു പേരുമുണ്ടായിരുന്നു. ഇന്റർവ്യൂ സമയത്ത് പ്രിൻസിപ്പലിന് അറിയേണ്ടത് ബിനീഷ് എന്തൊക്കെ കോംപറ്റീഷൻ യോഗാസനങ്ങൾ കുട്ടികളെ പഠിപ്പിക്കുമെന്നായിരുന്നു. അതിന്റെ കൂടെ അവന്റെ ഡിപ്ലോമ സിലബസിൽ പോലുമില്ലാത്തവ അദ്ദേഹം ഒരു പേപ്പറിൽ കുറിച്ചു വച്ചിരുന്നത് ചെയ്യിക്കാമോ എന്നും. അതൊക്കെ അവന്‍ കേട്ടിട്ടുപോലുമില്ല.
പിള്ളേരെ ബ്രാൻഡ് ചെയ്ത് ഫ്ലക്സ് വച്ച് പുതിയ അഡ്മിഷൻ ആളെ കൂട്ടാനുള്ള തന്ത്രം!
ജോലി കിട്ടില്ലെന്ന് ഉറപ്പായ ബിനീഷ് മറുപടിയായി പറഞ്ഞു-
"കോംപറ്റീഷൻ കൂടി വരുന്നതു കൊണ്ടാണ് ടെൻഷനും രോഗവും കൂടി യോഗ പഠിക്കാൻ മിക്കവരും പോകുന്നത്. അന്നേരം, യോഗയും കോംപറ്റീഷൻ ഐറ്റം ആക്കിയാൽ കുട്ടികൾക്കെന്താ ഗുണം?"
അവരൊന്ന് ആക്കിച്ചിരിച്ചു.
ബിനീഷ് സ്ഥലം വിട്ടു. യാത്രാച്ചെലവ് 300 രൂപ കട്ടപ്പൊഹ!
പണ്ടൊക്കെ ചൂഷണം, പക്ഷപാതം, അവഗണന എന്നിവയ്ക്കെതിരെ നിലപാടുകൾ അവന്‍ കൈക്കൊള്ളുമായിരുന്നു. അപ്പോഴൊക്കെ തനിക്കും എതിർപക്ഷത്തിനും സമയനഷ്ടം.
ജയം, അതിന്റെ ഫലമായി മൂന്നാമതൊരു കൂട്ടർക്ക്!
ഒടുവില്‍, അവന്‍ ഒരു നയത്തില്‍ എത്തിച്ചേര്‍ന്നു-
"ഓ... ഇവിടാർക്കു ചേതം. നിസംഗതയും നിർവികാരതയും ഏറ്റവും നല്ലത്"
അയാള്‍, അടുത്ത സ്ഥലത്തേക്ക് യാത്രയായി.
Comments