Faith in God, prayer, spirituality

 1. ദൈവഭയം (God fearing, faith in god)

ഈ ലോകത്ത് എത്രപേര്‍ക്കു ദൈവത്തി‌ല്‍ വിശ്വാസം ഉണ്ടാവും? ദൈവഭയം ഉണ്ടാകും? കൃത്യമായി ഒരുത്തരം കിട്ടില്ല. എങ്കിലും ഏതാണ്ട് അറുപതു ശതമാനത്തോളം ആളുക‌ളും ഏതെങ്കിലും ദൈവത്തി‌‌ല്‍ വിശ്വസിക്കുന്നു എന്നാണു പഠനങ്ങ‌ള്‍ പറയുന്നത്. പ്രപഞ്ച ശക്തി, വന്‍കിട-ചെറുകിട ദൈവങ്ങ‌‌ള്‍, പ്രകൃതിയിലെ ഏതെങ്കിലും വസ്തുക്ക‌‌ള്‍, മൃഗങ്ങ‌‌ള്‍, പ്രാദേശിക ദൈവങ്ങള്‍, ആ‌ള്‍ദൈവങ്ങള്‍... എന്നിങ്ങനെ ആ പട്ടിക വളരെ വിശാലമാകുന്നു.

വാസ്തവത്തി‌ല്‍, ദൈവം എന്നത് ഉള്ളതാണോ? ഈ ഒരു ചോദ്യത്തിനായി എന്തെങ്കിലുമൊന്നു പറയാനായിട്ട് ശ്രമിക്കണമെങ്കി‌‌ല്‍ മറ്റൊരു പുസ്തകം എഴുതേണ്ടിവരും. ഈ പുസ്തകത്തിന്റെ വിഷയവും മറ്റൊന്നാണല്ലോ. ദൈവം എന്നൊരു പ്രപഞ്ച ശക്തി നിലവിലുണ്ട് എന്നു വിശ്വസിക്കുന്നതായിരിക്കും ഏതു രീതിയില്‍ നോക്കിയാലും മാനവരാശിക്കു നല്ലത്. എന്തുകൊണ്ട്?

നാം ചെയ്യുന്ന അല്ലെങ്കി‌ല്‍ ചെയ്യാ‌ന്‍ പോകുന്ന തെറ്റുകളുടെ എണ്ണവും അളവും കുറയും. ശുഭചിന്തക‌ള്‍ മനസ്സിനെ തണുപ്പിക്കും. അങ്ങനെ പ്രതീക്ഷക‌ള്‍ വളര്‍ന്നു വലുതായി മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം കിട്ടും. നല്ലൊരു മനസ്സാക്ഷി ഉണ്ടാവാനും സാധ്യതയുണ്ട്. അന്നേരം നന്മകള്‍ ഉറവ പൊട്ടുന്നതു സ്വാഭാവികമാണല്ലോ. നമ്മുടെ ഉള്ളില്‍ത്തന്നെ ഒരു വഴികാട്ടിയോ സുഹൃത്തോ ഉള്ളപോലെ ദൈവ വിശ്വാസം തോന്നിപ്പിക്കുന്നത് ഏറ്റവും പ്രയോജനം ചെയ്യുന്ന അവസരമാണല്ലോ ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ, ആപത്തിന്റെ സമയം. മരണഭയം കുറച്ചുകൊണ്ട് മരണാനന്തര ജീവിതം ഉണ്ടെങ്കി‌ല്‍ വലിയൊരു നേട്ടമാകും ദൈവഭയം മുഖേന കിട്ടുന്നത്.

ഇതുകൊണ്ടൊക്കെയാവാം Intelligent Quotient(I.Q), Emotional Quotient(E.Q) എന്നിവ കൂടാതെ Spiritual Quotient(S.Q) കൂടി ഇക്കാലത്ത് ജീവിതത്തിന‌് അത്യന്താപേക്ഷികമെന്നു കരുതുന്നത്. ശരീരത്തിലെ ഒരുസംഘം അവയവങ്ങ‌ള്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായിട്ടാണ‌ു മനുഷ്യനു നന്നായി ജീവിക്കാനാവുന്നത്. അതുപോലെതന്നെ ബുദ്ധിമാനവും വൈകാരിക ബുദ്ധിയും ഒരു താളക്രമത്തി‌ല്‍ മുന്നോട്ടു നീങ്ങാ‌‌ന്‍ ആത്മീയ ബുദ്ധിയും കൂടിയേ തീരൂ.

പേര‌ു സുഗുണ‌‌ന്‍ എന്നാണെങ്കിലും ദു‌ര്‍ഗുണങ്ങളുടെ വിളനിലമായിരുന്നു അയാ‌ള്‍. മോഷണം തുടങ്ങുന്നത് നാലാം തരത്തില്‍ പഠിക്കുമ്പോ‌ള്‍ ചായക്കടയിലെ ചില്ലിട്ട അലമാരയില്‍നിന്ന് ഒരു ബോണ്ട കട്ടുകൊണ്ടായിരുന്നു. അവസരങ്ങ‌ള്‍ നോക്കിമാത്രം ചെയ്യുന്നതിനാ‌ല്‍ പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയല്ല. അതുകൊണ്ടുതന്നെ ആഴ്ചയി‌ല്‍ ഒന്നോ രണ്ടോ വര്‍ക്ക്മാത്രം. പിറന്നാള്‍ദിനമായ ഏപ്രി‌‌ല്‍ ഒന്നാം തീയതി പതിവിലും നേരത്തേ എണീറ്റു. മുറിയി‌‌ല്‍ സിനിമാ പോസ്റ്ററുക‌ള്‍ അലസമായി ഒട്ടിച്ചിരിക്കുന്നു. ആരാധന നടന്മാരോടാണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. അവരുടെ കള്ളന്‍വേഷമാണ‌് അവന്റെ മനസ്സു നിറയെ. കൊച്ചുണ്ണി-പരമു-പവിത്രന്‍-ശങ്കു-ശോഭരാജ്-ബണ്ടി ഇത്യാതി വീരന്മാരെ പ്രണമിച്ചുകൊണ്ട്‌ ഊര്‍ജ്ജം സംഭരിച്ചു. എന്നിട്ട് വെളിയിലേക്ക് നടന്നു. ആദ്യം കണ്ട ബസ്സി‌ല്‍ കയറി. ടിക്കറ്റ് എടുക്കാതെ അഭ്യാസിയെപ്പോലെ ഒഴിഞ്ഞുമാറി. എവിടെനിന്നോ ചെക്കിംഗ് ഇന്‍സ്പെക്ട‌‌ര്‍ കയറിയതുകൊണ്ട് വേഗം ടിക്കറ്റെടുത്ത് അവന്‍ സ്വയം ശപിച്ചു. അങ്ങനെ ആദ്യത്തെ നീക്കംതന്നെ പരാജയം. അപ്പുറത്ത് നില്‍ക്കുന്ന ഒരാളിന്റെ വയറുവീര്‍ത്ത ഒരു പഴ്സ് ശ്രദ്ധയി‌ല്‍പെട്ടതുകൊണ്ട് അങ്ങോട്ടു നിരങ്ങിനീങ്ങി. അന്നേരമാണ‌് ആ യാത്രക്കാരന്റെ ഒരു വിരല്‍ അതിന്മേ‌ല്‍ പിടിച്ചിട്ടുണ്ട് എന്നു പിടികിട്ടിയത്.

നാശം” സുഗുണ‌‌ന്‍ പിറുപിറുത്തു.

അങ്ങനെ ബസ്‌ പട്ടണത്തിലെത്തി. വെറും കയ്യോടെ ഇറങ്ങി തിരക്കുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി അയാ‌ള്‍ നടന്നു. അതിന്റെ പ്രവേശന കവാടത്തി‌‌ല്‍ നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ‌് എന്നെഴുതിവച്ചിരിക്കുന്നു.

ത്ഫൂ....

മോടിപിടിപ്പിച്ച അതിന്റെ മുറ്റത്ത് ദേഷ്യത്തോടെ ആഞ്ഞു തുപ്പിയിട്ട് അടുത്ത തീയറ്റ‌‌ര്‍ ലക്ഷ്യമാക്കി നടന്നു. ഏതെങ്കിലും കാറിന്റെ ഗ്ലാസ്സ് താഴ്ന്നു കിടപ്പുണ്ടോ എന്നു സൂക്ഷ്മ പരിശോധന നടത്തുമ്പോഴാണ‌് ഉണ്ടക്കണ്ണ‌‌ന്‍ എക്സ്-മിലിട്ടറി സെക്യൂരിറ്റി അങ്ങോട്ടു വന്നത്.

എന്താടാ, അവിടെ?”

എന്റെ കൂട്ടുകാരന്റെ....മുഴുവന്‍ പറയാതെ സ്ഥലം കാലിയാക്കി. അലക്ഷ്യമായി നടന്ന് ഇടവഴിയി‌‌ല്‍ ആളനക്കമൊന്നുമില്ലാത്ത ഒരു വലിയ വീടിന്റെ ഗേറ്റിലൊന്നു തൊട്ടതും,

ആരടാ...എന്ന അലര്‍ച്ച അവനെ ഞെട്ടിച്ചു. മറ്റാരുമല്ല, ആ വീട്ടിലെ പാണ്ടന്‍ നായ!

അങ്ങനെ നിരാശയുടെ മുഖവുമായി നടന്നപ്പോഴാണ‌് ഒരു കാര്യം ഓര്‍മ വന്നത്- ‘ഹാ, സരസുവിന്റെ വീട് ഈ വഴിക്കാണല്ലോ, ഒന്ന് കയറിയിട്ട് പോകാം. അകലെനിന്നു പരിസരമാകെ വീക്ഷിച്ചു.

ഹാ, കഷ്ടം! അത് അവ‌ന്‍തന്നെ. അവളുടെ കെട്ടിയോനെ ഗുജറാത്തീന്നു കെട്ടിയെടുത്തിരിക്കുന്നു, ഇവനൊക്കെ അവധിക്കു വരാന്‍ കണ്ട സമയം”

തന്നത്താ‌ന്‍ പ്‍രാകിക്കൊണ്ട് തിരികെ നടന്നു. ആകെ മടുത്തിരിക്കുന്നു, തിരിച്ചു വീട്ടിലോട്ടുതന്നെ മടങ്ങാം എന്നു വിചാരിച്ചു നിരത്തിലൂടെ നടന്നപ്പോഴാണ‌് അവന്റെ കൂട്ടുകാര‌ന്‍ ശശിയെ കണ്ടത്. നേരെ പോയത് അടുത്തുള്ള ബാറിലേക്ക്. ശശി കാര്യമായി സല്‍ക്കരിച്ചു. സുഗുണ‌‌ന്‍ ഉഷാറായി ബസ്സിറങ്ങി വീട്ടിലേക്കു നടന്നു. സ്വന്തം തട്ടകത്തില്‍ എത്തിയപ്പോ‌ള്‍ മദ്യത്തിന്റെ ലഹരിയും വീറും കൂടിക്കൂടി വന്നു. പിന്നെ, തെറിവിളിയുടെ പൂരമായിരുന്നു. കണ്ണില്‍ കണ്ടവരെയൊക്കെ വിറപ്പിച്ചങ്ങനെ വിലസുമ്പോള്‍ എവിടെനിന്നോ ഒരു പൊലീസ് ജീപ് വരുന്നതു കണ്ടു. അത്രയും നേരം കുഴഞ്ഞ നാവും കാലുകളും നിമിഷനേരം കൊണ്ട് നേരെയാക്കി അവ ചെന്നുനിന്നത് ഒന്നര കിലോമീറ്ററിന്റെ ഓട്ടത്തിനു ശേഷമാണ‌്.

ഇതൊക്കെ, നമ്മെ പഠിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്. തെറ്റിന്റെ അവസരങ്ങള്‍ ഒട്ടേറെ വന്നെങ്കിലും അവിടെയെല്ലാം ആരെങ്കിലും ശ്രദ്ധിക്കുന്നുവെന്ന് വരുന്ന സാഹചര്യങ്ങളി‌ല്‍ തെറ്റുകള്‍ പലതും ചെയ്യാ‌ന്‍ സുഗുണനു കഴിഞ്ഞില്ല. അങ്ങനെയെങ്കില്‍, ദൈവം എല്ലാം കാണുന്നു, കേള്‍ക്കുന്നു എന്ന് വിചാരിക്കുന്ന ഒരു വിശ്വാസിക്ക് ആ ശക്തിയുടെ കണ്ണ് മറച്ചുകൊണ്ട് എന്തെങ്കിലും ചെയ്യാനാവുമോ? ദൈവ വിശ്വാസത്തിന്റെ ഏറ്റവും നല്ലൊരു പ്രതിഫലമാണിത്. തെറ്റുകള്‍ ചെയ്യുന്ന അവസരത്തില്‍, ദൈവത്തിന്റെ കണ്ണുകള്‍ക്കു തിമിരം ബാധിച്ചിരിക്കുന്നുവെന്ന് മിക്കവരും ഊഹിക്കുന്നു. ദൂരെ ദേശങ്ങളിലേക്കു പഠിക്കാനും ജോലിക്കുമായി പോകുന്നവരുടെ ചിന്താഗതികളും ഇങ്ങനെയൊക്കെത്തന്നെ. ആരും അറിയില്ലെങ്കില്‍ എന്തും ആവാമെന്നത് കുറ്റകൃത്യങ്ങളുടെ പിന്നിലെ ശക്തിസ്രോതസ്സാണ‌്.

2. ദൈവഹിതം (spiritual books in Malayalam)

എറണാകുളംസ്വദേശിയായ വര്‍ക്കിസാ‌‌ര്‍ അവിടത്തെ സ്കൂ‌ള്‍മാഷായിരുന്നു. തിളങ്ങുന്ന കഷണ്ടിത്തല അദ്ദേഹത്തിന്റെ തിരിച്ചറിയ‌ല്‍ കാര്‍ഡ്‌ പോലെ. കുട്ടിക‌‌ള്‍ അദ്ദേഹത്തെ കേള്‍പ്പിച്ചും കേള്‍ക്കാതെയും മൊട്ട, ചാണ, ഒനിഡ, ഫാന്റം എന്നൊക്കെ വിളിക്കുമെങ്കിലും അതൊന്നും കേട്ടതായി സാറു നടിക്കാറില്ല. അങ്ങനെ സുദീര്‍ഘമായ സേവനത്തിനു ശേഷം വിരമിക്ക‌ല്‍ ചടങ്ങിനു വേദിയൊരുങ്ങി. എല്ലാവരുടെയും പുകഴ്ത്ത‌ല്‍ മത്സരത്തിനു ശേഷം അദ്ദേഹത്തിന്റെ ഊഴമായി.

പ്രസംഗത്തിന്റെ പ്രസക്തഭാഗമിതാണ‌്:

...എന്നെ കുട്ടികള്‍ കളിയാക്കുന്നത് എനിക്കറിയാം. എന്റെ മൊട്ടത്തല അതിനൊരു നിമിത്തമായതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ അപ്പനപ്പൂപ്പന്മാരുവഴി കിട്ടിയ സ്വത്താണിത്. ഞാന്‍ കണ്ണാടിയില്‍ എപ്പോ‌ള്‍ നോക്കിയാലും എന്നെ ഒരുപാട് ഓമനിച്ച അപ്പൂപ്പനെയാണ‌് ഓര്‍മ വരുന്നത്. പണ്ട്, ഞാ‌ന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഒരുവ‌ന്‍ എന്നെ മൊട്ടേന്നു വിളിച്ചു കളിയാക്കി. അന്നു ഞാന്‍ വിഷമിച്ചിരിക്കുന്നതു കണ്ട് അപ്പ‌‌ന്‍ പറഞ്ഞു ‘എടാ, കഷണ്ടിയൊക്കെ നമ്മളാരും ഉണ്ടാക്കുന്നതല്ല. നമ്മുടെ നിയ(ന്തണത്തിലല്ലാത്ത കാര്യത്തിനെന്തിനാ വെറുതേ തല പുണ്ണാക്കുന്നത്? മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നതു പുണ്യമാന്നാ ക്രിസ്തു ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. അവരു ചിരിക്കുമ്പോ നീയും അങ്ങു ചിരിച്ചേക്കണം, അതോടെ കാര്യം തീര്‍ന്നു’ എന്ന്. എന്നോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച് പിള്ളേര്‍ക്കൊന്നു ചിരിക്കണം, അതെനിക്കുമറിയാം, നിങ്ങള്‍ക്കുമറിയാം. എന്നുകരുതി അധ്യാപരെ കളിയാക്കുന്നതു നല്ലതെന്ന് കരുതരുത്. എനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നു പറഞ്ഞെന്നേയുള്ളൂ”

മതഗ്രന്ഥങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും പ്രാചീന സംസ്കാരവുംകൊണ്ട് സമ്പന്നമായ നമ്മുടെ ഭാരതം. ഇങ്ങനെയൊക്കെ ആണെങ്കിലും അതിലെ ആശയങ്ങ‌ള്‍ എത്ര വിശിഷ്ടമാണെങ്കിലും പ്രവൃത്തിയില്‍ കൊണ്ടുവരാതിരുന്നാ‌‌ല്‍ നി‌ര്‍ജീവമായിരിക്കും.

കൊടുംവര‌ള്‍ച്ചയുടെ പിടിയി‌ല്‍ അകപ്പെട്ട ഒരു നാട്ടി‌ല്‍ ജനങ്ങ‌‌ള്‍ കുടിവെള്ള ക്ഷാമവും കൃഷിനാശവും മൂലം പൊറുതിമുട്ടി. എല്ലാവര്‍ഷവും കിട്ടുന്ന മഴ പെയ്യാ‌‌ന്‍ മടിച്ചുനില്‍ക്കുന്നു. അങ്ങനെ വിഷമിച്ചപ്പോള്‍ ഒരു രക്ഷാമാര്‍ഗ്ഗം എന്ന നിലയിലാണു പ്രാര്‍ത്ഥിച്ചു മഴ പെയ്യിക്കുന്നതിനായി സ്ഥലത്തെ മത പുരോഹിതന്‍ പ്രാര്‍ത്ഥനാ സമ്മേളനം വിളിച്ചുകൂട്ടിയത്. മണിക്കൂറുക‌‌ള്‍ നീണ്ട പ്രാര്‍ത്ഥനയ‌്ക്കിടയി‌ല്‍ അത് സംഭവിച്ചു! ആകാശത്തു മഴക്കാറു കൂടുകൂട്ടി. എല്ലാവരും പുരോഹിതനെ വാനോളം പുകഴ്ത്തി. പരിപാടിയുടെ സ്പോണ്‍സര്‍മാരെയും പൊക്കിപ്പിടിച്ചു. അഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും നിമിഷങ്ങളായിരുന്നു അത്. കനത്ത മഴ ആരംഭിച്ചു. എല്ലാവര്‍ക്കും വീട്ടിലേക്കു മടങ്ങണം, പക്ഷേ, ആരുടെ കയ്യിലും കുടയില്ല. അന്നേരം, ഒരു കുട്ടി മാത്രം തന്റെ കുട നിവര്‍ത്തി മെല്ലെ നടന്നുപോയി. പൊടുന്നനെ പുരോഹിതനു വീണ്ടുവിചാരമുണ്ടായി:

എല്ലാവരും ആ പോകുന്ന കുട്ടിയെ നോക്കൂ. നമുക്കു തെറ്റുപറ്റിയിരിക്കുന്നു. അവന്റെ മാത്രം ദൈവ വിശ്വാസത്തിലായിരിക്കും ഇന്നിവിടെ മഴ ചൊരിഞ്ഞത്. ആ പ്രാര്‍ത്ഥന മാത്രമേ ദൈവം കേട്ടുകാണൂ. എന്തെന്നാല്‍, കുട കൂടെ കരുതാതെ നിങ്ങളൊക്കെ വന്നതെന്താ? ഒന്നുകില്‍ ദൈവത്തിന്റെ കഴിവിനെ സംശയിച്ചു, അല്ലെങ്കില്‍ ആ ശക്തിയില്‍ കാലതാമസം പ്രതീക്ഷിച്ചു. എന്നാല്, ഫലം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടാണ‌് ആ കുട്ടി മാത്രം കുട കയ്യിലെടുത്തത്. അവന്റെ നിഷ്കളങ്കത ദൈവത്തിനു കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ”

ലഭിക്കുമെന്ന് ഉറപ്പുള്ള വിശ്വാസം ആനന്ദത്തിനുള്ള മാര്‍ഗ്ഗമാണ‌്. ഏറ്റവും അടുത്ത സുഹൃത്തിനോടോ ബന്ധുവിനോടോ സംസാരിക്കുമ്പോ‌ള്‍ കിട്ടുന്ന മന:സുഖം പ്രാര്‍ത്ഥനയിലൂടെ കിട്ടും.

3. ചീവീടുകളുടെ പ്രാര്‍ത്ഥന (how to pray, prayer guidelines)

പ്രാര്‍ത്ഥിക്കാന്‍ എല്ലാവർക്കുമുണ്ട് ഓരോ കാരണങ്ങൾ!

ജീവിതത്തിൽ ഏതെങ്കിലും അവസരത്തിൽ ഒരു തവണയെങ്കിലും പ്രാർഥിക്കാത്തതായി ആരെങ്കിലും ഉണ്ടാകുമോ? ഇല്ല.

അതേസമയം, പ്രാര്‍ത്ഥന അന്ധവിശ്വാസങ്ങളും അബദ്ധങ്ങളും ചൂഷണവും നടക്കുന്ന പ്രധാന മേഖലയുമായിത്തീർന്നിരിക്കുന്നു.

എങ്ങനെ പ്രാർഥിക്കണം?

എവിടെ പ്രാർഥിക്കണം?

ആരോട് പ്രാർഥിക്കണം?

എപ്പോൾ ഫലം ലഭിക്കും?

പ്രാർഥന കേൾക്കുന്ന ഒരു ദൈവമുണ്ടോ?

ഇങ്ങനെ അസംഖ്യം ചോദ്യങ്ങൾ ഏതൊരു മനുഷ്യനെയും ആശയക്കുഴപ്പത്തിലാക്കും. യാതൊരു സംശയങ്ങളുമില്ലാതെ പ്രാർഥനയ്ക്കായി മണിക്കൂറുകൾ നീക്കിവയ്ക്കുന്നതും അത്ര നല്ലതല്ല. വിശ്വാസമാണ് അന്ധവിശ്വാസം! പ്രാർഥന എന്ന വിഷയത്തിൽ മതപുരോഹിതരും ദൈവശാസ്ത്രജ്ഞരും പണ്ഡിതരും മറ്റും നാനാതരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സർവമതസൗഹാർദമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവരൊക്കെ ആണയിട്ടാലും 'ഞങ്ങൾ, നമ്മുടേത്, എന്റെ മാത്രം ശരി' എന്ന സ്വാർഥതയുടെ പ്രചരണം നടത്തുന്നതിലാവും ഊന്നൽ.

എന്താണ് യഥാർഥ പ്രാർത്ഥന?

ദൈവവുമായുള്ള ആശയ വിനിമയമാകുന്നു പ്രാർഥന. ഓരോ വ്യക്തിയിലും നന്മതിൻമകളുടെ അംശം നിലനിൽക്കുന്നുണ്ട്. പ്രപഞ്ചശക്തിയും സ്രഷ്ടാവുമായ ദൈവത്തിന്റെ പണിപ്പുരയിലെ ഇന്നുവരെ അറിവുള്ളതിൽ വച്ച് ഏറ്റവും മികച്ച ഉൽപന്നമാകുന്നു മനുഷ്യൻ. അതിനാൽത്തന്നെ, ദൈവിക അംശം കൂടി ചേർത്തുവച്ചാണ് മനുഷ്യനിർമിതി. അങ്ങനെയെങ്കിൽ, മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവസ്നേഹവും നന്മകളും കൊണ്ട് നിറയേണ്ടതല്ലേ?
എന്നാൽ, ഒരു സാധാരണ മനുഷ്യന്റെ ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ എടുത്തുനോക്കിയാല്‍ നന്മ വളരെ കുറവും തിന്മ കൂടുതലും ആണെന്ന് കാണാം. എന്നാല്‍, തിന്മ ചെയ്യുന്നവരിലും പ്രാര്‍ത്ഥനയുടെ അളവ് കുറവായിരിക്കുമെന്ന് കരുതാനും വയ്യ.

കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ആരാധനാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതാണ് രാജേഷ്. അവിടെ ഇരുന്നു പ്രാര്‍ത്ഥിക്കാനായി ചാരുബഞ്ചുകള്‍ കുറെയെണ്ണം ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. പ്രായമായവര്‍ക്കും രോഗികള്‍ക്കുമെല്ലാം ഏറെ പ്രയോജനപ്പെടുന്ന ഒരു കാര്യം. അതിന്മേല്‍, ഏകദേശം മുപ്പതോളം പ്രായമേറിയ ആളുകള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ട് ഇരിക്കുകയാണ്. രാജേഷ്‌ അതൊന്നും ശ്രദ്ധിക്കാതെ അല്പം മാറി നിലത്തിരുന്നു. പ്രാര്‍ത്ഥിക്കാനുള്ള ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ചീവീടിന്റെ ശബ്ദം പോലുള്ള അവരുടെ പ്രാര്‍ത്ഥനകള്‍ അവന്റെ സ്വയംപ്രേരിത പ്രാര്‍ത്ഥനകളെ അലോസരപ്പെടുത്തിയെങ്കിലും ഒരുവിധം തീര്‍ത്തു. എന്നിട്ട്, അവന്‍ ഇരിക്കുന്നവരെ ഒന്നു നന്നായി ശ്രദ്ധിച്ചു-

അവരെന്താണ് പ്രാര്‍ത്ഥിക്കുന്നത്?

അതില്‍ വിശേഷിച്ചു പറയാന്‍ ഒന്നുമില്ല. കാരണം, ദൈവത്തെ സ്തുതിക്കുന്ന ഒരേ പ്രാര്‍ത്ഥനതന്നെ ആവര്‍ത്തിച്ചു ചൊല്ലുകയാണ്. ഏതാണ്ട് പ്രാര്‍ത്ഥനജോലിക്കാര്‍ എന്നപോലെ! യാന്ത്രികമായി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെങ്കിലും അതിനിടയില്‍, ഭൂരിഭാഗം ആളുകളുടെയും ശ്രദ്ധയാകട്ടെ, വെളിയിലൂടെ നടന്നുപോകുന്നവരിലും മുന്നിലൂടെ പ്രാര്‍ത്ഥിക്കാന്‍ വരുന്നവരിലുമൊക്കെയാണ്. രാജേഷിനു നന്നായി അറിയാവുന്ന രണ്ടുപേര്‍ അതിലുണ്ടായിരുന്നു.

ആദ്യം മുന്‍നിരയില്‍ ഇരിക്കുന്ന വൃദ്ധനായ ഭക്തന്റെ കാര്യം പറയാം. ആളൊരു വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അയാളുടെ നല്ല പ്രായത്തില്‍, ജോലിയുടെ ഭാഗമായി പല സ്ഥലത്തും ഒറ്റയ്ക്ക് താമസിച്ചപ്പോള്‍ ഒരുപാട് പോക്രിത്തരങ്ങള്‍ കാട്ടിയെങ്കിലും നാട്ടില്‍ നല്ല പിള്ള ചമഞ്ഞുനടന്നു. ഇപ്പോള്‍, പ്രായമായി. മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല. ഈ പ്രാര്‍ത്ഥനയ്ക്ക് വരാന്‍ കാരണം കുറ്റബോധമോ പശ്ചാത്താപമോ അതോ മറ്റുവല്ലതുമോ?

ഇതേപോലെ, പാപം ചെയ്യാന്‍ ത്രാണിയില്ലാത്ത പ്രായത്തില്‍ ആ വൃദ്ധന്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടിയതില്‍ എന്തര്‍ത്ഥമാണുള്ളത്?

പാപം ചെയ്യാന്‍ അവസരവും ശക്തിയും ഉണ്ടായിട്ടും അതിനെ ചെറുക്കുന്നതല്ലേ ദൈവത്തിനു സമര്‍പ്പിക്കാവുന്ന യഥാര്‍ത്ഥ പ്രാര്‍ത്ഥന?

രണ്ടാമത്തെയാള്‍, അറുപതിനുമേല്‍ പ്രായമുള്ള സ്ത്രീ. അവര്‍ എന്നും രാവിലെ ആരാധനാലയത്തില്‍ ഹാജരുണ്ട്. പ്രാര്‍ത്ഥന കഴിഞ്ഞ് ആരെയെങ്കിലും പിടിച്ചുനിര്‍ത്തി പരദൂഷണം കൊണ്ടും കൊടുത്തും അങ്ങനെ നില്‍ക്കും. നല്ല ആരോഗ്യം ഇപ്പോഴുമുണ്ടെങ്കിലും മരുമകള്‍ക്ക് എട്ടിന്റെ അടുക്കളപ്പണി കൊടുക്കയാണ് അവരുടെ ഹോബി. രാവിലത്തെ വീട്ടുജോലികള്‍ സൂത്രത്തില്‍ ഒഴിവാക്കുന്ന കപടഭക്ത!

ആ സ്ത്രീയെപ്പോലെ സ്വന്തം ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടാനുള്ള മാര്‍ഗവുമല്ല പ്രാര്‍ത്ഥന. ഓരോ കര്‍മവും നന്നായി അനുഷ്ഠിച്ചാല്‍ ദൈവസന്നിധിയില്‍ എത്തുന്ന പ്രാര്‍ത്ഥനയായിമാറും. മുഖസ്തുതികളും പുകഴ്ത്തലുകളും കേട്ട് രസം പിടിക്കുന്ന സ്വഭാവം മനുഷ്യരുടെതാകുന്നു, ദൈവം അതൊന്നും ആഗ്രഹിക്കുകയില്ല.

"മറ്റുള്ളവര്‍ക്ക് ഒരു ചെറിയ നന്മയെങ്കിലും ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ പെടുകയില്ല" -വിശുദ്ധ ചാവറയച്ചന്‍

പ്രാര്‍ത്ഥിക്കുന്നവന്‍ ദൈവസന്നിധിയില്‍ ആണെങ്കില്‍, പ്രയത്നിക്കുന്നവന്റെ സ്ഥാനം ദൈവത്തിന്റെ മടിത്തട്ടിലാണ്" -വിശുദ്ധ ബര്‍ണാദ്

4. നന്നായി പ്രാര്‍ത്ഥിക്കാം

1. പ്രാർഥന വെറും അധര വ്യായാമം മാത്രമാകരുത്. ഒരേ പ്രാർഥന എന്തിനാണ് അനേകം തവണ ദൈവത്തോടു പറയുന്നത്? നാം സാധാരണ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാത്തവരോടാണ് പിന്നെയും പിന്നെയും പറയുന്നത്. ദൈവത്തിന്റെ കഴിവിനെ നാം കുറച്ചു കാണരുത് !

2. മറുഭാഷകളിൽ പ്രാർഥിക്കാതെ ഓരോ നാടിന്റെയും സ്വന്തം ഭാഷയിൽ ലളിതമായി പ്രാർഥിക്കുക. മലയാളിയെ മലയാളത്തിൽ പ്രാർഥിക്കാനായിട്ടാണ് ഇവിടെ ദൈവം സൃഷ്ടിച്ചത്. വിദേശ ഭാഷകൾക്കാണെങ്കിൽ അവിടെ നാം ജനിച്ചേനെ!

3. കടുകട്ടിയായ വാക്കുകൾ ഉപയോഗിക്കുന്ന പ്രാർഥനയിലെ ഗര്‍വ് ഒഴിവാക്കുക.

4. മനുഷ്യന്റെ തലച്ചോറിന് തുടർച്ചയായി 45 മിനിറ്റിൽ കൂടുതൽ ഒരേ കാര്യത്തിൽ ശ്രദ്ധിക്കാനാവില്ല. അതിനാൽ, ദിവസം മുഴുവൻ നീളുന്ന പ്രാർഥനകൾ പ്രയോജനം ചെയ്യില്ല.

5. പ്രാർഥിക്കാൻ വേണ്ടി ഒരുപാട് ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സൗണ്ട് ബോക്സുകളിലൂടെ അലറിക്കൂവി കേൾക്കുന്നവർക്ക് ഉറക്കമില്ലായ്മയും കേൾവിശക്തിക്കു ദോഷവും വരാം. ഞടുക്കുന്ന അമിതശബ്ദം മൂലം ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ വന്നേക്കാം. ശിശുക്കളെയും ഒരിക്കലും അവിടെ കൊണ്ടുപോകരുത്. കേള്‍ക്കാന്‍, ദൈവത്തിന്റെ ചെവികള്‍ക്ക് തകരാറൊന്നുമില്ലെന്ന് ഓര്‍മിക്കുക.

6. മുഖസ്തുതികളും സോപ്പിടലും മനുഷ്യർക്കേ ഇണങ്ങൂ. ദൈവത്തെ നാം ചെറുതായി അളക്കരുത്.

7. പ്രാർഥനാലയങ്ങളിൽ ചെല്ലുമ്പോൾ പണവും സ്വർണവും മറ്റും അവിടെ സമർപ്പിക്കരുത്. കാരണം, ഇന്നുവരെ ദൈവം ഇങ്ങനെയുള്ളവ ഒരിടത്തു നിന്നും എടുത്തു കൊണ്ടു പോയിട്ടില്ല! പകരം, അതിന്റെ ഭാരവാഹികൾ കയ്യിട്ടുവാരി അത്യാഡംബരമായി സുഖലോലുപതയിൽ മുങ്ങിക്കുളിക്കുന്നു. കാറുകളും റിസോർട്ടുകളും എസ്റ്റേറ്റുകളും ആശ്രമങ്ങളും കെട്ടിടങ്ങളും കച്ചവടങ്ങളും വാങ്ങിക്കൂട്ടുന്നു.

8. നേർച്ചയ്ക്കു പകരമായി അതൊക്കെ നമ്മുടെ ചുറ്റുപാടുമുള്ള ജീവകാരുണ്യ പ്രവൃത്തികൾക്ക് നൽകുക. മരുന്നുവാങ്ങാനും ഒരു നേരത്തെ അരി മേടിക്കാനും മറ്റും ദാനധര്‍മം ചെയ്യുക. ദൈവസന്നിധിയിൽ അതിനുള്ള വില അമൂല്യമായിരിക്കും.

9. പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ച് ഉള്ളുരുകി പ്രാർഥിച്ചാൽ ഒരു തവണ പ്രാർഥിച്ചാൽ മതിയാകും.

10. അച്ചടിച്ച സ്ഥിരം പ്രാർഥനകളേക്കാൾ ഓരോ ദിവസത്തെയും സാഹചര്യവും ആവശ്യവും അനുസരിച്ചുള്ള സ്വയംപ്രേരിത പ്രാർഥനയാണ് നല്ലത്.

11. പ്രാർഥനയുടെ ഉറവിടങ്ങളായ പഴയ പല ഗ്രന്ഥങ്ങളും നൂറ്റാണ്ടുകളായി അനേകം എഴുത്തുകാരിലൂടെ എഡിറ്റിങ്ങും പ്രൂഫിങ്ങും കഴിഞ്ഞെത്തുന്ന ഒന്നാന്തരം സാഹിത്യകൃതികളായിരിക്കാം. അതിനാൽ, അവയൊക്കെ ദൈവഹിതമാണെന്ന് കരുതാനാവില്ല.

12. പ്രാർഥന അമിതമായി സമയം അപഹരിക്കാതെ നോക്കണം. കാരണം, ദൈവഹിതം കർമ്മത്തിലൂടെ പ്രവർത്തിക്കാനുള്ള സമയം ഇങ്ങനെ കളയരുത്.

13. ശബ്ദമലിനീകരണവും ആൾത്തിരക്കും ഉണ്ടാക്കുന്ന പ്രാർഥനാലയങ്ങളിൽ നിന്ന് മാറി നിന്ന് അവിടെത്തന്നെ ശാന്തമായ അന്തരീക്ഷത്തിൽ പ്രാർഥിക്കാൻ പോയാൽ കൂടുതൽ ഫലപ്രാപ്തിയുണ്ടാകും.

14. പ്രാർഥിക്കാൻവേണ്ടി ഏതെങ്കിലും ധ്യാനാസനത്തിൽ നിലത്ത് വിരിപ്പിലോ, ഷീറ്റിലോ ഇരിക്കുക. സുഖാസനം, അർദ്ധപത്മാസനം, പത്മാസനം, അർദ്ധവജ്രാസനം, വജ്രാസനം എന്നീ നിലകളിൽ ഏതെങ്കിലും സ്വീകരിച്ചാൽ ഏറെ നന്ന്.

15. സ്വന്തം പ്രാർഥനകളിലേക്ക് മറ്റുള്ളവരെ നിർബന്ധിക്കരുത്. മറ്റുള്ള വീടുകളില്‍ പ്രാര്‍ത്ഥിക്കാന്‍ പോകരുത്, വിളിക്കരുത്.

16. ചിലരുടെ പ്രാർഥന അവർക്ക് സാമ്രാജ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കാം. ആളുകളെ പിടിച്ചുകൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ചൂഷകരും രംഗത്തുണ്ട്. പ്രാര്‍ത്ഥനയിലൂടെ രോഗസൗഖ്യം നല്‍കുന്ന പരിപാടി ഭൂരിഭാഗവും നടീനടന്മാരുടെ തട്ടിപ്പായിരിക്കും.

17. യുക്തിക്കു നിരക്കാത്ത ആവശ്യങ്ങൾ പ്രാർഥനയിലൂടെ ദൈവത്തോടു ചോദിക്കരുത്.

18. ചില പ്രാർഥനയിലെ ആവശ്യങ്ങൾ നിങ്ങള്‍ക്ക് വേണ്ടാത്തതിനാല്‍ ദൈവം ഒഴിവാക്കുന്നതായിരിക്കും. അല്ലെങ്കില്‍, വേണ്ടത്ര വിശുദ്ധിയും തയ്യാറെടുപ്പും ഇല്ലാത്തതിനാലും ഫലം വൈകാം.

19. ഓരോ പ്രാര്‍ത്ഥനയും ദൈവസ്തുതിയും ദൈവഭയവും പ്രാര്‍ത്ഥനയാവശ്യവും നിറഞ്ഞതാവണം. ലഭിച്ച കാര്യങ്ങള്‍ക്ക് നന്ദിയും അര്‍പ്പിക്കണം.

20. കാര്യസാധ്യത്തിനായി വ്യവസ്ഥകള്‍ വയ്ക്കരുത്. എനിക്കു തന്നാല്‍ ഞാനും തരാം, മോഷണമുതലിന്റെ പാതി തരാം... അങ്ങനെ പ്രാര്‍ത്ഥനയെ തരം താഴ്ത്തരുത്.

21. പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വന്തം കാര്യം മാത്രം പറഞ്ഞാല്‍, അത് സ്വാര്‍ത്ഥതയാകും. 'ഞാന്‍', 'എന്നെ', 'എനിക്ക്' എന്നുള്ളതു മാറ്റി 'ഞങ്ങള്‍ക്ക്' എന്നാക്കുക.

5. ഈശ്വര നിയോഗം
ഒരിക്കൽ, ധർമ്മപാലൻ എന്നു പേരായ രാജാവ് നാട്ടുരാജ്യം ഭരിച്ചു വന്നിരുന്ന കാലം. അദ്ദേഹത്തിന്റെ രണ്ടു മന്ത്രിമാർ കൂടാതെ കൊട്ടാരത്തിലെ പ്രധാന വ്യക്തിയായിരുന്നു ചീരൻ എന്ന രാജഗുരു. രാജാവ് പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നതിനു മുൻപ്, ചീരനോട് ഉപദേശം തേടുക പതിവായിരുന്നു.

അങ്ങനെയിരിക്കെ, ഒരു ദിനം പെട്ടെന്ന് രാജഗുരു തളർന്നുവീണു. പ്രമുഖ വൈദ്യന്മാരെല്ലാം കിണഞ്ഞു പരിശ്രമിച്ചെങ്കിലും അദ്ദേഹം മരണമടഞ്ഞു.
തന്റെ ഉപദേശകനും വഴികാട്ടിയുമായിരുന്ന അയാളുടെ വിയോഗത്തിൽ രാജാവ് അതീവ ദുഃഖിതനായി. കുറച്ചു കാലം അങ്ങനെ കടന്നു പോയി.

മറ്റൊരു രാജഗുരുവിനെ കൊട്ടാരത്തിൽ നിയമിക്കണമെന്ന് രാജാവിന്റെ ആലോചന ചെന്നു നിന്നത് കാടിനുള്ളിലെ ആശ്രമത്തിൽ ജീവിച്ചിരുന്ന ഗുരുജിയിലാണ്. പക്ഷേ, ഗുരുജി ലളിത ജീവിതം ആഗ്രഹിക്കുന്നയാളും ലൌകിക ജീവിതത്തോടു വിരക്തിയുമുള്ള ആളെന്ന് രാജാവിനു വിവരം ലഭിച്ചു. വലിയ വിസ്തൃതിയുള്ള കാടിനു ചുറ്റും അനേകം നാടുകളും ഉണ്ട്. അതിനാൽ, കൊട്ടാരത്തിലേക്ക് വരുമെന്ന് യാതൊരു തീർച്ചയുമില്ല. എങ്കിലും കൊട്ടാരത്തിലേക്ക് ക്ഷണിക്കാൻ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ, രാജാവ് ലളിതമായ വേഷത്തിൽ ഒറ്റയ്ക്ക് ആശ്രമം ലക്ഷ്യമാക്കി കാട്ടിലൂടെ യാത്ര തിരിച്ചു. സ്വയരക്ഷയ്ക്കായി ഒരു കഠാര മാത്രമേ കയ്യിൽ കരുതിയിരുന്നുള്ളൂ. കുറച്ചു യാത്ര ചെയ്തപ്പോൾതന്നെ രാജാവ് ക്ഷീണിച്ചു. മാത്രമല്ല, ഒറ്റയടിപ്പാത അവ്യക്തവുമായിരിക്കുന്നു. കുറെ നേരം അവിടെ ഒരു മരച്ചുവട്ടിൽ അദ്ദേഹം വിശ്രമിച്ചു. ഭക്ഷണപാനീയങ്ങളും കുതിരയും വേണ്ടതായിരുന്നുവെന്ന് അപ്പോൾ രാജാവിനു തോന്നി. കാരണം, താൻ വിചാരിച്ചതിനേക്കാൾ ദൂരം ആശ്രമത്തിലേക്ക് ഉണ്ടെന്ന് അപ്പോഴാണ് അദ്ദേഹത്തിനു ബോധ്യമായത്. പക്ഷേ, ഇനി പറഞ്ഞിട്ടെന്തു കാര്യം?

കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത നാട്ടുകാരനായ ഒരാൾ കാട്ടുതേൻ തേടി അതു വഴി വന്നു. അയാൾക്ക് കാനനപാതകളെല്ലാം നല്ല നിശ്ചയമായിരുന്നു.
അയാളെ കണ്ടയുടൻ രാജാവ് ചോദിച്ചു:

"നീ എന്റെ വഴികാട്ടിയായി എന്നെ ഗുരുജിയുടെ ആശ്രമത്തിലെത്തിക്കാമോ?"

"ഉവ്വ്. താങ്കളെ സഹായിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ആ വഴിയിലൂടെയും എന്റെ നാട്ടിലേക്കു പോകാം"

രാജാവ് അയാളെ വഴികാട്ടിയായി മനസ്സിൽ തീരുമാനിച്ചു.
രാജാവിന്റെ ക്ഷീണമകറ്റാനായി അടുത്തു കണ്ട തെങ്ങിൽനിന്ന് കരിക്ക് ഇട്ടു തരാൻ വഴികാട്ടിയോട് ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു മൂന്നു കരിക്കുകൾ താഴേക്ക് ഇട്ടു. ദാഹം മൂലം ആ നിമിഷംതന്നെ രാജാവ് തന്റെ കഠാരയെടുത്ത് ധൃതിയിൽ കരിക്കുവെട്ടിയപ്പോൾ വിരലിന്റെ അറ്റം മുറിഞ്ഞ് ചോര വന്നു.

അന്നേരം, തെങ്ങിൽനിന്ന് ഇറങ്ങിയ ആളിന്റെ മറുപടി ഇപ്രകാരമായിരുന്നു-

"എല്ലാം ഈശ്വരനിയോഗമെന്നു കരുതി സമാധാനിക്കുക, അത്രതന്നെ!”

ഇതു കേട്ട്, രാജാവിന് കോപം ഇരമ്പി. അയാളെ പിടിച്ചുവലിച്ച് അടുത്തു കണ്ട പൊട്ടക്കിണറ്റിലേക്ക് തള്ളി!

വഴികാട്ടിയില്ലാതെയും തനിക്ക് യാത്ര ചെയ്യാനാകുമെന്ന് വിശ്വസിച്ച് രാജാവ് കുറച്ചു ചുവടുകൾ മുന്നോട്ടു പോയി. ഇതിനിടയില്‍ കഠാരയും നഷ്ടപ്പെട്ടിരുന്നു.

പെട്ടെന്ന്, എവിടെ നിന്നോ നാലഞ്ച് നരഭോജികൾ രാജാവിനെ വളഞ്ഞു.
താൻ രാജാവാണെന്നു പറഞ്ഞതൊന്നും അവരുടെ കാടന്‍ ഭാഷയില്‍ മനസ്സിലായില്ല.
അവരുടെ നേതാവായ കാട്ടുമൂപ്പന്റെ അടുക്കലെത്തിച്ചപ്പോൾ-

"ഇന്നത്തേക്കുള്ള നമ്മുടെ ഭക്ഷണം ഇവനാകട്ടെ"

രാജാവ് ഇതു കേട്ട് ഞെട്ടിവിറച്ചു!

അമിതവണ്ണമുണ്ടായിരുന്ന രാജാവിനെ ആർത്തിയോടെ മൂപ്പൻ നോക്കി. അപ്പോൾ കൈവിരലിൽനിന്നും രക്തമൊലിക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു.

"മുറിവേറ്റ ഇരയെ നാം ഭക്ഷിക്കില്ലെന്നു നിങ്ങൾക്ക് അറിയില്ലേ? ഇവനെ പിടികൂടിയ സ്ഥലത്തു തന്നെ ഉപേക്ഷിക്കുക"

മൂപ്പന്റെ കൽപ്പന പ്രകാരം രാജാവിനെ കിണറിനടുത്തു തിരികെ വിട്ടതിനു ശേഷം അവര്‍ എങ്ങോ പോയി മറഞ്ഞു.

അപ്പോഴാണ് രാജാവ് ചിന്തിച്ചത്-

ആ പരദേശിയായ വഴികാട്ടി പറഞ്ഞത് എത്ര സത്യമായിരുന്നുവെന്ന്!

ഉടൻ തന്നെ രാജാവ് അവിടെ കണ്ട കാട്ടുവള്ളി ഇട്ടു കൊടുത്ത് കിണറ്റിൽനിന്ന് വഴികാട്ടിയെ രക്ഷിച്ചു. രാജാവ് അയാളോടു ക്ഷമാപണം നടത്തി. എന്നാൽ, അയാൾ പറഞ്ഞു:

"എല്ലാം ഈശ്വരനിയോഗംതന്നെ. വിരൽ മുറിഞ്ഞതിനാൽ നിങ്ങൾക്ക് ജീവൻ തിരിച്ചു കിട്ടി. അതേ സമയം, നിങ്ങൾ കിണറ്റിൽ തള്ളിയതിനാൽ നരഭോജികൾ കാണാതെ എന്റെ ജീവനും രക്ഷപ്പെട്ടു. വരൂ... നമുക്ക് ആശ്രമത്തിലേക്ക് പോകാം"

"ഇനി ആശ്രമത്തിലേക്ക് പോകേണ്ട കാര്യമില്ല. ഞാന്‍ തേടിയ ആളെ എനിക്ക് കിട്ടിയതും മറ്റൊരു ഈശ്വര നിയോഗമല്ലേ?”

കൊട്ടാരത്തിലെ അടുത്ത രാജഗുരുവായി ആ വഴികാട്ടിയെ രാജാവ് നിയമിച്ചു.

ആശയത്തിലേക്ക്...

പല കഷ്ടനഷ്ടങ്ങളും വരുമ്പോള്‍ ഈശ്വരന്‍ നമ്മെ കൈവിട്ടുവെന്നു ചിന്തിക്കാറില്ലേ? ചിലപ്പോള്‍ എല്ലാം ദൈവത്തിന്റെ പദ്ധതി എന്നു പറയുന്ന ഈശ്വര നിയോഗമായിരിക്കാം. എന്നാല്‍, ദൈവഭയത്തില്‍ ജീവിച്ച് സല്‍കര്‍മങ്ങള്‍ ചെയുന്നവരില്‍ മാത്രമേ, ദൈവം പലതും ആസൂത്രണം ചെയ്യാന്‍ സാധ്യതയുള്ളൂ. അല്ലാത്തവരില്‍ പൈശാചിക ശക്തിയായിരിക്കും അതിന്റെ വിളവെടുപ്പ് നടത്തുന്നത്. അഴിമതി നടത്തിയും കണ്ണില്‍ ചോരയില്ലാത്ത കച്ചവടം നടത്തിയും മറ്റുള്ളവരെ ഉപദ്രവിച്ചും സുഖലോലുപരായി എത്രയോപേര്‍ ഇവിടെ ജീവിക്കുന്നു? അവരെ സഹായിക്കുന്നത് പിശാചിന്റെ പദ്ധതിയാവും.

Malayalam spiritual books online reading free, theism, faith in god, digital reading ebooks, prayer guidelines, spirituality

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam