ഹൃദയസ്പര്‍ശിയായ സംഭവകഥ

 'വിനോദ'യാത്ര

കടയില്‍നിന്ന് സാധനങ്ങളും വാങ്ങി ഇറങ്ങിയപ്പോഴാണ് ഹീര ടീച്ചര്‍ സ്കൂട്ടറില്‍ വരുന്നത് പ്രകാശിന്റെ ശ്രദ്ധയില്‍ പെട്ടത്. തന്നെ കണ്ടതും ടീച്ചര്‍ റോഡരികില്‍ വാഹനം ഒതുക്കിനിര്‍ത്തി.

എന്താവും കാര്യം? ഒന്നുമില്ലാതെ ടീച്ചര്‍ നിര്‍ത്താന്‍ വഴിയില്ല. നന്നായി നഴ്സറി സ്കൂള്‍ നടത്തുന്ന ടീച്ചറാണ്. തന്റെ മകനും അവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.

ടീച്ചര്‍ പറഞ്ഞത് ഗൗരവമുള്ള ഒരു വിഷയമാണ്‌-അല്ല- വേദനിപ്പിക്കുന്ന ഒരു സത്യം:

നഴ്സറിസ്കൂളിലെ കുട്ടികളെല്ലാം ഉച്ചഭക്ഷണ സമയത്ത് ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഒരു കുട്ടി (വിനോദ്) മാത്രം മുട്ടുമടക്കി നിലത്ത് കുത്തിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. വീട്ടിലും അങ്ങനെ തന്നെ. എല്ലാവരും അതൊരു ശീലമായി കരുതിയെങ്കിലും അവന്റെ ക്ലാസ്സിലെ ജിന്‍സി ടീച്ചറിന് അതിൽ എന്തോ സംശയം തോന്നിയതിനാൽ ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തി. ആശുപത്രിയിൽ കുറെ പരിശോധനകള്‍ക്കു ശേഷം ഡോക്ടറില്‍ നിന്ന് അവർ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു- കാൻസർ രോഗം വയറ്റിലാകെ വ്യാപിക്കുന്നതിനു മുൻപ് ഉടൻ സർജറി വേണമെന്ന്!

കുട്ടിയുടെ അച്ഛൻ സാധുവായ ഓട്ടോ ഡ്രൈവറാണ് , അമ്മയ്ക്ക് ജോലിയില്ല. ഒരു വീടിന്റെ പിന്നാമ്പുറത്ത് തിണ്ണയില്‍ ചേര്‍ത്ത് ടര്‍പോളിന്‍ വലിച്ചുകെട്ടി അവിടെ വാടകയ്ക്ക് താമസിക്കുന്ന ദരിദ്ര കുടുംബം. അവര്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ്.

ടീച്ചര്‍ പറഞ്ഞുനിര്‍ത്തി. എന്നിട്ട്, പ്രകാശിനോട് ചോദിച്ചു:

"പ്രകാശ്‌, ഞാന്‍ ഉദ്ദേശിക്കുന്നത് സ്കൂളിന്റെ നേതൃത്വത്തിൽ ഒരു അടിയന്തര ഫണ്ട് രൂപീകരിക്കാനാണ്. സഹകരിക്കണം. മാത്രമല്ല, പരിചയമുള്ളവരോടൊക്കെ ഒന്നു പറഞ്ഞുനോക്ക്"

"തീര്‍ച്ചയായും. ഞാന്‍ നാളെ സ്കൂളിലേക്ക് വരുന്നുണ്ട്. എന്റെ പരമാവധി ഞാന്‍ ശ്രമിക്കാം ടീച്ചറെ"

അയാള്‍ വഴിയിലൂടെ നടക്കുമ്പോള്‍ വിചാരിച്ചു- തന്റെ കയ്യില്‍ എന്തിരുന്നിട്ടാണ് വലിയ വാചകം എഴുന്നെള്ളിച്ചത്. വരവുചെലവുകള്‍ തമ്മില്‍ എല്ലാ മാസവും പൊരിഞ്ഞ അടി നടത്തുമ്പോള്‍ താന്‍ എന്തു ചെയ്യും. ഈ മാസത്തില്‍ ഇനിയും പത്തു ദിവസംകൂടിയുണ്ട്. കഴിഞ്ഞ മാസം ആകെ ഞെരുക്കത്തിലാക്കിയത് ഒരു സില്‍ക്ക് സാരിയാണ്. ഓണം കഴിഞ്ഞുള്ള റിഡക്ഷന്‍സെയില്‍സിന് വിലയുള്ള ഒരു പട്ടുസാരി പാതിവിലയില്‍ വാങ്ങിയത് ഭാര്യ. പെണ്ണുങ്ങളെ പറ്റിക്കാന്‍ ഇതൊക്കെ കണ്ടുപിടിച്ചവനെ സമ്മതിക്കണം.

പ്രകാശ്‌ വീട്ടില്‍ ചെന്നയുടന്‍ പ്രശ്നം അവതരിപ്പിച്ചു. ആയിരം രൂപ ഭാര്യാപിതാവ് തന്നതുംകൂട്ടി പ്രകാശ്‌ രണ്ടായിരംരൂപ ടീച്ചറെ ഏല്‍പ്പിച്ച് ഫണ്ട്‌ തുടങ്ങിവച്ചു. പക്ഷേ, ആ ഫണ്ട്‌ ഇരുപത്തയ്യായിരം രൂപ മാത്രമേ പിരിഞ്ഞു കിട്ടിയുള്ളൂ. എന്നാല്‍, ആ തുക കൈമാറുന്ന സമയത്ത് ഇരുപത്തഞ്ച് ലക്ഷം കൊടുക്കുന്ന ഗമയില്‍ പൊതുപ്രവര്‍ത്തകര്‍ പളപളാന്ന് മിന്നി. ക്യാമറകള്‍ ചറപറാന്ന് കണ്ണുചിമ്മി. ആളുകള്‍ ഒരുപാട് തടിച്ചുകൂടി. സെല്‍ഫികള്‍ അനേകം ലൈക്ക് വാരിക്കൂട്ടി.

വാസ്തവത്തില്‍, സഹായിക്കാൻ ശേഷിയുള്ളവർ പലരുമുണ്ടായിരുന്നുവെങ്കിലും അവരെല്ലാം കൈമലര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. മറ്റു ചിലരാകട്ടെ, 'രാഷ്ട്രീയക്കാരെ കാണുക' എന്നു പറഞ്ഞ് വഴികാട്ടികളായി ഒഴിഞ്ഞുമാറി.

ലക്ഷങ്ങൾ മുടക്കി വിദേശ വിനോദയാത്ര നടത്തുന്ന ശീലമുള്ള ഒരു കുടുംബത്തോട് പ്രകാശ്‌ ഇക്കാര്യം പറഞ്ഞു. അവരുടെ മറുപടി ഇതായിരുന്നു-

ഞങ്ങള്‍ ഇപ്പോള്‍ കുറച്ചു 'ടൈറ്റ്' ആണ്!”

ഒടുവിൽ, ങ്ങനെയൊക്കെയോ തിരുവനന്തപുരത്ത് സർജറി കഴിഞ്ഞ് വിനോദ് മടങ്ങിവന്നു. പക്ഷേ, വിധി വീണ്ടും ആക്രമിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ വീണ്ടും കാൻസർ ബാധിച്ചത് ശ്വാസകോശത്തിലായിരുന്നു. അതും സർജറി ചെയ്താൽ രക്ഷപ്പെട്ടേക്കാമെന്ന് വിദഗ്ധ ഡോക്ടർമാർ പറഞ്ഞെങ്കിലും പണമില്ലാത്തതിനാൽ ഇനിയും ഒരു ചികിത്സ വെറും അതിമോഹമെന്നു തിരിച്ചറിഞ്ഞു കോട്ടയം ICH-ൽ അവസാന നാളുകൾ തള്ളിനീക്കി.

ഒരു ദിവസം രാത്രിയിൽ അവൻ അമ്മയോടു പറഞ്ഞു:

"അമ്മേ... എന്നൊയൊന്ന് എടുത്തേ..."

അമ്മ അവനെയെടുത്തു.

"എനിക്ക് ദോശ വേണം"

തികച്ചും ലളിതമായ അവന്റെ ആഗ്രഹം!

അമ്മയുടെ കയ്യിൽനിന്ന് ഒരു കഷണം ദോശ തിന്നിട്ട് അവൻ കട്ടിലിൽ കിടന്നയുടൻതന്നെ മരണമടഞ്ഞു!

അവർ വാടകയ്ക്ക് താമസിച്ചിരുന്നത് ഒരു വീടിന്റെ പുറകുവശത്തെ തിണ്ണയിലായിരുന്നു. ടർപോളിൻവലിച്ചുകെട്ടിയിടത്ത് മൃതശരീരം വയ്ക്കാൻപോലും അവർ ബുദ്ധിമുട്ടി. ആ സമയത്ത്, പ്രകൃതി പോലും അവനോടു കരുണ കാണിക്കാതെ മഴ പെയ്തുകൊണ്ടിരുന്നു.

അത് കാണാനുള്ള മനക്കരുത്ത് പ്രകാശിന് ഇല്ലാത്തതിനാല്‍ അയാള്‍ വീട്ടിലേക്ക് കയറാതെ വഴിയില്‍ നിന്നതേയുള്ളൂ. ഭാര്യയും ടീച്ചറും കൂടി കുട്ടിയെ കണ്ടു മടങ്ങി.

ചിന്താവിഷയം...

'പണമില്ലാത്തവന്‍ പിണം' എന്ന ക്രൂര സത്യം ഓര്‍മ്മിപ്പിക്കുന്ന ഒരു സന്ദര്‍ഭമാണിത്. സമൂഹത്തില്‍ സാമ്പത്തിക ഞെരുക്കത്താല്‍ പലതരത്തിലും അനേകം ആളുകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. എന്നുകരുതി മികച്ച സുഖസൗകര്യങ്ങള്‍, ജീവിതശൈലികള്‍, ഭക്ഷണരീതികള്‍, വീട്, വാഹനം എന്നിവയൊന്നും ഒഴിവാക്കാന്‍ പറ്റില്ല. കാരണം, സമൂഹത്തിന്റെ ഒഴുക്കിന് എതിരെ നീന്തുന്നവര്‍ ഒറ്റപ്പെടും.

എന്നാലോ? അത്യാഡംബരത്തിനു പിറകേ പോയി ധൂർത്തടിക്കുന്ന ദുശ്ശീലങ്ങളിൽനിന്ന് ആളുകള്‍ വിട്ടുനില്‍ക്കുന്നത് നല്ലതായിരിക്കും. മലയാളികള്‍ക്കിടയില്‍ കൂടിവരുന്ന ഒരു പൊങ്ങച്ച രീതിയെ ഇവിടെ എടുത്തുപറയട്ടെ- വിദേശ വിനോദയാത്രകള്‍!

വളരെയേറെ വ്യത്യസ്തമായ പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട നമ്മുടെ കേരളത്തെ നന്നായി കാണാന്‍ ശ്രമിക്കാതെ എന്തിനാണ് വിദേശങ്ങളില്‍ പോകുന്നത്. ഇങ്ങനെ പോകുന്നവരില്‍ നല്ലൊരു വിഭാഗവും ഇനിയും കേരളം കണ്ടിട്ടില്ല. മറ്റൊരു വിഭാഗം, കൂട്ടുകാരെയും ബന്ധുക്കളെയും അറിയിച്ച് സാമ്പത്തിക ശേഷി കാട്ടുന്നുമുണ്ട്- വിമാനത്തിലിരുന്നും മറ്റു രാജ്യങ്ങളുടെ സ്ഥലങ്ങളുടെ ബോര്‍ഡ് കാട്ടിയും സെല്‍ഫികള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്.

ഒരു സത്യം അറിയുക- നമ്മുടെ കേരളത്തിലെയും ഇന്ത്യയിലെ മറ്റുള്ള സുന്ദര സ്ഥലങ്ങളും കണ്ടുതീര്‍ക്കാന്‍ ഒരായുസ് മതിയാകില്ല!

മല, കുന്ന്, പര്‍വതം, കാട്, വന്യജീവിസങ്കേതം, ഉദ്യാനം, തീര്‍ഥാടനകേന്ദ്രം, പുണ്യസ്ഥലം, മരുഭൂമി, സമുദ്രം, കടല്‍ത്തീരം, ഗുഹ, കാവ്, ദ്വീപ്‌, വെള്ളച്ചാട്ടം, അണക്കെട്ട്...എന്നിങ്ങനെ ഏതുതരം അഭിരുചിയുള്ള ആളുകളെയും തൃപ്തിപ്പെടുത്താന്‍ ഭാരതത്തിനാകും. മാത്രമല്ല, പ്രകൃത്യാലുള്ളവയെ തഴഞ്ഞിട്ട് അന്യരാജ്യങ്ങളിലെ കൃത്രിമമായി ഉണ്ടാക്കിയവ കാണാന്‍ ശ്രമിക്കുമ്പോള്‍ പണച്ചെലവ്‌ വളരെ കൂടുകയും ചെയ്യും.

അങ്ങനെ, വിനോദയാത്രയിലെ ധൂര്‍ത്ത് ഒഴിവാക്കി ചെറുതും വലുതുമായ ജീവകാരുണ്യ പ്രവൃത്തികള്‍ക്കായി സഹൃദയര്‍ക്ക് നിമിത്തമാകുകയും ചെയ്യാം.

based on a real story. tour destination, disease, patient, hospital expense, Malayalam digital eBooks, online reading, Kerala. 

Comments