ഡിജിറ്റല്‍ എഴുത്തിനൊപ്പം ഞാനൊരു യൂടൂബ് വിഡിയോ ചാനലും തുടങ്ങി. അതില്‍ പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത് എന്റെ പലതരം കഥകളുടെ വിഡിയോ രൂപാന്തരമാണ്. അതില്‍, മൂന്നു പ്ലേ ലിസ്റ്റ് ഉണ്ടാവും. പ്രചോദനപരമായ മോട്ടിവേഷണല്‍ കഥകള്‍, സ്വയം സഹായിക്കുന്ന സെല്‍ഫ് ഹെല്‍പ്, കൂടാതെ യോഗ ക്ലാസ്സുകളും. ഇതില്‍ യോഗ മാത്രം ക്രമമായി കണ്ടാല്‍ മാത്രമേ മികച്ച ഫലം കിട്ടൂ.
എല്ലാ ഞായറും പബ്ലിഷ് ചെയ്യുന്ന രീതിയില്‍ പ്ലാന്‍ ചെയ്യുന്നു. തുടക്കമായതിനാല്‍ ലൈറ്റ്, ക്യാമറ, വിഡിയോ എഡിറ്റര്‍, ട്രൈപോട് എന്നിവയൊക്കെ ലളിതം. എങ്കിലും 'content is king' എന്ന വിശ്വാസത്തില്‍ മുന്നോട്ടു പോകുകയാണ്.
https://www.youtube.com/binoythomas
ഇനി ഓണ്‍ലൈന്‍ ആയി ചില മഹാന്മാരുടെ കഥകള്‍ വായിക്കാം- ആദ്യത്തെ കഥ മഹാനായ തിരുവള്ളുവര്‍
തമിഴ് സാഹിത്യത്തിലെ ഇതിഹാസമാണ് തിരുക്കുറൽ. ഇതു രചിച്ചത് കവിയും ചിന്തകനും ആയിരുന്ന തിരുവള്ളുവർ എന്ന മഹാനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലവും നാടുമൊക്കെ കൃത്യമായി ഇപ്പോഴും അറിയില്ല. എങ്കിലും, ബി.സി. രണ്ടാം നൂറ്റാണ്ടിനും എ.ഡി. എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ബി.സി.31-ൽ എന്നൊരു കണ്ടെത്തലുമുണ്ട്.
കേരളത്തിലെ പന്തിരുകുലംകഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ചില ഗവേഷകർ സമർഥിക്കുന്നു. തിരുവള്ളുവരുടെ മഹത് വചനങ്ങൾ ഏറെ പ്രശസ്തമാണ്. ഇനി, അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേക്കുറിച്ചു പറയുമ്പോൾ, തമിഴ്നാട് കന്യാകുമാരിജില്ലയിലെ തിരുനായനാർകുറിച്ചിയിൽ ജനിച്ചെന്ന് ചരിത്ര ഗവേഷകർ പറയുന്നു. അവിടെ തിരുവള്ളുവരുടെ വലിയ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
മൈലാപ്പൂരിൽ അദ്ദേഹത്തിന്റെ സ്മാരകമായി ക്ഷേത്രമുണ്ട്. ജന്മസ്ഥലമായി മൈലാപ്പൂരും മധുരയും എന്നുള്ള വിവിധ അഭിപ്രായങ്ങളും ശ്രദ്ധേയം. ഹിന്ദു ക്രിസ്ത്യൻ, ബുദ്ധിസം എന്നീ മതങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ ജീവിതവീക്ഷണങ്ങളിൽ പ്രകടമായി കാണാം. അതു മാത്രമല്ല, തിരുവള്ളുവരുടെ ജീവിതത്തിലെ ഒരു സംഭവകഥ വായിക്കൂ..
എന്നും, നിലത്ത് ചമ്രം പടഞ്ഞിരുന്നാണ് തിരുവള്ളുവർ ഊണ് കഴിച്ചിരുന്നത്. ഒരു താലത്തിൽ വച്ച മൊന്തയിൽ കുറച്ചു വെള്ളവും ഒരു സൂചിയും ഊണിലയുടെ സമീപത്തു വയ്ക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഭാര്യ എന്നും അത് കൃത്യമായി ചെയ്തു പോന്നു.
പക്ഷേ, ഊണു കഴിഞ്ഞാലും അദ്ദേഹം ഒരിക്കൽപ്പോലും അവ ഒന്നു തൊടുക പോലും ചെയ്തിരുന്നില്ല. ഭാര്യയാകട്ടെ, അവ എന്തിനെന്നു ചോദിച്ചതുമില്ല.
കാലം കടന്നു പോയി. തിരുവള്ളുവർ വാർദ്ധക്യത്തിലെത്തി. ഒരിക്കല്‍, ഭാര്യ വെള്ളത്തിന്റെയും സൂചിയുടെയും പ്രാധാന്യത്തെക്കുറിച്ച് തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞു-
"ഒരു മണി ചോറെങ്കിലും നിലത്തു വീണാൽ അത് സൂചി കൊണ്ട് കുത്തിയെടുത്ത് വെള്ളത്തിൽ കഴുകി വീണ്ടും ഭക്ഷിക്കാനായിരുന്നു അത്!"
പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ആഹാരസമയത്ത് ഒരിക്കൽപോലും ഒരു മണിചോറു പോലും താഴെ വീണില്ല! ചോറുവിളമ്പിയപ്പോൾ ഭാര്യയുടെ കയ്യിലെ തവിയിൽനിന്നും അല്പം പോലും താഴെപ്പോയില്ല!
ഭക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയ ജീവിതസന്ദേശം തന്നെയായിരുന്നു അത്.
ലോകമെങ്ങും ഭക്ഷണത്തിനായി വലയുന്ന കോടിക്കണക്കിന് ആളുകൾ ഉള്ളപ്പോൾ ആഹാരം പാഴാക്കുന്ന ദുശ്ശീലം മലയാളികൾക്കിടയിലും കൂടി വരികയാണ്.
ചില ഭക്ഷണ രീതികൾ ശ്രദ്ധിക്കാം -
A) പണക്കൊഴുപ്പും പൊങ്ങച്ചവും കാണിക്കാനായി ആവശ്യത്തിലധികം ആളുകളെ വിവാഹസദ്യ പോലുള്ള സൽക്കാരങ്ങളിൽ ക്ഷണിക്കുന്നതു സാധാരണമാണ്. ആളുകൾ കൂടുന്തോറും ഭക്ഷണം പാഴാകാനുള്ള സാധ്യതയും കൂടുന്നു.
B) സദ്യകളിൽ പ്ലേറ്റിലേക്ക് കൂടുതൽ ഭക്ഷണം വിളമ്പാൻ പറഞ്ഞിട്ട് ചിക്കിച്ചികഞ്ഞു വെറുതെ പാഴാക്കുന്നത് ചിലരുടെ ദുശ്ശീലമാണ്.
C) സ്വന്തം വീടുകളിൽ ആണെങ്കിലും ആവശ്യത്തിനു മാത്രം പാത്രത്തിൽ ആദ്യം വാങ്ങുക. കൂടുതൽ വേണമെങ്കിൽ പിന്നീട് പറഞ്ഞാൽ മതിയല്ലോ.
D) കാര്യമായ വിശപ്പില്ലെങ്കിലും കൊതിയുടെയും ദുശ്ശീലത്തിന്റെയും വിനോദത്തിന്റെയും പ്രേരണയാൽ ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർ ഭക്ഷണം അനാവശ്യമായി കഴിച്ച് ദുരുപയോഗം ചെയ്യുന്നു.
E) കുട്ടികൾക്ക് ആവശ്യത്തിലധികം ഭക്ഷണം വിളമ്പി നഷ്ടപ്പെടുത്തരുത്.
F) പുറത്തുനിന്ന് ഭക്ഷണം കഴിക്കുമെങ്കിൽ മുൻകൂട്ടി വീട്ടിൽ വിളിച്ചു പറയണം. നമുക്കായി വീട്ടിലെ ഭക്ഷണം തയ്യാറാക്കി മിച്ചം വരുത്തേണ്ടതില്ല.
G) അതുപോലെ, പുറത്തുനിന്ന് ഭക്ഷണം വീട്ടിലേക്ക് വാങ്ങുന്നതിനു മുൻപും വിളിച്ചു ചോദിക്കണം. ചിലപ്പോൾ അടുക്കളയിൽ സ്പെഷൽ ഡിഷ് ഒരുക്കുന്നുണ്ടാവാം.
H) വർത്തമാനം പറഞ്ഞും ടിവി കണ്ടും ഭക്ഷണം കഴിച്ചാൽ നാം അറിയാതെ തന്നെ കൂടുതൽ ആഹരിക്കുന്നു.
അധികമായ ഭക്ഷണം അകത്തുചെല്ലാതിരിക്കാനുള്ള ഒരു സൂത്രം പ്രയോഗിക്കാം- ഭക്ഷണം പതിയെ ചവച്ചരച്ച് ആസ്വദിച്ച് കഴിക്കുക. ഏറെ കഴിച്ച ഒരു 'ഫീൽ' കിട്ടുമ്പോൾ വെപ്രാളത്തിൽ കഴിക്കുന്നതിനേക്കാൾ അളവു കുറവും സംതൃപ്തി കൂടുതലും കിട്ടും.
മറ്റൊന്നു കൂടി- പഴയ ആളുകള്‍ ചമ്രം പടഞ്ഞിരുന്നു ഭക്ഷണം കഴിച്ചിരുന്നത് അവരുടെ പറമ്പില്‍ തീന്മേശയ്ക്കുള്ള തടിയും, പണിയാനുള്ള ആശാരിമാരും ഇല്ലാഞ്ഞിട്ടല്ല. ചമ്രം പടഞ്ഞു നിലത്തിരുന്നു കഴിക്കുമ്പോള്‍ മുന്നോട്ടു വളഞ്ഞ് വയര്‍ ചുരുങ്ങുന്നതു മൂലം അമിതമായി ആഹാരം കഴിക്കാന്‍ പറ്റില്ല!
ഓർമ്മിക്കുക- അമിതാഹാരവും ഭക്ഷണം പാഴാക്കലും ഒരു പോലെ സാമൂഹിക തിന്മയാണ്. നമുക്ക് നല്ല ശീലങ്ങളുമായി ജീവിക്കാം.
2. ലംബോര്‍ഗിനി(Lamborghini)
ഫെറൂസ്സിയ ലംബോർഗിനി 1916 കാലത്ത് ഇറ്റലിയിലെ ഗ്രാമത്തില്‍, മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ഒരു കര്‍ഷകന്റെ മകനായി ജനിച്ചു. ചെറുപ്പത്തില്‍ അച്ഛനെ സഹായിക്കാൻ വയലുകളിൽ നില്‍ക്കുമ്പോള്‍ അവിടെ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ കേടാകുമ്പോൾ അത് നന്നാക്കുന്നത് കൊച്ചു ലംബോർഗിനി ശ്രദ്ധിച്ചിരുന്നു. കേടായ ട്രാക്റ്റർ നന്നാക്കാനും പഠിച്ചു.
എന്നാല്‍, രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ഫെറൂസ്സിയ ലംബോർഗിനി നിർബന്ധിത സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. അതിനിടയില്‍, മോട്ടോർ വാഹനങ്ങളെയും യുദ്ധ വാഹനങ്ങളുടെ യന്ത്രങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും അവനു കഴിഞ്ഞു. സേവനം കഴിഞ്ഞ്, നാട്ടിൽ തിരിച്ചെത്തിയ ലംബോർഗിനി വിവാഹവും കഴിച്ചു. നാട്ടിലെ ട്രാക്റ്ററുകൾ നന്നാക്കുന്ന ജോലികൾ ചെയ്യാൻ തുടങ്ങി. ജീവിതം സുഖകരമായി മുന്നോട്ടു പോകവേ ഭാര്യ സെലീന മോണ്ടി അകാലത്തിൽ മരണപ്പെട്ടു.
ആ വിഷമ കാലവും കടന്നുപോയി. പിന്നീട്- അദ്ദേഹം, യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങള്‍ കൊണ്ട് മികച്ചതും വില കുറഞ്ഞതും ആയ ട്രാക്ടര്‍ തനിയെ നിര്‍മിച്ചു തുടങ്ങി. അത് വിജയകരമായ നീക്കമായിരുന്നു. അതില്‍നിന്നും സമ്പാദിച്ച പണം ഉപയോഗിച്ച് അക്കാലത്തെ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ഫെറാറി സ്വന്തമാക്കി. എന്നാല്‍, കുറച്ചുകാലം ഉപയോഗിച്ചപ്പോള്‍ ഫെരാരിയുടെ ക്ലച്ചിന് തകരാറുകൾ ഉണ്ടാകുന്നത് മൂലം കാർ ഇടയ്ക്കിടെ സർവ്വീസിന് കയറ്റേണ്ടിയും വന്നു.
ഒരിക്കല്‍, ഫെരാരിയുടെ ഉടമയായ എൻസോ ഫെരാരിയെ കാണാൻ ഫെറൂസ്സിയ ലംബോർഗിനിക്ക് ഒരു അവസരം ലഭിച്ചു. അപ്പോള്‍ ക്ലച്ചിന്റെ കാര്യം നേരിട്ട് അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, ഫെരാരി പരിഹസിച്ചു വിട്ടു! ആ അപമാനം അദ്ദേഹത്തിനു വീറും വാശിയും സമ്മാനിച്ചു. തുടര്‍ന്ന്‍, അദ്ദേഹം ഫെരാരിയുടെ കാറിനേക്കാള്‍ ഭംഗിയും വേഗവും ആഡംബരവും ശക്തിയും സുരക്ഷയും ഒത്തിണങ്ങിയ സ്പോർട്സ് കാർ നിര്‍മ്മിച്ച് ലോകത്തെ അമ്പരപ്പിച്ചു!
വൈകാതെ, ലംബോർഗിനി കമ്പനി ഫെരാരിയുടെ വില്പനയെ മറികടക്കുകയും ചെയ്തു. ലോകത്തിനു മറ്റു ചില സന്ദേശങ്ങളും നല്‍കാന്‍ അദ്ദേഹം മറന്നില്ല. അതിസമ്പന്നമായ സാഹചര്യത്തിലും നാട്ടില്‍ കര്‍ഷകനായി ലളിതമായ ജീവിത ശൈലി സ്വീകരിച്ചു.
”എത്ര വലിയ മുതലാളിക്കും എത്ര ചെറിയ കർഷകനും ഒരു പോലെ അഭിമാനത്തോടെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയും. നിങ്ങളെ ആരെങ്കിലും പരിഹസിക്കുന്നെങ്കിൽ ഓർക്കുക- അവർക്ക് മറുപടി നൽകാനെങ്കിലും മികച്ചത് ചെയ്യുക. മറ്റുള്ളവർ പരിഹസിക്കുന്നു എന്ന് കരുതി സ്വന്തം ലക്ഷ്യത്തെ കൈവിടാതിരിക്കുക” (ഫെറൂസ്സിയ ലംബോർഗിനി). ഇവിടെ ലംബോര്‍ഗിനി അവതരിപ്പിച്ചപോലെ, ജീവിതത്തിനു പ്രചോദനമേകുന്ന ചില മധുര പ്രതികാരങ്ങളെ വായനക്കാര്‍ കൂട്ടുപിടിക്കുമല്ലോ.
3. ശ്രീനാരായണഗുരുവിന്റെ ജീവിത കാലഘട്ടത്തില്‍ ഒട്ടേറെ ഉയര്‍ന്ന ചിന്തകളും തീരുമാനങ്ങളും കേരള ജനതയ്ക്ക് ദര്‍ശിക്കാനായി.
ഒരിക്കല്‍, ശിവഗിരിമഠത്തിലെ ബ്രഹ്മചാരി അവിടെ നിന്നും ഒരു മൊന്ത മോഷ്ടിച്ചു. അയാളെ മറ്റുള്ളവർ തൊണ്ടിസഹിതം പിടികൂടി ഗുരുവിനു മുന്നില്‍ ഹാജരാക്കി.
അപ്പോള്‍ ഗുരു പറഞ്ഞു-
"ശരി, ബ്രഹ്മം നിൽക്കട്ടെ, ചാരി പോയ്‌കൊള്ളൂ..."
അതോടെ ആ ബ്രഹ്മചാരിയെ ഗുരു അവിടെ നിന്നു പുറത്താക്കി.
എന്നാല്‍- മറ്റൊരിക്കല്‍, ശിവഗിരി മഠത്തിലെ പ്ലാവിൽനിന്നും ഒരു ചക്ക മോഷണം പോയി. ഉടന്‍ തന്നെ, ആശ്രമവാസികള്‍ കള്ളനെ തൊണ്ടി സഹിതം പിടിച്ചു ഗുരുവിനു മുന്നിൽ കൊണ്ടുവന്ന്‍ ഹാജരാക്കി.
എല്ലാവരും തക്കതായ ശിക്ഷ ഗുരുവില്‍ നിന്നും പ്രതീക്ഷിച്ചു. കാരണം, അന്നത്തെ കാലത്ത് അതൊരു വലിയ കുറ്റമാണ്!
കള്ളനെ ശിക്ഷിക്കണമെന്ന് ആശ്രമത്തിലെ അന്തേവാസികൾ ആവശ്യപ്പെട്ടു.
ഗുരു അയാളോടു ചോദിച്ചു-
"വിശന്നിട്ടാണല്ലേ നീ ചക്ക മോഷ്ടിച്ചത്?"
"അതേ..."
അവൻ തലയാട്ടി.
പുഞ്ചിരിച്ചു കൊണ്ട് ഗുരു പറഞ്ഞു-
"ഇനി നിനക്ക് ചക്ക വേണമെങ്കിൽ പകൽ വന്നു സ്വാതന്ത്ര്യത്തോടെ കൊണ്ടുപോകണം, രാത്രിയിൽ ഇഴജന്തുക്കളും മറ്റും ഉണ്ടാവും. നിന്നെ ഇനി ഇവിടെ ആരും തടയില്ല. വിശപ്പിനോളം വലിയൊരു ദുഃഖമില്ല. വിശപ്പിനു പരിഹാരം കാണുന്നതാണ് പുണ്യം."
മേല്പറഞ്ഞ രണ്ടു സംഭവകഥകളിലും കളവ് എന്ന ഒരേ പ്രവൃത്തിയാണ് കാതല്‍. എങ്കിലും ഇവ തമ്മിലുള്ള വ്യത്യാസം ഗുരു നമുക്ക് മനസ്സിലാക്കി തരികയായിരുന്നു. അതായത്, നിവൃത്തികേടില്‍ ചെയ്യുന്ന പാപങ്ങളും അറിവുള്ളവര്‍ മനപ്പൂര്‍വ്വമായി ചെയ്യുന്നതും തമ്മില്‍ ഒട്ടേറെ അന്തരമുണ്ട്!
Malayalam eBooks-514- ente video channel.
https://drive.google.com/file/d/1Zc2cJSTGUua3cVm0EG8phar6D3_HctJd/view?usp=sharing
Comments