Arappally church by saint Thomas
അരപ്പള്ളി
ക്രിസ്തുശിഷ്യനായ ദിദിമോസ് എന്ന മാർത്തോമ്മാശ്ലീഹ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി ഭാരതത്തിൽ എത്തിച്ചേർന്നു. തോമാശ്ലീഹാ പണിത എഴരപ്പള്ളികൾ- പാലയൂർ, കൊടുങ്ങല്ലൂർ, കോട്ടക്കാവ്, കൊക്കമംഗലം, നിലയ്ക്കൽ, നിരണം, കൊല്ലം, തിരുവിതാംകോട് (അരപ്പള്ളി) എന്നിവയാകുന്നു. ആദ്യത്തേത് കോട്ടക്കാവ്. തിരുവിതാംകോട് അരപ്പള്ളി സ്ഥാപിച്ചത് തോമാശ്ലീഹായാണ്. അദ്ദേഹം AD-63-ൽ മുട്ടം ഹാർബറിൽ എത്തി. കൂടെ 64 ക്രിസ്തീയ കുടുംബങ്ങളും ഉണ്ടായിരുന്നു.
അവിടെയെത്താനുള്ള സാഹചര്യം എന്തായിരുന്നു?
മൈലാപ്പൂർ ചോളന്മാരുടെ അധീനതയിലായിരുന്നു. തോമാശ്ലീഹാ മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനിയാക്കിയ ചെട്ടി വിഭാഗത്തിൽ പെട്ട ഒരു സംഘം വണിക്കുകൾ പ്രാദേശിക ഭരണകർത്താക്കളുടെ മതപീഡനത്തിന് ഇരയായി. അതിനാൽ, തോമാശ്ലീഹാ അവരെയും കൂട്ടി ആരുവാമൊഴി ചുരം കടന്നു. പിന്നെ, അഭയം തേടിയത് കിഴക്കൻ ചേരസാമ്രാജ്യത്തിലെ തക്കല എന്ന സ്ഥലത്തായിരുന്നു. തെർക്കു എന്നാൽ തെക്ക്, ഇല്ലെയ് എന്നാൽ അതിര്.
തക്കലയുടെ രണ്ടു കിലോമീറ്റർ പടിഞ്ഞാറു പോയാൽ തിരുവിതാംകോട്. അവിടെയെത്തി അഭയം ചോദിച്ചപ്പോൾ ആയ് വംശമായിരുന്നു അവിടം ഭരിച്ചിരുന്നത്. ചേരരാജാവ് ഉതിയൻ നെടുംചേരലത്തന്‍ അപ്പോഴത്തെ രാജാവ്. അദ്ദേഹത്തിന്റെ മകന്‍ ആയിരുന്നു സെന്‍ഗുട്ടുവന്‍. ഗുജറാത്തി വണിക്കുകൾ തുറമുഖം സംരക്ഷിക്കാൻ കൊണ്ടുവന്ന ഗുജറാത്തി യാദവ പടയാളികളാണ് ആയ്കൾ എന്നും അതല്ല, തദ്ദേശീയമായി രൂപം കൊണ്ട നാടുവാഴി സ്വരൂപമെന്നും കരുതപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ സാമന്തന്മായിരുന്നു ആയ് വംശമെന്നും അനുമാനിക്കുന്നു.
രാജാവായിരുന്ന ഉതിയന്‍ നെടുംചേരലത്തന്‍ പള്ളി പണിയാന്‍ സ്ഥലം കൊടുത്തു. തോമ്മാശ്ലീഹാ AD- 63-ൽ പത്മനാഭപുരം കൊട്ടാരത്തിനു സമീപം പള്ളി പണിതു . മാത്രമല്ല, പള്ളിയുടെ വടക്കുവശത്ത് 64 കുടുംബങ്ങൾക്കും താമസിക്കാൻ അനുവാദവും കിട്ടി. അവർ തരിസാ ചെട്ടികൾ എന്നറിയപ്പെട്ടു. തരിസാ എന്നാൽ വചനം നേരേയാക്കപ്പെട്ടവൻ (ഓർത്തഡോക്സ്) എന്നാണ് അര്‍ഥം.
മൻ മെഹ കുടുംബത്തിൽ നിന്നാണ് ആദ്യത്തെ പുരോഹിതർ അരപ്പള്ളിയിൽ ഉണ്ടാവുന്നത് -സാന്തമാൻ മേഹ യാക്കോബ്, സാന്തമാൻ അസ്ത്രിയാസ് കരിഷ എന്നിവർ. ഈ രണ്ടു വൈദികരുടെ ബന്ധുക്കൾക്ക് ഉദയ സാന്തോർ രാജാവ് 'വീര രാഘവ പട്ടയം' അനുവദിച്ചു കൊടുത്തു. പിന്നീട് അവർ താമസിച്ച ആ സ്ഥലം -'ഗാർഡൻ ഓഫ് സെന്റ് തോമസ്' എന്നറിയപ്പെട്ടു.
രാജാവ് എന്ന വാക്കിന്റെ തമിഴ് പദം അരസൻ അങ്ങനെ അരസൻപള്ളിയെന്ന് പേർ കിട്ടി. അത് കാലക്രമേണ ലോപിച്ച് രാജാവിന്റെ പള്ളി എന്നർഥമുള്ള അരപ്പള്ളി എന്നറിയപ്പെട്ടു. അരമന രാജാവിന്റെ വാസസ്ഥലം, അരയാൽ രാജ വൃക്ഷം, അരയന്നം രാജപക്ഷി, അതിനാൽ അരപ്പള്ളിയെന്നാൽ പകുതിപ്പള്ളിയെന്നല്ല.
തിരുവിതാംകോടിൽ ആദ്യം ജ്ഞാനസ്നാനം സ്വീകരിച്ചത് ഉദയഗിരി കുടുംബത്തിലെ അമലഗിരി അമ്മൻ ആയതിനാൽ പള്ളിയെ ചേരരാജാവായിരുന്ന ഉത്തിയൻ ചേരലത്തന്‍ 'അമലഗിരി പള്ളി' എന്ന് വിളിച്ചതിനാൽ അങ്ങനെയും വിളിപ്പേരുണ്ട്. എന്നാൽ, പ്രദേശവാസികൾ 'തോമയാർകോവിൽ' എന്നാണ് അരപ്പള്ളിയെ വിളിക്കുന്നത്.
മാർതോമാശ്ലീഹാ സ്ഥാപിച്ച പള്ളികളെല്ലാം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ളവയാണ്. അതിനാൽ, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് എന്നായിരുന്നു അരപ്പള്ളിയുടെ ആധുനിക ഔദ്യോഗിക നാമധേയം. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ (കതോലിക്കേറ്റ് ഓഫ് ഈസ്റ്റ്) നേരിട്ടുള്ള ഭരണത്തിൻ കീഴിലാണ്. പിന്നീട്, അരപ്പളളിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഡിസംബര്‍ 16, 2007-ൽ മലങ്കര മെത്രാപ്പോലീത്ത ബസേലിയോസ് മാർ തോമ്മാ ദിദിമോസ്-I അരപ്പള്ളിയെ 'ഇന്റർനാഷണൽ സെന്റ് തോമസ് പിൽഗ്രിം സെന്റർ' എന്നു പുനർനാമകരണം ചെയ്തു.
ലോകത്തുള്ള പ്രവർത്തിക്കുന്ന പള്ളികളിൽ ഏറ്റവും പഴക്കമേറിയ പള്ളി ഘടനയാണ് അരപ്പള്ളിക്കുള്ളത്. തോമാശ്ലീഹാ പണിത അരപ്പള്ളിക്ക് ഒരടി വീതിയുള്ള ഗ്രാനൈറ്റ് കല്ലുകൊണ്ട് അഞ്ചരയടി നീളവും 18 അടി വീതിയുമായിരുന്നു. അത്, ഒരിക്കലും പുനർനിർമ്മാണം നടത്തിയിട്ടില്ല. പിന്നീട്, പതിനേഴാം നൂറ്റാണ്ടിൽ മൂന്നു ഭാഗങ്ങൾ കൂടി അതിനോടു ചേർത്തു. ഇരുപതാം നൂറ്റാണ്ടിൽ പ്രവേശന കവാടവും നിർമ്മിച്ചു.
പഴമയുടെ പള്ളി
തിരുവിതാംകോടിനടുത്തുള്ള തിരുനായനാർകുറിച്ചിയിൽ കവിയും ചിന്തകനുമായ തിരുവള്ളുവരുടെ വലിയ പ്രതിമ കാണാം. അദ്ദേഹം മധുരയിൽ വച്ച് തിരുക്കുറൾ എന്ന തമിഴ് ഇതിഹാസം രചിച്ചു. പിന്നീട്, ജന്മസ്ഥലമായ തിരുനായനാർകുറിച്ചിയിൽ വച്ച് വിശുദ്ധ തോമാശ്ലീഹായുടെ ശിഷ്യനായി മൈലാപ്പൂരിലേക്ക് പോയി.
AD 300-600 കാലത്ത് ഹൊയ്സാല രാജാക്കന്മാർ അരപ്പള്ളി ആക്രമിച്ച് ക്രിസ്തീയ എഴുത്തുകൾ നശിപ്പിച്ചു. നിർബന്ധിച്ച് ജൈനിസം, ബുദ്ധിസം എന്നിവയിലേക്കു ക്രിസ്ത്യാനികളെ മതപരിവർത്തനം നടത്തി.
പത്തൊന്‍പതാം നൂറ്റാണ്ടിൽ കോളറാ പടർന്നു പിടിച്ചപ്പോൾ തിരുവിതാംകോട്ടു നിവാസികൾ തിരുവനന്തപുരം, കൊല്ലം, കാർത്തികപ്പളളി, കായംകുളം എന്നിവിടങ്ങളിൽ അഭയം പ്രാപിച്ചു. അവരെ മറ്റുള്ളവർ തിരുവിതാംകോദർ എന്നു വിളിച്ചിരുന്നു. എന്നാൽ, രണ്ടു ക്രിസ്തീയ കുടുംബങ്ങൾ പോകാതെ അവശേഷിച്ചു. എങ്കിലും അവർക്ക് അരപ്പള്ളിയിലെ കർമങ്ങൾ ചെയ്യാൻ സാധിക്കാതെ പള്ളി അനാഥമായി. ഒരു വൻ ആൽമരം പള്ളിയുടെ മേൽക്കൂരയ്ക്കു മുകളിൽ വളർന്നു വന്ന ഫോട്ടോ പള്ളിയുടെ മ്യൂസിയത്തില്‍ ലഭ്യമാണ്.
കെ.കെ.കുരുവിളയുടെ നേതൃത്വത്തിൽ 1927-28-ൽ അരപ്പള്ളിയുടെ പുനരുദ്ധാരണം നടന്നെങ്കിലും കരിങ്കൽമേൽക്കൂരയും എഴുത്തുകളും നന്നായി സംരക്ഷിക്കാൻ സാധിച്ചില്ല. പിന്നീട്, 1941-ൽ ജസ്റ്റിസ് കെ.കെ. ലൂകാസ് സ്ഥലം തിരിച്ചുപിടിക്കാൻ പ്രയത്നിച്ചു. റവ.വർഗീസ് റമ്പാനാണ് ഇപ്പോൾ കാണുന്ന വിധം പള്ളി പണിതത്. മുമ്പിലായി കാണുന്ന താഴെ നിരയിലുള്ള ഭാഗം പുതുതായി കൂട്ടിച്ചേർത്തു പണിതതാണ്.
പള്ളിയുടെ ഭിത്തിയിൽ പഴയ കൊട്ടാരങ്ങളിൽ കാണും വിധം പാരറ്റ് എൻട്രൻസ് ഉണ്ട്. അതിന് തടികൊണ്ടുള്ള ഷട്ടറും ഉണ്ട്. ഇത് മദ്ബഹായിലെ വിളക്കുകൾക്ക് കത്താനുള്ള ഓക്സിജൻ കിട്ടാൻ വേണ്ടിയാണ്. പള്ളിമുറ്റത്ത് കുഴൽ പോലെയുള്ള കിണർ തോമാശ്ലീഹാ പണിതതാണെന്ന് വിശ്വസിക്കപ്പെടുന്നു.
യഹൂദ പാരമ്പര്യത്തിൽ, പുരോഹിതന് കാൽ കഴുകാൻ വേണ്ടി വെള്ളം ശേഖരിക്കുന്ന കൽത്തൊട്ടി ഇവിടെ കാണാം. ഇപ്പോഴും ഇവിടത്തെ പ്രദേശങ്ങളിലെ വീടുകളിൽ ആചാരത്തിനായി അതിഥികൾ വരുന്ന സമയത്ത് കാൽ കഴുകി സ്വീകരിക്കുന്ന പതിവുണ്ട്. പരമ്പരാഗതമായി ഈ ആചാരത്തെ ആസനം എന്നാണ് അറിയപ്പെട്ടിരുന്നത്. കാൽവിരലുകളിലാണ് ശിരോനാഡികളുടെ അഗ്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ കാൽ തണുപ്പിച്ചാൽ തലയും തണുത്ത് മനസ്സിന് ഏകാഗ്രതയും ശാന്തതയും അനുഭവപ്പെടും.
പണ്ടു
കാലങ്ങളിൽ,
ഭാരതത്തിലെ
പള്ളികളിൽ ഇരുന്നാണ് കുർബാനയിൽ
പങ്കെടുത്തിരുന്നതെന്ന്
തെളിവുകള്‍
ഉണ്ട്.
ഇതിനു
ഭാരതത്തിലെ യോഗയുമായി
ബന്ധമുണ്ടായിരിക്കണം.
ഇരുന്നുള്ള
ധ്യാനാസനങ്ങളായ വജ്രാസനം,
പത്മാസനം,
സിദ്ധാസനം
എന്നിവയൊക്കെ മനശ്ശക്തിയും
ഏകാഗ്രതയും കൂട്ടുന്നവയാണ്.
റോമൻചക്രവർത്തി
കോൺസ്റ്റാന്റിയൂസ് സുവിശേഷ
പ്രചാരണത്തിനായി അയച്ചവരിലെ
പ്രധാനിയായ തെയോഫിലോസ്
ഭാരതത്തിലെ പള്ളികളിൽ കുർബാന
സമയത്ത് ഇരിക്കുന്നത് തെറ്റായ
പ്രവണതയെന്ന് പ്രസ്താവിച്ചിട്ടുണ്ട്.
അതിനര്‍ത്ഥം,
അങ്ങനെ
ഒരു സമ്പ്രദായം അക്കാലത്ത്
ഉണ്ടായിരുന്നു എന്നാണല്ലോ.
1941-ൽ പണി കഴിച്ച പ്രവേശന കവാടമായ കല്ലിൽ പ്രാദേശിക പുരാതന കലകൾ കൊത്തിയിട്ടുണ്ട്. പള്ളിയിലെ വിളക്കുകൾ ഒരിക്കലും അണയ്ക്കാറില്ല. അതുപോലെ പള്ളി എല്ലാ ദിവസവും എല്ലാ നേരവും തുറന്നിരിക്കുന്ന പ്രത്യേകതയും അരപ്പള്ളിയുടെ സവിശേഷതയാകുന്നു.
ഒന്നാമത്തെ
കവാടത്തിന് ഇടത്തും വലത്തുമായി
തോമാശ്ലീഹായുടെയും മാതാവിന്റെയും
കരിങ്കല്ലിൽ തീർത്ത രൂപങ്ങൾ
കാണാം.
പള്ളിക്കുള്ളിൽ
ജ്ഞാനസ്നാനത്തിനുള്ള ജലം
നിറയ്ക്കുന്ന കരിങ്കൽ തൊട്ടിയും
കാണാം.
കൂടാതെ,
ഗ്രാനൈറ്റ്
തൂണുകൾ 2
അടി
വീതിയും 8
അടി
പൊക്കവും
തടികൊണ്ടുള്ള
ചെറിയ ജനാലകളും ഉണ്ട്.
റമ്പാച്ചന്
40
ദിവസത്തെ
നോമ്പും ഉപവാസത്തിനുമായി
തടിയിൽ തീർത്ത ചെറുവീടുണ്ട്.
അതിനുള്ളിൽ
അവസാനമായി താമസിച്ചത് റവ.കെ.വി.
ഗീവർഗീസ്
റമ്പാനാണ്.
പള്ളിയുടെ ഇടതു വലതു പ്രവേശന കവാടങ്ങൾ പൊക്കം കുറഞ്ഞവയാണ്. രണ്ടേമുക്കാൽ അടി വീതിയും അഞ്ചരയടി പൊക്കവും. അതിനാൽ പള്ളിക്കുള്ളിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും തല കുനിച്ച് മനുഷ്യന്റെ അഹങ്കാരം കളയാനുള്ള പഴമയുടെ അറിവായിരുന്നു അത്. അന്നുണ്ടായിരുന്ന അമ്പലങ്ങളുടെയും വീടുകളുടെയും വാതിലുകള്‍ ഉയരം കുറഞ്ഞവയായിരുന്നു.
തോമാശ്ലീഹാ കരിങ്കല്ലിൽ കൊത്തിയ ഒരു കുരിശ് മദ്ബഹായുടെ ചുമരിൽ കാണാം. ഒരു പളളിയാണെന്നുള്ള തെളിവായി സൂചിപ്പിക്കുന്ന കുരിശാണത്. അൾത്താരയും, ജ്ഞാനസ്നാന തൊട്ടിയും വിളക്കുകളും പോർച്ചുഗീസ് മാതൃക വെളിപ്പെടുത്തുന്നു. എന്നാൽ, സോളമൻ രാജാവ് പണികഴിപ്പിച്ച ജറുസലേം പള്ളിയുടെ മദ്ബഹായുടെ നേർ പകുതിയാണ് അരപ്പള്ളിയുടേത്. മേൽക്കൂരയും പഞ്ചലോഹ ധൂപക്കുറ്റിയും ജറുസലേമുമായി സാമ്യം. പീഠത്തിലെ ലിപി ഏതെന്ന് ഇപ്പോഴും അറിയില്ല.
പള്ളിയുടെ മുൻവശത്തേക്കു പിന്നീട് നീട്ടിപ്പിടിച്ച നിർമ്മിതികൾ കേരളീയ ക്ഷേത്രകലയുടെ സ്വാധീനം കാട്ടുന്നു. തടികൊണ്ടുള്ള ചുറ്റുകെട്ട്, കൽ തൂണിലെ എണ്ണവിളക്കു കുഴികൾ, തടികൊണ്ടുള്ള നേർച്ചപ്പെട്ടി, കല്ലുകൊണ്ടുള്ള ഭണ്ഡാരം, കല്ലുകൊണ്ടുള്ള കൊടിമരം.
പള്ളിയങ്കണത്തിൽ സെന്റ്.തോമസ് ഹെറിറ്റേജ് സെന്റർ സ്ഥാപിച്ചത് 31 മാർച്ച് 2011-ന്. അതിൽ, മ്യൂസിയവും ഗവേഷണ കേന്ദ്രവും കോൺഫറൻസ് ഹാളും ഉൾപ്പെടുന്നു. മ്യൂസിയത്തിൽ പഴയ മൈൽക്കുറ്റി, പോർച്ചുഗീസുകാരുടെ സമ്മാനങ്ങൾ, നാണയങ്ങൾ, പതിനഞ്ചാം നൂറ്റാണ്ടിലെ തടിമേശയിൽ വിശുദ്ധ പൗലോസിന്റെയും പത്രോസിന്റെയും ചിത്രങ്ങൾ കൂടാതെ ഫീനിക്സ്, പെലിക്കൻ പക്ഷികളുടെ ചിത്രം കൊത്തിയിട്ടുണ്ട്. വിശുദ്ധന്റെ ഭൗതിക ശരീരം ജൂലൈ 11, 2009ലാണ് അരപ്പള്ളിയിൽ എത്തിയത്.
history of St. Thomas visit, Arappally, Thiruvithamkodu, Kanyakumari, Kerala visit, Knayi Thomman, Christian tradition, monument, oldest church in Asia. evidence. free online reading Malayalam eBooks. Arappalli
Comments