anandam, happiness, self help

 1. ചിരികള്‍ പലതരം

നര്‍മ്മഭാവന പുഞ്ചിരിയിലേക്കും ചിരിയിലേക്കും നയിക്കും. അങ്ങനെ ചിരിക്കുന്ന മുഖം ഒരാളുടെ സൗന്ദര്യം ഏറ്റവും കൂടുത‌ല്‍ വെളിപ്പെടുത്തുന്ന ഒന്നായിമാറും. ഫലിതം പറയാനും ആസ്വദിക്കാനും കഴിവുള്ളവര്‍ സന്തോഷത്തിന്റെ വഴിയിലാണെന്നു പറയാം. ചിരിയുടെ വ്യാപ്തി വളരെ വലുതാകയാ‌ല്‍ അത് എപ്പോ‌ള്‍ എവിടെവച്ചും പൊട്ടിപ്പുറപ്പെടാം. തെളിഞ്ഞ മനസ്സിന്റെ പ്രതിഫലനം മുഖത്തുള്ള പുഞ്ചിരിയായി മാറുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രതിഭാസം മാത്രം. ഒരു ശിശുവിന്റെ നിര്‍മലമായ ചിരി ഏതു ശിലയും അലിയിക്കാ‌ന്‍ പോന്നവയാണല്ലോ.

ഒരു ശരാശരി മലയാളി എങ്ങനെയൊക്കെ ചിരിക്കുമെന്നു വിചാരിക്കുന്നതുതന്നെ രസകരമായ കാര്യമായിരിക്കും.

കുഞ്ചന്‍ നമ്പ്യാര്‍, ശീവൊള്ളി, വെണ്മണി, സഞ്ജയന്‍, .വി. കൃഷ്ണപിള്ള, വാണക്കുറ്റി, വേളൂ‌‌ര്‍ കൃഷ്ണന്‍കുട്ടി, തോമസ്‌ പാലാ, ടി.എം. വര്‍ഗീസ്‌ എന്നിവരുടെ കൃതികളൊക്കെ മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്‌. കാര്‍ട്ടൂണിസ്റ്റ് ശങ്ക‌ര്‍, ടോംസ്, യേശുദാസ‌ന്‍, അബു എന്നിവരൊക്കെ നമ്മെ ചിരിപ്പിച്ചുചിന്തിപ്പിച്ചവരാണല്ലോ. ആത്മീയതയിലൂടെ ചിരിപ്പിച്ച മാര്‍ ക്രിസോസ്റ്റം, ശ്രീ രവിശങ്ക‌‌ര്‍ എന്നിവരുമുണ്ട്. എന്നാലിന്നു ചിരി കൂടുതലും കയ്യടക്കി വച്ചിരിക്കുന്നത് ടി.വി-മൊബൈല്‍-സോഷ്യല്‍ മീഡിയ-സിനിമാ തമാശകളല്ലേ? പലതരം ചിരിയിലേക്ക്‌ ഒന്നെത്തിനോക്കാം.

ചിലരുടെ ചിരിശബ്ദം കേട്ടാ‌ല്‍ കേള്‍ക്കുന്നവനും ചിരിവരും. കോഴി കൊക്കുന്നതും കുപ്പിയുടെ അടപ്പ് തെറിച്ചതും സോഡാക്കുപ്പി തുറന്നതും ആടുകരഞ്ഞതും പശു അമറിയതും പോലുള്ള പലയിനങ്ങ‌‌ള്‍! ആസ്മാ-ക്ഷയരോഗികളുടെ ഒച്ചയില്ലാത്ത വിസിലടിക്കുന്ന ചിരിയും വേറിട്ട ഒന്നാണ‌്.

അനാഥരുടെ ദയനീയ ചിരിയും ഭ്രാന്തന്റെ പൈശാചിക ചിരിയും രണ്ടു വ്യത്യസ്ത അവസ്ഥകള്‍ നമ്മെ വരച്ചുകാട്ടുന്നു. ഏറ്റവും കൂടുതല്‍ വില്പനയുള്ള ഒന്നാണ‌് പരിഹാസച്ചിരി.

ഓരോ തൊഴിലിനോടും ബന്ധമുള്ള ചിരികളുമുണ്ട്. കള്ളന്റെ കള്ളച്ചിരി, കാമുകന്റെ ശൃംഗാരച്ചിരി, രാഷ്ട്രീയക്കാരന്റെ വെളുക്കെച്ചിരി, ഗുണ്ടയുടെ കൊലച്ചിരി, നാടകത്തിലെ കൃത്രിമച്ചിരി എന്നിവ അവയില്‍ ചിലതുമാത്രം.

പണ്ട്, ഓരോ കൊട്ടാരത്തിലും രാജാവിനെയും സദസ്സിനെയും ചിരിപ്പിക്കാന്‍ കൊട്ടാരവിദൂഷക‌ന്‍ എന്നൊരു തസ്തിക ഉണ്ടായിരുന്നു. അവര്‍, എന്നും എവിടുന്നെങ്കിലും ചിരിക്കാനുള്ള വക തേടിപ്പിടിച്ചു സദസ്സി‌ല്‍ വിളമ്പണം. അല്ലെങ്കി‌‌ല്‍ ‘എട്ടിന്റെ പണി’ കിട്ടും! അതു പണ്ടായിരുന്നെങ്കില്‍, ഇപ്പോ‌‌ള്‍ ഓരോ ആഴ്ചയിലും പുതിയ നമ്പറുകള്‍ക്കായി കോമഡിതാരങ്ങ‌‌ള്‍ ചാനലുകളിലൂടെ ഓടി നടക്കുന്നു, അല്ലെങ്കി‌‌ല്‍ വേറെ ആളുക‌ള്‍ ഗോളടിക്കും. എല്ലാം നന്നായി വിറ്റുപോയതിനാ‌ല്‍  പുതിയ നിലവാരമുള്ള തമാശകള്‍ക്കു വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

മനസ്സില്‍ എന്തു പ്രയാസങ്ങ‌ള്‍ ഉണ്ടെങ്കിലും ചിരിപ്പിക്കുന്ന ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ‌് സര്‍ക്കസ് കോമാളിക‌ള്‍. ചില തുണിക്കടകളിലും മറ്റും സ്വാഗതം ചെയ്യാന്‍ സുന്ദരികളായ പെണ്‍കുട്ടികളെ നിര്‍ത്താറുണ്ട്. അവര്‍ക്ക് ഇരിക്കാ‌‌ന്‍ അനുവാദമില്ല. തലവേദനയുണ്ടെങ്കിലും കാലുവേദന ഉണ്ടെങ്കിലും വയറുവേദനയുണ്ടെങ്കിലും ചുണ്ടി‌ല്‍ ഒരു പുഞ്ചിരി തുന്നിപ്പിടിപ്പിച്ചിരിക്കണം. കാശുള്ളവന്റെ അധികാരച്ചിരിയും ഇല്ലാത്തവന്റെ വിനയച്ചിരിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ‌്.

മരണശിക്ഷയുടെ നേരത്തും നേരമ്പോക്കു പറഞ്ഞു ചിരിച്ച ആളായിരുന്നു സോക്രട്ടീസ്! കണ്ടുപിടിത്തത്തിനിടയി‌‌ല്‍ കെപ്ലെര്‍, ആര്‍ക്കിമിഡീസ് എന്നിവരൊക്കെ തുള്ളിച്ചാടി ചിരിച്ചവരെന്നു ചരിത്രം. അങ്ങനെ വ്യത്യസ്തത പുലര്‍ത്തുന്നവരുമുണ്ട്. ഒരിക്ക‌‌ല്‍ വിചിത്രമായ ഒരു സമരമുറ കര്‍ണാടകയി‌‌ല്‍ നടന്നു. ബംഗാരപ്പ മുഖ്യമ(ന്തിയായിരിക്കെ, ഒരു കര്‍ഷക സംഘടന തുടര്‍ച്ചയായി ഉച്ചഭാഷിണിയിലൂടെ സമരച്ചിരി മുഴക്കിക്കൊണ്ടായിരുന്നു പ്രതിഷേധിച്ചത്! ഡാവിഞ്ചി വരച്ച മൊണാലിസയുടെ ദുര്‍ഗ്രഹമായ ചിരി പഠനത്തിനുവരെ വിഷയമായിരിക്കുന്നു.

ഒരിക്ക‌ല്‍, ചാള്‍സ് ലാംബിന്റെ നാടകം സിനിമയാക്കിയപ്പോ‌ള്‍ ഒരുദിനം മാത്രമേ തീയറ്ററി‌ല്‍ പ്രദര്‍ശിപ്പിച്ചുള്ളൂ. തികഞ്ഞ പരാജയമായിരുന്നു. ആ ചിത്രം കണ്ടു കൂകിച്ചിരിച്ചവരി‌ല്‍ അദ്ദേഹവും ഉണ്ടായിരുന്നു. അതിന്റെ കഥാകൃത്ത് താനാണെന്ന് മനസ്സിലാകാതിരിക്കാന്‍ കണ്ടുപിടിച്ച സൂത്രം.

അതേസമയം, കോട്ടയത്തെ ഒരു തീയറ്ററി‌ല്‍ രണ്ടുതരം സീറ്റുക‌ള്‍- കൂടിയ ടിക്കറ്റുനിരക്കുള്ളതു പിറകിലും മുന്‍പിലുള്ള സീറ്റുകള്‍ കുറഞ്ഞ നിരക്കുള്ളതും. ഏറ്റവും വലിയ രസമെന്തെന്നു വച്ചാല്‍, സിനിമയിലെ തമാശകളൊക്കെ വരുമ്പോള്‍ മുന്നിലുള്ള സാധാരണക്കാരു മാത്രം ചിരിക്കും. പിറകിലുള്ളവര്‍ക്ക് ചിരി വരാഞ്ഞിട്ടല്ല, വളരെ വിഷമിച്ചു ചിരിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നു. കാരണം ഞങ്ങള്‍ മുന്നിലുള്ളവരെപ്പോലെ ചിരിച്ചാ‌‌ല്‍ പിന്നെ അവരും ഞങ്ങളും തമ്മിലെന്തു വ്യത്യാസം? സംശയിക്കേണ്ട, പൊങ്ങച്ചത്തിന്റെ ലോക തലസ്ഥാനം കേരളമാണ‌്!

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ നര്‍മം പുരട്ടിയ വാക്കുകളിലൂടെ ലളിതമായി തരണം ചെയ‌്‌ത രണ്ടു സിനിമാതാരങ്ങളെ നോക്കുക; ഗിന്നസ് പക്രു, ഇന്നസന്റ് എന്നിവ‌ര്‍ അവരുടെ അമളികള്‍ വരെ തമാശയായി ജനങ്ങളുടെ മുന്നി‌ല്‍ അവതരിപ്പിക്കും. ക്യാന്‍സ‌‌ര്‍ രോഗം ബാധിച്ച ഇന്നസന്റിന്റെ നര്‍മബോധവും ശുഭാപ്തി വിശ്വാസവും രോഗത്തെ തരണം ചെയ്യാന്‍ സഹായിച്ചു. ഗിന്നസ് പക്രുവും ന്യൂനതകളെ ചിരിച്ചുതള്ളുന്നു. എന്നാല്‍, മറ്റൊരു നട‌ന് അസുഖം വന്നിട്ട് ഒളിച്ചോടി നടന്നു. എല്ലാവരും അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞുകളിയാക്കി എന്നൊക്കെ വിചാരിച്ച് അദ്ദേഹം രോഗതീവ്രത കൂട്ടുകയാണുണ്ടായത്. ഇപ്പോഴും ഭേദമായ രോഗം മറച്ചുപിടിച്ച് അമര്‍ഷം കൊണ്ട് നടക്കുന്നു. മലയാള സിനിമ‌യ‌്ക്കു വിലപ്പെട്ട സംഭാവനക‌ള്‍ നല്‍കിയ അദ്ദേഹം ഒരിക്കലും ചെറുതാകാ‌ന്‍ പോകുന്നില്ല എന്ന സത്യം മനസ്സിലാക്കാതെ പോയി. എല്ലാവരെയും തൃപ്തിപ്പെടുത്തി ആര്‍ക്കും ജീവിക്കാ‌ന്‍ പറ്റില്ല കാരണം അമ്മയെ തല്ലിയാലും രണ്ടുണ്ടു പക്ഷംഎന്നാണല്ലോ.

അസ്ഥാനത്തുള്ള ചിരി ആപത്താണ‌്. സ്ഥലജലവിഭ്രമത്തി‌‌ല്‍ പെട്ട ദുര്യോധനനെ പാഞ്ചാലി കളിയാക്കി ചിരിച്ചതാണ‌ു മഹാഭാരത യുദ്ധത്തിനുള്ള ഒരു കാരണം. സൗഹൃദച്ചിരിക‌ള്‍ കൂട്ടുകാരെ സൃഷ്ടിക്കുമ്പോള്‍ പരിഹാസച്ചിരിക‌ള്‍ കൂട്ടുക‌ള്‍ നശിപ്പിക്കും. ആരോഗ്യത്തി‌‌ല്‍ ചിരിക്കുള്ള പങ്ക് കണക്കിലെടുത്ത് ലാഫിംഗ് ക്ലബ്ബ്, ചിരിയരങ്ങ്, ഹാസയോഗ എന്നിവയൊക്കെ ഉള്ളതു നല്ലതായിരിക്കും. കണ്ണാടിയി‌ല്‍ നോക്കി ചിരി പരിശീലിക്കുന്നവരുമുണ്ട്.

മഹത്തായ വചനങ്ങള്‍:

ചിരിക്കൂ, ലോകം മുഴുവന്‍ നിങ്ങള‌ൊത്തു ചിരിക്കും. കരയൂ, നിങ്ങള്‍ തനിച്ചു കരയേണ്ടി വരും” (വില്‍കോക്സ്)

ചിരിക്കുന്നതിനെക്കാള്‍ ഏറെ ശ്രദ്ധേയമായി ആളുകളുടെ സ്വഭാവത്തില്‍ മറ്റൊന്നില്ല” (ഗേഥെ)

സന്തോഷമില്ലാത്ത മനുഷ്യന്‍ ജീവിക്കുന്നില്ല, അവനെ മൃതനായി പരിഗണിക്കാം” (സോഫോക്ലിസ്)

പ്രവര്‍ത്തിക്കാ‌ന്‍:

പുഞ്ചിരിക്കുന്ന മുഖം നിങ്ങളുടെ നല്ല അവസ്ഥയെ സൂചിപ്പിക്കുന്നു, മനസ്സിന്റെ കണ്ണാടിപോലെ. നര്‍മം ആസ്വദിക്കുന്നതും പങ്കിടുന്നതും പ്രശ്നങ്ങളെ ലളിതമായി നേരിടാനുള്ള പ്രാപ്തി നല്‍കും. ആയുസ്സു വര്‍ധിപ്പിക്കുന്ന ഒന്നാണ‌ു ചിരിമരുന്ന്.

2. സംതൃപ്തിയും മനസ്സുഖവും

വീരകേശു എന്ന രാജാവ് സില്‍ബാരിപുരംരാജ്യം ഭരിച്ചു വന്നിരുന്ന കാലം. രത്നക്കല്ലുകളുടെ വ്യാപാരത്തിലൂടെ അദ്ദേഹം വളരെയധികം പണം സമ്പാദിച്ചു. എല്ലാ ദിവസവും ഖജനാവിലെ രത്നശേഖരം കാണുന്നത് അദ്ദേഹത്തിനു ഹരമായിരുന്നു. എങ്കിലും, ഇനിയും വിശേഷപ്പെട്ട മരതകവും മാണിക്യവും പുഷ്യരാഗവും കോസലപുരത്തെ രാജാവിന്റെ പക്കല്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തിനു സന്തോഷമൊക്കെ പോയി.

പിന്നെ, കൊട്ടാരം മോടിപിടിപ്പിക്കുന്നതിലായി ശ്രദ്ധ. ഒരുപാടു പണം വാരിയെറിഞ്ഞ് ഗംഭീരമാക്കി. എന്നും രാവിലെ അതിന്റെ ഭംഗി ആസ്വദിക്കുന്നതിലായി സന്തോഷം. എന്നാല്‍, ചിത്തിരപുരംകൊട്ടാരം ഇതിലും മനോഹരമെന്നു കേട്ടപ്പോള്‍ അതും നിര്‍ത്തി.

ഏറ്റവും വലിയ കൊട്ടാര ഉദ്യാനം ഉണ്ടാക്കുന്നതിലായി പിന്നീടുള്ള കമ്പം. എങ്കിലും, കാര്‍ത്തികപുരംരാജ്യത്ത് ഇതിലും വലുതുണ്ടെന്നു വിവരം കിട്ടിയപ്പോള്‍ അവിടേക്കും നോക്കാതായി.

രാജ്യപ്രതാപം വിളിച്ചോതുന്ന ലോകത്തിലെ ഏറ്റവും വലിയ ഗോപുരം ഒരു വര്‍ഷം കൊണ്ട് പണിതു. അതിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്കു നോക്കി അഭിമാനം കൊണ്ടു. എന്നാല്‍, കേശവപുരംരാജ്യത്ത് ഇതിലും ഉയരമുള്ള ഗോപുരം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതും രാജാവിനു തൃപ്തി നല്‍കിയില്ല.

രാജ്യത്തെ ഏറ്റവും സുന്ദരിമാരായ പത്തു യുവതികളെ രാജാവ് വിവാഹം ചെയ്തു. കുറച്ചുനാള്‍ സന്തോഷത്തോടെ കഴിഞ്ഞു. പക്ഷേ, രാജമാണിക്യപുരംകൊട്ടാരത്തിലെ രാജാവിന് അതിസുന്ദരികളായ നൂറു ഭാര്യമാര്‍ ഉണ്ടെന്നു കേട്ടപ്പോള്‍ സന്തോഷമൊക്കെ പോയി. ഇങ്ങനെ പലതും രാജാവ് ചെയ്തുകൂട്ടിയിട്ടും ഒന്നിലും സംതൃപ്തി കിട്ടാതെ നിരാശനായി.

ഒരുദിവസം, വൈകുന്നേരം കൊട്ടാരത്തിന്റെ കിഴക്ക് മാളികയിലൂടെ രാജാവ് ഉലാത്തുമ്പോള്‍ താഴെ രാജപാതയുടെ അപ്പുറത്ത് ഒരു കാഴ്ച കണ്ട് അവിടേക്കു ശ്രദ്ധിച്ചു- ഒരാള്‍ പാട്ടുപാടി ആനന്ദത്തോടെ ചെരുപ്പു തുന്നുകയാണ്.

രാജാവ് ഉടന്‍തന്നെ വിദൂഷകനെ വിളിച്ചുവരുത്തി അതു കാണിച്ചിട്ടു ചോദിച്ചു-

"അവന്റെ മുഖത്ത് ഒന്നിനെക്കുറിച്ചും ആവലാതിയില്ലല്ലോ. ജോലി നന്നായി ചെയ്യുന്നുമുണ്ട്. ആ കുടിലില്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ല. എന്നിട്ടും അയാള്‍ക്ക് സന്തോഷം ഉണ്ടല്ലോ. എനിക്ക്, എല്ലാം ഉണ്ടായിട്ടും അവന്റെ സംതൃപ്തിയും സുഖവും തോന്നുന്നില്ല. എന്താണു വിദൂഷകന്റെ അഭിപ്രായം?”

മഹാരാജന്‍, അവന് ആകുലപ്പെടാന്‍ ഒന്നുമില്ല. സമ്പത്ത് ഇല്ലാത്തതിനാല്‍ ഒന്നും പുതുതായി മനസ്സു പുണ്ണാക്കി ആശിക്കാനും ചെയ്യാനുമില്ല. ദിവസവും ഒരേ പണി ചെയ്യുന്നു. അതിന്റെ കൂലികൊണ്ട് ഭക്ഷിക്കുന്നു. അവന്റെ ലോകം വളരെ ചെറുതാണ്. അങ്ങ്, അതുപോലെയല്ലല്ലോ"

പക്ഷേ, രാജാവ് ഇതിനോട് വിയോജിച്ചു. അപ്പോള്‍ വിദൂഷകന്‍ പറഞ്ഞു-

അങ്ങ്, എനിക്ക് 49 സ്വര്‍ണ നാണയം തന്നാലും. പക്ഷേ, കിഴിയുടെ പുറത്ത് '50 സ്വര്‍ണനാണയം' എന്നെഴുതിയിരിക്കണം. അങ്ങനെയെങ്കില്‍, ഞാന്‍ ഇതു തെളിയിച്ചു തരാം, പ്രഭോ"

രാജാവ്‌ അപ്രകാരം ചെയ്ത് കിഴി സമ്മാനിച്ചു. വിദൂഷകന്‍ അത് രാജാവിന്റെ സമ്മാനമായി ചെരുപ്പുകുത്തിയെ ഏല്പിച്ചു. അതിനുശേഷം, രാജാവും വിദൂഷകനും അയാളെ രഹസ്യമായി നിരീക്ഷിച്ചു-

രാജാവ് കൊടുത്തുവിട്ട സമ്മാനം നോക്കി ചെരുപ്പുകുത്തി ആദ്യം സന്തോഷം കൊണ്ട് കുത്തിമറിഞ്ഞു. ഭാര്യയും മക്കളും അതില്‍ പങ്കുചേര്‍ന്നു. 50 സ്വര്‍ണ നാണയംകൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. കുടിലില്‍നിന്നും താമസം മാറണം...സ്വര്‍ണമാലയും പട്ടുചേലയും വാങ്ങണം... ചെരുപ്പുകട തുടങ്ങണം...എന്നിങ്ങനെ പലതും ചെയ്യാന്‍ വെപ്രാളമായി.

പക്ഷേ, കിഴി തുറന്ന് എണ്ണിനോക്കിയപ്പോള്‍ ഒരു നാണയം നഷ്ടപ്പെട്ടിരിക്കുന്നു! അയാള്‍ വീണ്ടും വീണ്ടും എണ്ണിനോക്കി. 49 മാത്രം. അതോടെ അവരുടെ സന്തോഷമൊക്കെ പോയി. മക്കളോ ഭാര്യയോ മോഷ്ടിച്ചിരിക്കുമെന്നു വിചാരിച്ചു ചെരുപ്പുകുത്തി കോപാകുലനായി. അയാള്‍ എല്ലായിടവും അരിച്ചുപെറുക്കിയിട്ടും കിട്ടാതെ വന്നപ്പോള്‍ ചുണ്ടിലെ പാട്ടിനു പകരം ആക്രോശവും ശാപവാക്കുകളും ഉരുവിട്ടുകൊണ്ടിരുന്നു. പണി ചെയ്യാനും ഭക്ഷണം കഴിക്കാനും മറന്നു. വീട് പട്ടിണിയിലായി. അങ്ങനെ, രണ്ടുദിവസം അവരുടെ ജീവിതം നരകതുല്യമായി പിന്നിട്ടപ്പോള്‍ ഭാര്യ സഹികെട്ട് അയാളോടു പറഞ്ഞു-

ചേട്ടാ, ഒരു നാണയമല്ലെ പോയുള്ളൂ. ഉള്ളതുകൊണ്ട് ഓരോന്നും ചെയ്യാന്‍ തുടങ്ങാം"

പ്ഫ...നായീന്റെ മോളേ...പോയത് ഒരു സ്വര്‍ണനാണയമാ...അത് നിന്റെ തന്ത കൊണ്ടുവന്നു തരുമോ?”

അതിനു നിങ്ങളെന്തിനാ എന്നോടു ചീറുന്നത്? പോയി വിദൂഷകനോട് ചോദിക്ക്. അയാള്‍ അടിച്ചുമാറ്റിയതായിരിക്കും"

രാജാവ് അറിഞ്ഞാല്‍ കോപിക്കുമെന്നു പറഞ്ഞ്‌ അയാള്‍ ശമിച്ചു. എങ്കിലും, ആ കുടുംബത്തില്‍ സമ്പത്ത് വന്നപ്പോള്‍ അസംതൃപ്തി മൂലം മനസ്സുഖം പോയത് വിദൂഷകന്‍ രാജാവിനു മനസ്സിലാക്കിക്കൊടുത്തു.

ഈ കഥ സൂചിപ്പിക്കുന്ന പോലെ, അസംതൃപ്തി മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. ഒന്നു കിട്ടിയാല്‍ നൂറു വേണമെന്നും അതു കിട്ടിയാല്‍ ആയിരം വേണമെന്നും ചിന്തിക്കുന്ന അസംതൃപ്തി! അത്, മനസ്സുഖം കളയും. സമ്പത്തിന്‍റെ നടുവിലും ആസക്തികളെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന ജീവിതശൈലി സ്വീകരിക്കുമല്ലോ.

ചെറിയ കാര്യങ്ങളിലും സംതൃപ്തിയോടെയുള്ള മനോനില ശീലിക്കണം. അതേസമയം, വളരാനുള്ള ആഗ്രഹവും ഉയര്‍ച്ചയും എങ്ങനെയാണ് തെറ്റാവുക? പക്ഷേ, അതൊക്കെ നേടുംവരെ നിരാശപ്പെടാതെയുള്ള ജീവിതമതം സ്വീകരിക്കണം. ഓരോ ആളും- തനിക്ക് ഇപ്പോള്‍ ഉള്ളതില്‍ സംതൃപ്തി കണ്ടെത്തി മനസ്സുഖം ആസ്വദിക്കട്ടെ!

3. വിരോധാഭാസങ്ങള്‍

  • മേലോട്ടു നോക്കി നടക്കുന്ന ഓവര്‍സീയര്‍ എന്ന സര്‍ക്കാര്‍ ജോലി!

  • മുഖത്തുനോക്കി നിന്നാല്‍ പൂവാലന്‍!

  • പോസ്റ്റില്‍ കയറുന്നവന്‍ ലൈന്‍മാന്‍!

  • പോസ്റ്റില്‍ കയറാതെ ലെറ്റര്‍ കൊടുക്കുന്നവന്‍ പോസ്റ്റ്‌മാന്‍!

  • മന്ത്രം പഠിച്ചവന്‍ തന്ത്രി!

  • തന്ത്രം പഠിച്ചവന്‍ മന്ത്രി!

  • അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള നൈട്രജനെ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ശ്വസിക്കാന്‍ വേണ്ട!

  • സര്‍ക്കാര്‍ജോലി കിട്ടാന്‍ പ്രായപരിധിയുണ്ട്, എന്നാല്‍, മന്ത്രി ആകാന്‍ പ്രായം പ്രശ്നമല്ല!

  • കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജനും കൂടിയാൽ കിട്ടുന്നത്‌ തീ അണയ്ക്കുന്ന വെള്ളം!

  • നായ്ക്കള്‍ നന്ദിയുള്ളവര്‍ എങ്കിലും നന്ദി ഇല്ലാത്ത മനുഷ്യരെ "നായീന്റെ മോനേ...!” എന്നു ചിലര്‍ വിളിക്കും.

  • മക്കള്‍ നന്നായാല്‍ അത് പാരമ്പര്യഗുണം! ചീത്തയെങ്കില്‍ കൂട്ടുകെട്ടിന്‍റെ ദോഷം!

  • ഏതു ദുഷ്ടനും നല്ലതെന്നു കേള്‍ക്കുന്നത് എപ്പോള്‍? അയാളുടെ ചരമപ്രസംഗത്തില്‍!

  • ഒറ്റ രൂപാ എല്ലാ ദിവസവും ആരാധനാലയങ്ങളില്‍ പോകുമായിരുന്നു, നൂറു രൂപയാകട്ടെ ദിവസവും ബാറിലും ഷാപ്പിലുമൊക്കെ പോയതിനാല്‍ ഒന്നാമന്‍ സ്വര്‍ഗത്തിലും രണ്ടാമന്‍ നരകത്തിലും പോയി.

  • ശശിക്ക് ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം പോലും! അതിനാല്‍, എക്സ്പീരിയൻസ് കിട്ടാൻ അയാള്‍ ജോലിക്കു പോയിത്തുടങ്ങി!

  • പെണ്ണുങ്ങൾക്കു ശ്രീകൃഷ്ണനെ ഇഷ്ടമെങ്കിലും ഭർത്താവിനെ ശ്രീകൃഷ്ണൻ എന്നു വിളിച്ചാല്‍..!

  • പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല!

  • ദാരിദ്ര്യത്തില്‍ പിറന്ന ദൈവങ്ങളെ കൊട്ടാരത്തില്‍ തടവുകാരാക്കിയപ്പോള്‍ എല്ലാവരും അവിടം വിട്ടോടി!

  • പണ്ട്, പ്രീഡിഗ്രി കഴിഞ്ഞു ഉടന്‍ ഡിഗ്രിക്കു ചേര്‍ന്നില്ലെങ്കില്‍ കഴിവുകെട്ടവര്‍!

ഇന്ന്, പ്ലസ്‌ ടൂ കഴിഞ്ഞു കോച്ചിംഗ് പോയില്ലെങ്കില്‍ കഴിവുകെട്ടവര്‍!

4. ആത്മഗതം

  • എന്നും രാവിലെ വലിച്ചെറിയപ്പെടുന്ന സത്യം ആകുന്നു ഞാന്‍ (പത്രം)

  • ക്യാന്‍സറിനുള്ള മരുന്നാക്കിയിട്ടും നിങ്ങളെന്നെ ആക്ഷേപിച്ചു (ശവംനാറി പൂവ്)

  • എനിക്കാണ് ഏറ്റവും കൂടുതല്‍ രഹസ്യങ്ങളും മന്ത്രങ്ങളും അറിയാവുന്നത്. അതിനെ നിങ്ങള്‍ തലയണമന്ത്രം എന്നു വിളിച്ചു (തലയിണ)

  • വേദനിച്ചു കരഞ്ഞാലും കഴുത കാമം കരഞ്ഞു തീര്‍ക്കുകയാണെന്ന് പറയും (കഴുത)

  • ഞാന്‍ ഒന്നു കരഞ്ഞാല്‍ അത് വെറും അഭിനയം എന്ന മുതലക്കണ്ണീര്‍ മാത്രം (മുതല)

  • ഓരോ ആരാധനാലയങ്ങളിലും എന്നെ പല പേരില്‍ വിളിക്കുന്നു (വെള്ളം)

  • തീപിടുത്തത്തെ പേടിയില്ലാത്തത് എനിക്കു മാത്രം. അങ്ങനെയാണ്- തീയില്‍ കുരുത്തത് വെയിലത്തു വാടില്ല (മണ്‍കലം)

  • വീരശൂരപരാക്രമിയെന്നു കാണിക്കാന്‍ എന്നെ ആരും പിരിച്ചു കാട്ടേണ്ട (മീശ)

  • ആത്മീയ കാട്ടാന്‍ എന്നെ ദുരുപയോഗം ചെയ്യല്ലേ (ദീക്ഷ)

  • അമ്മയുടെ കണ്ണു നിറഞ്ഞത് ഏറ്റവും കൂടുതല്‍ കണ്ടത് ഞാനാണ് (അടുക്കള)

  • ഏറ്റവും ഒടുവില്‍ അത്താഴം കഴിക്കുന്നത് ഞാനാണ് (വീട്ടമ്മ )

  • മനുഷ്യരുടെ അത്ര പതപ്പിക്കാൻ എനിക്കറിയില്ല (സോപ്പ്)

  • അടുത്തുള്ളവരുടെ കണ്ണീരു കാണാതെ അകലെയുള്ള എന്നെ കാണാന്‍ തീര്‍ത്ഥാടനമായി വന്നുപോകരുത് (ദൈവം)

  • എലിയെന്നു പേരുണ്ടെങ്കിലും കംപ്യൂട്ടറിന്റെ അടുത്ത് ഞാന്‍ പുലി (മൗസ്)

  • ഞാന്‍ ഗേള്‍ഫ്രണ്ടിനെ വിളിക്കുന്നത് ഓരിയിടല്‍ എന്നു കളിയാക്കരുത് (കുറുക്കന്‍)

  • പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും മുന്‍പില്‍ ഞങ്ങള്‍ രണ്ടു തരമാണ് (നിയമം)

  • മനുഷ്യരുടെ ചോര കുടിച്ച് ഞങ്ങളും ക്രൂരരായി (കൊതുക്)

  • ഒത്തുതീര്‍പ്പും സമവായവും നീക്കുപോക്കും എന്റെ വില കളഞ്ഞു (അവാര്‍ഡ്‌)

  • വളഞ്ഞിട്ട് പച്ചയ്ക്ക് കടിച്ചുകീറാന്‍ ഞങ്ങളെക്കാള്‍ കഴിവ് മനുഷ്യര്‍ക്ക്‌ (ചെന്നായ്ക്കള്‍)

  • കള്ളം എഴുതി ഞാന്‍ മടുത്തു (ആത്മകഥ)

  • ദുഷിച്ച മക്കളുടെ സൃഷ്ടിയുമായി എന്നെ ചേര്‍ത്തു പറയരുത് (വാഴ)

  • ഉറങ്ങുന്നവരെ ഉണര്‍ത്താം. പക്ഷേ, ഉറക്കം നടിക്കുന്നവരെ പറ്റില്ല (ഉറക്കം)

  • നിരപരാധികളെ കെട്ടിയിട്ട് എനിക്കു ഭ്രാന്തു പിടിക്കുന്നു (ചങ്ങല)

  • എന്നെ താലത്തില്‍ വയ്ക്കുന്നവന്‍ പൂജാരി. പക്ഷേ, ചെവിയില്‍ വച്ചാല്‍ ഭ്രാന്തന്‍ (ചെമ്പരത്തി)

  • പ്ലാസ്റ്റിക്‌ കുപ്പികള്‍ കായലില്‍ കൊണ്ടെത്തിക്കുന്ന പണി ഞാന്‍ മടുത്തു(പുഴ)

  • കരിമ്പിന്‍കൃഷി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് നിന്നുതിന്നാന്‍ പാകത്തില്‍ വച്ചുപിടിപ്പിക്കുക. കരിമ്പിന്‍കാട്ടില്‍ കയറിയ ദുഷ്പേര് കേട്ടു മടുത്തു (ആന)

5. മനുഷ്യപ്രകൃതി

സന്ദര്‍ഭങ്ങള്‍ക്കു ചേരുംവിധം മനുഷ്യനെ പ്രകൃതിയിലെ പലതരം സസ്യങ്ങളുടെയും ജന്തുക്കളുടെയും പേരു ചേര്‍ത്ത് വിളിക്കാറുണ്ട്. ചില രസകരമായ പ്രയോഗങ്ങള്‍!

  • നന്ദിയില്ലാത്ത മനുഷ്യനെ- നായീന്റെ മോനെ...”

  • ദേഷ്യം വന്നാല്‍- "എടാ..പട്ടീ...”

  • ബുദ്ധിയില്ലാത്തവനെ - “എടാ, കഴുതേ...”

  • സംസാരം കുറഞ്ഞവരെ - “ഡാ, മൂങ്ങേ...”

  • സ്വഭാവം ശരിയല്ലാത്തവരെ - “എടീ...കോഴീ...”

  • വൃത്തിയില്ലാത്തവരെ - “ഡാ...പന്നീ...”

  • വെറുതെ കിടന്നുറങ്ങുന്ന ആളുകളെ- “എണീക്കടാ പോത്തേ...”

  • പക്വതയില്ലാത്ത പെരുമാറ്റം കാണുമ്പോള്‍ - “കുരങ്ങെ"

  • ഗൗരവമുള്ള മുഖം കണ്ടാല്‍- “അവന്‍ കടുവയാ"

  • ലേശം മിടുക്ക് കൂടുതല്‍ ഉള്ളവരെ- "യെവനാള് പുലിയാ"

  • അഭിപ്രായം തോന്നുംപോലെ മാറ്റിയാല്‍ -”ഓന്തിന്റെ സ്വഭാവമാ"

  • മദ്യം സേവിച്ചു വഴിയില്‍ കിടന്നാല്‍ - “പാമ്പായി കിടക്കുവാ"

  • കാലിനു വണ്ണം കുറഞ്ഞാല്‍ - "കുളക്കോഴീടെ കാലാ"

  • വണ്ണം കൂടിപ്പോയാല്‍- "ശീമപ്പന്നി"

  • തീരെ മെലിഞ്ഞവരെ - “നീര്‍ക്കോലീ... "

  • നിസ്സാര കാര്യത്തിനു കരഞ്ഞാല്‍ - "അവളുടെ ഒരു മുതലക്കണ്ണീര്...”

  • ഏതു നേരവും പുസ്തകം വായിക്കുന്നവള്‍ - “പുസ്തകപ്പുഴു"

  • ഒന്നും ചെയ്യാതെ ബഹളം വയ്ക്കുന്നവര്‍- “വെറുതെ കാള കളിച്ചു നടക്കുവാ"

  • എല്ലാം അലങ്കോലമാക്കുന്നവര്‍- “ആന ചെന്നു കരിമ്പിന്‍കാട്ടില്‍ കയറിയ പോലായി"

  • ഏതു നേരവും ചിലയ്ക്കുന്ന സംസാരം- “കരിയിലപ്പിടയുടെ ചിലപ്പാണവള്‍ക്ക്"

  • വന്‍കിട നിക്ഷേപമുള്ള മുതലാളിമാര്‍- “അവനൊരു വമ്പന്‍ സ്രാവാ"

  • എപ്പോഴും ശല്യമാകുന്ന വര്‍ത്തമാനം - “അവള്‍ ചീവീടാണ് "

  • ഇടയ്ക്കു കയറി ശല്യം ചെയ്യുന്നവന്‍ - “പാഷാണത്തില്‍ കൃമി"

  • എതിരാളി ദുര്‍ബലനെന്നു പ്രഖ്യാപിക്കാന്‍ - “അവന്‍ വെറും കീടം"

  • നല്ല ഭംഗിയുള്ള നടപ്പുള്ളവള്‍ എങ്കില്‍ - “അന്നനടയാണ്"

  • കാണാന്‍ ചേലുള്ള പെണ്ണിനെ - “നല്ല കിളി പോലത്തെ പെണ്ണ്‍"

  • കൂടുതല്‍ വെളുത്ത നിറമുള്ളവളെ - “വെളിരു പോലെ വെളുത്തതാ"

  • ഒരേസമയം പലരെയും പ്രേമിക്കുന്നവള്‍ - “ആളൊരു പഞ്ചവര്‍ണക്കിളിയാണ്"

  • കഴുത്തിനു നീളമുള്ള ആളിനെ - “ജിറാഫ് പോലെ തല നീട്ടും"

Malayalam online free reading for anandam, happiness, self help ebooks digital reading. Satisfaction, self esteem, self confidence.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1