Malayalam Folk Tales Free Online Reading

Digital eBooks conversion to free online reading of folk tales in Malayalam! നാടോടിക്കഥകള്‍ (Nadodi Kathakal)

1.കൈവിരലുകള്‍

സിൽബാരിപുരംരാജ്യം വീരവർമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. രാജാവിന്റെ പുത്രനെ അന്നാട്ടിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം കിട്ടുന്നതിനുവേണ്ടി ഗുരുകുല വിദ്യാഭ്യാസത്തിനായി അയച്ചു. അവന് പതിനഞ്ചു വയസ്സായപ്പോൾ ഗുരുവിന്റെ പക്കൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി തിരികെ കൊട്ടാരത്തിലെത്തി. തന്റെ മകൻ ഒട്ടേറെ വിശിഷ്ട സ്വഭാവ ഗുണങ്ങളും അറിവും ആർജ്ജിച്ചതിൽ രാജാവിന് വളരെയധികം സന്തോഷവും അഭിമാനവും തോന്നി.

ഇതിനു പകരമായി താനെന്താണ് ഗുരുവിനു സമ്മാനിക്കുന്നതെന്നു രാജാവ് ആലോചിച്ചു. ഗുരുദക്ഷിണയ്ക്കായി ഖജനാവ് തുറന്നു പരിശോധിച്ചു. അക്കൂട്ടത്തിലെ ഏറ്റവും വിലപിടിച്ച വജ്രമോതിരംതന്നെ കണ്ടുപിടിച്ച് അതുമായി ഗുരുവിന്റെ ആശ്രമത്തിലേക്കു കുതിരപ്പുറത്ത് യാത്രയായി. അവിടെയെത്തിയ രാജാവിനെ ഗുരുജി ഭക്തിബഹുമാനങ്ങളോടെ സ്വീകരിച്ചു. പരിചാരകർ ഏറ്റവും നല്ല പഴങ്ങളും കാട്ടുതേനും അപൂർവയിനം പച്ചമരുന്നുകളും രാജാവിനു സമ്മാനിച്ചു.

അപ്പോൾ രാജാവു പറഞ്ഞു:

"ഗുരുജീ... എന്റെ രാജ്യത്തെ കുട്ടികൾക്ക് ഏറ്റവും നല്ല ഗുരുകുല വിദ്യാഭ്യാസം ഇവിടെ നൽകുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. അതിനാൽ ഞാൻ നൽകുന്ന ഈ വൈരമോതിരം അങ്ങ് സ്വീകരിച്ചാലും..."

"തീർച്ചയായും പ്രഭോ.. അങ്ങയുടെ ഭരണവും വളരെ ശ്രേഷ്ഠമായ ഒന്നാണല്ലോ. ഞങ്ങൾ പ്രജകളും അങ്ങയോടു കടപ്പെട്ടിരിക്കുന്നു"

ഗുരുജി ബഹുമാനപുരസ്സരം പറഞ്ഞു.

അപ്പോൾ, രാജാവ് മോതിരം ഗുരുവിന്റെ കയ്യിൽ അണിയിച്ചു. താമസിയാതെ രാജാവ് തിരികെ കൊട്ടാരത്തിലേക്കു യാത്രയായി.

മിന്നിത്തിളങ്ങുന്ന വൈരക്കല്ലുകൾ കണ്ട് ഗുരുജി ആശ്ചര്യപ്പെട്ടു. പിന്നീട്, ഗുരുജി പ്രാർത്ഥനകൾക്കായി പൂജാമുറിയിലേക്ക് കയറി ധ്യാനത്തിലാണ്ടു. അദ്ദേഹം അതിന്ദ്രീയ ജ്ഞാനമുള്ള ആളായിരുന്നു. അപ്പോൾ വലതുകയ്യ് തരിച്ചുതുടങ്ങി. ഗുരുജി അകക്കണ്ണു തുറന്ന് വലതുകരത്തോട് വിറയ്ക്കുന്നതിന്റെ കാരണം ചോദിച്ചു.

വലതു കൈ പറഞ്ഞു:

"ഗുരുജീ... ഇത്രയും വിലപിടിച്ച മോതിരം എന്തിനാണ് ഇടതുകരത്തിന് കൊടുത്തത്? അങ്ങേയ്ക്ക് ഭക്ഷണം എടുത്തുതരുന്നത് ഞാനാണല്ലോ. ഇടതു കയ്യാണെങ്കിൽ പ്രഭാത കൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന മോശം കയ്യാണ്! മോതിരം എനിക്ക് അവകാശപ്പെട്ടതാണ്"

ഇതു കേട്ട് ഗുരുജി ശകാരിച്ചു:

"ചോദ്യവും ഉത്തരവും നീ തന്നെ പറഞ്ഞു കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന പ്രാധാന്യം നിനക്കുള്ളതുകൊണ്ടാണ് ഇടതിനെ അവഗണിക്കാതെ മോതിരം കൊടുത്തത്. ആവേശം കാട്ടാതെ അടങ്ങിയിരിക്കൂ..."

വലതുകരം അതോടെ ശാന്തനായി. വീണ്ടും ഗുരുജി ധ്യാനിക്കാൻ തുടങ്ങി. ഇതിനിടയിൽ ഇടതുകയ്യിലെ വിരലുകൾ തമ്മിൽ ഉരസാൻ തുടങ്ങി. അവയുടെ വഴക്കു കയ്യിൽ തരിപ്പുണ്ടാക്കിയപ്പോൾ ഗുരുജി മനക്കണ്ണു തുറന്ന് ചോദിച്ചു:

"എന്താണ് നിങ്ങളുടെ പ്രശ്നം? അമൂല്യമായ മോതിരം കയ്യിൽ കിടക്കുന്നത് കണ്ടില്ലേ?"

അതിനു മറുപടി പറഞ്ഞത് തള്ളവിരലായിരുന്നു-

"ഗുരുജീ എന്നെ നോക്കൂ... മറ്റുള്ള നാലു വിരലിന്റെയും മാതൃസ്ഥാനത്തുള്ള എനിക്കാണ് മോതിരം തരേണ്ടത്. വിജയമുദ്രയായി എന്നെ ആളുകൾ ഉയർത്തിക്കാട്ടും. ധാന്യങ്ങളുടെ തൊണ്ടുകളയാനും എന്റെ ശക്തമായ നഖം വേണം. എന്റെ കഴിവ് കൂടുതലാകയാല്‍ കൈപ്പത്തിയിലെ മറ്റു വിരലുകളില്‍നിന്നും ഞാന്‍ കരുത്തോടെ അകന്നുനില്‍ക്കുന്നു. ആളുകളെല്ലാം എന്നെ തള്ളവിരലെന്നു വിളിക്കുന്നത് ഗുരുജിക്ക് അറിയില്ലെന്നുണ്ടോ?"

അന്നേരം, ചൂണ്ടാണിവിരൽ ഇപ്രകാരം പ്രതികരിച്ചു:

"കുറച്ചു വണ്ണം കൂടുതലുണ്ടെങ്കിലും നീ കുള്ളനാണ്. എന്നെ നോക്കൂ... എവിടെയും ദിശ കാണിക്കുന്ന ചൂണ്ടാണിവിരലാണു ഞാൻ. കളിക്കളങ്ങളിൽ മാത്രമല്ല, ഒന്ന് എന്ന സംഖ്യതന്നെ സൂചിപ്പിക്കാൻ എന്നെ ഉപയോഗിക്കുന്നു. ഖജനാവില്‍നിന്ന് ധാന്യങ്ങള്‍ വാങ്ങിയതിന്റെ അടയാളമായി മഷി പുരട്ടുന്നതും എന്റെ നഖത്തിലാണ്. അതുകൊണ്ട്, എനിക്കാണ് മോതിരം തരേണ്ടത്''

അപ്പോൾ, നടുവിരൽ ഇടപെട്ടു:

"നിങ്ങളുടെ മണ്ടത്തരങ്ങൾ നിർത്തുക. അഞ്ചുവിരലുകളിലേക്കും ഏറ്റവും പൊക്കമേറിയവൻ ഞാൻ തന്നെയാണ്. വിരലുകളുടെ അഭിമാനമാണ് ഞാൻ. ഉയരം കൂടിയ ഗോപുരങ്ങൾ ഉണ്ടാക്കാൻ രാജ്യങ്ങൾ മൽസരിക്കുന്നതു നിങ്ങളാരും കണ്ടിട്ടില്ലേ?"

അപ്പോൾ നാലാമനായ മോതിരവിരൽ പറഞ്ഞു:

"പണ്ടുമുതൽക്കേ മോതിരം ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്. എന്റെ പേര് മോതിരവിരൽ എന്നാണ്!"

ചെറുവിരലായ അഞ്ചാമനാകട്ടെ ഒന്നും മിണ്ടിയില്ല. അതു മനസ്സിലാക്കിയ ഗുരുജി ചെറുവിരലിനോടു ചോദിച്ചു:

"എന്താ നിനക്കൊന്നും പറയാനില്ലേ?"

ചെറുവിരൽ സൗമ്യമായി പറഞ്ഞു:

"എനിക്കു വണ്ണവും പൊക്കവും കുറവാണ്. എന്റെ വിരലിൽ മോതിരമിട്ടാൽ ഊരി നിലത്തു വീഴും"

ഇതുകേട്ട് മറ്റു വിരലുകളിൽനിന്ന് പരിഹാസച്ചിരി ഉയർന്നു. ഗുരുജിക്ക് അത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഭഗവാന്റെ വിഗ്രഹത്തിനു മുന്നിൽ ഭക്തിയോടെ കൈകൾ കൂപ്പി പ്രാർഥിച്ചു. അനന്തരം, അവരോടു ഗുരുജി ചോദിച്ചു:

"ഇപ്പോൾ ആരാണ് മുന്നിൽ നിൽക്കുന്നത്?"

"ഞാനാണ് അങ്ങയുടെ മുന്നിൽ ചേർന്നു നിൽക്കുന്നത്"

അതു പറഞ്ഞത് തള്ളവിരലായിരുന്നു.

"എന്റെ മുന്നിലല്ല. ഭഗവാനു മുന്നിൽ ഒന്നാമൻ ആരാണ്?"

നാലുപേരും മടിച്ചുമടിച്ച് പറഞ്ഞു:

"ചെറുവിരൽ!"

"അങ്ങനെയെങ്കിൽ ഈ മോതിരം അവനാണ് ധരിക്കേണ്ടത്"

എന്നാൽ, ചെറുവിരലിന്റെ മറുപടി ഇങ്ങനെയായിരുന്നു:

"ഗുരുജീ... ഏതു മോതിരമായാലും മോതിരവിരലിൽ കിടക്കുന്നതുതന്നെയാണ് മനോഹര കാഴ്ച. വാലറ്റക്കാരനായതിനാൽ, ഞാൻ മോതിരം ധരിച്ചാൽ അയഞ്ഞ് ഊര്‍ന്നുവീഴും. അല്ലെങ്കില്‍ എവിടെങ്കിലും കൈമുട്ടി അത് ഉരയാനും കാരണമാകും. മറ്റെല്ലാ വിരലുകളിലും മോതിരം നിറഞ്ഞാൽമാത്രം എനിക്കു തന്നാൽ മതിയാകും"

ചെറുവിരലിന്റെ വലിയ വീക്ഷണം കേട്ട് മറ്റുള്ളവർ തല കുനിച്ചു. ഗുരുജി പുഞ്ചിരിയോടെ ചെറുവിരലില്‍ തലോടി.

വാൽക്കഷണം - ഏതു തരത്തിലുള്ള മൽസര രംഗമായാലും അർഹതയില്ലാത്തവർ വളഞ്ഞ വഴിയിലൂടെ വിജയം സ്വന്തമാക്കാതെ സമഭാവന കാത്തുസൂക്ഷിക്കുക. അതുവഴിയായി സ്വയം അഭിമാനിക്കാനും അഭിനന്ദിക്കാനും ബഹുമാനിക്കാനും ഓരോ വ്യക്തിക്കും കഴിയട്ടെ.

2. പാണല്‍ച്ചെടിയുടെ വിഷമം (Folk Tales in Malayalam)

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്തിന്റെ പകുതിയോളം ഭാഗം വനഭൂമിയായിരുന്നു. വീരഭദ്രൻ എന്ന രാജാവായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഒന്നിനും ഒരു കുറവുമില്ലാത്ത രാജ്യം.

എങ്കിലും, രാജാവിനും രാജ്ഞിക്കും ദുഃഖിക്കാൻ ഒരു കാര്യം ഉണ്ടായിരുന്നു- വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും സന്താനഭാഗ്യമില്ല! ഇതിനിടയിൽ പച്ചമരുന്നുചികിൽസകൾ പലതും ചെയ്തപ്പോൾ അവർക്കൊരു കിരീടാവകാശി പിറന്നു.

പിന്നെയും ദുഃഖിക്കാൻ രാജദമ്പതികൾക്ക് ഒരു കാരണമുണ്ടായി- ആ കുഞ്ഞിന്റെ തലയ്ക്ക് ഇടയ്ക്കിടെ ഒരു വിറയൽ! അതിനു വേണ്ടിയും പല തരത്തിലുള്ള ചികിൽസകൾ ചെയ്തെങ്കിലും യാതൊന്നും പ്രയോജനപ്പെട്ടില്ല.

അങ്ങനെയിരിക്കെ, അന്യദേശത്ത് ഒരു മഹാവൈദ്യൻ ഉണ്ടെന്നും അയാൾക്ക് കുഞ്ഞിന്റെ രോഗം ഭേദമാക്കാൻ കഴിയുമെന്നും രാജാവിന് വിവരം ലഭിച്ചു.

രാജാവിന്റെ അഭ്യർഥന മാനിച്ച് അദ്ദേഹം കൊട്ടാരത്തിൽ എത്തിച്ചേർന്നു. വൈദ്യൻ കുഞ്ഞിനെ നന്നായി പരിശോധിച്ചു.

എന്നിട്ട്, തന്റെ കൈവശമുണ്ടായിരുന്ന താളിയോല ഗ്രന്ഥങ്ങൾ മറിച്ചു നോക്കിയിട്ട് പറഞ്ഞു:

"ഓരോന്നായി പലതരം ചികിൽസകൾ പരീക്ഷിക്കേണ്ടി വരും. ഏതാണ് കുഞ്ഞിന് ഫലിക്കുകയെന്ന് മുൻകൂട്ടി പറയാനാകില്ല. ആദ്യമായി കുമാരനു മണചികിത്സ ഞാൻ പ്രയോഗിച്ചു നോക്കട്ടെ. അതിനായി വനത്തിലെ മലയടിവാരത്ത് വളരുന്ന ഔഷധമണമുള്ള പൂക്കൾ കൊണ്ടുവരണം"

ഭടന്മാർക്ക് ചെടിയുടെ വിവരണം കൃത്യമായി അദ്ദേഹം പറഞ്ഞു കൊടുത്തു. അവർ കുതിരപ്പുറത്ത് വനത്തിൽ എത്തിച്ചേർന്നു. ചുവന്ന നിറമുള്ള രൂക്ഷമണമുള്ള പൂക്കൾ പറിക്കുന്നതിനിടയിൽ ഭടൻമാർ കൊട്ടാരത്തിലെ കാര്യങ്ങൾ പലതും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു.

പോയിക്കഴിഞ്ഞപ്പോൾ ആ ചെടികൾ അടുത്തു നിന്നിരുന്ന കുറ്റിപ്പാണൽചെടിയോടു ഗർവ്വോടെ പറഞ്ഞു:

"എന്റെ പൂക്കളുടെ ഒരു ഭാഗ്യം! കൊട്ടാരത്തിലെ കുഞ്ഞിന്റെ ചികിൽസയ്ക്കായി കൊണ്ടുപോയല്ലോ. ഞങ്ങളുടെ പ്രശസ്തി അങ്ങു ദൂരെ കൊട്ടാരത്തിലും എത്തിയിരിക്കുന്നു! "

ഇതു കേട്ട്, പാണലിനു വിഷമമായി. തന്റെ പൂക്കൾ ആരും ഇതുവരെ പറിച്ചിട്ടില്ല. കാരണം, മണവും വലിപ്പവുമില്ലാത്ത ചെറു വെള്ളപ്പൂക്കൾ. അങ്ങനെ അത് സ്വയം സമാധാനിച്ചു.

ഭടന്മാർ കൊട്ടാരത്തിലെത്തി പൂക്കൾ രാജ്ഞിയെ ഏൽപ്പിച്ചു. വൈദ്യൻ ചുവന്ന പൂക്കൾ രാജകുമാരനെ മണപ്പിച്ചപ്പോൾ അവൻ തുമ്മാൻ ഇടങ്ങി. രണ്ടു ദിവസം കൊണ്ട് കുട്ടിക്ക് വല്ലാത്ത മൂക്കൊലിപ്പ്‌. മാത്രമോ? വിറയൽ മാറിയതുമില്ല. ചുവന്ന പൂക്കൾ നോക്കി കോപം കൊണ്ട് രാജാവിന്റെ മുഖം ചുവന്നു.

എന്നാലും വൈദ്യനു മുന്നിൽ അദ്ദേഹം പ്രതീക്ഷയോടെ ശാന്തനായി.

രണ്ടാമതായി- കാട്ടുറോസച്ചെടി വേരോടെ പിഴുതു കൊണ്ടുവരാൻ വൈദ്യൻ ആവശ്യപ്പെട്ടു. വീണ്ടും കാട്ടിലെ പഴയ സ്ഥലത്തു തന്നെ ഭടന്മാർ എത്തിച്ചേർന്നു. ഏതാനും ചെടികൾ പിഴുത് അവർ തിരികെ പോന്നു.

അപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു കാട്ടുറോസച്ചെടി പാണൽചെടിയോടു വീമ്പുപറഞ്ഞു:

"നേരത്തേ പോയ ചുവന്ന പൂക്കൾകൊണ്ടൊന്നും കാര്യമില്ല. ഞങ്ങൾക്കു മാത്രമേ രാജകുമാരന്റെ രോഗം മാറ്റാൻ കഴിയൂ"

പാണൽചെടിക്ക് വീണ്ടും ലജ്ജ തോന്നി. അത് നിരാശയോടെ മുഖം കുനിച്ചു. വൈദ്യന്റെ മുന്നിൽ കാട്ടുറോസാച്ചെടികൾ സമർപ്പിക്കപ്പെട്ടു. എന്നാൽ, ഇതിനിടയിൽ എപ്പോഴോ കൊച്ചുരാജകുമാരന്റെ കൈവിരലിൽ ഒരു റോസമുള്ള് തറച്ചു കയറി! കുട്ടി കരയാനും തുടങ്ങി. ഇത്തവണയും ചികിൽസ പരാജയപ്പെട്ടു. രാജാവിനു പിന്നെയും കോപം വന്നെങ്കിലും തുടർചികിത്സയെ ഓർത്ത് ശാന്തനായി.

വൈദ്യൻ മൂന്നാമത്തെ ചികിൽസാ സമ്പ്രദായത്തിനായി നിർദ്ദേശിച്ചത് കാട്ടിലെ മലമടക്കുകളിൽ മാത്രം കാണപ്പെടുന്ന പെരുന്തേനീച്ചയുടെ കാട്ടുതേൻ കൊണ്ടുവരാനായിരുന്നു.

വൈദ്യൻ ഒരു നിബന്ധനയും വിധിച്ചു -

"ഒരു തേനീച്ചയുടെ ശാപം പോലും ചികിൽസയ്ക്ക് ദോഷമായി വരാൻ പാടില്ല. അതിനാൽ ഈച്ചകൾക്ക് ജീവഹാനി വരാതെ പ്രത്യേകം ശ്രദ്ധിക്കണം. കുറ്റിപ്പാണലിന്റെ ഇല കൊണ്ട് തേനീച്ചകളെ അകറ്റി നിർത്താമല്ലോ"

അതിനു വേണ്ടി ഒരു സംഘം ഭടൻമാർ പുറപ്പെട്ടു. അവർ വീണ്ടും കാട്ടിലെ പഴയ സ്ഥലത്ത് എത്തിച്ചേർന്നു. പാണലിന്റെ ഇലകൾ പറിച്ചെടുത്ത് ഭടന്മാർ ദേഹം മുഴുവൻ ഉരച്ചു. മലമടക്കിലേക്ക് കയറി ഇലകൾകൊണ്ട് പുകയിടുകയും ചെയ്തപ്പോൾ തേനീച്ചകൾ കുത്താതെ മാറിനിന്നു.

അനന്തരം, തേൻകുടങ്ങളുമായി കൊട്ടാരത്തിലെത്തി. കുറച്ചു ദിവസങ്ങൾ നീണ്ട ചികിൽസയ്ക്ക് ഫലം കണ്ടുതുടങ്ങി. കുമാരന്റെ വിറയൽ കുറഞ്ഞുവന്നു. ഒരുമാസംകൊണ്ട് പൂർണമായും രോഗശമനമുണ്ടായി!

രാജാവും രാജ്ഞിയും സന്തോഷത്താല്‍ മതിമറന്നു. കൊട്ടാരം മുഴുവൻ ആഹ്ലാദത്തോടെ അതൊരു ആഘോഷമാക്കി മാറ്റി.

രാജ്യമെങ്ങും ഉൽസവംപോലെ തോന്നിച്ചു. കൊട്ടാരത്തിലെ സമ്മാനദാനവും അന്നദാനവും പ്രജകൾക്ക് ഏറെ പ്രിയങ്കരമായി. ഇതിനെല്ലാം കാരണമായ മഹാവൈദ്യന് ആയിരം സ്വർണനാണയങ്ങൾ രാജാവ് സമ്മാനിച്ച് ഗംഭീര യാത്രയയപ്പ് നല്‍കി.

വൈദ്യൻ പോകുന്നതിനു മുൻപ് തേനിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് രാജാവിനു പലതും പറഞ്ഞു കൊടുക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജാവ് ഒരു കല്പന വിളംബരം ചെയ്തു:

"രാജകുമാരന്റെ രോഗം കൂടാൻ ഇടയാക്കിയ ചുവന്ന പൂക്കൾ ഉളള ചെടിയും കയ്യിൽ മുള്ളു തറച്ച കാട്ടു റോസച്ചെടിയും ഈ രാജ്യത്ത് മേലിൽ വളരാൻ പാടില്ല. ഇവ രണ്ടിനെയും നശിപ്പിക്കാൻ രാജ്യമെമ്പാടും സൈന്യത്തെ അയയ്ക്കും. രാജകുമാരന്റെ രോഗം മാറ്റിയത് തേനിന്റെ ഔഷധഗുണമാണ്. അതിനാൽ, രാജ്യത്തെ എല്ലാ ഭവനങ്ങളിലും മൺകലങ്ങളിൽ തേനീച്ച വളർത്തൽ പ്രോൽസാഹിപ്പിക്കും. തേനീച്ചകളെ രാജ്യത്തിലെ കര്‍ഷകരുടെ മിത്രമായി പ്രഖ്യാപിച്ചിരിക്കുന്നു. തേനീച്ചകൃഷിക്കും തേന്‍ വില്പനയ്ക്കും കൊട്ടാരത്തില്‍നിന്നും സഹായം ലഭിക്കും"

ഉടന്‍ തന്നെ, കൽപനപ്രകാരം അനേകം ഭടൻമാർ കാട്ടിലേക്ക് കുതിരപ്പുറത്ത് കയറി പാഞ്ഞു പോയി. അവർ രണ്ടു ചെടികളെയും തെരഞ്ഞുപിടിച്ച് നശിപ്പിച്ച് പഴയ കുറ്റിപ്പാണൽചെടിയുടെ സമീപമെത്തി. ഭടൻമാരുടെ സംസാരത്തിൽനിന്ന് കാര്യം ഗ്രഹിക്കാന്‍ ചെടി തന്റെ ചെവി വട്ടംപിടിച്ചു. എന്നാല്‍, അവര്‍ പറഞ്ഞത് രാജ്യമെങ്ങും പടര്‍ന്ന തേനിന്റെ മഹാത്മ്യവും തേനീച്ചകളുടെ പ്രശസ്തിയും ആയിരുന്നു.

രാജകല്പനയില്‍മാത്രമല്ല, ഒരു വാക്കുപോലും തന്നെക്കുറിച്ച് ഇവരും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് അതിനു നിരാശയും ദുഃഖവും തോന്നി. അന്ന് രാത്രിയില്‍ കൂടുതല്‍ നേരം പ്രാര്‍ത്ഥിച്ചപ്പോള്‍ പാണല്‍ചെടിയുടെ മുന്‍പാകെ വനദേവത പ്രത്യക്ഷപ്പെട്ടു-

“നീ എന്തിന് വിഷമിക്കണം? നിന്റെ കര്‍മ്മം വിലയില്ലാത്ത ഒന്നല്ല. കൊട്ടാരത്തിലെ ചികിത്സയില്‍ സുപ്രധാന പങ്കാളി നീയായിരുന്നു. പക്ഷേ, അത് എല്ലാവരും വിസ്മരിച്ചു. മാത്രമല്ല, അവിടുള്ള മനുഷ്യരുടെ പരസ്പരമുള്ള അവഗണനയും നന്ദികേടും അവര്‍ക്കുതന്നെ ഇപ്പോള്‍ വിനയായിരിക്കുന്നു! നാട്ടിലെ ചെടികളുടെയും മരങ്ങളുടെയും അംഗീകാരം കാട്ടിലുള്ളതിനു കിട്ടാറില്ല എന്നുള്ളതു സത്യം. എങ്കിലും, ഇവിടെയുള്ളവര്‍ പൂക്കുകയും കായ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു!"

ആ ചെടി തന്നിൽ ഒളിച്ചിരുന്ന മാഹാത്മ്യം മനസ്സിലാക്കി സന്തോഷിച്ചു.

ഗുണപാഠം- പ്രകൃതിലെ ഏതെങ്കിലും ഒരു സസ്യജാലമോ ജീവിവർഗമോ പ്രയോജനമില്ലാത്തതായി പ്രപഞ്ചസ്രഷ്ടാവ് രൂപകൽപന ചെയ്തിട്ടില്ല. ചിലതൊക്കെ, പ്രത്യക്ഷത്തിൽ ദോഷങ്ങളെന്നു തോന്നിയാലും അവയ്ക്ക് ഇനിയും മനുഷ്യർക്ക് മനസ്സിലാകാത്ത എന്തെങ്കിലും പ്രയോജനം കണ്ടേക്കാം. ഓരോ മനുഷ്യനും ഒരുപറ്റം കഴിവുകളും കഴിവുകേടുകളുംകൊണ്ട് സമ്പന്നമായിരിക്കും.

ചിലര്‍ സ്വന്തം കഴിവ് അറിയാതെയോ ഉപയോഗിക്കാതെയോ ജീവിതം കഴിക്കുന്നു. കാരണം, സാഹചര്യമോ, ഭാഗ്യമോ, ദൈവനിയോഗമോ എല്ലാവര്‍ക്കും ഒത്തുവരണമെന്നില്ലല്ലോ. അതിനാല്‍, അപകര്‍ഷബോധം ആര്‍ക്കും തോന്നേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായ കൊച്ചുകൊച്ചു കഴിവുകളിലും നേട്ടങ്ങളിലും ആനന്ദം കണ്ടെത്തുക!

This is a Malayalam free online reading folk tales series. Popular name of folk tale is nadodikkathakal.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1