Yoga in Malayalam

What is Yoga?

ഭാരതം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച ശ്രേഷ്ഠമായ ജീവിതശൈലിയാകുന്നു യോഗ. യുജ് (കൂടിച്ചേരല്‍) എന്ന വാക്കില്‍നിന്നാണ് യോഗം അഥവാ യോഗ ഉണ്ടായത്. യോഗയെന്നാല്‍ "യോഗ:ചിത്ത വൃത്തി നിരോധ:” എന്നാണ് പതഞ്‌ജലി മഹര്‍ഷി (Patanjali rishi) നിര്‍വചിച്ചിരിക്കുന്നത്. അതായത്, യോഗയിലൂടെ ചിത്തവൃത്തികളെ നിരോധിക്കുമ്പോള്‍ മനസ്സിന് ഏകാഗ്രത കൈവരുന്നു. മൗര്യ വംശത്തിലെ രാജാവായിരുന്ന പുഷ്യമിത്രന്റെ (ബി.സി.322-185) കാലത്ത് രണ്ട്‌ അശ്വമേധയാഗത്തില്‍ പ്രധാന പുരോഹിതനായിരുന്നു പതഞ്‌ജലി. അദ്ദേഹത്തെ യോഗയുടെ പിതാവായി കരുതുന്നു. യോഗ പഠനം ഗുരുവില്‍നിന്നു നേരിട്ട് പഠിക്കുന്നത് ഏറ്റവും നല്ലത്. എന്നിരുന്നാലും, യോഗയുടെ അടിസ്ഥാന വിവരങ്ങള്‍ ഈ പരമ്പരയിലൂടെ വായിക്കാം.

യോഗ മനുഷ്യനെ സന്തോഷത്തിലും സമാധാനത്തിലും ശാന്തിയിലും എത്തിക്കുമെന്ന് നിസ്സംശയം പറയാം. യോഗയുടെ പിതാവ് പതഞ്‌ജലി മഹര്‍ഷിയാണ്. അദ്ദേഹം അഷ്ടാംഗ യോഗം (Ashtanga Yoga)എന്ന യോഗയുടെ 8 അംഗങ്ങള്‍ നല്‍കി.

ഇതിനെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ തിരിച്ചു. നിയമം എന്ന രണ്ടാമത്തെ ശാഖയില്‍ ‘സന്തോഷം’ ഒരു അത്യാവശ്യ ഘടകമാകുന്നു.ആദ്യത്തെ നാല് അംഗങ്ങളെ സാധാരണക്കാരായ ആളുകള്‍ക്ക് (ഗൃഹസ്ഥാശ്രമി) അഭ്യസിക്കാനാവുന്ന ഹഠയോഗം ലക്ഷ്യമിടുമ്പോള്‍ പിന്നീടുള്ള നാലെണ്ണം ആത്മീയ ആളുകള്‍ക്ക് രാജയോഗം ലഭിക്കാന്‍ സഹായിക്കുന്നു.

ഓരോ മനുഷ്യനിലും സാത്വികഗുണങ്ങളും രജോഗുണങ്ങളും തമോഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇതില്‍ സാത്വികഭാവം യോഗയിലൂടെ നേടേണ്ടതുണ്ട്. ഓരോന്നിലും പെടുന്ന ഗുണങ്ങള്‍ പരിശോധിക്കാം.

സാത്വിക ഗുണങ്ങള്‍ (sattvic nature)-

ആത്മസംയമനം

പുഞ്ചിരി

സന്തോഷം

ആനന്ദം

വിനയം

സഹനശക്തി

വിരക്തി

സത്യസന്ധത

വിശ്വാസം

ദയവ്

അവബോധം

സംതൃപ്തി

സന്യാസം

പ്രകൃതിസ്നേഹം

രജോഗുണങ്ങള്‍(rajasik qualities)-

ധിക്കാരം

കാമം

സ്വാര്‍ത്ഥത

മര്‍ക്കടമുഷ്ടി

ആര്‍ത്തി

ദംഭം

സുഖാന്വേഷണം

സാഹസികത

അമിതോത്സാഹം

പൊട്ടിച്ചിരി

അലംഭാവം

അമിതശക്തി

പ്രശംസ തേടല്‍

തമോഗുണങ്ങള്‍ (tamasik) -

ദേഷ്യം

തിന്മ

വഞ്ചന

ക്രൂരത

കപടത

യോജിപ്പില്ലായ്മ

വ്യാമോഹം

ദുഃഖം

മടി

ദുരാഗ്രഹം

ഈ മൂന്ന് ശ്രേണിയില്‍ വരുന്ന സ്വഭാവങ്ങള്‍ ജനിതക പരമായും സാഹചര്യമായും വരാം. അതുകൂടാതെ, ഭക്ഷണങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു.

സാത്വിക ഭക്ഷണങ്ങള്‍( satvik diet)-

പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്നതും പാകം ചെയ്യേണ്ടാത്തതുമായ ഭക്ഷണങ്ങള്‍ ആണിവ. പഴങ്ങള്‍, അണ്ടിവര്‍ഗ്ഗങ്ങള്‍, പച്ചയ്ക്ക് തിന്നാവുന്ന പച്ചക്കറികള്‍. ഇവയെല്ലാം മനുഷ്യന് സാത്വിക ഭാവങ്ങള്‍ നല്‍കും.

രജസിക ഭക്ഷണങ്ങള്‍ (rajasika diet)-

വേവിച്ച ഭക്ഷണങ്ങള്‍ മൂന്നു മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ രജസിക സ്വഭാവങ്ങള്‍ നല്‍കുന്ന ഭക്ഷണമായി മാറും. നാം സാധാരണയായി കഴിക്കുന്നത് ഇത്തരം ആഹാരങ്ങള്‍ ആയിരിക്കും.

താമസിക ഭക്ഷണങ്ങള്‍(thamasika foods)-

പാകംചെയ്തു കഴിഞ്ഞ് മൂന്നു മണിക്കൂര്‍ കഴിഞ്ഞ് തിന്നുന്ന ആഹാരം. ദുഷിച്ച രീതികളും ഇവ നല്‍കുന്നു. നാം കഴിവതും ഒഴിവാക്കേണ്ടതാണ്. കാട്ടിലെ സസ്യഭുക്കുകളായ മൃഗങ്ങള്‍ ശാന്തരും മാംസഭുക്കുകള്‍ അക്രമ സ്വഭാവങ്ങള്‍ കാണിക്കുന്നതും ശ്രദ്ധിക്കുക.

വിരുദ്ധ ആഹാരങ്ങള്‍ (കുപഥ്യങ്ങള്‍) food poisons കഴിക്കരുത്-

പാല്‍-മീന്‍

പാല്‍- മാംസം

പാല്‍- മുട്ട

തൈര്- മാംസം

തൈര്- മുട്ട

പഴം –മീന്‍

മുട്ട- പയര്‍, പരിപ്പ്

തുടങ്ങിയ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ല.

ഷഡ് വൈരികള്‍-

കാമം, ക്രോധം, ലോഭം, മോഹം, മദം, മാല്‍സര്യം എന്നിവയാകുന്നു മനുഷ്യന്റെ ആറു ശത്രുക്കള്‍! അവയെ ശത്രുക്കളായി ആരും പരിഗണിക്കുന്നേയില്ല. പകരം, അവയെ തിരിച്ചറിയാതെ മിത്രങ്ങളായി കൂടെ കൊണ്ടുനടക്കുന്നു. ഈ ദുഷിച്ച കൂട്ടുകെട്ടിന്റെ അവസാനം ജീവിതപരാജയങ്ങളും ദുഖങ്ങളും നിരാശയുമൊക്കെ ആയിരിക്കും. എന്നും നിലനില്‍ക്കുന്ന സന്തോഷം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഷഡ് വൈരികളെ ഓടിച്ചുവിടുക.

നിങ്ങളുടെ ആയുസ്സ് സന്തോഷത്തിലൂടെ കടന്നുപോകട്ടെ!

അതിനായി ബോധപൂര്‍വം പരിശ്രമിക്കൂ....

ചതുര്‍യോഗങ്ങള്‍ (chathuryoaga)

ഹൊ! അവന്റെ ഒരു യോഗം!”

അവള്‍ക്ക് രാജയോഗമല്ലേ വന്നു കയറിയത്!”

ഇതൊക്കെ നാം നിത്യ സംഭാഷണങ്ങള്‍ക്കിടയില്‍ പ്രയോഗിക്കാറുണ്ട്.

എന്താണ് യോഗം?

ഭക്തിയോഗം, ജ്ഞാനയോഗം, കർമയോഗം, രാജയോഗം bhakthiyoga, rajayoga, karmayoga, jnanyoga എന്നിവയാണ് ചതുർ യോഗങ്ങൾ. ഇതിൽ ഏറ്റവും എളുപ്പം പ്രാപിക്കാൻ കഴിയുന്ന യോഗം ഭക്തിയോഗവും എന്നാൽ ഏറ്റവും ശ്രേഷ്ഠമായത് രാജയോഗവും. എന്നാല്‍, ഒന്നിനെയും പൂര്‍ണമായി ഒഴിവാക്കുന്നതു ശരിയല്ല. അവഗണിച്ചാല്‍, ഉത്തമ ജീവിതശൈലിക്കും ശ്രേഷ്ഠ ജീവിതത്തിനുമെല്ലാം തടസ്സമാകുകയും ചെയ്യും.

ഈ നാലു യോഗങ്ങൾക്കും ഒരു പൊതുവായ പ്രത്യേകതയുണ്ട്- നാം ഏതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുവോ അതിന്റെ അടിമകളായിത്തീരും. അപ്പോൾ, ആ ഒരു യോഗം മാത്രം മതിയെന്നു വിചാരിച്ച് അതിൽ കൂടുതൽ മുഴുകി ഷഡ് വൈരികളിൽ എത്തിച്ചേരും.

അതെങ്ങനെ?
കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണല്ലോ ഷഡ് വൈരികൾ എന്ന ആറ് ശത്രുക്കൾ.

ഉദാഹരണത്തിലൂടെ വ്യക്തമാക്കാം -

ഏതെങ്കിലും ഒരു മത്സര പരീക്ഷയ്ക്ക് തയാറാകുന്ന ആളിന്റെ കാര്യമെടുക്കാം. ആറു മാസം കഴിഞ്ഞ് ജോലിക്കായുള്ള പരീക്ഷയെഴുതാനുള്ള ഉദ്യോഗാർഥി ഭക്തി യോഗത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്താലോ?

പരീക്ഷയ്ക്ക് എളുപ്പമുള്ള ചോദ്യം വരണമെന്നും ദൈവം പരീക്ഷയിൽ ഇടപെട്ട് അത്ഭുതം പ്രവർത്തിക്കുമെന്നും ഭാഗ്യം വരുമെന്നും കരുതി പ്രാർഥനയ്ക്കും ആരാധനാലയങ്ങളിലും തീർഥാടനത്തിനും ഉപവാസത്തിനുമൊക്കെ ഒരുപാടു സമയം മാറ്റി വയ്ക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ജ്ഞാനം സമ്പാദിക്കേണ്ട ജ്ഞാന യോഗം വേണ്ടതായ സമയത്ത് പുസ്തകങ്ങൾ പഠിക്കുന്നതും നോട്ടുകൾ ഉണ്ടാക്കുന്നതും ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചെയ്യുന്നതുമായ കർമ്മയോഗവും കുറയുന്നു.

'താൻപാതി ദൈവംപാതി' എന്നുള്ളത് ഭക്തിയോഗി പറയുമെങ്കിലും അയാൾക്കുള്ളിൽ നടക്കുന്നത് 'താൻ പൂജ്യം ദൈവംമുഴുവൻ' എന്നായിരിക്കും!

അമിതഭക്തിയോഗം 'മദം' എന്ന വൈരിയുണ്ടാക്കുമ്പോള്‍ അയാള്‍ ഭക്തിയുടെ ഉന്മാദ അവസ്ഥയിലായിരിക്കും!

അപ്പോള്‍, വെറുതെ അധ്വാനിക്കാതെ വലിയ ജയവും നേട്ടങ്ങളും സ്വപ്നം കണ്ട് 'മോഹം' എന്ന വൈരിയുണ്ടാക്കും!

ആരെങ്കിലും ഇതിനെ ചോദ്യം ചെയ്താലോ പരീക്ഷയിൽ തോറ്റാലോ, വീട്ടുകാർ ചോദിക്കുമ്പോൾ അയാൾക്ക് 'ക്രോധം' എന്ന വൈരി ഉണ്ടാകും!

പിന്നെ താൻ പരാജയപ്പെട്ടില്ല എന്നു കാട്ടാനുള്ള അത്യാർത്തിയായ 'ലോഭം' എന്ന വൈരി ഉണ്ടാകും!

അങ്ങനെ, അതിനുള്ള 'മാൽസര്യം' എന്ന വൈരി കാട്ടാന്‍ തുടങ്ങും!

ചിലപ്പോൾ നിരാശപ്പെട്ട് പുകവലി, മദ്യപാനം, ലഹരി, ദുർന്നടപ്പ് എന്നിവയോട് 'കാമം' എന്ന വൈരി തോന്നുകയും ചെയ്യാം!

അതുകൊണ്ട്, ഭക്തി യോഗവും കർമ്മയോഗവും ജ്ഞാന യോഗവും രാജയോഗവും ഏകദേശം തുല്യ അളവിൽ ഒരു വ്യക്തിയിൽ നിലനിർത്തിയാൽ അതു സവിശേഷമാകും!
25+25+25+25 = 100 % !

അതേസമയം, ഏതെങ്കിലുമൊന്നിൽ മാത്രം കുടുങ്ങിയാൽ മറ്റുള്ളവയെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകും. അങ്ങനെയാണു തര്‍ക്കങ്ങളും പ്രശ്നങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നത്. ആ സമയത്ത്, കാര്യങ്ങളെ സമഭാവനയോടെ സമീപിച്ചു സഹജീവിയെ കാണുന്നതിനു പകരം ഒരുവന്റെ കണ്ണിനെ തിമിരം ബാധിക്കുന്നു!

ജ്ഞാന യോഗത്തിൽ പ്രാധാന്യം കൊടുത്ത പണ്ഡിതരിലും ശാസ്ത്രജ്ഞരിലും ഭക്തി യോഗം കുറവായി കണ്ടിട്ടുണ്ട്.

കര്‍മയോഗത്തിന്റെ അടിമകള്‍ അതില്‍ മാത്രം ആശ്വാസം കണ്ടെത്തുന്നു. കര്‍മത്തിനു മാത്രമേ ഫലമുള്ളൂ എന്ന വിശ്വാസത്തില്‍ മറ്റുള്ളതെല്ലാം വെറും തിയറി ആണെന്നും പ്രാക്ടിക്കല്‍ അല്ലെന്നും വാദിക്കുന്നു. ചിലപ്പോള്‍, അവര്‍ work-holic ആയി മാറി കർമത്തെ മാത്രം പുൽകി മറ്റുള്ളവയെ തള്ളാറുണ്ട്.

രാജയോഗത്തെ മാത്രം ആശ്ലേഷിക്കുന്നവർ മറ്റു യോഗങ്ങളെ ചെറുതായി കാണുന്നു. തനിക്കു ചുറ്റുമുള്ളവര്‍ ആത്മീയമായി അധ:പതിച്ചവരെന്നു കരുതി മാറി നില്‍ക്കുന്നു.

ആയതിനാല്‍, ചതുര്‍യോഗങ്ങളില്‍ സംതുലനാവസ്ഥ കൈവരിക്കാന്‍ ഏവരും ശ്രദ്ധിക്കുമല്ലോ.

ഇനി മറ്റൊരു കാര്യം- ചിലര്‍ക്ക് ചതുര്‍യോഗങ്ങളിലെ ക്രമക്കേടുകള്‍, അന്ധവിശ്വാസങ്ങള്‍, അമിത വൈകാരികത എന്നിവയുടെ നിജസ്ഥിതി അറിയാന്‍ പാടില്ലാത്ത അവസ്ഥയിലായിരിക്കും. അപ്പോള്‍, നിഷ്പക്ഷമായ സമഭാവനയുള്ള ഗുരുവിന് വ്യക്തികളെ നേര്‍ദിശ കാട്ടാന്‍ കഴിയും. അവരെ സമീപിക്കുക. അവരുടെ ക്ലാസുകള്‍ ശ്രവിക്കുക. അല്ലെങ്കില്‍, ഓണ്‍ലൈന്‍/ഡിജിറ്റല്‍ ക്ലാസുകള്‍ ശ്രദ്ധിക്കാമല്ലോ.

യോഗയുടെ ഗുണങ്ങള്‍( benefits of yoga)

യോഗയെന്നത് മഹത്തായ ഒരു ജീവിതചര്യയാണ്. സാധാരണ വ്യായാമം മനുഷ്യ ശരീരത്തെ നല്ല രീതിയിൽ സഹായിക്കുന്നുവെങ്കിലും മാനസിക ആത്മിക വളർച്ചയ്ക്ക് യോഗയാണ് കൂടുതൽ ശക്തി പകരുന്നത്.

സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽ പോലും മനസ്സുഖവും സന്തോഷവും സമാധാനവും ഇപ്പോൾ കുറഞ്ഞു വരികയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകൾ മനുഷ്യപുരോഗതിക്ക് അത്യാവശ്യമാണ്. പക്ഷേ, ഫോൺ, കംപ്യൂട്ടർ ഗെയിമുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയവയെല്ലാം കുട്ടികൾ പോലും ദുരുപയോഗം ചെയ്തു തുടങ്ങിയിരിക്കുന്നു.

ഫലമോ? മലയാളിസമൂഹത്തിന്റെ മനസ്സിൽ-ലഹരി, അഴിമതി,ചതി, വഞ്ചന, ക്രൂരത, പലതരം ആസക്തികൾ എന്നിങ്ങനെ തിന്മകൾ ദിനംതോറും കൂടി നന്മകൾ മാഞ്ഞു പോകയാണ്. സ്നേഹബന്ധങ്ങളും നന്ദിയും കടപ്പാടുമെല്ലാം അപ്രസക്തമാവുന്നു. അങ്ങനെ, അനുദിനം ജീവിത ഗുണമേന്മ കുറഞ്ഞ് ഷഡ് വൈരികൾ എന്നറിയപ്പെടുന്ന കാമ ക്രോധ ലോഭ മോഹ മദ മാത്സര്യങ്ങൾ വർദ്ധിച്ച് ഒരു സാധാരണ മലയാളിയാകട്ടെ പുഞ്ചിരിക്കാൻ പോലും മറന്നിരിക്കുന്നു! ജന്മനാടിന്റെ മലയാള ഭാഷപോലും അവഗണനയുടെ പാതയിലാണ്.

യോഗ പരിശീലനത്തിലൂടെ നാം മെച്ചപ്പെട്ട ശാരീരിക മാനസിക വൈകാരിക ആത്മിക അവസ്ഥകൾ നേടി ലോകമെങ്ങും ശാന്തിയും സമാധാനവും സന്തോഷവും സ്നേഹവും നന്മയും പ്രകാശിപ്പിക്കാൻ ഇപ്പോള്‍ ഒരു നിമിത്തമാകട്ടെ!

യോഗ-ഗുണങ്ങൾ-

1.ശാരീരിക മാനസിക ആത്മിക വളർച്ചയ്ക്ക് സഹായിക്കുന്നു.

2.ആന്തരിക അവയവങ്ങളുടെ വ്യായാമം നടക്കുന്നു.

3.മനസ്സുഖം,സന്തോഷം,സമാധാനം,ശാന്തി എന്നിവ പരത്തുന്നു.

4.നിലവിലുള്ള രോഗങ്ങൾ കുറയാനും ഭാവിയിൽ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

5.ശ്രേഷ്ഠമായ വ്യക്തിജീവിതം കൈവരിക്കുമ്പോൾ കുടുംബവും സമൂഹവും മാത്രമല്ല,ലോകത്തിനു വരെയും സംഭാവന സാധ്യമാകുന്നു.

6.യോഗ പഠിക്കുന്നവരിൽ സ്വയം മെച്ചപ്പെടാൻ ശ്രമിക്കുന്നു അല്ലെങ്കിൽ നന്നായിരിക്കുന്നു എന്ന തോന്നൽ(Placebo effect)ഉണ്ടാകാം.അതിലൂടെ സംതൃപ്തിയും സന്തോഷവും കുറച്ചെങ്കിലും കിട്ടുന്നു.

7.പ്രകൃതിയിലെ സർവചരാചരങ്ങളോടും സ്നേഹ ബഹുമാനങ്ങൾ കൈവരും.

8.ഉന്നതമായ തലത്തിലുള്ള ദൈവ വിശ്വാസവും ഭക്തിയും നേടുന്നതിനാൽ മതഭ്രാന്തും വർഗീയ വിഭാഗീയ സങ്കുചിത കാഴ്ചപ്പാട് മാറ്റാനാകും.

9.സാത്വിക ഭക്ഷണ രീതി ശീലമാകുന്നു. അങ്ങനെ സാത്വികഭാവം വ്യക്തിയുടെ സ്ഥിര ഭാവമാകുന്നു.

10.പ്രകൃതിയോട് ഇണങ്ങുന്ന ലളിതസുന്ദരമായ ജീവിത ശൈലി നേടാനാകും.

11.ദുശ്ശീലങ്ങളെ നിയന്ത്രണത്തിലാക്കാനോ കുറയ്ക്കാനോ കഴിയുന്നു.

12.കുട്ടികളിൽ കൃത്യനിഷ്ഠയും ചിട്ടയും അനുസരണ ശീലവും ലക്ഷ്യബോധവും നേടാനാകുന്നു.

13.പാരമ്പര്യമായി വന്നേക്കാൻ ഇടയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് വിവിധ യോഗ മാർഗങ്ങളിലൂടെ തടയാൻ പറ്റുന്നു.

14.യോഗയുമായി ബന്ധപ്പെട്ട ജോലികൾ സ്വദേശത്തും വിദേശത്തും ലഭിക്കുന്നു.

15.പൊതുവായ രോഗ പ്രതിരോധ ശക്തി കൂടുന്നു.

16.കുട്ടിക്കാലത്തു തന്നെ ഏതെങ്കിലും ഒന്നോ രണ്ടോ ഹോബികൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ അത് ദുശ്ശീലങ്ങളെ ഒഴിവാക്കുന്നു. യോഗയെ നല്ലൊരു ഹോബിയായും സ്വീകരിക്കാം.

17.ദീർഘായുസ് ലഭിക്കുന്നു.

18.തെറ്റായ ജീവിത ശൈലിയിലും ദുശ്ശീലങ്ങളിലും കളയുന്ന പണം ലാഭിക്കാൻ പറ്റുന്നു.

19.രാജ്യങ്ങൾ ആയുധങ്ങൾക്കായി ചെലവിടുന്ന അതിഭീമമായ പണം യോഗ പ്രചരണത്തിലൂടെ കുറയ്ക്കാനാകും.

20.ഓരോ മനുഷ്യ ജന്മവും ശ്രേഷ്ഠമെന്നുള്ള യോഗതലത്തിലുള്ള ഉൾക്കാഴ്ച ആയുസ്സിനെ മുഴുവനായി അർഥപൂർണമായ ജീവിതവും ജീവിതവിജയവും നൽകുന്നു.

21.യോഗ പഠിച്ച വ്യക്തി മറ്റുള്ളവർക്ക് സൻമാർഗ മാതൃകയും പ്രചോദനവും ആകുന്നു.

22.മനസ്സിനെ നല്ല ചിന്തകൾ അഭ്യസിപ്പിക്കുന്ന പ്രക്രിയയാണ് യോഗ.

23.വ്യക്തിത്വ വികാസം സാധ്യമാകുന്നു.

24.ആന്തരിക ഗ്രന്ഥികൾ ശക്തിപ്പെടുന്നു.

25.രക്തശുദ്ധീകരണം നടക്കുന്നു.

26.വിശാല വീക്ഷണം കൈവരുന്നു.

27.കുട്ടികളുടെ പഠനവും ഏകാഗ്രതയും അനുസരണവും അച്ചടക്കവും വർദ്ധിക്കുന്നു.

28.ഉപകരണങ്ങളും ചെലവും ഇല്ലാത്ത വ്യായാമമാകുന്നു യോഗ.

29.ഏതു പ്രായക്കാർക്കും ചേർന്ന യോഗ നിലവിലുണ്ട്.

30. യോഗപരിശീലനം കുട്ടികളുടെ പഠനഭാഗമായതിനാല്‍ വിദ്യാഭ്യാസ രംഗം ശക്തിപ്പെടുന്നു.

യോഗ-നിബന്ധനകൾ (precautions)

1.ശുദ്ധവായു ലഭിക്കുന്ന ഇടമായിരിക്കണം.

2.യോഗാസനങ്ങൾ, പ്രാണായാമം എന്നിവ മിതമായ വെളിച്ചത്തിൽ ചെയ്യണം. എന്നാൽ,ധ്യാനം മങ്ങിയ വെളിച്ചത്തിലാവാം.

3. കിഴക്ക് അഭിമുഖമായി യോഗ ചെയ്യുക. അസൗകര്യമെങ്കിൽ മാത്രം വടക്കോട്ടും ആവാം.

4. ശബ്ദം,പൊടി,പുക എന്നിവയില്ലാത്ത ശാന്തമായ സ്ഥലം നല്ലത്.

5. യോഗ ചെയ്യുന്ന സമയം വെളുപ്പിന് നാലരയ്ക്കും ഏഴിനും ഇടയിലാണ് ഏറെ നല്ലത്. എന്നാൽ, മനശാന്തിയും ഉറക്കവും കിട്ടുന്ന ചില ധ്യാന മുറകൾ വൈകുന്നേരവും രാത്രിയിലും ചെയ്യാം.

6. ധ്യാനം അനുഷ്ഠിക്കുമ്പോൾ മുറിയില്‍ ചൂടെങ്കില്‍ മാത്രം ഫാൻ, .സി ആകാം. കഴിവതും ഒഴിവാക്കുക.

7. രാവിലെ യോഗ ചെയ്യാൻ കൃത്യസമയം പാലിക്കുക.

8. യോഗയുടെ കൂടെ മറ്റുള്ള കഠിന വ്യായാമങ്ങൾ പറ്റില്ല. എങ്കിലും, രാവിലെയുള്ള നടത്തം ആവാം. വൈകുന്നേരം ലളിതമായ കളികളിലും ഏർപ്പെടാം.

9. രാവിലെ ദന്ത ശുദ്ധി, മലശോധന കഴിഞ്ഞ് യോഗ തുടങ്ങാം. എങ്കിലും, മുഖ്യ ആഹാരം കഴിഞ്ഞ് നാലു മണിക്കൂർ കഴിഞ്ഞും ലഘുവായത് കഴിഞ്ഞ് ഒന്നര മണിക്കൂർ കഴിഞ്ഞും യോഗ ചെയ്യാം. എന്നാല്‍, സ്കൂളില്‍ ഈ സമയക്രമം നോക്കി കുട്ടികളെ കിട്ടുക പ്രായോഗികമല്ലാതെ വരുന്നു.

10. വെറും തറയിലോ കട്ടിലിലോ യോഗ പാടില്ല. പായ/ഷീറ്റ്/വിരിപ്പിലായിരിക്കണം. ശരീരത്തിലെ ഉയര്‍ന്ന ഊര്‍ജവിതരണം തറയില്‍ എര്‍ത്ത് ചെയ്തു പോകാന്‍ പാടില്ല.

11. എട്ടു വയസ്സു മുതൽ യോഗാ പഠിക്കാം.

12. ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരിൽ യോഗ ഫലം ചെയ്യില്ല.

13. യോഗാസനങ്ങളിൽ ലളിതം,മധ്യമം,പ്രധാനം,വിഷമം,കഠിനം എന്ന ക്രമത്തിൽ പതിയെ പരിശീലിക്കുക.

14. സ്വതന്ത്രമായ ശരീരചലനങ്ങൾ അനുവദിക്കുന്ന വസ്ത്രങ്ങൾ പരിശീലിക്കുമ്പോൾ ആവശ്യമാണ്.

15. ഗർഭിണികളും, വയ്യാതിരിക്കുന്ന ദിവസങ്ങളിൽ സ്ത്രീകളും യോഗ ചെയ്യരുത്. പ്രസവാനന്തരം ഒന്നര വർഷം കഴിഞ്ഞ് ലളിതാസനങ്ങൾ ആകാം.

16.യോഗ ഒറ്റയ്ക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മറ്റാരും കാണാനും അഭിപ്രായം പറയാനും അവിടെ വേണ്ട.

17. എല്ലാ ആസനങ്ങളും ധ്യാനങ്ങളും പ്രാണായാമങ്ങളും ആർക്കും വഴങ്ങുന്നതല്ല. അതിനാൽ ശരീരത്തെ ബലം പ്രയോഗിച്ച് ചെയ്യരുത്. മെല്ലെ വഴക്കിയെടുക്കാം. എങ്കിലും, ഓരോ ശരീരപ്രകൃതം അനുസരിച്ച്‌ ചിലത് ഒരിക്കലും പറ്റിയില്ലെന്നു വരും (ഉദാ-കുറുകിയ കഴുത്ത്, നീളം കുറഞ്ഞ കൈകാലുകൾ, കൂന്, കാൽവളവ്, ഉന്തിയ ചങ്ക്, കുടവയർ, അമിതവണ്ണം അല്ലെങ്കിൽ മറ്റുള്ള ശരീരവൈകല്യമുള്ളവർക്ക്).

18. കൃത്യമായ ഫലം ലഭിക്കുന്നതിനായി സാത്വിക ഭക്ഷണം ശീലമാക്കുക.

19. അമിത സംസാരം വേണ്ട.

20. യോഗയുടെ ഫലത്തെ സംശയത്തോടെ കാണാതെ വിശ്വസിച്ച് ആസ്വദിച്ച് പരിശീലിക്കുക.

21. പരിശീലന സമയത്ത്, അമിത ശബ്ദവും ബഹളവും ഒഴിവാക്കണം.

22. ലളിതസുന്ദരമായ ജീവിത ശൈലി സ്വീകരിക്കുക.

23. യോഗ ചെയ്യുമ്പോൾ ചെറുപുഞ്ചിരിയാകാം. പൊട്ടിച്ചിരി വേണ്ട.

25. അമിത രക്തസമ്മര്‍ദ്ദം ഉള്ളവര്‍ കുനിഞ്ഞുള്ള യോഗ പാടില്ല.

26. യോഗാ ചെയ്യുന്ന സമയത്ത് ഫോണ്‍ ശബ്ദ ശല്യങ്ങള്‍ ഉണ്ടാവരുത്.

Comments