History of First Vaccine

വാക്സിന്‍ (Invention of first Vaccine, History, Scientists)

നൂറു വർഷങ്ങൾക്കു മുൻപുള്ള ദിനപത്രങ്ങളുടെ ഡിജിറ്റൽ പത്രത്താളുകൾ ഉൾപ്പെടുന്ന ഒരു ആര്‍ക്കൈവ് പ്രൊജക്റ്റിൽ ഞാനും പങ്കാളിയായിട്ടുണ്ട്. 1900-1940 കാലത്ത് പത്രത്തിൽ ഫോട്ടോകൾ വളരെ ചുരുക്കമായിരുന്നു. അക്കാലത്തെ പ്രധാന വാർത്തയായിരുന്നു വസൂരി അഥവാ മസൂരി എന്നറിയപ്പെടുന്ന സ്മോള്‍ പോക്സ് (small pox).

കേരളത്തിൽ ഏതെങ്കിലും ഒരു പ്രദേശത്ത് ഈ പകർച്ചവ്യാധി വന്നാൽ ആ വീട്ടിലെ ആളുകളെ വീടിനു പുറത്തിറങ്ങാതെ വീടിനു മുകളിലേക്കു പന്തം എറിഞ്ഞ് വീടും അതിനുള്ളിലെ ആളുകളും വെന്തുമരിക്കും. ആരെങ്കിലും ഇറങ്ങി ഓടിയാല്‍ അവരെ നീളമുള്ള കമ്പുകള്‍ കൊണ്ട് കുത്തി തീയിലേക്കുതന്നെ ഇടുന്നു! അതോടെ, രോഗാണുക്കളും നശിക്കുമല്ലോ. അന്ന്, അണുക്കൾ, രോഗാണു, പകർച്ചവ്യാധി എന്നൊക്കെ പറയുന്ന ചെറിയ അറിവേ ഉണ്ടായിരുന്നുള്ളൂ. വൈറസ് ആണെന്ന് അറിയുക പോലുമില്ലായിരുന്നു. ചിലർ വസൂരി വ്രണം വരുന്നതിനു മുന്നേ കാടുകളിൽ പോയി അഭയം പ്രാപിക്കും. മലയാളത്തിൽ അകമലരി എന്നൊരു പേരും ഇതിനുണ്ട്. ലോകത്തെയാകെ വിറപ്പിച്ച മാരക രോഗമായിരുന്നു ഇത്. ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരമായ മമ്മികളിൽ വസൂരിക്കല കാണാം. അതായത്, വസൂരി വൈറസുകൾക്ക് അനേകായിരം വർഷങ്ങളുടെ ദുരന്ത കഥകൾ പറയാനുണ്ട്. വസൂരി രോഗത്തിനു കാരണം- Variola major, minor വാരിയോള മേജർ, വാരിയോള മൈനർ എന്നിങ്ങനെ രണ്ടു തരം വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ്. മൊത്തം രോഗബാധിതരിൽ 30-60% വരെ മരണനിരക്ക് ആണെങ്കിലും കുട്ടികളിൽ 80%! മാത്രമല്ല, രോഗികളിൽ മൂന്നിൽ ഒരാൾക്ക് കണ്ണിന്റെ കാഴ്ചയും സ്ഥിരമായി നഷ്ടപ്പെടുമായിരുന്നു!

രോഗ പ്രതിരോധ ശാസ്ത്രമായ ഇമ്യൂണോളജിയുടെ പിതാവായി ( Father of immunology)അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് എഡ്വേഡ്ജെന്നർ Edward Jenner(1749-1823). അദ്ദേഹം ഒരേ സമയം, മഹാനായ ഡോക്ടറും സയന്റിസ്റ്റുമായിരുന്നു. അദ്ദേഹത്തിന്റെ വാക്സിൻ എന്ന കണ്ടുപിടിത്തമായിരുന്നു ഇന്നത്തെ ലോകത്തെ വസൂരിയിൽ നിന്നും രക്ഷിച്ചത്.

അതിനുശേഷം, ലൂയി പാസ്ചർ Louis Pasteur പേവിഷബാധയ്ക്കുള്ള വാക്സിൻ കണ്ടു പിടിച്ചപ്പോഴും ജെന്നറിനോടുള്ള ബഹുമാനാർഥം 'വാക്സിൻ' എന്ന പേരു തന്നെ സ്വീകരിച്ചു. 100% മരണം സംഭവിക്കുന്ന പേയിളകി മരിക്കുന്ന രോഗത്തിന് 4000 വർഷം മുൻപുള്ള തെളിവ് കിട്ടിയിട്ടുണ്ട്. പേയുള്ള പട്ടി, പൂച്ച, അണ്ണാൻ, കീരി, എന്നിവ കടിച്ചുണ്ടാകുന്ന വൈറസ് രോഗബാധയ്ക്ക് ഇപ്പോഴും ആന്റി-റാബീസ് വാക്സിൻ Anti rabies injection കുത്തിവയ്പ് കോടിക്കണക്കിനുള്ള ആളുകളെ രക്ഷിച്ചിരിക്കുന്നു! ഇതിനിടയില്‍ വിചിത്രമായ ഒരു സത്യം നാം മറക്കാന്‍ പാടില്ല- 'വൈറസ്' Virus എന്നൊരു അതിസൂക്ഷ്മ ജീവിയാണ് ഈ രോഗങ്ങള്‍ക്കു കാരണം എന്ന് ജെന്നറും പാസ്ചറും മരിക്കുന്നിടംവരെ മനസ്സിലാക്കിയില്ല! കാരണം, പിന്നെയും അനേകവര്‍ഷങ്ങള്‍ പിന്നിട്ട്, 1892-ല്‍ ഇവനോവ്സ്കി എന്ന സയന്റിസ്റ്റ് ആയിരുന്നു വൈറസ്‌ ഉണ്ടെന്നു കണ്ടെത്തിയത്!

യൂറോപ്പിൽ അക്കാലത്ത്, പകർച്ചവ്യാധികൾ മൂലം ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു. ലോക മാനവചരിത്രത്തിൽ ആയുസ് ഉയർത്താൻ വാക്സിനുകൾക്ക് കഴിഞ്ഞു.

വസൂരിയെ ചെറുക്കാനുള്ള ചികിൽസ ആദ്യമായി രേഖപ്പെടുത്തിയത് ചൈനയിലാണ്. അവിടെ വസൂരിരോഗികളുടെ രോഗം ഭേദമായ വ്രണങ്ങളുടെ പൊറ്റൻ പൊടിയാക്കി രോഗം വരാത്തവരുടെ മൂക്കിലൂടെ താഴേക്ക് ഒഴിക്കുമായിരുന്നു. പിന്നീട്, ഇന്ത്യയിൽ ബംഗാളിൽ ടീക്ക എന്നൊരു നാടൻ രീതിയുമുണ്ടായിരുന്നു. പിന്നെ, ആഫ്രിക്കന്‍ നീഗ്രോകള്‍ക്കിടയിലും ഇത്തരം ചികിത്സകള്‍ ഉണ്ടായിരുന്നു. വസൂരിവാക്സിനെതിരായി നുണ പ്രചാരണം നടത്തുന്നവരുടെ പ്രധാന ചോദ്യമിതാണ് -

"ലോകത്തെ എല്ലാ മനുഷ്യർക്കും വാക്സിൻ കൊടുത്തിട്ടില്ലല്ലോ. പിന്നെ എങ്ങനെയാണ് സമ്പൂർണമായി ഈ ലോകത്തു നിന്നും വസൂരി വൈറസ് പോയെന്ന് അലോപ്പതിക്കാർ പറയുന്നത്?"

ഉത്തരം - വസൂരി വാക്സിൻ ലോകത്തെ 80 % ആളുകൾക്കേ കൊടുത്തിട്ടുള്ളൂ. മനുഷ്യരിൽ നിന്നും മറ്റു മനുഷ്യരിലേക്കു പടരുന്ന വൈറസ് എന്നു മുതൽക്കാണ് മനുഷ്യരെ രോഗിയാക്കിയതെന്ന് നമുക്ക് അറിയില്ല. വെറും 3000 വർഷത്തെ തെളിവു മാത്രമേ ലഭ്യമായിട്ടുള്ളൂ. നമ്മുടെ നാട്ടിൽ വാക്സിൻ പ്രശസ്തമായത് അച്ചുകുത്ത് എന്ന ഗോവസൂരിപ്രയോഗം നടത്തുന്ന അച്ചുകുത്തുപിള്ളമാർ വഴിയായിരുന്നു. ഇതു വായിക്കുന്ന 1980നു മുൻപ് ജനിച്ചവർ തങ്ങളുടെ ഇടത് കയ്യിന്റെ ഒരത്തിൽ വെളുത്ത പാട് നാണയത്തിന്റെ വലിപ്പത്തിൽ കാണാം. നല്ല വേദനയും ഒരു പനിയും വ്രണവും സമ്മാനിക്കുന്ന ഒന്നായിരുന്നു അത്. അങ്ങനെ വൈറസിന്റെ വ്യാപനം തടഞ്ഞു. പിന്നെ, ഓരോ രാജ്യത്തും വല്ലപ്പോഴും മാത്രമായി വൈറസിന്റെ തേരോട്ടം കുറഞ്ഞു. ഉടൻതന്നെ, ആ പ്രദേശത്തെ വളഞ്ഞ് വാക്സിനേഷൻ കൊടുത്തു. വൈറസിന് മനുഷ്യരിൽ ആരും അറിയാത്ത വിധത്തിൽ ഒളിച്ചിരിക്കാനാവില്ല.

ഏറ്റവുമൊടുവിൽ 1977 കാലത്ത്, ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലാണ് വസൂരി രോഗം വന്നത്. എന്നാൽ, 1978-ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം ലാബോറട്ടറി പിഴവിലൂടെ ഒരാൾ മരിച്ചു. 1979-ൽ വസൂരി രോഗം ആഗോള നിർമാർജ്ജനം ചെയ്തതായി പ്രഖ്യാപിച്ചു. അവസാനത്തെ ചൊറി അടർന്നു വീഴുന്നിടം വരെ വസൂരി രോഗത്തിന് മറ്റുള്ളവരിലേക്ക് പടരാനുള്ള കഴിവുണ്ട്. 7-17 ദിവസമാണ് വൈറസിന്റെ ഇൻകുബേഷൻ സമയം. പിന്നെ, മൂന്നു ദിവസത്തിനുള്ളിൽ തടിപ്പ് പ്രത്യക്ഷപ്പെടും. ഗവേഷണങ്ങൾക്കായി വൈറസിനെ പല രാജ്യങ്ങളും സൂക്ഷിച്ചിരുന്നെങ്കിലും സുരക്ഷയുടെ ഭാഗമായി 1980-ൽ യു.എസ്., റഷ്യ എന്നിവർ മാത്രം വൈറസിന്റെ സ്റ്റോക് കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്നു.

രോഗം വന്ന് നാലു ദിവസത്തിനകം വരെ വാക്സിൻ കൊടുത്താൽ പ്രയോജനപ്പെടും. പശുക്കളുടെ വസൂരി കൗ പോക്സ് എന്ന variolae vaccinae എന്ന വാക്കിൽ നിന്നാണ് വാക്സിൻ എന്ന പദം ജെന്നർ ആദ്യമായി ഉപയോഗിച്ചത്. Vacca എന്നാല്‍ പശു എന്നാകുന്നു ലാറ്റിന്‍ അര്‍ഥം. പശുക്കളെ ബാധിച്ചിരുന്ന ഗോവസൂരി രോഗം പകർന്നു കിട്ടിയ പാൽക്കാരികൾക്ക് വസൂരി രോഗം പിടിപെടുന്നില്ലെന്ന് ജെന്നർ 1796-ൽ മനസിലാക്കിയതാണ് സുപ്രധാന വഴിത്തിരിവായത്. തുടർന്ന്, പാൽക്കാരി സ്ത്രീയുടെ പഴുപ്പ് എട്ടു വയസ്സുകാരനായ ജയിംസ് ഫിപ്സ് എന്ന ബാലനിൽ പ്രവേശിപ്പിച്ച് ആറാഴ്ച കഴിഞ്ഞ് വസൂരി വൈറസുകളുടെ സാമീപ്യത്തിൽ അവനെ രോഗം ബാധിച്ചില്ല!

ആന്റിബോഡിയുടെ അളവ് രക്ത പരിശോധനയിലൂടെ അറിയുന്നതാണ് വാക്സിന്റെ ഗുണമേന്മ അറിയുന്ന മാർഗം.

അനേകം പ്രകൃതി സ്നേഹികളും സമാന്തര ചികിൽസകരും മറ്റും പറയുന്ന ഒരു എതിര്‍വാദം കേള്‍ക്കുക-

"വാക്സിൻ ലോബിയുടെ വിൽപനയ്ക്കാണ് വൈറസ് അവർ തന്നെ സൃഷ്ടിച്ച് വാക്സിൻ വാങ്ങാനുള്ള കച്ചവടമാണിത്"

അതിനുള്ള ഉത്തരം-വാക്സിൻ പറ്റാത്ത രോഗങ്ങൾ- ഹെർപിസ്, HIV(എയ്ഡ്സ്), മലേറിയ, ഗൊണോറിയ എന്നിവയെ നോക്കുക. ലോബിക്ക് അതിനുംകൂടി കാശു വാരാമായിരുന്നല്ലോ! എന്തുകൊണ്ടു പറ്റിയില്ല ?

ഒന്നാം തലമുറയിലെ വാക്സിനുകൾ പശുവിന്റെ ലിംഫ് ആയിരുന്നു. 1840 ൽ അവസാനിച്ചു. രണ്ടാം തലമുറയിൽ സബ് യൂണിറ്റ് വാക്സിൻ എന്ന പ്രോട്ടീൻ ആന്റിജൻ. മൂന്നാം തലമുറ DNA വാക്സിനുകളാണ്. ഇപ്പോള്‍, അനേകം ശാസ്ത്ര വിദ്യകള്‍ ഉപയോഗിച്ചുള്ള നാലാം തലമുറയാണ്.

വാക്സിൻ ഉള്ള രോഗങ്ങൾ ഏതൊക്കെയാണ്?

ഡിഫ്ത്തീരിയ, റോട്ടാ വൈറസ്, വസൂരി, പോളിയോ , ചിക്കൻപോക്സ്, മുണ്ടിനീര്, ന്യൂമോണിയ, ഹെപ്പറ്റൈറ്റിസ് A, ഹെപ്പറ്റൈറ്റിസ് B, ഇൻഫ്ലുവൻസാ, ടെറ്റനസ് , റൂബല്ല, വില്ലൻചുമ, അഞ്ചാംപനി, HPV എന്നിങ്ങനെ WHO, 25 രോഗങ്ങൾക്ക് വാക്സിൻ അനുവദിച്ചിട്ടുണ്ട്.

രോഗത്തിനെതിരെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മുൻകൂട്ടി തയ്യാറാക്കി നിർത്തുകയാണ് വാക്സിനുകൾ ചെയ്യുന്നത്. അതിനായി വാക്സിനിൽ രോഗം ഉണ്ടാക്കുന്ന നേരിയ അളവിലുള്ള ശേഷി കളഞ്ഞതോ കൊന്നതോ ആയ രോഗാണു അല്ലെങ്കിൽ അതിന്റെ വിഷപദാർഥമോ, ഉപരിതല പ്രോട്ടീനുകളോ ശരീരത്തിനു നൽകുന്നു. മേൽപറഞ്ഞവയെ ആന്റിജൻ എന്ന വിഭാഗമായി ശരീരം കണ്ട് ഇതിനെതിരായി ആന്റിബോഡി ഉണ്ടാക്കി പടവെട്ടി ജയിക്കും! ചിലപ്പോൾ പാർശ്വഫലങ്ങളും വന്നേക്കാം. ഒരു വർഷത്തിൽ ലോകമാകെ ഒരു കോടി കുട്ടികൾ അഞ്ചാംപനി വന്നു മരിച്ചിരുന്നത് മീസിൽസ് വാക്സിൻ മൂലം തടഞ്ഞത് അലോപ്പതി ഗവേഷണത്തിന്റെ അമൂല്യ നേട്ടമായി.

ചില ദോഷവശങ്ങള്‍ കൂടി മനസ്സിലാക്കണം. WHO യുടെ തീരുമാനങ്ങളില്‍ വാക്സിന്‍ലോബികളും മരുന്നുകമ്പനികളും ഇടപെട്ട് കാലാവധി കഴിഞ്ഞതും ഗുണമേന്മയില്ലാത്തതും ആവശ്യമില്ലാതെ വീണ്ടും വീണ്ടും വാക്സിന്‍ കൊടുത്തും പല അഴിമതികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത് വാക്സിന്റെയും സയന്റിസ്റ്റിന്റെയും കുറ്റമല്ലല്ലോ!

മാനവരാശിക്ക് അമൂല്യനേട്ടം സമ്മാനിച്ചു മടങ്ങിയ മഹാന്മാരായ ജെന്നര്‍, പാസ്ചര്‍ എന്നിവരെ ലോകം എന്നും നന്ദിയോടെയും സ്നേഹത്തോടെയും ഓര്‍ക്കട്ടെ....

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1