13-മരംവെട്ടുകാരനും തോണിക്കാരനും

Malayalam eBooks-501-souhrudam-13-maramvettukaranum thonikkaranum
Author- Binoy Thomas, Price- FREE
പണ്ടുപണ്ട്.... സില്‍ബാരിപുരംരാജ്യത്തില്‍ ചന്തുവും ചീരനും ഉറ്റ ചങ്ങാതികളായി കഴിഞ്ഞിരുന്ന ബാല്യകാലം. അതു പിന്നിട്ട്, വലുതായപ്പോൾ ചന്തു നല്ലൊരു മരംവെട്ടുകാരനായിത്തീർന്നു. ചീരനാകട്ടെ, മിടുക്കനായ തോണിക്കാരനുമായി. രണ്ടു പേരും ഏതു പ്രതികൂല കാലാവസ്ഥയിലും തങ്ങളുടെ ജോലിയിൽ ആത്മാർഥത കാണിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ, അവർ രണ്ടുപേരും ചായക്കടയിൽ ചായ കുടിച്ചിരുന്ന സമയത്ത്, ഒരു ഏഷണിക്കാരന് ഇവരുടെ സൗഹൃദത്തില്‍ അസൂയ തോന്നി. അവന്‍ ചന്തുവിന്റെ മരംവെട്ടിന്റെ കാര്യം ഏറെ പുകഴ്ത്തിപ്പറഞ്ഞു. അതുകേട്ട് ചായക്കടക്കാരൻ അതേറ്റു പിടിച്ചു. അയാള്‍, തോണിക്കാരന്‍ചീരന്റെ കേമത്തരങ്ങളും പറഞ്ഞ് തിരിച്ചടി കൊടുത്തു. ചങ്ങാതികൾ രണ്ടു പേരും ആ വിഷവും തലയിലേറ്റി വെളിയിലിറങ്ങി. അങ്ങനെ ആദ്യമായി അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ കനല്‍ എരിഞ്ഞുതുടങ്ങി.

അടുത്ത ദിനംതന്നെ ഒരു തർക്കമുണ്ടായി - ഞാനോ നീയോ വലുത് എന്നുള്ള വാഗ്വാദം!
ചന്തു വാശിയോടെ പറഞ്ഞു - "ഞാൻ വെട്ടിയ മരങ്ങൾ കൊണ്ടാണ് ഈ നാട്ടിൽ അനേകം വീടുകൾ പണിതിരിക്കുന്നത്. രാജാവ് ശയിക്കുന്ന കട്ടിലിനുള്ള തടി ഞാനാണ് വെട്ടിയത്. എന്നാൽ, ഒരു തോണിക്കാരൻ ഇല്ലെങ്കിലും ഇവിടെ ജീവിച്ചു പോകാം''
ചീരനും വിട്ടുകൊടുത്തില്ല-
"തടിവീടുകൾക്കു പകരമായി കൽവീടുകളും മൺവീടുകളും എല്ലാവരും പണിയാൻ തുടങ്ങിയാൽ നിന്റെ പണിയൊക്കെ തീരും. ഞാൻ എത്ര പേരെ വെള്ളത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു, അന്യനാടുകളിലേക്ക് അനേകം ചരക്കു വള്ളങ്ങളും ഞാൻ കൊണ്ടുപോയിട്ടുണ്ട്"

അന്ന്, ആദ്യമായി അവർ പിണങ്ങിപ്പിരിഞ്ഞു. തമ്മിൽ കാണാതിരിക്കാൻ ചന്തു കിഴക്കുദേശത്തേക്കും ചീരൻ പടിഞ്ഞാറു ദിക്കിലേക്കും പണിയന്വേഷിച്ചു പോയി. ചന്തു പോയ ദിക്കിൽ പണിവേണ്ടവരും ആളെ വേണ്ടവരും ദിവസവും രാവിലെ ചന്തയിൽ വരണമെന്നായിരുന്നു നിയമം. അതു പ്രകാരം, ചന്തയിൽ എത്തണമെങ്കിൽ ഒരു പുഴ കടന്ന് അക്കരെയെത്തണം. അവൻ കയറിയ കടത്തുതോണിയിൽ ഒരു വൃദ്ധനായിരുന്നു തോണിക്കാരൻ. യാത്രക്കാർ അധികമായിരുന്നു. പുഴയുടെ നടുക്കെത്തിയപ്പോൾ തോണിക്കാരൻ ഏതോ രോഗം മൂലം കുഴഞ്ഞു വള്ളത്തിൽത്തന്നെ വീണു.

പങ്കായം ഒഴുക്കുവെളളത്തിൽ ഒഴുകിപ്പോയി. നിയന്ത്രണം നഷ്ടപ്പെട്ട തോണി ഒഴുക്കിനൊത്തു വേഗമെടുത്തപ്പോൾ നീന്തൽ അറിയാവുന്ന ചന്തുവും മറ്റു ചിലരും രക്ഷപ്പെട്ടു. മറ്റുള്ളവർ തോണിക്കൊപ്പം ഒഴുകിപ്പോയി. തിരികെ നീന്തി ചന്തു കരയ്ക്കു കയറിയപ്പോൾ ആദ്യം ഓർത്തത് ചീരനെയായിരുന്നു-
"ആ പ്രായമായ മനുഷ്യനു പകരം ചീരനായിരുന്നെങ്കിൽ!....''
ഇതേ സമയം, പടിഞ്ഞാറു ദേശത്തേക്കു പോയ ചീരൻ ചെന്നെത്തിയ  പ്രദേശമാകെ അപ്രതീക്ഷിതമായി കൊടുങ്കാറ്റടിച്ച് അനേകം വൻമരങ്ങൾ കടപുഴകി. കൃഷികളുമൊക്കെ നാശമായി. കടത്തുവഞ്ചിയിൽ പണി തരപ്പെടുത്താൻ നോക്കിയപ്പോൾ ഒരു കരപ്രമാണി പറഞ്ഞു-
"എടോ, അന്യദേശത്തേക്കു ചരക്കു കൊണ്ടുപോകാൻ ഇനി കുറെ മാസങ്ങൾ വേണ്ടിവരും. ഇപ്പോൾ പണിക്ക് ഒഴിവുള്ളത് മരംവെട്ടുകാർക്കാണ്"
അന്നേരം, ചീരൻ ചന്തുവിനെ ഓർത്തു-
"ഇവിടെ ചന്തു ഉണ്ടായിരുന്നെങ്കിൽ!"

ചീരൻ നിരാശയോടെ തിരിഞ്ഞു നടന്നു. രണ്ടു പേരും തിരികെ സ്വദേശത്തു വന്നു ചേർന്നു. അവർ പരസ്പരം ക്ഷമ ചോദിച്ച് സൗഹൃദം വീണ്ടും വിളക്കിച്ചേർത്തു.
ആശയം -
ഓരോ തൊഴിലും തൊഴിലുടമയും തൊഴിലാളികളുമൊക്കെ നാടിന് ആവശ്യമാണ്. നമ്മുടെ ഊർജ്ജത്തെ മേൽക്കോയ്മ കാട്ടാനായി ദുരുപയോഗം ചെയ്യരുത്. കിട മൽസരങ്ങളിലേക്കു നയിക്കുന്ന വിഷവിത്താകാനും ആരും ശ്രമിക്കേണ്ടതില്ല.
Online browser reading →download →offline reading of this safe Google Drive PDF file-501 is free.  Click here-
https://drive.google.com/file/d/1cgFsGt2wfF1pxHv40hcuDDxW5jiIQEy9/view?usp=sharing

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam