(1106) വേറിട്ട ജോലി!
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ആശ്രമം ഉണ്ടായിരുന്നു. അവിടെ ഗുരുജിക്ക് ആറ് ശിഷ്യന്മാർ ഉണ്ടായിരുന്നു.
ഒരു ദിവസം, ഗുരു അവരോടു പറഞ്ഞു -"ആശ്രമത്തിലെ അടുക്കളയിൽ വിറക് തീർന്നിരിക്കുന്നു. ഓരോ ആളും ഒരു കെട്ട് ഉണക്ക വിറക് കാട്ടിൽ പോയി ശേഖരിച്ചു വരിക"
അവർ അഞ്ചുപേരും കാട്ടിലൂടെ നടന്ന് വിറക് എടുത്തു കൊണ്ടിരുന്നു. എന്നാൽ, രാമു എന്നു പേരുള്ള ശിഷ്യൻ ഗുരുവിൻ്റെ പ്രീതി പിടിച്ചു പറ്റാനായി വിറക് ഒടിച്ച് തുല്യ അളവിലാക്കി ഭംഗിയായി അടുക്കി കെട്ടി. മാത്രമല്ല, പെട്ടെന്ന് കത്തുന്നതും നല്ല ചൂടു കിട്ടുന്നതുമായ മരത്തിൻ്റെ കമ്പുകൾ മാത്രം തിരഞ്ഞെടുത്തിരുന്നു.
അവർ ആശ്രമത്തിലെത്തി ഗുരുവിനെ വിറകു കെട്ടുകൾ കാണിച്ചു. ഏറെ പ്രതീക്ഷയോടെ രാമു തൻ്റെ വിറക് മുന്നിലേക്ക് നീക്കി വച്ചിട്ടും ഗുരു യാതൊന്നും പറഞ്ഞില്ല.
രാമു കുറച്ചു കഴിഞ്ഞ് പിറുപിറുത്തു - "മറ്റുള്ളവരേക്കാൾ എത്രയോ നന്നായിട്ടാണ് ഞാൻ ആ കാര്യം ചെയ്തത്. ഗുരു അത് ഗൗനിച്ചതേയില്ല"
അവൻ്റെ മുഖം മ്ലാനമായി. അടുത്ത ദിവസം, പൂജയ്ക്കുള്ള പൂക്കൾ കാട്ടിൽ നിന്നും കൊണ്ടുവരാൻ അവരെ പറഞ്ഞു വിട്ടു.
രാമു ഇത്തവണ അമിത ശ്രദ്ധ കൊടുക്കാതെ കിട്ടിയ പൂക്കൾ പറിച്ചു നടക്കുന്ന സമയം. മറ്റുള്ളവരും അങ്ങനെയുള്ള പൂക്കൾ ശേഖരിച്ചു.
തിരികെ നടക്കുന്ന സമയത്ത് ഒരു കിളിക്കുഞ്ഞ് കരിയിലകൾക്കിടയിൽ പിടയ്ക്കുന്നതു കണ്ടു. ഉടൻ, രാമു അതിനെ എടുക്കാനായി പോകുമ്പോൾ മറ്റുള്ളവർ നീരസം പ്രകടിപ്പിച്ചു - "എടാ, നിനക്ക് വേറെ പണിയൊന്നുമില്ലേ? ഈ കാട്ടിൽ എത്രയോ കിളിക്കുഞ്ഞുങ്ങൾ ഇങ്ങനെ കിടപ്പുണ്ടാകും?"
രാമു പറഞ്ഞു -"ഇതിനെ കണ്ടിട്ട് ഉപേക്ഷിച്ചു പോരാൻ മനസ്സു വരുന്നില്ല. ഇതിൻ്റെ ദീനം മാറ്റാനുള്ള മരുന്നൊക്കെ ഗുരുവിന് അറിയാം"
അവർ ഗുരുവിൻ്റെ പക്കലെത്തി. കിളിക്കുഞ്ഞിനെ ഗുരു ശുശ്രൂഷിച്ചപ്പോൾ അത് കാട്ടിലേക്ക് പറന്നു പോയി.
ഗുരു അവരോടു പറഞ്ഞു -"നോക്കൂ, രാമു ചെയ്തത് എന്തു നല്ല കാരുണ്യ പ്രവൃത്തിയാണ് "
അതുകേട്ട് രാമുവിന് അത്ഭുതമായി. കുറെ കഴിഞ്ഞ് ഗുരു തനിയെ ഇരുന്ന സമയത്ത് അവൻ ചോദിച്ചു - "ഞാൻ ഇന്നലെ നല്ല വിറക് ഭംഗിയായി കൊണ്ടുവന്നപ്പോൾ ഗുരു യാതൊന്നും പറഞ്ഞില്ലല്ലോ. ഇപ്പോൾ കിളിയുടെ കാര്യത്തിൽ പ്രശംസിക്കുകയും ചെയ്തു. അത് എന്താണ്?"
ഗുരു പറഞ്ഞു -"നല്ല വിറക് വൃത്തിയായി കൊണ്ടുവന്നത് ഞാൻ നിന്നെ ഏൽപ്പിച്ച ജോലിയാണ്. എന്നാൽ, കിളിക്കുഞ്ഞിനെ കൊണ്ടുവന്നത് നിൻ്റെ നല്ല മനസ്സും. ആദ്യത്തേതിൽ നീ പ്രശംസ ആഗ്രഹിച്ചപ്പോൾ കിളിയുടെ കാര്യത്തിൽ നീ ഒന്നും പ്രതീക്ഷിച്ചില്ല"
Written by Binoy Thomas, Malayalam eBooks-1106- folk tales - 63, PDF-https://drive.google.com/file/d/1Bcw-R5wSsHqRtH43vLkD8Jshj2Db20aX/view?usp=drivesdk