(1203) പാലിലെ വെള്ളം!
പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു കർഷകൻ ജീവിച്ചിരുന്നു. കുമാരൻ എന്നായിരുന്നു അയാളുടെ പേര്. ആ വീട്ടിൽ അവനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്ക് കുട്ടികൾ ജനിച്ചതുമില്ല.
എങ്കിലും കുമാരന് അത്യാഗ്രഹം ഉണ്ടായിരുന്നു. അതിനാൽ, അയാളുടെ കറവപ്പശുവിൻ്റെ പാൽ ചായക്കടയിൽ വിൽക്കാൻ പോകുമ്പോൾ അതിൽ കുറച്ചു വെള്ളവും കൂടി ചേർത്തിരുന്നു.
പക്ഷേ, ഇതു ശ്രദ്ധിച്ച് ഭാര്യ പറയും- "അത്യാഗ്രഹത്തിൻ്റെ അവസാനം നാശമാണ്. നമ്മളെ വിശ്വസിച്ച് പാൽ വാങ്ങുന്നവരെ ചതിക്കുന്നത് ശരിയല്ല"
എന്നാൽ, അയാൾ അതൊന്നും വകവച്ചില്ല.
"എടീ, ഞാൻ ഹരിശ്ചന്ദ്രൻ കളിച്ചു കൊണ്ടിരുന്നാൽ അടുത്ത പശുവിനെ മേടിക്കാൻ പറ്റുമോ?"
അങ്ങനെ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പശുവിനെ വാങ്ങാനുള്ള നാണയം തികഞ്ഞു. അയാൾ ആ നാണയ സഞ്ചിയുമായി കാലിച്ചന്തയിലേക്കു പോയി.
അവിടെ ആടും പശുവും പോത്തും എരുമയും കാളയും എല്ലാമുണ്ട്. അയാൾ നടന്നു നീങ്ങവേ ഇടയ്ക്ക് ഒന്നു വിശ്രമിക്കാനായി വലിയ ഒരു മരത്തിൻ്റെ ചുവട്ടിൽ ചാരിയിരുന്നു. ആ മരം പുഴയോരത്ത് നിന്നതിനാൽ നല്ല തണുപ്പും അവിടെ ഉണ്ടായിരുന്നു,
ക്രമേണ, കുമാരൻ ക്ഷീണത്താൽ ഉറങ്ങിപ്പോയി. അന്നേരം മരത്തിലുണ്ടായിരുന്ന കുരങ്ങൻ താഴെ ഇറങ്ങി പണസഞ്ചി എടുത്ത് മരത്തിൻ്റെ മുകളിലെത്തി പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന കൊമ്പിൽ ഇരുന്നു.
കുരങ്ങൻ സഞ്ചി തുറന്നു. ഓരോ വെള്ളി നാണയവും തിന്നാൻ കൊള്ളുമോ എന്ന് കടിച്ചു നോക്കി വെള്ളത്തിലേക്ക് എറിയാൻ തുടങ്ങി.
"പ്ളും!"
എന്ന ശബ്ദം കേട്ട് അയാൾ കണ്ണു തുറന്നു നോക്കിയപ്പോൾ തൻ്റെ പണസഞ്ചി കുരങ്ങൻ്റെ കയ്യിൽ ഇരിക്കുന്നത് കണ്ട് അയാൾ അലറി!
ആ ഞെട്ടലിൽ കുരങ്ങൻ സഞ്ചി വെള്ളത്തിലിട്ടു. പുഴയുടെ ആഴങ്ങളിലേക്ക് നാണയങ്ങൾ ഊളിയിട്ടു!
കുമാരൻ ദുഃഖിതനായി വീട്ടിലെത്തിയപ്പോൾ ഭാര്യ പറഞ്ഞു -"പാലിൽ വെള്ളം ചേർത്ത് ഉണ്ടാക്കിയ നാണയങ്ങൾ പുഴവെള്ളത്തിൽ ചേർന്നത് സ്വാഭാവികം!"
ആശയം: കള്ളത്തരത്തിൽ ഉണ്ടാക്കിയ മുതലുകളെല്ലാം എന്നെങ്കിലും ചോർന്നു പോകാം!
Written by Binoy Thomas, Malayalam eBooks-1203- നാടോടിക്കഥകൾ - 75, PDF-https://drive.google.com/file/d/16jQXIXF7SqkDDhZnaMrnZvMnheE9HFYy/view?usp=drivesdk