(1201) സൗജന്യമായി തേങ്ങയോ?

 പണ്ട്, സിൽബാരിപുരം ദേശത്ത് കർഷകനായി ജീവിച്ചിരുന്ന നല്ലൊരു മനുഷ്യനായിരുന്നു ശങ്കുണ്ണി. ലളിതമായ ജീവിതം നയിക്കുന്നതിനാൽ അയാളുടെ ജീവിതച്ചെലവ് നന്നേ കുറവായിരുന്നു.

അയാളുടെ പറമ്പിലെ പ്രധാന വരുമാനം തെങ്ങിൻ തോപ്പിൽ നിന്നുമാണ്. നല്ല കായ്ഫലമുള്ള ഇനം തെങ്ങുകളായിരുന്നു ആ പറമ്പിൽ ഉണ്ടായിരുന്നത്.

ഒരു ദിവസം അയാൾ ആലോചിച്ചു പിറുപിറുത്തു - "ഈ നാട്ടിൽ നല്ലയിനം തെങ്ങുകൾ ഉള്ളത് എൻ്റെ പറമ്പിലാണ്. നാട്ടുകാർക്കും ഇത്തരം തെങ്ങിൻതോപ്പുകൾ പല സ്ഥലങ്ങളിലും വരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഇതിൽ നിന്നുള്ള തേങ്ങ ഒന്നാന്തരമാണ്. വേണമെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ വിൽക്കാം. മാത്രമല്ല, ആ  തേങ്ങയിൽ നിന്നും തെങ്ങിൻതൈ വളർത്തി പണം നേടാമല്ലോ"

അതിനായി ശങ്കുണ്ണി പാതയോരത്തുള്ള ഒരു തെങ്ങിലെ തേങ്ങ താഴെ വീഴുന്നതു മുഴുവൻ നാട്ടുകാർക്ക് കൊടുത്തേക്കാമെന്ന് വിചാരിച്ചു.

അയാൾ ആ തെങ്ങിൽ ഇങ്ങനെ എഴുതിവച്ചു - "ഈ തെങ്ങിൽ നിന്നും വീഴുന്ന തേങ്ങകൾ ആർക്കും എടുക്കാവുന്നതാണ് "

തെങ്ങിൽ ഒരു പലകയിൽ എഴുതി വച്ച് കയറുകൊണ്ട് കെട്ടിവച്ചു. അത് ആദ്യം കണ്ടവൻ നെറ്റിചുളിച്ചു - "ഇതിൽ എന്തോ ചതിയുണ്ട് "

പിന്നെ വന്നവരും സംശയത്തോടെ തെങ്ങിനെ നോക്കി തേങ്ങ എടുത്തില്ല.

"കേടു വന്ന തേങ്ങയാണ് "

"അടുത്ത നാട്ടു പ്രമാണി ആകാനുള്ള അടവാണ്"

" നാട്ടുകാരോട് സഹായം വലുത് എന്തോ ചോദിക്കാനുള്ള സൂത്രമാണ് "

"ഈ തേങ്ങ കഴിച്ചാൽ ഏതോ രോഗം ആളുകൾക്ക് പടർന്നു പിടിച്ചേക്കാം"

അങ്ങനെ പല സംസാരങ്ങളും നാട്ടുകാർക്കിടയിൽ രഹസ്യമായി നടന്നു. അതേ സമയം, നിലത്തു കിടക്കുന്ന തേങ്ങ ആരും എടുക്കാത്തതിനാൽ ശങ്കുണ്ണി കലിച്ചു. കുറെ ദിവസം കഴിഞ്ഞപ്പോൾ തെങ്ങിൽ കെട്ടിയിരുന്ന പലക പറിച്ച് ദൂരെ എറിഞ്ഞു.

എന്നിട്ട്, തേങ്ങകൾ എല്ലാം കൂടി കുട്ടയിൽ വച്ച് ചന്തയിൽ ചെന്ന് മനപ്പൂർവ്വമായി അമിത വിലയ്ക്ക് വിറ്റു! എന്നാൽ, എന്തോ മഹത്തായ കാര്യം ചെയ്യുന്ന പോലെ അതെല്ലാം ആ നാട്ടുകാർ വാങ്ങുകയും ചെയ്തു!

ആശയം: ഏതു കാര്യത്തിലും കുറ്റം മാത്രം കണ്ടുപിടിക്കുകയും സംശയിക്കുകയും ചെയ്യുന്നവർക്ക് നല്ല കാര്യങ്ങളുടെ മൂല്യം അറിയാൻ പോലും ശേഷിയില്ല.

Written by Binoy Thomas, Malayalam eBooks-1201 - Satire Stories - 36 , PDF-https://drive.google.com/file/d/1z82mCMD9WuudOMv07q2f_1LaTyqhxN8b/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍