(1123) ഹോജയുടെ മണ്ടത്തരം!
ഹോജ മുല്ല ഒട്ടേറെ ബുദ്ധിപരമായ നീക്കങ്ങൾ നടത്തിയ കഥകൾ ഉണ്ടെങ്കിലും പലയിടത്തും മണ്ടത്തരം പറയുകയും ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
ഹോജയുടെ മണ്ടത്തരം നിറഞ്ഞ ഒരു കഥ വായിക്കൂ.
ഒരിക്കൽ, പട്ടണത്തിൽ ഒരു കഴുതയോട്ടം മൽസരമായി നടത്തുണ്ടെന്ന് ഹോജയ്ക്ക് വിവരം കിട്ടി.
അയാൾ ഭാര്യയോടു പറഞ്ഞു -"നമ്മുടെ കഴുതയ്ക്ക് രണ്ടു ദിവസം തീറ്റി കൊടുക്കരുത്. അതിനെ പട്ടണത്തിലെ മൽസരത്തിനു കൊണ്ടു പോകണം"
ഹോജയെ അനുസരിക്കുന്ന ഭാര്യയായിരുന്നു ആമിന. പട്ടിണി കിടന്ന കഴുതയുമായി അയാൾ മൽസരത്തിനെത്തി. മൽസരാർഥികൾ കഴുതപ്പുറത്ത് കയറി. മൽസരം ആരംഭിച്ചു.
പെട്ടെന്ന് ഹോജ കഴുതപ്പുറത്തിരുന്ന് ഒരു വടിയിൽ കെട്ടിയ തീറ്റി കഴുതയുടെ മുന്നിലേക്കു കാണിച്ചു.
എങ്ങനെയും മുന്നിലുള്ള തീറ്റി കിട്ടുമെന്നു വിചാരിച്ച് മറ്റുള്ള കഴുതകളെ പിന്നിലാക്കി ആ കഴുത അതിവേഗം കുതിച്ചു.
പക്ഷേ, ഹോജയുണ്ടോ അതിന് ആ തീറ്റി കൊടുക്കുന്നു? എന്നാൽ, കുറച്ചു ദൂരം ഓടിയപ്പോൾ പട്ടിണി കിടന്നിരുന്ന കഴുത കുഴഞ്ഞു വീണു! ഹോജയും അതിനൊപ്പം പറന്നു വീഴുന്നതു കണ്ട് കാണികൾ ഹോജയെ കൂകിവിളിച്ചു!
ഹോജ വീട്ടിലെത്തിയപ്പോൾ ഭാര്യ കളിയാക്കി. അന്നേരം, ഹോജ പറഞ്ഞു -"ഞാൻ കാണിച്ച ബുദ്ധി എന്തായിരുന്നെന്ന് ആ കഴുതയ്ക്ക് മനസ്സിലായില്ല. അത് എൻ്റെ കുഴപ്പമല്ല!"
Written by Binoy Thomas, Malayalam eBooks-1123 - Hoja stories - 61, PDF-https://drive.google.com/file/d/1TdJTGvhEWVyk5ozo7kUvvqQ2NvW0l2I-/view?usp=drivesdk
Comments