(1121) മഴയുടെ അനുഗ്രഹം!
ഒരിക്കൽ, ഹോജമുല്ല മഴയത്ത് കുടയും ചൂടി നടന്നു പോകുകയായിരുന്നു. അന്നേരം, ആ പ്രദേശത്തെ പണ്ഡിതൻ ഓടി വരുന്നതു കണ്ടു.
ലേശം അഹങ്കാരിയായ പണ്ഡിതനെ, ഒരു പാഠം പഠിപ്പിക്കാൻ കിട്ടുന്ന അവസരം വെറുതെ കളയണോ?
ഹോജ പണ്ഡിതനെ പിടിച്ചു നിർത്തി - "മഴ അള്ളാഹു തരുന്ന അനുഗ്രഹമാണ്. അങ്ങ്, എന്തിനാണ് അതിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത്?"
പണ്ഡിതന് മറുവാദം ഒന്നുമില്ലായിരുന്നു. അയാൾ തല കുലുക്കി സമ്മതിച്ചു കൊണ്ട് മഴ നനഞ്ഞ് മെല്ലെ നടന്നു പോയി. വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിനു പനിയും പിടിച്ചു
കുറെ ദിവസം കഴിഞ്ഞ്, പണ്ഡിതൻ മഴയത്ത് കുടയുമായി നടന്നു വരികയായിരുന്നു. അപ്പോൾ, മഴയത്ത് ഓടി ഹോജ വരുന്നതു കണ്ടു.
പണ്ഡിതൻ ഇതുകണ്ട് അമ്പരന്നു. കഴിഞ്ഞ ദിവസം തൻ്റെ മേൽ മഴ അനുഗ്രഹമാണെന്നു പറഞ്ഞ ഹോജ മഴ കൊള്ളാതിരിക്കാൻ ഓടുന്നു?
"എടോ, ഹോജ താങ്കൾ ഓട്ടം നിർത്തൂ. മഴയുടെ അനുഗ്രഹം തനിക്ക് വേണ്ടേ?"
ഉടൻ, ഓട്ടം നിർത്താതെ ഹോജ വിളിച്ചു കൂവി - "മഴ അനുഗ്രഹം തന്നെയാണ്. പക്ഷേ, ഈ അനുഗ്രഹത്തെ ചവിട്ടാതിരിക്കാനാണ് ഞാൻ കാൽ അകത്തി ചാടി ഓടുന്നത്!"
ഹോജ, മഴ ഏറെ നനയാതെ ഓടി വീട്ടിലെത്തി പണ്ഡിതനെ പറ്റിച്ചത് ഓർത്ത് പൊട്ടിച്ചിരിച്ചു!
Written by Binoy Thomas, Malayalam eBooks - 1121- Hoja story series - 59, PDF-https://drive.google.com/file/d/1udJlJNlTl5-_nBfZuMxiY3WSHlx5ycHR/view?usp=drivesdk
Comments