(1120) അവസാന പ്രതിഫലം!

 പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്  കച്ചവടക്കാരനായ രാവുണ്ണി തൻ്റെ കുതിരവണ്ടിയുമായി ചന്തയിൽ നിന്നും മടങ്ങുകയായിരുന്നു. അയാളുടെ തറവാട്ടിലേക്ക് മാസത്തിൽ ഒരിക്കൽ കുറെ കോഴികളെ ചന്തയിൽ നിന്നും മേടിക്കുന്നത് പതിവാണ്.

രണ്ടു കുതിരകൾ വലിക്കുന്ന വണ്ടിയിൽ കുറെ കോഴികൾ വലയ്ക്കുള്ളിൽ കിടപ്പുണ്ടായിരുന്നു. കുതിരകൾ വിഷമിച്ചായിരുന്നു വണ്ടി വലിച്ചിരുന്നത്. 

അതു നോക്കിയിട്ട് ആ കൂട്ടത്തിലെ വലിയ പൂവൻകോഴി കുതിരകളോടു ചോദിച്ചു- "നിങ്ങൾ രണ്ടു പേരും ഒരുപാട് കഷ്ടപ്പെട്ടാണല്ലോ ഈ വണ്ടി വലിക്കുന്നത്? യജമാനൻ വിശേഷിച്ച് ഇന്ന് കൂടുതൽ ഭക്ഷണം തരുമോ?"

കുതിരകൾ പറഞ്ഞു -"ഏയ്, ഇത് ഞങ്ങളുടെ ജോലിയാണ്. പണിയുള്ള ദിവസവും പണിയില്ലാത്ത ദിവസവും ഒരു പോലെയാണ് തീറ്റിയൊക്കെ കിട്ടുന്നത്"

ഉടൻ, പൂവൻകോഴി അവരോട് ദേഷ്യപ്പെട്ടു - "നിങ്ങൾ വെറും മണ്ടന്മാരാണ്. ഇത് തികച്ചും അന്യായമായ കാര്യമാണ്. കൂടുതൽ പണിക്ക് കൂടുതൽ തീറ്റി വേണമെന്ന് യജമാനനെ അറിയിക്കണം"

ഒരു കുതിര ചോദിച്ചു - "അത് എങ്ങനെ അറിയിക്കും?"

ഉടൻ, പൂവൻകോഴി പറഞ്ഞു -"ഞങ്ങൾ പൂവൻകോഴികൾ എവിടെ അന്യായം കണ്ടാലും ഇതുപോലെ കൂവും!"

പറഞ്ഞയുടൻ, പൂവൻ സർവ്വശക്തിയുമെടുത്ത് - "കൊക്കരക്കോ..." എന്ന വലിയ ശബ്ദം മുഴക്കി. അന്നേരം, രാവുണ്ണി ആ കോഴിയെ നോക്കി.

ഇതേ സമയത്ത് കുതിരവണ്ടി മുറ്റത്ത് എത്തിയിരുന്നു. അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി പൂവൻ കോഴിയുടെ കഴുത്തിനു പിടിച്ച് നടക്കുമ്പോൾ പിറുപിറുത്തു - "ഇന്നുച്ചയ്ക്ക് കോഴിക്കറിയായി വിളമ്പാൻ ഇവനെ മതി"

അന്നേരം, കുതിരകൾ പരസ്പരം പറഞ്ഞു -"നമ്മുടെ അന്യായം പറഞ്ഞവന് സ്വന്തം കാര്യത്തിലെ അന്യായത്തേക്കുറിച്ച് അറിവില്ലായിരുന്നു!"

ആശയം: മലയാളികൾ പൊതുവേ ന്യായത്തിനും അന്യായത്തിനും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരുപാട് കുഴപ്പങ്ങൾ വരുത്തിവയ്ക്കുന്നത് നിത്യസംഭവമായിരിക്കുന്നു. നമ്മളിലേക്ക് നോക്കിയ ശേഷം മാത്രം മറ്റുള്ളവരെ നോക്കാൻ ശ്രമിക്കുക.

Written by Binoy Thomas, Malayalam eBooks-1120-folk tales - 64, PDF-https://drive.google.com/file/d/1TQxl47TFvXuuTIwQl0jQpWeNP34izqnM/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍