(1119) ഇഷ്ടമുള്ള ശബ്ദം!
ഒരു ദിവസം, ഹോജ മുല്ലയെ വഴിയിൽ വച്ച് സംഗീത വിദ്വാൻ കണ്ടു. അയാൾ ഹോജയെ വീട്ടിലേക്ക് ക്ഷണിച്ചു. അയാളുടെ സംഗീത പാരമ്പര്യവും ഉപകരണങ്ങളുമെല്ലാം ഹോജയുടെ മുന്നിൽ വിളമ്പുകയായിരുന്നു ലക്ഷ്യം. അത് ഹോജയ്ക്കും മനസ്സിലായി.
വീടിനുള്ളിൽ ഓരോ മുറിയിലും വ്യത്യസ്തങ്ങളായ സംഗീത ഉപകരണങ്ങൾ വച്ചിട്ടുണ്ടായിരുന്നു.
വിദ്വാൻ ഓരോന്നായി ഹോജയെ കാണിച്ചു. ഹോജയ്ക്ക് പ്രത്യേകിച്ച് യാതൊരു താൽപര്യവും അതിലൊന്നും തോന്നിയില്ല. ഓരോ ഉപകരണങ്ങളും ഹോജയെ വായിച്ചു കേൾപ്പിച്ചു. ഹോജ അപ്പോൾ മറ്റൊരു ചിന്തയിലായിരുന്നു - ഇവിടെ നിന്ന് എന്തെങ്കിലും തിന്നാൻ കിട്ടിയിരുന്നെങ്കിൽ?
എന്നിട്ട്, വിദ്വാൻ ലേശം അഹങ്കാരത്തോടെ ചോദിച്ചു - "ഉപകരണങ്ങളുടെ ഏതു ശബ്ദമാണ് താങ്കൾക്ക് ഇഷ്ടമായത്?"
ഹോജ തൻ്റെ ആവശ്യം സൂത്രത്തിൽ അവതരിപ്പിച്ചു - "എനിക്ക് ഏറ്റവും ഇഷ്ടമുള്ള ശബ്ദം, ആഹാരം വിളമ്പിത്തരുമ്പോൾ പാത്രങ്ങളിൽ മുട്ടി ഉണ്ടാകുന്നതാണ്!"
Written by Binoy Thomas, Malayalam eBooks-1119- Hoja Mulla Stories - 58, PDF-https://drive.google.com/file/d/1_oR6wCFuq9jU40wpiXjp1aLBdVGRAIiu/view?usp=drivesdk
Comments