(1118) ഹോജയുടെ മുൻകരുതൽ!
ഒരിക്കൽ, ഹോജ മുല്ല ഒരു ധനികനായ മനുഷ്യൻ്റെ മാളികയിൽ പരിചാരകനായി കഴിഞ്ഞിരുന്ന കാലം.
ഒരു ദിവസം, ഹോജയോട് പത്ത് കോഴിമുട്ട ചന്തയിൽ നിന്നും വാങ്ങി വരാൻ മുതലാളി ആവശ്യപ്പെട്ടു.
ഹോജയ്ക്ക് മുട്ട കൊണ്ടുവരുന്നത് വലിയ താൽപര്യമുണ്ടായിരുന്നില്ല. കാരണം, മുട്ട തട്ടിമുട്ടി പൊട്ടിപ്പോകാതെ വളരെ ജാഗ്രതയുണ്ടായിരിക്കണം. ഹോജയാണെങ്കിൽ, മറ്റു പല കാര്യങ്ങളും ചിന്തിച്ചാകും നടക്കുക.
അതിന് ഹോജ ഒരു സൂത്രം കണ്ടുപിടിച്ചു - അഞ്ച് മുട്ട ഇന്ന് വാങ്ങുക. നാളെ മറ്റു സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോകുമ്പോൾ ബാക്കി അഞ്ച് വാങ്ങണം. പകുതി മുട്ടകൾക്ക് പകുതി ശ്രദ്ധ മതിയല്ലോ.
പക്ഷേ, അടുക്കളയിൽ അഞ്ച് മുട്ട മാത്രമായി വയ്ക്കുന്നത് മുതലാളി ശ്രദ്ധിച്ചു. അയാൾ ദേഷ്യപ്പെട്ടു - "നീ എന്തൊരു വിവരം ഇല്ലാത്തവനാണ്? പത്ത് പറഞ്ഞാൽ പകുതി വാങ്ങി വരും. യാതൊരു മുൻകരുതലും എടുക്കാത്ത വിഢിയായ പരിചാരകനാണു നീ"
അടുത്ത ദിവസം മുതലാളിക്ക് പനിപിടിച്ചു. അന്നേരം വൈദ്യനെ കൂട്ടി വരാൻ ഹോജയോട് പറഞ്ഞു.
ഹോജ പിറുപിറുത്തു - "ഇനി മുതലാളി എന്നെ മുൻകരുതൽ ഇല്ലാത്തവൻ എന്നു വിളിക്കാൻ പാടില്ല"
ഹോജ വൈദ്യനെ കൂട്ടി വന്നു. അതിൻ്റെ കൂടെ മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു.
മുതലാളി വൈദ്യനെ കണ്ടു. മരുന്നുകൾ വാങ്ങി. പക്ഷേ, മറ്റു രണ്ടു പേരെ കണ്ടപ്പോൾ മുതലാളി കാര്യം തിരക്കി.
അപ്പോൾ ഹോജ പറഞ്ഞു -"വൈദ്യൻ്റെ ചികിൽസ ഫലിച്ചില്ലെങ്കിൽ പിന്നെ ശവപ്പെട്ടി വേണം. അത് മണ്ണിൽ കുഴിച്ചിടാൻ വേറെ ഒരാളും വേണം. അവരാണ് ഈ രണ്ടു പേർ. ഞാൻ കുറച്ച് ജാഗ്രതയും മുൻകരുതലും ഇത്തവണ എടുത്തു!"
Written by Binoy Thomas, Malayalam eBooks-1118- Hoja stories - 57, PDF-https://drive.google.com/file/d/1GtCKZVcjssEBy0H5129KdLAOkMpjsS3N/view?usp=drivesdk
Comments