(1116) സാറും മുക്കുവക്കുട്ടിയും!
ഒരിക്കൽ, സിൽബാരിപുരം പട്ടണത്തിലെ കോളജിൽ അസിസ്റ്റൻ്റ് പ്രഫസറായി രമേശ് ജോലിക്കെത്തി.
വളരെയേറെ പ്രതീക്ഷകളോടെയാണ് അയാൾ ക്ലാസിലെത്തിയത്. എന്നാൽ, ആ ഗവൺമെൻ്റ് കോളജിലെ കുട്ടികൾ പലരും പലതരം ദുശ്ശീലങ്ങൾ പേറുന്നവരായിരുന്നു.
അതിനാൽ, അയാളുടെ അധ്യാപനം നല്ലതായിരുന്നുവെങ്കിലും കുട്ടികൾ ഒട്ടും ഗൗനിക്കുന്നില്ല എന്ന സത്യം വേദനയോടെ തിരിച്ചറിഞ്ഞു.
അങ്ങനെ, ജോലിയുടെ ആദ്യ മാസത്തിൽത്തന്നെ ഏതാനും ദിവസം ലീവെടുത്ത് ബീച്ചിന് അഭിമുഖമായി നിൽക്കുന്ന ഒരു ലോഡ്ജിൽ അയാൾ മുറിയെടുത്തു.
വൈകുന്നേരം ബീച്ചിൽ പോയി അയാൾ കടലിൻ്റെ വിദൂരതയിലേക്ക് നോക്കി ചിന്തിച്ചു - പാഠ്യവിഷയത്തിൽ റഫർ ചെയ്തിട്ടും കാര്യമായ ഫലമില്ല. തൻ്റെ ക്ലാസ്സുകൾ കട്ട് ചെയ്ത് ചിലർ സിനിമയ്ക്കു പോകുന്നു. മറ്റു ചിലർ തോന്നിയതു പോലെ ക്യാംപസിൽ കറങ്ങി നടക്കുന്നു. യാതൊരു കാര്യവും കേട്ട ഭാവം പോലും നടിക്കാത്ത കുട്ടികൾ!
പലവിധ നിഷേധചിന്തകളിൽ നിരാശ പൂണ്ട് അയാൾ ഒരു തീരുമാനമെടുത്തു - പട്ടണം വിട്ടു പോകണം. ഇത്രയും വികസനമില്ലാത്ത ഏതെങ്കിലും ഗവ. കോളജിലേക്ക് ട്രാൻസ്ഫറിന് നാളെത്തന്നെ ശ്രമിക്കണം.
അടുത്ത ദിവസം രാവിലെ ചെറിയ ബാഗിലേക്ക് തുണികൾ തിരുകിക്കയറ്റി. ലോഡ്ജ് വിടുന്നതിനു മുൻപ് ഒരിക്കൽ കൂടി കടലിലേക്കു നോക്കി. അത് വളരെ ശാന്തമാണ്. ആളുകളുടെയും തിരകളുടെയും ആരവങ്ങളില്ല.
പക്ഷേ, ഒരു കുട്ടി എന്തോ കുനിഞ്ഞെടുത്ത് വെള്ളത്തിന് അടുത്തേക്ക് പോകുന്നുണ്ട്. അവൻ അത് ആവർത്തിക്കുകയാണ്.
അത് എന്തായിരിക്കും? അയാൾ യാന്ത്രികമായി ബാഗ് മേശപ്പുറത്ത് വച്ചിട്ട് നടന്ന് കടപ്പുറത്തെത്തി.
ആ മുക്കുവക്കുട്ടിയോട് അയാൾ ചോദിച്ചു - "നീ എന്താണ് ഈ ചെയ്യുന്നത്? കയ്യിലെന്താണ്?"
കുട്ടി പറഞ്ഞു -"രാത്രീല് വന്നടിഞ്ഞതാ. വെയിലു വരുമ്പോൾ മീൻകുഞ്ഞുങ്ങൾ ചത്തുപോകും"
ഏതോ ചെറുമീനുകളെ വെള്ളത്തിലേക്ക് തിരികെ വിടുകയാണെന്ന് സാറിനു മനസ്സിലായി. അയാൾ സൂക്ഷ്മമായി നോക്കിയപ്പോൾ നൂറുകണക്കിന് അത്തരം കറുത്തവ മണൽത്തരിയിൽ തരിപ്പുണ്ടാക്കുന്നത് കണ്ടു.
അയാൾ കുട്ടിയെ ഉപദേശിച്ചു - "നീ ഇങ്ങനെ ചെയ്തിട്ട് എന്തു പ്രയോജനം? പിടികിട്ടാത്ത എണ്ണമാണ് ഈ ബീച്ചിൽ കിടക്കുന്നത്? എത്രയെണ്ണത്തിനെ നിനക്കു രക്ഷിക്കാൻ പറ്റും?"
കുട്ടി പ്രവൃത്തിക്കിടെ നിസ്സാര ഭാവത്തിൽ പറഞ്ഞു -"അതൊന്നും എനിക്കറിയില്ല. പക്ഷേ, ഞാൻ വെള്ളത്തിൽ ഇട്ടതൊന്നും ചത്തില്ല!"
കുട്ടിയുടെ ദുർബല ശബ്ദം, ശക്തമായ തിരമാല പോലെയാണ് അയാളിൽ വന്നടിച്ചത്! അത് കേട്ട മാത്രയിൽ അയാൾ തിരികെ നടന്നു. ക്രമേണ നടപ്പിനു വേഗം കൂടി. ലോഡ്ജ് വിട്ട് സ്വന്തം റൂമിലെത്തി. കോളജ് വിദ്യാർഥികളുടെ നിസ്സംഗത നോക്കാതെ ആത്മാർഥമായി ക്ലാസ്സുകൾ നയിച്ച് ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ മികച്ചൊരു അധ്യാപകനായി മാറി.
ആശയം: നാം നന്മയ്ക്കായി ചെയ്യുന്നത് എല്ലാവരും സ്വീകരിക്കണമെന്ന് അല്ലെങ്കിൽ ഫലം കാണണമെന്ന് വാശി പിടിക്കരുത്. ഏറ്റവും ചുരുങ്ങിയത് ഒരാൾക്ക് എങ്കിലും ഈ ദുനിയാവിൽ പ്രയോജനം ചെയ്താലും മതി!
Written by Binoy Thomas, Malayalam eBooks-1116- Career guidance - 37, PDF-https://drive.google.com/file/d/10_hK0SXNk-Gjo7f9Uf8H5Y6uoooO5Dl4/view?usp=drivesdk
Comments