(1114) ഹോജയുടെ സത്രം!
ഹോജ മുല്ല ഒരു കാലത്ത് സത്രത്തിൻ്റെ കാര്യസ്ഥനായി തുർക്കിയിലെ അക്സെഹിർ പട്ടണത്തിൽ കഴിഞ്ഞു വന്നിരുന്ന സമയം.
ഒരു ദിവസം - അപ്രതീക്ഷിതമായി ഹുസൂർ ചക്രവർത്തിയും അനുയായികളും അതുവഴി വന്നു. അവർ ക്ഷീണിച്ചിരുന്നതിനാൽ ഹോജയുടെ സത്രത്തിൽ കയറി വിശ്രമിച്ചു.
ഹോജയ്ക്ക് വലിയ സന്തോഷമായി. അയാൾ താണു വണങ്ങി ചോദിച്ചു -"ഹുസൂർ, ഞാൻ എന്താണ് അങ്ങേയ്ക്ക് കഴിക്കാനായി തരേണ്ടത്?"
ചക്രവർത്തി പറഞ്ഞു -"എനിക്ക് പത്ത് പൊരിച്ച കോഴിമുട്ടകൾ കൊണ്ടുവരണം"
ഹോജ ഉടൻ തന്നെ ചക്രവർത്തിക്കു കൊടുത്തു. അതീവ രുചികരമായി ഹുസൂറിനു തോന്നിയതിനാൽ അദ്ദേഹം ചോദിച്ചു- "ഹോജാ, ഈ ഭക്ഷണത്തിന് ഞാൻ എന്തു വിലയാണ് താങ്കൾക്കു തരേണ്ടത്?"
ഹോജ പറഞ്ഞു - "100 സ്വർണ്ണ നാണയം!"
അതുകേട്ട് ഹുസൂർ ഞെട്ടി!
"എന്താണ് താൻ ഈ പറയുന്നത്? വെറും പത്തു മുട്ടയ്ക്ക് നൂറ് സ്വർണ്ണ നാണയമോ? ഈ കോഴിമുട്ടകൾ അപൂർവ്വമായി കിട്ടുന്ന കാര്യമല്ലല്ലോ!"
ഉടൻ, ഹോജ പറഞ്ഞു -"അതെ, ഹുസൂർ. കോഴിമുട്ടകൾ അപൂർവ്വമല്ല. പക്ഷേ, ഹുസൂർ ഇവിടെ വരുന്നത് അപൂർവ്വമായി കിട്ടുന്ന കാര്യമാണ്!"
ചക്രവർത്തി പൊട്ടിച്ചിരിച്ചു കൊണ്ട് നൂറ് നാണയങ്ങളും കൊടുത്തിട്ട് അവിടന്നു പോയി!
Written by Binoy Thomas. Malayalam eBooks - 1104 - Hoja stories - 54, PDF-https://drive.google.com/file/d/10aF50_rw6at-mIqZQS-xGkhGTEGNWeRk/view?usp=drivesdk
Comments