(1113) സ്വർണ്ണപ്പല്ലൻ!
പണ്ട്, സിൽബാരിപുരം ദേശത്ത് ധനവാനായ ഒരു പിശുക്കൻ ഉണ്ടായിരുന്നു. രാവുണ്ണി എന്നായിരുന്നു അയാളുടെ പേര്.
എന്നാൽ, പണം കൂടുന്നതിന് അനുസരിച്ച് അയാളുടെ പിശുക്കും കൂടിവന്നു. അയാൾ അവിവാഹിതൻ ആയിരുന്നു. ഒരു കുടുംബമായാൽ ചിലവു പിന്നെയും കൂടുമെന്ന് അയാൾ ആരോടോ പറഞ്ഞത്രെ.
ക്രമേണ വർഷങ്ങൾ കടന്നുപോയി. രാവുണ്ണിയെ പലതരം രോഗങ്ങളും അലട്ടാൻ തുടങ്ങി. അതിനിടയിൽ, ദന്തരോഗവും പല്ലിളിച്ചു കാട്ടി.
നാലു മുൻനിര പല്ലുകൾ കേടായതിനാൽ പിഴുതു കളഞ്ഞ് പകരം നാല് വപ്പുപല്ലുകൾ പിടിപ്പിച്ചു.
തിരികെ, നടക്കുമ്പോൾ ഒരു അപരിചിതൻ രാവുണ്ണിയെ ചിരിച്ചു കാണിച്ചു.
പക്ഷേ, രാവുണ്ണി കണ്ടതായി പോലും നടിച്ചില്ല. കാരണം, പരിചയം ഭാവിച്ച് തന്നോട് പണം കടം ചോദിച്ചാലോ?
അന്നു മുതൽ എല്ലാ ദിവസവും അയാൾ രാവുണ്ണിയെ കാണുമ്പോൾ ചിരിക്കും. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം രാവുണ്ണി ആദ്യമായി ചിരിച്ചു. അപരിചിതന് സന്തോഷമായി. പിന്നീട്, അയാൾ ആ വഴിയിൽ വന്നിട്ടില്ല.
രാവുണ്ണി കിടപ്പിലായപ്പോഴും ബന്ധുക്കൾ ആരും വന്നില്ല. എന്നാൽ, രാവുണ്ണി മരിച്ച ദിവസം - ആ വഴിപോക്കൻ ഒരു ബന്ധുവിനെ പോലെ കർമ്മങ്ങൾ എല്ലാം ചെയ്തു.
നാട്ടുകാർ അയാളെ നോക്കി കണ്ണു മിഴിച്ചു. എന്താണ് പരേതനുമായി ബന്ധമെന്ന് ആരും ചോദിച്ചില്ല. രാവുണ്ണിയെ കുഴിച്ചിട്ട ശേഷം ഒരു പുഞ്ചിരിയോടെ അപരിചിതനും നടന്നു പോയി.
പക്ഷേ, അതിനോടകം രാവുണ്ണിയുടെ നാല് പല്ലുകളും നഷ്ടപ്പെട്ടിരുന്നു! മാത്രമല്ല, അപരിചിതൻ്റെ വീട്ടിലെ കടവും തീർന്നിരുന്നു!
ദന്താശുപത്രിയിൽ നിന്നും ഇറങ്ങിയവൻ്റെ വായിൽ ഉറപ്പിച്ച കനകം ഉറപ്പിക്കാനുള്ള രണ്ടാഴ്ചത്തെ തൻ്റെ ക്ഷമാശീലത്തെ അയാൾ സ്വയം അഭിനന്ദിച്ചു.
നാല് സ്വർണ്ണപ്പല്ലുകൾ വിറ്റ് പണമാക്കിയ സന്തോഷത്തിൽ അപരിചിതൻ്റെ ആത്മഗതം വായിലൂടെ പുറത്തു ചാടി - "കനകം മൂലം കാമിനി മൂലം, കലഹം പലവിധമുലകിൽ സുലഭം എന്ന് ഏതു വിഢിയാണ് പണ്ടു പറഞ്ഞത്?"
Written by Binoy Thomas, Malayalam eBooks-1113 - Short Stories - 15, PDF-https://drive.google.com/file/d/1-DqF1-Rt0lDAfCe5FMwOij8vlQGpEeRC/view?usp=drivesdk
Comments