(1112) ഒറ്റ മീൻ!
പണ്ട്, സിൽബാരിപുരം ദേശത്ത് രാവുണ്ണി എന്നും രാവിലെ മീൻ പിടിക്കാനായി പുഴക്കരയിൽ പോകും. വലയിൽ ഒന്നിലധികം മീനുകൾ കുടുങ്ങിയാലും ഒന്നു മാത്രം എടുത്തിട്ട് മറ്റുള്ളവയെ വല കുലുക്കി വെള്ളത്തിലേക്ക് തിരികെ വിടും!
ഒരു ദിവസം, അതുവഴി ഒരാൾ പോയപ്പോൾ ഇതുകണ്ട് ആശ്ചര്യപ്പെട്ടു. അയാൾ രാവുണ്ണിയോട് ചോദിച്ചു - "നിങ്ങൾ എന്തു മണ്ടത്തരമാണ് ഈ ചെയ്യുന്നത്? കയ്യിൽ ഇപ്പോൾ പിടിച്ചിരിക്കുന്ന മീനേക്കാൾ വലിയ നാലു മീനുകൾ വലയിൽ കുടുങ്ങിയതിനെ എന്തിനു വേണ്ടെന്നു വച്ചു?"
രാവുണ്ണി ഭാവഭേദമില്ലാതെ പറഞ്ഞു -"ഇന്നത്തെ മീൻ കറിക്ക് കയ്യിലെ ഇതു ധാരാളമാണ്"
അപരിചിതൻ പരിഹസിച്ചു - "എടോ, മറ്റുള്ള മീനുകളെ ചന്തയിൽ വിറ്റ് തനിക്ക് മീൻ കച്ചവടം തുടങ്ങാൻ വയ്യേ?"
രാവുണ്ണി ചോദിച്ചു - "എന്നിട്ട് എന്തു ചെയ്യാനാണ്?"
അയാൾ പറഞ്ഞു -"ക്രമേണ കച്ചവടം കൊണ്ട് വലിയ വീടും പറമ്പും വാങ്ങാം"
രാവുണ്ണി വീണ്ടും ചോദിച്ചു - "എന്നിട്ട് എന്തിനാണ്?"
അപരിചിതൻ പൊട്ടിച്ചിരിച്ചു - "എടോ, തനിക്ക് നല്ല സുഖമായിട്ട് പിന്നീടുള്ള കാലം വിശ്രമിക്കാം"
രാവുണ്ണി ചിരിച്ചു- "അതിന് താങ്കൾ പറഞ്ഞ അത്രയും കാലം കാത്തിരിക്കേണ്ട യാതൊരു ആവശ്യവും എനിക്കില്ല. ഞാൻ ഇപ്പോൾ ചെയ്യുന്നത് ഇയാൾ ഒടുവിൽ പറഞ്ഞ കാര്യം തന്നെയാണ്!"
അപരിചിതൻ്റെ ചുണ്ടിലെ ചിരി മാഞ്ഞു കണ്ണു മിഴിച്ച് നിന്നപ്പോൾ രാവുണ്ണി ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി ഒറ്റ മീനുമായി നടന്നു നീങ്ങി.
ചിന്തിക്കുക - മനസ്സിൻ്റെ വലിപ്പമാണ് ജീവിതം ആസ്വദിക്കണമോ ദുസ്സഹമാക്കണമോ എന്നു തീരുമാനിക്കുന്നത്. എല്ലാം നേടിയിട്ട് മനസ്സുഖം വരുമെന്ന് കാത്തിരിക്കാതെ ഇപ്പോൾ ലഭ്യമായ കാര്യങ്ങളിൽ അത് കണ്ടെത്തുക.
Written by Binoy Thomas, Malayalam eBooks-1112- folk tales - 64, PDF-https://drive.google.com/file/d/1xu7DpEm8qPk-dMdB_aH1Cx-s22xfiX_2/view?usp=drivesdk
Comments