(1083) വൈദ്യൻ്റെ മുളക്!
പണ്ടൊരിക്കൽ, സിൽബാരിപുരം രാജ്യത്ത് പ്രശസ്തനായ ഒരു വൈദ്യൻ ഉണ്ടായിരുന്നു. പലയിടങ്ങളിൽ നിന്നും ആളുകൾ വിവിധ ചികിത്സയ്ക്കായി അയാളുടെ അടുക്കൽ വരാറുണ്ട്.
ക്രമേണ, അയാൾക്ക് പ്രശസ്തിയോടൊപ്പം അഹങ്കാരവും തോന്നിത്തുടങ്ങി. ഒരു ദിവസം രോഗിയുടെ മുറിവിൽ മരുന്നു വച്ചു കെട്ടാൻ തുടങ്ങിയപ്പോൾ അയാൾക്ക് ഒരു കുബുദ്ധി തോന്നി.
മരുന്നിനൊപ്പം കുറച്ച് മുളകുപൊടിയും കൂടി ചേർത്തു! മുറിവിൽ മുളകു കാരണം നീറിയതിനാൽ രോഗി കരയുന്നത് കണ്ട് വൈദ്യന് ഉള്ളിൽ ചിരിയാണു വന്നത്.
ഇങ്ങനെ ഏതാനും വർഷം മുന്നോട്ടു പോയി. അതിനൊപ്പം ഈ വികൃതിയും അയാൾ തുടർന്നു. ഒരിക്കൽ, വൈദ്യൻ ദൂരെ ഒരു ക്ഷേത്രത്തിലേക്ക് കാൽനടയായി പോയി. അതിനിടയിൽ, അയാൾ വഴിയിൽ കിടന്ന ഒരു കല്ലിൽ തട്ടി വീണു!
ഈ സംഭവം, പാതയോരത്തുള്ള വീട്ടിലെ ആൾ കണ്ടപ്പോൾ കൈ പിടിച്ച് വീട്ടിലെ വരാന്തയിൽ കൊണ്ടു പോയി ഇരുത്തി. തുടർന്ന് കയ്യിൽ പച്ചമരുന്നുമായി വന്ന് വൈദ്യൻ്റെ മുറിവിൽ പുരട്ടി.
പെട്ടെന്ന്, വൈദ്യൻ നിലവിളിച്ചു - "ഹൊ! എനിക്ക് നീറ്റലും പുകച്ചിലും സഹിക്കാൻ വയ്യായേ! തനിക്ക് എവിടെ നിന്നാണ് ഈ മരുന്ന് കിട്ടിയത്?"
വീട്ടുകാരൻ പറഞ്ഞു -"എൻ്റെ ബന്ധു സിൽബാരിപുരത്താണ് താമസിക്കുന്നത്. അയാൾക്ക് മുറിവ് പറ്റിയപ്പോൾ ആ നാട്ടിലെ കേമനായ വൈദ്യൻ കൊടുത്ത മരുന്നാണ്. നീറ്റൽ ഉണ്ടെങ്കിലും വേഗം മുറിവ് ഭേദമാകും"
അതുകേട്ട് വൈദ്യൻ ഞെട്ടി പിറുപിറുത്തു കൊണ്ട് ഇറങ്ങി നടന്നു- "എൻ്റെ മരുന്ന് എനിക്കുതന്നെ കിട്ടിയിരിക്കുന്നു. ഭഗവാനേ! ഇത്രയും വേദനയാണോ ഞാൻ രോഗികൾക്ക് കൊടുത്തിരുന്നത്?"
വൈദ്യൻ സ്വന്തം വീട്ടിൽ എത്തിയപ്പോൾ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു -ഇനി മേലിൽ ഇത്തരം ക്രൂരത ആരോടും ചെയ്യില്ലെന്ന്!
മോട്ടിവേഷൻ - മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനയായി കാണുന്ന ഒരാൾക്ക് ആരെയും വേദനിപ്പിക്കാനാൻ പറ്റില്ല.
Written by Binoy Thomas, Malayalam eBooks-1083- തിന്മകൾ -61, PDF-https://drive.google.com/file/d/1kyI2_Oh0w2N0JpmcmgvnNN8bHgOplVBk/view?usp=drivesdk
Comments