പണ്ടുപണ്ട്, സിൽബാരിപുരത്ത് രണ്ടു കച്ചവടക്കാർ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന കാലം. ചീരനും സോമുവും എന്നായിരുന്നു അവരുടെ പേരുകൾ. ചീരൻ്റെ കച്ചവടം ഓരോ ദിനവും നഷ്ടത്തിലായി വന്നു. കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി.
ഒടുവിൽ, അയൽരാജ്യമായ കോസലപുരംദേശത്ത് എന്തെങ്കിലും ജോലി ചെയ്താൽ ഗുണമാകുമെന്നു പ്രതീക്ഷിച്ച് ചീരൻ അവിടെ പോകാമെന്നു തീരുമാനിച്ചു. അന്നേരം, തൻ്റെ കച്ചവടത്തിൽ ഉടനീളം പ്രധാന പങ്കു വഹിച്ച നല്ലൊരു ഇരുമ്പു തുലാസ് വിട്ടുകളയാൻ മനസ്സു സമ്മതിച്ചില്ല.
അതിനാൽ സോമുവിൻ്റെ കടയിൽ ചെന്ന് ചീരൻ പറഞ്ഞു -" ഈ തുലാസ് നീ സൂക്ഷിക്കണം. തിരികെ എന്നെങ്കിലും നാട്ടിൽ വന്നാൽ മാത്രം ഇതു തിരികെ തന്നാൽ മതി"
ചീരൻ കോസലപുരത്തു ചെന്ന് പലതരം ജോലികളിൽ എർപ്പെട്ട് നാട്ടിലേക്കു തിരികെ വന്ന് വീണ്ടും കച്ചവടം നടത്താനുള്ള പണം സമ്പാദിച്ചു.
തിരികെ എത്തിയപ്പോൾ പുതിയ തരത്തിലുള്ള കച്ചവടം തുടങ്ങാൻ തീരുമാനിച്ചു. അയാൾ സോമുവിൻ്റെ അടുക്കലെത്തി - "സ്നേഹിതാ, ഞാൻ നിന്നെ ഏൽപ്പിച്ച തുലാസ് തിരികെ വേണം"
പക്ഷേ, സോമു നിഷേധിച്ചു - "ഞാൻ നിനക്കു തരാനായി ചാക്കിനുള്ളിൽ സൂക്ഷിച്ചതായിരുന്നു. എന്നാൽ എലി അത് കരണ്ടു തിന്നു!"
നല്ല തുലാസ് മടക്കിത്തരാതെ പറ്റിക്കുകയാണെന്നു മനസ്സിലായിട്ടും ചീരൻ പറഞ്ഞു -"ഹൊ! ഇപ്പോഴത്തെ എലികളുടെ ഒരു കാര്യം! ഞാൻ താഴെ പുഴയിൽ കുളിക്കാൻ പോകുകയാണ്. നിൻ്റെ കുട്ടിയെ കണ്ടിട്ട് ഒരുപാടു നാളായി. അവനെ എൻ്റെ കൂടെ വിട്ടാൽ എനിക്കു വർത്തമാനം പറയാൻ ഒരാളായി"
അങ്ങനെ, സോമുവിൻ്റെ കൊച്ചുകുട്ടിയുമായി ചീരൻ പോയി. എന്നാൽ, കുട്ടിയെ ആളില്ലാത്ത ഒരു വീട്ടിൽ പൂട്ടിയിട്ടു. കുട്ടിയില്ലാതെ ചീരൻ മടങ്ങിവന്നപ്പോൾ സോമു ദേഷ്യപ്പെട്ടു. അന്നേരം ചീരൻ പറഞ്ഞു -"ഹൊ! ഇപ്പോഴത്തെ പരുന്തുകളുടെ ഒരു കാര്യം! കുട്ടിയെ റാഞ്ചിയെടുത്തു!"
ഉടൻ, സോമു ബഹളം വച്ചു കൊട്ടാരത്തിലെത്തി. രാജാവ് കാര്യം തിരക്കിയപ്പോൾ ചീരൻ പറഞ്ഞു -"എൻ്റെ തുലാസ് എലി തിന്ന ഇവിടെ പരുന്ത് കുട്ടിയെ റാഞ്ചിയതിൽ അത്ഭുതമില്ല"
സോമുവിൻ്റെ ചതി മനസ്സിലാക്കിയ രാജാവ് കുട്ടിയെ മോചിപ്പിച്ച് തുലാസ് മടക്കിക്കിട്ടി. കൂടാതെ 100 സ്വർണ്ണ നാണയങ്ങൾ വഞ്ചനയുടെ പിഴയായി സോമു ചീരനു കൊടുക്കാനും വിധിയായി.
Written by Binoy Thomas. Malayalam eBooks-973- Panchatantra stories - 16. PDF -https://drive.google.com/file/d/1GNaHiNWZyGx0WJRM3X3LAofNSDqsEhvY/view?usp=drivesdk
Comments