സിൽബാരിപുരം ദേശത്തെ കാട്ടിൽ അനേകം പ്രാവുകൾ ഉണ്ടായിരുന്നു. അവർക്കൊരു രാജാവുണ്ടായിരുന്നു. പ്രാവു പ്രജകൾ എല്ലാവരും പ്രാവുരാജൻ എന്നായിരുന്നു ഈ നേതാവിനെ വിളിച്ചിരുന്നത്.
പ്രാവുകളുടെ സംഘം തീറ്റ തേടി പോകുമ്പോൾ പ്രാവുരാജനാണു മുന്നിൽ പറക്കുക. എന്നിട്ട്, അവൻ്റെ നിർദ്ദേശം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
ഒരു ദിവസം, അവർ കാട്ടിലെ തെക്കുദിക്കിൽ നിന്നും കിഴക്കു ദിക്കിലേക്കു പറക്കുകയായിരുന്നു. പ്രാവുരാജൻ ഉറക്കെ പറഞ്ഞു -"കൂട്ടരെ, ആ കുന്നിൻ ചെരിവിൽ ഗോതമ്പുമണികൾ ചിതറിക്കിടക്കുന്നുണ്ട്. നമുക്ക് അവിടെ താഴാം"
അവരെല്ലാം ഒന്നിച്ച് പറന്നു ചെന്ന് ഇരുന്നതും അവരുടെ മുകളിലേക്ക് വല വന്നു വീണു! ഏതോ വേട്ടക്കാരൻ കെണിയൊരുക്കി വച്ചിട്ട് പോയതായിരുന്നു. എല്ലാ പ്രാവുകളും പേടിച്ചു വിറച്ചു കരഞ്ഞു!
എന്നാൽ, പ്രാവു രാജൻ എങ്ങനെ പ്രജകളെ രക്ഷിക്കാമെന്നാണു ചിന്തിച്ചത്. അവൻ പറഞ്ഞു -"നിങ്ങൾ പേടിക്കാതെ. വേട്ടക്കാരൻ വരുന്നതിനു മുൻപ് നമുക്ക് രക്ഷപെടണം. ഈ വലിയ വല കെട്ടിയിരിക്കുന്നത് നാലു ഭാഗത്തും ചെറിയ ചരടിലാണ്. നമ്മൾ ഒന്നിച്ച് ഒരേ നിമിഷം പരമാവധി ശക്തിയിൽ ചിറകടിച്ച് ഉയർന്നാൽ നമുക്ക് വലയുമായി ഉയരാൻ പറ്റും"
പ്രാവുകൾ എല്ലാവരും ജാഗ്രതയിലായി. രാജാവ് ശബ്ദം പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ശക്തിയോടെ ചിറകടിച്ച് ഉയർന്നു. ആ കരുത്തിൽ വല ഉയർത്തി അവർ ആകാശത്തു പറന്നു പൊങ്ങി.
പക്ഷേ, അവർക്ക് ചിറകടിക്കാൻ വല കുരുക്കായതിനാൽ ഏറെ ദൂരം ഇങ്ങനെ പോകാൻ പറ്റില്ലെന്ന് അറിയാമായിരുന്നു. ഉടൻ, പ്രാവുരാജൻ പറഞ്ഞു - "ഇവിടെ നമുക്കു താഴാം. എൻ്റെ ചങ്ങാതിയായ തുരപ്പൻഎലി ഇവിടെയുണ്ട് "
അവർ വലയുമായി ഉടക്കി നിന്നത് വള്ളിപ്പടർപ്പിലാണ്. ഉടൻ, തുരപ്പൻ വന്ന് പ്രാവുരാജൻ്റെ ഭാഗത്തെ വല മുറിക്കാൻ വന്നപ്പോൾ അവൻ വിലക്കി - "എപ്പോൾ വേണമെങ്കിലും വേട്ടക്കാരൻ വരാം. മറ്റുള്ള എല്ലാവരെയും കുടുക്കിൽ നിന്നും രക്ഷിച്ചതിനു ശേഷം അവസാനമായി എന്നെ മോചിപ്പിച്ചാൽ മതി. അതാണു രാജധർമ്മം!"
അങ്ങനെ അവരെല്ലാം രക്ഷപ്പെട്ട് മറ്റൊരു ദിക്കിലേക്കു പറന്നു.
ഗുണപാഠം- ആപത്തിൽ പെടുന്നവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതാണ് നന്മയും കരുതലും സ്നേഹവും ദയവും കൊണ്ടൊക്കെ ഉദ്ദേശിക്കുന്നത്.
Written by Binoy Thomas, Malayalam eBooks-969-panchatantra stories - 12, PDF-https://drive.google.com/file/d/1_-MuJHlAG_q8TksKFhlI-AJ3ooZvrIX8/view?usp=drivesdk
Comments