(930) സത്യസന്ധനായ ബാലൻ!

 സിൽബാരിപുരം രാജ്യം ഭരിച്ചു കൊണ്ടിരുന്നത് നീതിമാനായ വിക്രമൻ രാജാവായിരുന്നു. അദ്ദേഹത്തിന് മക്കളില്ലാത്ത വിഷമം ആ രാജ ദമ്പതികളെ വല്ലാതെ അലട്ടിയിരുന്നു.

രാജാവും റാണിയും ഒടുവിൽ ഒരു തീരുമാനത്തിലെത്തി - അനന്തരാവകാശിയായി ഒരു കുട്ടിയെ ദത്തെടുത്ത് അവന് മികച്ച വിദ്യാഭ്യാസവും പരിശീലനവും കൊടുക്കുക.

അങ്ങനെ, ആ നാട്ടിലെ മിടുക്കരായ കുറെ കുട്ടികൾ പലതരം പരീക്ഷയിൽ ഏർപ്പെട്ട് വിജയവും പരാജയവും രുചിച്ചു. പിന്നെ, അതിൽ നിന്നും വിജയിച്ച പത്തു കുട്ടികൾ മുന്നിലെത്തി.

ഇവരിൽ ആരാവണം അടുത്ത അവകാശി? രാജാവ് ഈ വിധം ആലോചിച്ചു കൊണ്ട് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. പത്ത് കുട്ടികളെയും വിളിച്ച് ഓരോ കുട്ടിക്കും ഒരു ചെടിയുടെ കുരു കൊടുത്തു.

അതിനു ശേഷം പറഞ്ഞു - "ഇത് എല്ലാവർക്കും പരിചയമുള്ള ചെടിയുടെ കുരുവാണ്. അത് ചെടിച്ചെട്ടിയിൽ വളർത്തി മൂന്നു മാസം തികയുമ്പോൾ ഇവിടെ വന്ന് എന്നെ കാണിക്കണം. ഏറ്റവും നല്ല ചെടിയുടെ ഉടമ അടുത്ത രാജാവാകാനുള്ള യോഗ്യത നേടും!"

ആ ബാലന്മാർ സന്തോഷത്തോടെ പോയി. മൂന്നു മാസം കഴിഞ്ഞ് പത്തുപേരും ചെടിച്ചട്ടിയുമായി വന്നു. രാജാവ് എല്ലാവരുടെയും ചെടികൾ കണ്ട് അഭിനന്ദിച്ചു. പക്ഷേ, ഏറ്റവും പിറകിൽ ചട്ടിയുമായി നിന്ന രാമുവിന്റെ കയ്യിൽ ചട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെടിയില്ല!

രാജാവ് അതു കണ്ട് കോപിച്ചു - "നിനക്ക് എങ്ങനെയാണ് ഈ ചട്ടിയുമായി എന്റെ മുന്നിൽ വരാൻ ധൈര്യം കിട്ടിയത്?"

ബാലൻ പറഞ്ഞു - "കഴിഞ്ഞ മൂന്നു മാസവും മുടങ്ങാതെ വെള്ളവും വളവും ഈ ചട്ടിയിൽ ഞാൻ നൽകുന്നതിൽ ഒരു വീഴ്ചയും വരുത്തിയില്ല. അതു കൊണ്ട് നീ കൊട്ടാരത്തിൽ ചെല്ലാൻ പേടിക്കേണ്ടന്ന് അമ്മ എന്നോടു പറഞ്ഞു!"

രാജാവ് ഉടൻ, അവനെ ആശ്ലഷിച്ചു - "സത്യസന്ധനായ നീയാണ് അടുത്ത കിരീടാവകാശി. കാരണം, ഞാൻ പത്ത് കുരുവും കിളിർക്കാത്തത് എല്ലാവർക്കും നൽകിയെങ്കിലും ഒൻപതു പേരും രാജാവാകാൻ വേണ്ടി വേറെ ചെടിയുമായി വന്നു!"

ഗുണപാഠം: ഈ കഥ വിശ്വപ്രസിദ്ധമാണ്. അനേകം രാജ്യങ്ങളിൽ പല വകദേദങ്ങളും ഈ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

വായനക്കാരുടെ സത്യസന്ധതയ്ക്കുള്ള സമ്മാനം നൽകുന്നത് ദൈവമായിരിക്കും.

Written by Binoy Thomas. Malayalam eBooks-930- folk tales - 56. PDF -https://drive.google.com/file/d/1qI04W-r_Fg6lJdSddeo-Q786oOLXG-7t/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam