(770) അടുപ്പിലെ സ്വർണ്ണം
പണ്ടുപണ്ട്, നൂർ എന്നു പേരുള്ള ഒരാൾ പേർഷ്യയിൽ ജീവിച്ചിരുന്നു. അയാൾ സാധുവായ ഒരു കൃഷിക്കാരനാണ്. പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നുവെന്നു മാത്രം. അതിനാൽ, അടുപ്പിലെ ചാരത്തിനുള്ളിൽ സ്വർണ്ണ നാണയങ്ങൾ കൊണ്ട് നിറയണമെന്നായിരുന്നു അയാളുടെ വിചിത്രമായ പ്രാർഥന!
ഒരിക്കൽ, അയാൾ തന്റെ പറമ്പിൽ കിളച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചെമ്പുകുടം കിട്ടി. തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ സ്വർണ്ണനാണയങ്ങൾ!
പക്ഷേ, അയാൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു -താൻ പ്രാർത്ഥിച്ചത് വീടിന്റെ അടുപ്പിൽ സ്വർണ്ണനാണയം വരണമെന്നാണ്. അപ്പോൾ, ഇത് തനിക്കുള്ളതല്ല എന്നു വിചാരിച്ച് വീട്ടിലേക്ക് തിരികെ പോന്നു. ഈ കാര്യം അയാൾ ഭാര്യയോട് പറഞ്ഞു. അപ്പോൾ ഭാര്യ പറഞ്ഞു - "മനുഷ്യാ, നിങ്ങൾ എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്? നിങ്ങൾ കണ്ടതിനാൽ ആ കുടം നമുക്കുള്ളതു തന്നെയാണ്"
എന്നാൽ, ഭാര്യ എത്ര പറഞ്ഞിട്ടും നൂർ ആ നിധി എടുക്കാൻ തയ്യാറായില്ല. പക്ഷേ, പിന്നീട്, ഭാര്യ ഈ വിവരം അയൽക്കാരിയെ രഹസ്യമായി അറിയിച്ചു. എന്നിട്ട് പറഞ്ഞു - "നമുക്ക് നാളെ രാത്രി അവിടെ പോയി പകുതി പകുതിയായി ഈ നിധി പങ്കിട്ടെടുക്കാം"
അന്നേരം, അയൽക്കാരി മറ്റൊരു ചതി ഒരുക്കി. അവളും ഭർത്താവും കൂടി കുറച്ചു കഴിഞ്ഞ് കൃഷിസ്ഥലത്ത് ചെന്നു. എന്നിട്ട് ആ കുടം തുറന്നു നോക്കിയപ്പോൾ ഞെട്ടി വിറച്ചു!
കുടം നിറയെ വിഷ സർപ്പങ്ങൾ! ഉടൻ, കുടം അടച്ചിട്ട് ഭർത്താവ് ഉഗ്രമായി കോപിച്ചു - "എടീ, നമ്മളെ കൊന്നു കളയാനായി നൂറും ഭാര്യയും ചേർന്ന് ഒരുക്കിയ ക്രൂരമായ ചതിയാണിത്! ഇതിനു പ്രതികാരമായി അവന്റെ അടുപ്പിൽ ഈ കുടം ഇറക്കിവയ്ക്കണം"
അയൽവാസി നൂറിന്റെ വീട്ടിലെ അടുക്കള ഭാഗത്ത് രാത്രിയിൽ എത്തി. ഓടിളക്കി അടുപ്പിലേക്ക് കുടം കെട്ടിയിറക്കിയിട്ട് പോയി.
അടുത്ത ദിവസം, നൂർ അടുക്കളയിലെത്തി കുടം തുറന്നു നോക്കിയപ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല - സ്വർണ്ണ നാണയങ്ങൾ നിറഞ്ഞ കുടം!
ഭാര്യയെ വിളിച്ച് അയാൾ പറഞ്ഞു - "എടീ, നിന്നോടു ഞാൻ അന്നേ പറഞ്ഞതാണല്ലോ അടുപ്പിൽ സ്വർണ്ണം വരുമെന്ന്!"
Written by Binoy Thomas, Malayalam eBooks-770- Arabian stories - 5, PDF -https://drive.google.com/file/d/1bjd8vtqMXImf_kOCtfyYZQ-saKb_eBFa/view?usp=drivesdk
Comments