ഒരു കുളത്തിൽ ധാരാളം മീനുകൾ ഉണ്ടായിരുന്നു. ഒരിക്കൽ, കുളക്കരയിലുള്ള മരത്തിൽ വന്നിരുന്ന് കൊറ്റി കുളത്തിലേക്കു കൊതിയോടെ നോക്കി. ഈ മീനുകളെയെല്ലാം തിന്നാൻ പറ്റുന്ന സൂത്രം പ്രയോഗിക്കണമെന്ന് ആ പക്ഷി തീരുമാനിച്ചു.
അതിനായി കൊറ്റി കുളക്കരയിൽ വിഷമത്തോടെ ഇരിക്കുന്നതായി അഭിനയിച്ചു. മീനുകൾ ഇതു കണ്ട്, ചോദിച്ചു - "എന്താണ് നിനക്ക് ഇത്രയേറെ ആലോചിക്കാനുള്ളത്?"
കൊറ്റി ദുഃഖത്തോടെ പറഞ്ഞു - "ഇനി വരുന്ന വേനൽക്കാലം വളരെ ദുരിതങ്ങൾ വരുത്തുന്ന ഒന്നാണ്. ഈ കുളത്തിൽ ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ വറ്റിവരളും. നിങ്ങളുടെ കാര്യം എന്താകുമെന്ന് ഓർത്തു പോയതാണ് "
മീനുകൾ പേടിച്ചു - "എന്താണ് നമുക്ക് ചെയ്യാൻ പറ്റുന്നത് ?"
കൊറ്റി : " കിഴക്കുദിക്കിലുള്ള തടാകം എല്ലാ സമയത്തും ജലസമ്പന്നമായിരിക്കും. ഞാൻ നിങ്ങളെ അവിടെത്തിക്കാം"
പക്ഷേ, മീനുകളെ തിന്നുന്ന കൊറ്റിയെ വിശ്വസിക്കാൻ അവർ തയ്യാറായില്ല. അന്നേരം, കൊറ്റി അടവു മാറ്റി നോക്കി- "നിങ്ങൾക്ക് എന്നെ വിശ്വാസമില്ല എങ്കിൽ ആരെങ്കിലും ഒരാൾ എന്റെ കൂടെ പോരട്ടെ. സ്വർഗ്ഗതുല്യമായ തടാകം കാണിച്ചിട്ട് ഞാൻ അയാളെ തിരികെ എത്തിക്കാം"
ഉടൻ, ധീരനായ ഒരു തടിയൻമീൻ മുന്നോട്ടു വന്നു. കൊറ്റി കൊക്കിൽ മീനെ പിടിച്ച് തടാകത്തിൽ പോയതിനു ശേഷം തിരികെ അതിനെ എത്തിച്ചു. അന്നേരം, എല്ലാവർക്കും വിശ്വാസമായി.
ആ മീൻ പറഞ്ഞു - "ആ തടാകമൊരു വിസ്മയ ലോകമാണ്. പലതരം മീനുകളെ കൂട്ടുകാരായി കിട്ടും. നീന്തിക്കളിക്കാൻ അപാരമായ സ്ഥലമുണ്ട്. മാത്രമല്ല, ഏതു തരം തീറ്റയും കിട്ടും"
കൊറ്റി: "എങ്കിൽ നീ തന്നെ ആദ്യം പോന്നോളൂ"
കൊറ്റി തടാകക്കരയിലെ മരക്കൊമ്പിലിരുന്ന് മീനെ തിന്നതിനു ശേഷം മുള്ളുകൾ താഴേക്കിട്ടു. എല്ലാ ദിവസവും ഓരോ മീനെയും ഇങ്ങനെ കൊണ്ടു പോരാൻ തുടങ്ങി. ആർക്കും ഒരു സംശയവും തോന്നിയില്ല.
ഒടുവിൽ, മീനുകളെല്ലാം തീർന്നിരിക്കുന്നു. ഒരു വലിയ ഞണ്ടു മാത്രം അവശേഷിച്ചു. ഞണ്ടിറച്ചി തിന്നാനും കൊറ്റിക്കു കൊതിയായി.
കൊറ്റി: " നീ മാത്രം ഇവിടെ റ്റെയ്ക്ക് മുഷിപ്പാകില്ലേ? മീനുകളെല്ലാം തടാകത്തിൽ തിമിർത്തു പുളയ്ക്കുകയാണ്"
ഞണ്ട്: "ശരി, ഞാനും തടാകത്തിലേക്ക് പോരുകയാണ്. നിന്റെ കഴുത്തിൽ ഇരുന്നു യാത്ര ചെയ്താൽ മനോഹരമായ കാഴ്ചകൾ കാണുകയും ചെയ്യാം"
കൊറ്റി പറന്ന് തടാകക്കരയിലുള്ള മരത്തിൽ ഇരുന്നു. താഴേക്കു നോക്കിയ ഞണ്ട്, മീൻ അവശിഷ്ടങ്ങൾ കണ്ടു ഞെട്ടി!
ഞണ്ട് ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു- "എനിക്ക് മീൻകൂട്ടുകാരെ കാണാൻ കൊതിയാകുന്നു. അവർ തടാകത്തിലാണോ?"
ഉടൻ, കൊറ്റി പൊട്ടിച്ചിരിച്ചു - "എടാ, മണ്ടാ, അവരെല്ലാം തടാകത്തിലേക്ക് അല്ല, എന്റെ വയറ്റിലേക്കാണു പോയത്. നിന്റെ ഗതിയും അതു തന്നെയായിരിക്കും"
കൊറ്റി ശരീരം ഇളക്കി ഞണ്ടിനെ കൊക്കിലാക്കാൻ നോക്കിയപ്പോൾ ഞണ്ട് കഴുത്തിലേക്ക് കാലുകൾ ആഴ്ത്തിയിരുന്നു.
പിടയ്ക്കുന്ന കൊറ്റിയോടായി ഞണ്ട് അലറി - "ആ കുളത്തിൽ ഒരു കുടുംബമായി കഴിഞ്ഞിരുന്ന മീനുകളെ പറ്റിച്ചു തിന്ന ദുഷ്ടാ, ഇതു നിന്റെ അവസാനമാകട്ടെ"
കൊറ്റിയുടെ ചലനമറ്റതിനു ശേഷം, ഞണ്ട് തടാകത്തിന്റെ ആഴങ്ങളിലേക്കു നീന്തി.
Written by Binoy Thomas, Malayalam eBooks-767- Jataka tales -39, PDF -https://drive.google.com/file/d/168i1DGl6EuvNCMQYseIvs1AgzeTqIL6u/view?usp=drivesdk
Comments