Malayalam books novels read online

'Marathanalinte sukham' is a free online reading digital novel in Malayalam by author- Binoy Thomas.

'മരത്തണലിന്റെ സുഖം ' (Chapter -1 of this digital novel)

അവന്‍ ഓഫിസ്മുറിയിലെ പഴഞ്ചന്‍കസേരയില്‍ അമര്‍ന്നിരുന്ന് കുറ്റിത്താടിയില്‍ അലക്ഷ്യമായി വിരലോടിച്ചുകൊണ്ടിരുന്നു. ഇനിയും സണ്‍‌ഡേ സ്റ്റോറിക്കുള്ള ഇന്റര്‍വ്യൂ കിട്ടാത്തത് തനിക്കും നിമ്മിക്കും മാത്രം. ഇന്ന് ബുധനാഴ്ച. നാളെയെങ്കിലും കിട്ടിയില്ലെങ്കില്‍? സില്‍ബാരിപത്രം ചീഫ് എഡിറ്ററുടെ വാക്കുകള്‍ ദഹിക്കാതെ വീണ്ടും തികട്ടിവന്നു."നിങ്ങള്‍ നാലുപേരും ശ്രദ്ധിച്ചുകേള്‍ക്കണം, മൂന്നുമാസത്തെ നിങ്ങളുടെ ജേര്‍ണലിസ്റ്റ് ട്രെയിനീ ജോബ്‌ ഈ മാസം മുപ്പതിനു തീരും. ബട്ട്‌, അയാം വെരി സോറി ടു സെ വണ്‍തിങ്.."

അദ്ദേഹം ഒരു നിമിഷം നിര്‍ത്തിയപ്പോള്‍ ആ നാല്‍വര്‍സംഘം ഞെട്ടി. എന്താണാവോ ജോണ്‍സാറു പറയാന്‍ പോകുന്നത്? അവര്‍ ആകാംക്ഷയുടെ മുള്‍മുനയിലെത്തി. അദ്ദേഹം വെറുതെയൊന്നു കണ്ഠശുദ്ധി വരുത്തിയ ശേഷം തുടര്‍ന്നു:

"നിങ്ങളില്‍ രണ്ടുപേരെ മാത്രമേ കമ്പനി അബ്സോര്‍ബ് ചെയ്യുന്നുള്ളൂ. ഇക്കാലയളവിലെ ടാലന്റ്സ് നോക്കി എം.ഡി തീരുമാനിക്കും"

അവരുടെ മുഖത്തുനിന്ന് രക്തം വാര്‍ന്നുപോയപോലെ തോന്നി. നിമ്മി ദേഷ്യവും സങ്കടവും കൂട്ടിക്കുഴച്ച്-

"സര്‍, ഞങ്ങള്‍ ഇവിടെ കയറിയപ്പോള്‍ എം.ഡി പറഞ്ഞത് നാലുപേരെയും റെഗുലര്‍ ആക്കുമെന്നാണല്ലോ. ഇതെന്താ, റിയാലിറ്റി ഷോ പോലെ...."

"യൂ റിലാക്സ്‌ നിമ്മീ...ഇതൊന്നും എന്റെ തീരുമാനമല്ല. ഞാന്‍ നാലുപേര്‍ക്കും അനുകൂലമായി അദ്ദേഹത്തോടു സംസാരിച്ചതാണ്. പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂടാതെ ഒന്നും ചെയ്യാന്‍ കഴിയില്ലത്രേ. നമ്മള്‍ വെറും മൂന്നുലക്ഷം കോപ്പികളുമായി അഞ്ചാം സ്ഥാനത്തല്ലേ?"

"സര്‍, ഞങ്ങള്‍ എം.ഡിയെ ഒന്നു കണ്ടുനോക്കട്ടെ? എന്തെങ്കിലും...."

ജിലു ചോദ്യഭാവത്തില്‍ ജോണ്‍സാറിനെ നോക്കി.

"ഇതിനുമുന്‍പും കോപ്പികള്‍ കൂടാത്തപ്പോള്‍ പല ബാച്ചിനെയും ഒഴിവാക്കിയിട്ടുണ്ട്. നിങ്ങള്‍ കണ്ടിട്ടും പ്രയോജനമൊന്നുമില്ല. എന്തായാലും നിങ്ങള്‍ ഒരു കാര്യം ചെയ്യൂ..അടുത്ത സണ്‍‌ഡേ സപ്ലിമെന്റിനു വേണ്ട മെയിന്‍സ്റ്റോറി തയ്യാറാക്കണം. വണ്‍ സോഷ്യല്‍ ഇഷ്യൂ, ഒരെണ്ണം ഇന്റര്‍വ്യൂ, പിന്നെ..ഫിലിം റിലേറ്റഡ് അല്ലെങ്കില്‍...ങാ..നിങ്ങള്‍ തമ്മില്‍ ഡിസ്കസ് ചെയ്തു തീരുമാനിക്കാം. ഏതായാലും ഫോര്‍ ഡിഫ്രന്റ് സബ്ജക്റ്റ്സ്. ലാസ്റ്റ് സണ്‍‌ഡേ ഇംപ്രസ് ചെയ്യാന്‍ പറ്റുമോയെന്ന് നോക്ക്"

അവര്‍ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

രണ്ടുമൂന്ന് ദിനരാത്രങ്ങള്‍കൊണ്ട് ജിലുവിനും മിനിയ്ക്കും രണ്ടുതരം വിഷയങ്ങള്‍ സമര്‍പ്പിക്കാനായി. വാതിലുകള്‍ മുട്ടി കൈത്തലത്തില്‍ തഴമ്പ് വന്നിട്ടാവണം ദിവാസ്വപ്നത്തിലിരുന്ന അവന്‍ കൈകള്‍ ഉഴിഞ്ഞ് തിരുമ്മിക്കൊണ്ടിരുന്നു. ആ ഹാളിലേക്ക് കുതിരക്കുളമ്പടിശബ്ദവും കാലിലേന്തി നിമ്മി വന്നിട്ടും അവന്‍ അറിഞ്ഞതേയില്ല.

"ഹലോ....ജോമോനെന്താ ഉറക്കം തൂങ്ങുവാ? ഇതെന്താ ഈ റൈറ്റിംഗ് പാഡില്‍....ഡ്രാഫ്റ്റ്‌ ആയെന്നു തോന്നുന്നു"

തട്ടിപ്പറിക്കുന്ന വേഗത്തില്‍ അതെടുത്ത് നോക്കിയപാടേ അവള്‍ക്കു ചിരിപൊട്ടി.

"ഞാനന്ന് റിയാലിറ്റി ഷോ എന്നു പറഞ്ഞപ്പോഴേ ഇയാള് 'ടു ആര്‍ ഇന്‍; ടു ആര്‍ ഔട്ട്‌' എന്ന് ഇമ്പോസിഷന്‍ എഴുതിത്തുടങ്ങിയോ"

ദിവാസ്വപ്നത്തിലായിരുന്നിട്ടും ഉപബോധമനസ്സിലെ വിഷമം ആരോടും അനുവാദം ചോദിക്കാതെ കൈവിരലിലൂടെ താഴെയിറങ്ങി തോന്ന്യാസം കാട്ടിയിരിക്കുന്നു- ചമ്മിയ ചിരി ചുണ്ടില്‍ വരുത്താന്‍ അവന്‍ ഏറെ പാടുപെടുന്നപോലെ തോന്നി. അവള്‍ അതൊന്നും ഗൗനിക്കാതെ തടിയന്‍മേശമേല്‍ ഭാരം സമര്‍പ്പിച്ച്‌ പതിവിലും സന്തോഷത്തിലായി. മൗനം മുറിച്ചുകൊണ്ട് അവളെ തുറിച്ചുനോക്കി ജോമോന്‍ മൊഴിഞ്ഞു:

"ന്താ, ഒരു ഉന്മേഷം കാണുന്നുണ്ടല്ലോ മുഖത്ത്- അപ്പന്‍ പോക്കറ്റ് മണി കൂട്ടിവച്ചമാതിരി..."

"ഏയ്‌, ഒന്നു പോടാ, ഒടുവില്‍ ഞാനും സ്റ്റോറി ഒപ്പിച്ചു"

ജോമോന്‍ ഞെട്ടിയെങ്കിലും പുറമേ കാണിക്കാതെതന്നെ-

"എങ്ങനെ...എങ്ങനെ കിട്ടി? നീ ഇന്നലെ പറഞ്ഞ സീരിയല്‍യുവതാരം?"

"അല്ല, ഇത് വയസ്സന്‍ക്ലബ്‌.... കക്ഷി ഇവിടെ അടുത്തുള്ളതാ, എഴുത്തുകാരന്‍രാമേട്ടന്‍"

"നീയെന്താ, തമാശ പറയുന്നോ. ഞാന്‍ ഇന്നലെ ആ പരട്ടക്കിഴവന്റെ വീട്ടില്‍ ചെന്നതല്ലേ. നമ്മുടെ പത്രത്തിന്റെ പേരു കേട്ടപ്പോള്‍ത്തന്നെ ഒന്ന് ഇരിക്കാന്‍പോലുംപറയാതെ എന്നെ പറഞ്ഞുവിട്ടു. ആരാ നിന്നെ റെക്കമന്റ് ചെയ്തത്?"

സ്നേഹിതന്റെ അമര്‍ഷത്തിനിടയിലും ഒട്ടും കൂസാതെ അവള്‍ മന്ദഹസിച്ചു.

"ദേ, ഇങ്ങോട്ടു നോക്ക്, ഞാന്‍ ഇതുപോലെ ഒന്നു ചിരിച്ച് ഗുഡ്മോണിംഗ് പറഞ്ഞപ്പോഴേ പത്രം ഏതാണെന്ന് അയാള്‍ ചോദിച്ചതു പോലുമില്ല. ഒന്നാന്തരം ഇന്റര്‍വ്യൂ അനുവദിച്ചു"

ഒരുതരം കീഴടങ്ങലിന്റെ നിരാശ മൂടിയ മുഖത്തിനുള്ള പ്രതികരണമെന്നോണം അവള്‍ ഒന്നു മൂളി- 'ജീവിതം ദുഃഖമാണുണ്ണീ...തമസ്സല്ലോ സുഖപ്രദം'

"നിമ്മീ, എനിക്ക് കലിച്ചു വരുന്നുണ്ട് കേട്ടോ....നിനക്കൊന്നു പോകാമോ"

'കൂള്‍ഡൌണ്‍ മാന്‍, കൂള്‍....' പുഞ്ചിരിച്ചുകൊണ്ട് അവള്‍ അങ്ങേ അറ്റത്തുള്ള ഡെസ്കില്‍ സ്ഥാനം പിടിച്ചു.

Chapter-2 for digital reading

മനസ്സും ശരീരവും നന്നേ ക്ഷീണിച്ചിരുന്നതിനാല്‍ കട്ടില്‍ കണ്ടതേ ജോമോന്‍ ഉറക്കം പിടിച്ചു. എന്നാല്‍, പുലര്‍ച്ചെ നാലുമണിയോടെ ഏതോ ദു:സ്വപ്നം നിദ്രാദേവിയെ ഓടിച്ചുവിട്ടു. അവന്‍ ഞെട്ടിയെണീറ്റ് ബെഡ്ഡില്‍ കൂടെയുറങ്ങിയ ഫോണിനെ ഞെക്കിയുണര്‍ത്തി സമയം തിരക്കി.

"ഓ....നാലു പത്ത്...മനുഷ്യന്റെ ഉറക്കവും പോയി..."

അവന്‍ പിറുപിറുത്തുകൊണ്ട് പുതപ്പു വീണ്ടും വലിച്ചിട്ടു ചുരുണ്ടുകൂടി. പക്ഷേ, പതിവു താരാട്ടുപാട്ടായ 'കറകറാ'ന്നുള്ള പങ്കയുടെ ശബ്ദത്തിനും ഉറക്കം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. എണീറ്റ്‌ പ്ലാസ്റ്റിക് ജാറിലെ വെള്ളം രണ്ടു കവിള്‍ മോന്തിയ ശേഷം വീണ്ടും കിടന്നു. ഓരോന്ന് ചിന്തിച്ചു ടെന്‍ഷനടിക്കാന്‍ മനസ്സിനെ അനുവദിച്ചു.

പണ്ടൊക്കെ വെളുപ്പിനു മധുര സ്വപ്‌നങ്ങള്‍ കണ്ടിരുന്നതും പഴങ്കഥകളായി മാറിയിരിക്കുന്നു. അവസാനം നിമ്മിക്കും വര്‍ക്ക്‌ കിട്ടി. ഏതു കഷ്ടകാല സമയത്താണു എനിക്ക് ജേര്‍ണലിസം പഠിക്കാന്‍ തോന്നിയത്. ആര്‍ക്കായിരിക്കും സ്ഥിരനിയമനം ലഭിക്കുക. വാസ്തവത്തില്‍, അമ്മയുടെ വാക്കുകളല്ലേ എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്?

"എടാ, നിന്റെ പ്രായത്തിലുള്ളവര് പെണ്ണുകെട്ടി പിള്ളേരു രണ്ടായി"

ആ ശബ്ദം- ഉത്സവസമയത്ത്, അമ്പലപ്പറമ്പിലെ കറുത്ത യമണ്ടന്‍ബോക്സില്‍ നിന്നും വരുന്ന എക്കോ പോലെ കാതുകളില്‍ അലയടിക്കുന്നു. ഈ ജോലിയും എനിക്ക് നഷ്ടപ്പെടുകയെന്നു വച്ചാല്‍? ബംഗാളികളും ബിഹാറികളുമെല്ലാം ഇവിടെ എന്തുപണിയും ചെയ്യുമെന്നായിരിക്കുന്നു. എല്ലാവരും ഇങ്ങോട്ട് ട്രെയിന്‍ കയറിയാല്‍ അവിടത്തെ തൊഴിലൊക്കെ ഇനി ആരു ചെയ്യും. ഇനി നോര്‍ത്ത് നോക്കാതെ രക്ഷയില്ലെന്നു തോന്നുന്നു, ഡല്‍ഹി ബ്യൂറോയിലെ പഴയ ചങ്ങാതിയെ ഒന്നു വിളിച്ചുനോക്കിയാലോ?

ഫുഡ്‌, അക്കോമഡേഷന്‍, യാത്രാച്ചെലവ്‌...ഹെന്‍റമ്മോ, വേണ്ടാ....അതും നടക്കുന്ന കാര്യമൊന്നുമല്ല.

ഇനി ഈ നാട്ടിലെ ആരെങ്കിലും...ഏതെങ്കിലും...

ഇല്ല. ആരുമില്ല. ആരുമങ്ങനെ അവശേഷിക്കുന്നില്ല. അടുത്ത നാട്ടിലെ അഭിമുഖംതന്നെ അവസാന കച്ചിത്തുരുമ്പ്. മാഞ്ചോട്ടിലെ കാരണവര്‍ പണ്ടെങ്ങോ കവിതകള്‍ എഴുതിയിരുന്ന ആളാണെന്നു കേട്ടിട്ടുണ്ട്. അല്ല....അയാളെക്കുറിച്ച് കുറച്ചുമാസങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ വന്നിരുന്നല്ലോ. ശ്ശൊ....എന്തായിരുന്നു അത്....ഓര്‍മ്മയില്‍ വരുന്നില്ല. എന്തായാലും രാവിലത്തെ ബസിനുതന്നെ പോകണം, മറ്റെങ്ങും അയാള്‍ പോകുന്നതിനു മുന്‍പ്.

എത്ര രൂപ കയ്യിലുണ്ടെന്ന് നോക്കിയിട്ടുവേണം വെളിയിലേക്ക് പോകണമോ എന്ന് തീരുമാനിക്കാന്‍. മുന്നിലെ, ചുണങ്ങുകളും കുഴികളുംകൊണ്ട് സമ്പന്നമായ മേശപ്പുറത്തു നാണയത്തുട്ടുകള്‍ കിടക്കുന്നത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനും കഴിയില്ല. വല്യച്ഛന്റെ കാലത്തുള്ള മേശയല്ലേ. അതിന്റെ ഇളകിയാടുന്ന കാലുകള്‍ അദ്ദേഹത്തിന്റെ ശോഷിച്ച കാലുകളെ ഓര്‍മ്മിപ്പിക്കും. ജോമോന്‍ ചില്ലറത്തുട്ടുകള്‍ പെറുക്കി പഴ്സിന്റെ അകത്തേ അറയിലേക്ക് തിരുകിക്കയറ്റിയപ്പോള്‍ മറ്റു ചിലതുംകൂടി മനസ്സിലേക്ക് ഉരുണ്ടുകൂടി. പഴ്സുമായി കിടക്കയിലേക്ക് ചാഞ്ഞു.

അച്ഛന്റെ ചികിത്സാ സമയത്തും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നെങ്കിലും അമ്മയുടെ സ്വര്‍ണമൊന്നും കൊടുക്കേണ്ടി വന്നില്ലല്ലോ. പക്ഷേ, എനിക്കു വേണ്ടി അതും സംഭവിച്ചിരിക്കുന്നു. നല്ലൊരു ജോലി കിട്ടിയിട്ട് എന്തെങ്കിലുമൊന്നു വാങ്ങിക്കൊടുക്കാമെന്നു വച്ചാല്‍ അതങ്ങ് ഒരെത്തുംപിടിയുമില്ലാതെ നീണ്ടുപോകയാണ്. ഞാന്‍ തിരിച്ചെടുക്കുമെന്നു കരുതി അമ്മയുടെ മൂന്നു വളകളും പണയം വയ്ക്കുകയായിരുന്നു-

ഒന്നാമത്തെ വളയുടെ അന്ത്യം പൊണ്ണപ്പുറം ബ്ലേഡ് ബാങ്കില്‍. അമ്മയുടെ വള വിഴുങ്ങി അവര്‍ പൊണ്ണത്തടി കൂട്ടി. ആ കഴുത്തറപ്പന്‍പലിശയെ പേടിച്ച്‌ അടുത്ത സ്വര്‍ണവുമായി ചെന്നു കയറിയത് മറ്റൊരു സിംഹത്തിന്റെ മടയില്‍- പുത്തൂറ്റ് ഗോള്‍ഡ്‌ ലോണ്‍. സമ്മാനപ്പെരുമഴയുടെ ഫ്ളക്സുകള്‍ കാരണം അങ്ങോട്ട്‌ കയറാന്‍തന്നെ വളരെ പ്രയാസപ്പെട്ടുവെങ്കിലും കയ്യിലൊന്നുമില്ലാതെ മെലിഞ്ഞിരുന്നതിനാല്‍ ഇറങ്ങിപ്പോരാന്‍ വളരെയെളുപ്പമായിരുന്നു. ആ സമയത്ത്, ജപ്തിയും ലേലവും കൊണ്ട് അവര്‍ സ്വര്‍ണം ഊറ്റിയെടുത്ത് ഊറ്റംകൊണ്ടു. മൂന്നാമത്തെ വള വീരചരമം പ്രാപിച്ചത് പശമറ്റം ഫിനാന്‍സിലായിരുന്നു. ആ പലിശപ്പശയില്‍നിന്നും സ്വര്‍ണത്തെ വേര്‍പെടുത്താനുള്ള ശക്തി എനിക്കില്ലായിരുന്നു. വരുമാനമില്ലാത്തവന്‍ പൊന്ന് പണയംവച്ച് തിരിച്ചെടുക്കാമെന്നൊന്നും വ്യാമോഹിക്കരുതെന്ന സത്യവും അവരെന്നെ പഠിപ്പിച്ചു!

പാവം അമ്മ. ഓരോ വളയും ഊരിത്തരുമ്പോഴും മുഖത്ത് വിഷമമൊന്നും കാണിക്കാതെ ബദ്ധപ്പെടുന്നത് ഞാന്‍ അറിഞ്ഞു. പണത്തിനു പകരം പണം മാത്രം. താന്‍ ജോലി അന്വേഷിക്കാഞ്ഞിട്ടല്ലല്ലോ. പണമുള്ളവന്റെ പിറകേ സ്വാധീനവും ശക്തിയും ഉന്നത ബന്ധങ്ങളും വാലാട്ടി നിന്നുകൊള്ളും.

കള്ള് വാങ്ങിക്കൊടുത്ത് ജോലി വാങ്ങുന്നവര്‍....

പലതും കൂട്ടിക്കൊടുത്ത് പണി മേടിക്കുന്നവര്‍....

മുഖസ്തുതി പാടുന്ന അധരസേവയും പാദസേവയും മേലാളന്മാരെ സുഖിപ്പിക്കുന്ന മയക്കുവിദ്യകളായി മാറിയപ്പോള്‍ വഴിവിട്ട നിയമനങ്ങളും പിറന്നു..

കോഴ കൊടുത്ത് ജോലി വാങ്ങുന്നതും ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു..

കൊടിനിറത്തിന്റെ തണല്‍ പലര്‍ക്കും ജോലിക്കു കാരണമായതും സത്യം. ജാതിയും മതവും ചോദിക്കുകയും പറയുകയും ചെയ്യുന്ന ജാതിമരച്ചുവട്ടില്‍ നിന്ന്‍ ജോലികള്‍ ചുളുവില്‍ സമ്പാദിച്ചവരും മിടുക്കരായി ഞെളിഞ്ഞു നടക്കുന്നു. ഇതൊന്നും കൂടാതെ പരീക്ഷയില്‍ കൃത്രിമം കാണിച്ചു ജോലി തട്ടിയെടുക്കുന്നവര്‍....

ഞാന്‍ ഇക്കൂട്ടത്തിലൊന്നും കൂട്ടുകൂടാതെ പോയതിനു കാരണമെന്താണെന്ന് അമ്മയുടെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍-

"നീ അച്ഛന്റെ ഉരുപ്പിറവിയാ. അങ്ങേരടെ പത്തുപതിനഞ്ചുവര്‍ഷത്തെ കണക്കെഴുത്തില്‍ ഒരു ചില്ലിപ്പൈസേടെ വ്യത്യാസം പോലുമില്ലായിരുന്നെന്നു കടക്കാരന്‍വാസു എന്നെ എപ്പോക്കണ്ടാലും പറയും. പക്ഷേ, വിധിയല്ല്യോ ആ കണക്ക്...."

അത് മുഴുമിപ്പിക്കാതെ അമ്മ സാരിത്തുമ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കാറാണു പതിവ്. അമ്മ പറഞ്ഞതിലും കഴമ്പുണ്ട്- പണ്ട്, ആര്‍മിയില്‍ അമ്മാവന്റെ മകന്റെ ജോലിക്കൊപ്പം എന്റെയുംകൂടി ശരിയാക്കാനായി ഏറണാകുളത്ത് ഒരു 'സിങ'ന്‍ ലക്ഷംരൂപയാണ് ചോദിച്ചത്. അച്ഛന്റെ മരണശേഷം, അമ്മാവന്‍ പറഞ്ഞാല്‍ അമ്മയ്ക്ക് മറുവാക്കില്ലാത്ത കാലം. പടിഞ്ഞാറേ തെങ്ങിന്തോപ്പ് വില്ക്കാമെന്നു പറഞ്ഞിട്ടും എന്റെ ആദര്‍ശം മാത്രമായിരുന്നു അതിനൊരു തടസ്സമായിരുന്നത്. ഞാന്‍ റാലിയില്‍ പങ്കെടുത്ത് സത്യസന്ധമായി നെഞ്ച് വിരിച്ചുനിന്നെങ്കിലും ജോലി കിട്ടിയത് അമ്മാവന്റെ മകന്!

അതുകൂടാതെ, ബിരുദം കിട്ടിയ സമയത്തും ഇതുപോലൊന്ന് നടന്നു. ബി.എ.ബിരുദം കയ്യില്‍ കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ആര്‍ട്സ് ബിരുദംകൊണ്ട് എളുപ്പം ജോലിയും കിട്ടി ആടിപ്പാടി നടക്കാമെന്നായിരുന്നു; സില്‍ബാഴ്സിറ്റിയുടെ (സില്‍ബാരി ഊണിവാര്‍സിറ്റി) ബിരുദമല്ലേ? മോശം വരുമോ? വീശുപാളയുടെ കട്ടിവരുന്ന കടലാസില്‍ ബിരുദം അച്ചടിച്ചു തന്നിരിക്കുന്നു. തപാലില്‍ വന്നതും ഒരിക്കലും കീറാന്‍ കഴിയാത്ത ചാക്കുപോലുള്ള കവറില്‍! കുറച്ചധികം അഭിമുഖങ്ങളില്‍ ആ ബിരുദം നോക്കുകുത്തിയായെങ്കിലും ഉഷ്ണകാലത്തു നടന്ന ഇന്റര്‍വ്യൂവിന് ആശ്വാസമേകാന്‍ ആ വീശുമുറത്തിനു കഴിഞ്ഞു! എന്നാല്‍, വൈകാതെ മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കാനുള്ള അവസരവും വന്നുചേര്‍ന്നു. സില്‍ബാരിനാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ കൂട്ടാളി അമ്മാവന്റെ സുഹൃത്തായതിനാല്‍ സില്‍ബാഴ്സിറ്റിയിലെ അസിസ്റ്റന്റ്‌ഗ്രേഡ് ജോലിക്ക് രണ്ടര ലക്ഷം കോഴ കൊടുത്താല്‍ മതിയത്രേ. അതും നേരെ ചൊവ്വേ കിട്ടുമെന്നു വിചാരിച്ച് പഠിച്ചു പരീക്ഷയെഴുതിയ ഞാന്‍ വീണ്ടും മണ്ടനായി.

എന്റെ ഭാവിയെ കരുതുന്ന എന്തു നല്ല അമ്മാവന്‍ എന്നൊക്കെ ഞാന്‍ വിചാരിച്ചുപോയി. പക്ഷേ, പിന്നീട് അയാളുടെ ഊതിക്കാച്ചിയ പൊന്നുപോലത്തെ മനസ്സ് വെളിയില്‍ വന്നു. പത്താംതരം പത്തുതവണ എഴുതിയിട്ടും ജയിക്കാത്ത എട്ടും പൊട്ടും തിരിയാത്ത മകള്‍ ഇന്ദുവിനെ എന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമം! അതിനു മറുവാക്ക് കേട്ടപ്പോള്‍മുതല്‍ എന്നെ കണ്ണിനു കണ്ടുകൂടാ.

"എടീ, നിന്റെ മകന്‍ ആദര്‍ശം പുഴുങ്ങിത്തിന്നു ജീവിക്കുന്നത് എനിക്കൊന്നു കാണണം"

അമ്മാവന്റെ മനോഹരമായ ആശംസകള്‍ അന്ന് കേട്ടപ്പോള്‍ അമ്മയോട് വല്ലാതെ ദേഷ്യപ്പെട്ടു. ഇന്ന്, അതൊക്കെ നോക്കി ചിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു.

പഴ്സും കയ്യില്‍ പിടിച്ചുകൊണ്ട് ജോമോന്റെ പാതി മയങ്ങിയ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് 'സുപ്രഭാതം' കിഴക്കേ അമ്പലത്തില്‍നിന്ന് ഒഴുകിവന്നു:

'കൌസല്യ സുപ്രജ രാമ....

പൂര്‍വ സന്ധ്യ പ്രവര്‍ത്തതെ....

ഉത്തിഷ്ഠ നര ശാര്‍ദുല....

കര്‍ത്തവ്യം മംഗളം കുരു...'

ജോമോന് ഏറ്റവും ഇഷ്ടമുള്ളതായി 'സുപ്രഭാതം' മാറാനുള്ള കാരണം കേള്‍ക്കാനുള്ള സുഖം മാത്രമായിരുന്നില്ല; അതിന്റെ അര്‍ഥം അവനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു- 'കൌസല്യദേവിയുടെ ഉത്തമനായ പുത്രാ രാമ.... കിഴക്ക് സൂര്യന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.... അതുകൊണ്ട് ശ്രേഷ്ഠനായ മാനവ എഴുന്നേല്‍ക്കൂ.... മംഗളകരങ്ങളായ കര്‍ത്തവ്യങ്ങള്‍ ചെയ്യൂ....' എന്ന്‍! അങ്ങനെ അവന്റെ ഫോണിന്റെ റിംഗ് ടോണും അതുതന്നെയായി.

തന്റെ പഴയ നോക്കിയാ ഫോണിന്റെ അവ്യക്തമായ ക്യാമറ നോക്കി അവന്‍ വ്യാകുലപ്പെട്ടു. പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍മാരെ ട്രെയിനികള്‍ക്ക്‌ അനുവദിക്കില്ലത്രേ. ഒരു ഫോട്ടോ പോലുമില്ലാതെ എന്ത് ഇന്റര്‍വ്യൂ?

അവന്‍ കട്ടിലില്‍നിന്ന്‍ എണീറ്റ്, പയര്‍മണി വലിപ്പമുള്ള പേസ്റ്റ് ഖനനം ചെയ്യാന്‍ മെലിഞ്ഞുണങ്ങി ആയുസ്സൊടുങ്ങിയ കോള്‍ഗേറ്റുമായി മല്ലിട്ടു. രാവിലെ പത്രമൊന്നു വീക്ഷിച്ചു; വിശദ വായനയ്ക്കായി വൈകുന്നേരത്തേക്ക് മാറ്റി. ഇസ്തിരിയിട്ട ഷര്‍ട്ട് ഇട്ടുകൊണ്ട്‌ അവന്‍ അടുക്കളയിലേക്ക് നോക്കി-

"അമ്മേ, എനിക്കിന്ന്‍ നേരത്തേ പോണം, എന്താ കഴിക്കാന്‍"

" പുട്ടുണ്ടാക്കീട്ടൊണ്ട്, പഴമില്ല, നീ കടേപ്പോയി മേടിച്ചോണ്ട് വന്നാല്‍...."

"ഞാനെങ്ങും പോണില്ല. ഇരുന്നൂറു രൂപ അയാള്‍ക്കു കൊടുക്കാനുണ്ട്"

"അതിനെന്താ, നിനക്ക് പോയാല്, എത്തക്കൊല വെട്ടാന്‍ പാകത്തിനു നാലെണ്ണം പറമ്പില്‍ കെടക്കണില്യേ"

അവന്‍ ഒന്നും മിണ്ടാതെ പഞ്ചസാര പുട്ടിന്മേല്‍ വിതറി.

Chapter-3- eBook novel

പ്രൈവറ്റ് ബസില്‍നിന്നിറങ്ങിയ ജോമോന്‍, കവിയുടെ വീട് ലക്ഷ്യമാക്കി നടന്നു. പാലുംകൊണ്ട് സൈക്കിളില്‍ വന്ന പയ്യനോട് സ്ഥലം തിരക്കി.

"ഇവിടുന്ന് കുറച്ചങ്ങു പോകുമ്പോള്‍ വലതുവശത്ത് ഒരു കലുങ്ക്.... അതിന്റെ വശത്തൂടെ ടാറിടാത്ത വഴിയേ ചെല്ലുമ്പോഴേക്ക് വെറക് വില്‍ക്കുന്ന ഒരു സ്ഥലം കാണാം. അതിന്റെ അടുത്തിരിക്കുന്ന വീടാ"

ഒറ്റശ്വാസത്തില്‍ പറഞ്ഞതിനു ശേഷം അവന്‍ പാഞ്ഞുപോയി. ഇരുചക്ര വാഹനം ഇല്ലാത്തതിന്റെ കേട്, അവിടം ജോമോനു പറഞ്ഞുകൊടുത്തു. വിറകുകട വരെ ഒരുപാട് ദൂരമായി അവനു തോന്നി. അതേസമയം, വഴിവക്കിലുള്ള വലിയ മരങ്ങള്‍ കണ്ണിനു കുളിര്‍മയോടൊപ്പം തണലുമേകി. ബസില്ലാത്ത നീണ്ട ഇടവേളകള്‍ ഇടസമയത്തുള്ള അന്നാട്ടിലെ യാത്രകളെ കഷ്ടത്തിലാക്കുന്നുണ്ടെങ്കിലും രാവിലെയും വൈകുന്നേരവും കൃത്യമായി അവറ്റകള്‍ ഓടുന്നുണ്ട്.

നടപ്പിനു വിരാമം പ്രഖ്യാപിച്ചുകൊണ്ട് പാതി തുറന്ന ഗേറ്റിലൂടെ ജോമോന്‍ കവിയുടെ വീട്ടുമുറ്റത്തേക്ക്‌ വലതുകാല്‍ വച്ചു. ആ പഴയ വീടിന്റെ മുന്നില്‍ തൂങ്ങിയ മണിയുടെ നാവ് ശ്രുതിമധുരമായ ശബ്ദം പുറപ്പെടുവിച്ചു. അല്പം കാത്തുനിന്നപ്പോള്‍ വാതില്‍ തുറന്നു-

"ഉം....ആരാ....എന്താ വേണ്ടേ?"

വെറും പിരിവുകാരനെ നേരിടുന്ന മട്ടിലുള്ള ചോദ്യം. ഉടന്‍തന്നെ കയ്യിലുണ്ടായിരുന്ന ഐ.ഡി. കാര്‍ഡ്‌ കാണിച്ചുകൊണ്ട് ജോമോന്‍ പറഞ്ഞു:

"ഞാന്‍ സില്‍ബാരിപത്രത്തില്‍നിന്നാണ്. അടുത്ത സണ്‍‌ഡേ സപ്ലിമെന്റില്‍ വരുന്ന പാകത്തിന് ഒരു ഇന്റര്‍വ്യൂ...."

"താന്‍ പത്രമൊന്നും വായിക്കാറില്ലേ. കഴിഞ്ഞ ഞായറാഴ്ച ഇവിടത്തെ നമ്പര്‍വണ്‍പത്രത്തില്‍ എന്റെ സ്റ്റോറി വന്നത് താന്‍ കണ്ടില്ലേ?"

ജാള്യത പുറമേ കാട്ടാതെ അവന്‍ മൊഴിഞ്ഞു:

"സര്‍, ഞാന്‍ വായിച്ചിരുന്നു. വളരെ നന്നായിരുന്നു. ഞങ്ങളുടെ പത്രത്തിലും അതുപോലൊന്ന് കിട്ടിയാല്‍ നമ്മുടെ ഭാഗ്യമായിരിക്കുമെന്ന് ചീഫ് എഡിറ്റര്‍ പ്രത്യേകം പറഞ്ഞിരുന്നു"

പക്ഷേ, ആ മുഖസ്തുതിയിലൊന്നും കവി അടിപതറിയില്ല.

"എനിക്കൊട്ടും സമയമില്ല. മാത്രമല്ല, ഞാന്‍ വലിയ ചാനലുകാര്‍ക്കും പത്രങ്ങള്‍ക്കും മാത്രമേ അഭിമുഖം അനുവദിക്കാറുള്ളൂ. ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല"

കാര്‍ഡുമായി വീടുകള്‍ കയറിയിറങ്ങി പിച്ച തെണ്ടുന്നവരെ ഓടിക്കുന്ന പോലുള്ള നിര്‍ദ്ദയ പെരുമാറ്റത്തില്‍ ജോമോന്‍ അന്തിച്ചുനിന്നു. അവന്‍ തിരിഞ്ഞുനടന്നപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് ഒരു സിനിമാ ഗാനം- 'ഞാഞ്ഞൂലിനും സീല്‍ക്കാരമോ....ഞാനെന്നഹംഭാവമോ....'

അവസാന കച്ചിത്തുരുമ്പിലും തീ പിടിച്ചിരിക്കുന്നു. രാവിലെ ആഹരിച്ച അല്പം പുട്ടുതരികള്‍ക്കുംകൂടി തീ പിടിച്ച് വയറു കത്താന്‍ തുടങ്ങി. എന്തെങ്കിലും കഴിക്കാതെ മുന്നോട്ടു നീങ്ങാന്‍ വയ്യാ. ആരോടാണ് ഒന്ന് ചോദിക്കുക. അങ്ങനെ കുറച്ചു വഴി തിരിച്ചുനടന്നപ്പോള്‍, ഒരു സ്ത്രീ വരുന്നതു കണ്ടു.

"ഇവിടെ ഹോട്ടല്‍ വല്ലതുമുണ്ടോ?"

"ഒരു ചായക്കടയുണ്ട്. വല്യവഴിയില്‍ ചെന്നിട്ട് ഇച്ചിരെ മുന്നോട്ട് പോണം, അവിടൊരു വെയിറ്റിങ്ഷെഡ്‌ ഒണ്ട്. അതിന്റെ അപ്പുറത്താ ചെല്ലപ്പന്റെ കട"

ജോമോന്‍ നടപ്പിനു വേഗം കൂട്ടി. വഴിയോരത്തുള്ള വലിയ മരങ്ങള്‍ പൊഴിച്ച ഇലകള്‍ ടാറിനെ പലയിടങ്ങളിലും ഒളിപ്പിച്ചിരുന്നു. അവന്റെ ചെരുപ്പുകള്‍ അതില്‍ തട്ടി ഒച്ചയെടുത്തു. സ്ത്രീ പറഞ്ഞ ബസ്‌-കാത്തിരിപ്പ്-കേന്ദ്രത്തില്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. ആ വഴിയുടെ അറ്റത്തായി ഒരു ചെറിയ കട അവന്റെ ദൃഷ്ടിയില്‍ പെട്ടപ്പോള്‍ അവനു സന്തോഷമായി. കരിയിലകള്‍ ചെരുപ്പിനടിയില്‍ പപ്പടം മാതിരി പൊടിയുന്ന ശബ്ദം ആസ്വദിച്ച് അവന്‍ മുന്നോട്ടു നടന്നു.

ചായക്കടയുടെ വളഞ്ഞുകുത്തി നില്‍ക്കുന്ന കഴുക്കോലിനു പുറത്തായി മേഞ്ഞിരുന്ന ഓടുകള്‍ പൊഴിഞ്ഞുവീഴാന്‍ തക്കം പാര്‍ത്തിരിക്കുന്നുവോ? അതിന്റെ അടുക്കും ചിട്ടയും കാലം തെറ്റിച്ചിരിക്കുന്നു- കഴിഞ്ഞ അറുപതുവര്‍ഷത്തെ കാറ്റിനോടും സൂര്യനോടും; അണ്ണാന്‍, മരപ്പട്ടി, വാവല്‍, ചിതല്‍....എന്നിവയോടൊക്കെ ഏറ്റുമുട്ടി ചെല്ലപ്പന്റെ കട നന്നേ ക്ഷീണിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ കാണുന്ന തരം വെളിച്ചം, പൊട്ടിയ ഓടിനിടയിലൂടെ അരിച്ചിറങ്ങി കോഴിമുട്ടയുടെ ആകൃതിയില്‍ തറയില്‍ പതിപ്പിച്ചു തൃപ്തിയടഞ്ഞു. അതിന്റെ തിണ്ണയില്‍ പത്രവായനയ്ക്കായി ഇരിക്കുന്നവര്‍ക്കു ക്രിക്കറ്റ്‌ ബാറ്റിന്റെ വീതിയുള്ള ബഞ്ച്. അതിനുമേല്‍ വായന കഴിഞ്ഞ പത്രം പോലെ ചുളുങ്ങിയ ഒരു വൃദ്ധനും ഇരിക്കുന്നു. ജോമോന്‍ അകത്തേക്ക് കയറി വഴിയിലേക്ക് നോട്ടമെത്തുംവിധം ഇരുന്നു.

"ഇവിടെ എന്താ വേണ്ടേ?"

"ഒരു ചായ, ദോശ മൂന്ന്.... അല്ല....നാലെണ്ണമായിക്കോട്ടേ"

ആ ബഞ്ചുകള്‍ക്കും ഡസ്കുകള്‍ക്കും അനേക വര്‍ഷങ്ങളുടെ സേവന പാരമ്പര്യത്താല്‍ നല്ല സുഖമുള്ളൊരു മിനുസം അനുഭവപ്പെട്ടു. എന്തുമാത്രം മൂടുരഞ്ഞ ഘര്‍ഷണ കഥകള്‍ ബഞ്ചുകള്‍ ഏറ്റുവാങ്ങിയിരിക്കണം. ചിന്തേരിടാതെയും തടികള്‍ക്കു മിനുസപ്പെടാനാവുമെന്ന് അവ തെളിയിച്ചു കഴിഞ്ഞല്ലോ. അവിടെ രഹസ്യ സ്വഭാവമുള്ള പരദൂഷണ ചര്‍ച്ചകള്‍ക്ക് ശബ്ദം കുറവായിരുന്നെങ്കിലും രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വാഗ്വാദങ്ങളുടെ ചൂടും ചുണയും ഒച്ചയിട്ടു.

അതൊക്കെ ശ്രദ്ധിച്ച് നാലാമത്തെ ദോശയില്‍ തൊട്ടപ്പോഴാണ് താന്‍ കഴിച്ചുപോയ മൂന്നിന്റെ നഷ്ടബോധം അവനു തോന്നിയത്- അത്രയ്ക്ക് രുചി. ചമ്മന്തിയുടെ കാര്യം പറയാനുമില്ല; ചുവന്ന വെള്ളം മാത്രം, എന്നാലോ? ലേശം എരിവുള്ള ഒരു പ്രത്യേക രുചി. അടുക്കളയിലെ ഭീമന്‍ആട്ടുകല്ലിനെ ബഹുമാനത്തോടെ നോക്കിയ ശേഷം പുറത്തേക്ക് കണ്ണെറിഞ്ഞപ്പോള്‍ ആ വൃദ്ധന്‍ തിരിഞ്ഞ് തന്റെ മുഖത്തേക്ക് ദയനീയമായി നോക്കുന്നു. എന്നെയെങ്ങാനും മുന്‍പ് പരിചയമുണ്ടാകുമോ? ഏയ്‌, അങ്ങനെ വരാന്‍ വഴിയില്ല. ഞാന്‍ ഇങ്ങോട്ടൊക്കെ ആദ്യം വരികയാണല്ലോ. അയാള്‍ എന്നെ മാത്രമല്ലല്ലോ; അകത്ത് ഇരിക്കുന്നവരെയെല്ലാം നോക്കുന്നുണ്ട്.

ആവി പറക്കുന്ന സഞ്ചിച്ചായ 'ടക്' ശബ്ദത്തോടെ അവനു മുന്നില്‍ സ്ഥാനം പിടിച്ചു. അടുക്കളയിലെ സമോവര്‍പോലെ ഗ്ലാസില്‍ തൊടാന്‍ പറ്റാത്ത ചൂട്. ചായക്കടയിലെ 'ഓള്‍റൌണ്ട്' പണിക്കാരനോട് സംഗതി ചോദിച്ചുകളയാം.

"ചേട്ടാ.... ദാ, ഇരിക്കുന്ന ആളിന് എന്തെങ്കിലും വേണ്ടിയിട്ട് ഇരിക്കുന്നതാണോ?"

"അതിവിടത്തെ സ്ഥിരം ആളാ- പരമു. രാവിലെ മാത്രം വരും. ആരെങ്കിലും ചായയോ ദോശയോ മേടിച്ചു കൊടുക്കന്നിടംവരെ അവിടിരിക്കും. എന്നുകരുതി എല്ലാ ദിവസവും ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റ്വോ? പത്തുമണിയൊക്കെ കഴിഞ്ഞാല്‍ ഞാന്‍ ഒരു ദോശയോ മറ്റോ കൊടുത്ത് ഒഴിവാക്കും"

ഉദാസീനമായ മറുപടി പറഞ്ഞിട്ട് അയാള്‍ അടുത്തു കിടന്ന ഡസ്കിലെ അഴുക്കെല്ലാം അതില്‍ത്തന്നെ അരച്ചുതേച്ച്, തുടച്ചെന്നു വരുത്തിത്തീര്‍ത്തു.

"ചേട്ടാ, അവിടൊരു ചായയും, ദോശയോ അപ്പമോ എന്താണെന്നു ചോദിച്ച് കൊടുത്തേക്ക്"

"ഓ, എന്തോന്ന് ചോദിക്കാന്‍, ദോശ രണ്ടു മതിയോ?"

"ഈ ദോശ നാലെണ്ണം തിന്നോട്ടെ. അല്ലെങ്കില്‍ പെട്ടെന്ന് രുചിയങ്ങു തീരില്ലേ?"

പെട്ടെന്ന്, ഒരു ഞെട്ടലോടെ ആ വൃദ്ധന്‍, ജോമോനെ തലവെട്ടിച്ചു നോക്കി. തത്വങ്ങളും ആദര്‍ശങ്ങളും ഒട്ടും തുരുമ്പിച്ചിട്ടില്ലെന്ന് അവന്‍ സ്വയം ആശ്വസിച്ചു. ചൂടു ചായയും ദോശയും കണ്ടമാത്രയില്‍ പരമുവിന്റെ മഞ്ഞനിറമുള്ള മങ്ങിയ കണ്ണുകള്‍ അല്പം പ്രകാശിച്ചു. ദോശകളെ അയാളാണോ അതോ, ദോശകള്‍ ആവിയായി പോയോ എന്നു തോന്നിക്കുംവിധം വേഗത്തില്‍ വിഴുങ്ങിയെന്നു മാത്രമല്ല, വായ പൊള്ളിക്കുന്ന ചായ ഒറ്റവലിക്ക് കുടിച്ചശേഷം കൈ പോലും കഴുകാതെ അയാള്‍ ഇറങ്ങി നടന്നു.

'ആറും അറുപതും ഒരുപോലെ' എന്ന പഴമൊഴി എത്ര അന്വര്‍ത്ഥം. കുഞ്ഞുങ്ങള്‍ തിന്നു കഴിഞ്ഞ് കൈ കഴുകാതെ ഓടുന്നതുപോലെ പ്രായമായവരും ഓടുന്നു. ഇതെല്ലാം പ്രകൃതിയുടെ മുന്‍കൂട്ടി രചിച്ച തിരക്കഥ അല്ലാതെ മറ്റെന്താണ്?

ഓരോന്ന് വിചാരിച്ച് ചായ കുടിച്ചത് അവന്‍ അറിഞ്ഞതേയില്ല. എഴുതിത്തരുന്ന ബില്ലും ടിപ്പും മറ്റു പത്രാസൊന്നും ഇല്ലെങ്കിലും സംതൃപ്തിയോടെ രൂപ കൊടുത്തിട്ട് ജോമോന്‍ തിരികെ നടന്നു. ടൗണില്‍ നൂറു രൂപയുടെ മുകളില്‍ പോകേണ്ട കഴിപ്പാണ് ഇവിടെ 'റിഡക്ഷന്‍ സെയില്‍' ബോര്‍ഡ് ഇല്ലാതെ തന്നെ കുറയുന്നത്. അന്നേരം, എവിടെനിന്നോ വന്ന കാറ്റ് ധാരാളം ഇലകളെ പൊഴിച്ച് എങ്ങോ പോയി മറഞ്ഞു. ഞെട്ടറ്റു വീണു കിടക്കുന്ന മഞ്ഞപ്പൂക്കളെ പോലും വെറുതെ വിടാനുള്ള ഭാവമില്ലായിരുന്നു തേനീച്ചകള്‍ക്ക്. എന്തായാലും പരിസ്ഥിതി-പ്രവര്‍ത്തകരുടെ ഈ തണല്‍മരങ്ങള്‍ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്ല ഫണ്ടും ലഭിച്ചിരിക്കാന്‍ വഴിയുണ്ട്. പക്ഷേ, വഴിയുടെ വികസനം വന്നാല്‍ മരങ്ങളുടെ മേല്‍ മഴു വീണേക്കാം. അങ്ങനെ അവന്‍ വെയിറ്റിംഗ് ഷെഡില്‍ കയറിനില്‍ക്കാന്‍ തുടങ്ങവേ, അകലെ ആ കാഴ്ച കണ്ടു.

എന്തോ ഒന്ന് വലിയൊരു മരത്തോടു ചേര്‍ന്ന് നില്‍ക്കുന്നു. അത് മരത്തില്‍ പറ്റിപ്പിടിച്ച് വളരുന്ന വള്ളിയായിരിക്കുമോ? അതോ മനുഷ്യനോ?

ഓ....എന്തു വേണമെങ്കിലും ആയിക്കൊള്ളട്ടെ, തനിക്കെന്താ? അവന്‍ അകത്തേക്ക് കയറിനിന്നു. ആളുകള്‍ ഇവിടെ ചാരിയിരിക്കാറുണ്ട് എന്നതിന്റെ തെളിവായി പെയിന്റ് പോയിടത്ത് ചെളിയുടെ മനുഷ്യരൂപം തെളിഞ്ഞുനിന്നു. ഒരു വെയിറ്റിങ്ഷെഡ്‌ അതിന്റെ പൂര്‍ണതയില്‍ എത്തിക്കണമെന്ന് മാനസികമായി വാശി പിടിക്കുന്ന 'പരവശ'കലാകാരന്മാര്‍ നഖങ്ങള്‍കൊണ്ട് കോറിയിട്ട വികൃതമായ വരകളും പേരുകളും ഫോണ്‍നമ്പരുകളും ഇവിടെയും കാണുന്നുണ്ടല്ലോ. ചില ചെറിയ പരസ്യങ്ങള്‍ ഒട്ടിച്ചു വച്ചതൊക്കെ ആരോ കീറിക്കളഞ്ഞിരിക്കുന്നു. അതിനിടയിലൂടെ മറ്റൊരു പരസ്യം ഭാഗികമായി തലനീട്ടി- 'പരസ്യം പതിക്കരുത്'

ഭിത്തിയില്‍ മങ്ങിയ നിറത്തില്‍ അടുത്ത ബസിന്റെ സമയം എഴുതിവച്ചിരിക്കുന്നത് അല്പം പ്രയാസപ്പെട്ട് വായിച്ചെടുത്തു- 'സില്‍ബാരിഎക്സ്പ്രസ്: 10:30'

ഇനിയും അരമണിക്കൂറിനു മുകളില്‍ ഇവിടെ കാത്തുനില്‍ക്കേണ്ടിയിരിക്കുന്നു. ജോമോന്‍ പിന്നെയും പുറത്തിറങ്ങി മുന്‍പ് കണ്ട ദൃശ്യം പരതി. അവിടൊന്നും ഇപ്പോള്‍ കാണാനില്ല. കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയപ്പോള്‍ ആ മരത്തിന്റെ ചുവട്ടിലായി ഒരു തുണിയുടെ അറ്റം കാണായി. അങ്ങോട്ടൊന്നു പോയിക്കളയാം; സമയം കൊല്ലാമല്ലോ. കുറച്ചു മുന്നോട്ടു പോയപ്പോള്‍ അതൊരു നീലവരയുള്ള കൈലിമുണ്ട്. അതിന്റെ അറ്റത്ത്‌ രണ്ടു കാല്പാദങ്ങളും പ്രത്യക്ഷപ്പെട്ടു.

Chapter-4 Malayalam novella

വെറുതെ താന്‍ അടുത്തേക്ക് പോകേണ്ടതില്ല. പിച്ചക്കാരോ കഞ്ചാവടിയന്മാരോ ആണെങ്കിലോ?

തിരിഞ്ഞുനടന്നേക്കാം.

അല്ലെങ്കില്‍ വേണ്ട, ഏതായാലും ഇവിടെ വരെ വന്നു. ഒന്നു നോക്കിയിട്ടുതന്നെ ബാക്കി കാര്യം. മരച്ചുവടിന്റെ പിറകില്‍ ഒരാള്‍ ചാരി ഇരിക്കുന്നുണ്ട്‌. അയാള്‍ എന്തൊക്കയോ പിറുപിറുത്ത് തന്നെത്താന്‍ ചിരിക്കുന്നു.

ഇത്....ചായക്കടയില്‍ കണ്ട മനുഷ്യനല്ലേ, പാവം; അതിനു ഭ്രാന്തായിരിക്കുന്നു!

ജോമോന്‍ അല്‍പനേരം ശങ്കിച്ചുനിന്നു.

ഞാന്‍ വന്നത് അയാള്‍ അറിഞ്ഞിട്ടുപോലുമില്ല. ചായക്കടയിലെ ബഞ്ചില്‍ ഇയാള്‍ തികച്ചും നിശബ്ദനായിരുന്നല്ലോ. ഒന്നു വിളിച്ചുനോക്കാം. പേര് സപ്ലയര്‍ പറഞ്ഞെങ്കിലും ഞാനത് ശ്രദ്ധിച്ചില്ലല്ലോ.

"ചേട്ടാ, വീട്ടിലൊന്നും പോകണ്ടേ? എന്താ, ഇവിടിരുന്നു പറയുന്നത്?"

ആ മഞ്ഞക്കണ്ണുകള്‍ അവനെ സൂക്ഷിച്ചു നോക്കി. രാവിലത്തെ അന്നദാതാവിനെ പിടികിട്ടിയപോലെ അയാള്‍ കുഴഞ്ഞ ഭാഷയില്‍ തുപ്പല്‍ തെറിപ്പിച്ച് പതിയെ പറഞ്ഞു:

"കുഞ്ഞേ, ഞാന്‍ എന്റെ മക്കളോടല്യോ വര്‍ത്താനം പറേണത്. ഞാന്‍ മിണ്ടാതെ പോയാല് അവര്‍ക്ക് പിണക്കാവും"

ഹോ, സമാധാനമായി. കാര്യമായ പ്രശ്നമൊന്നും കേട്ടിട്ട് തോന്നുന്നില്ല. മക്കളെന്ന് ഉദ്ദേശിച്ചത് മരിച്ചുപോയ പിള്ളേരായിരിക്കും. സംശയം തീര്‍ത്തേക്കാം.

"എന്നിട്ട് മക്കളെ ആരെയും ഇവിടെ കാണുന്നില്ലല്ലോ"

"ഇത്രേം വലുതായി നിവര്‍ന്നു നിന്നിട്ടും ഇവനെ കാണാന്‍ പറ്റണില്ലേ?"

എന്നിട്ട്, വൃദ്ധന്‍ ആ മരത്തില്‍ തലോടിക്കൊണ്ട് മുകളിലേക്ക് നോക്കി അതിന്റെ തലയെടുപ്പ് ആസ്വദിച്ചു. പക്ഷേ, ജോമോന് വീണ്ടും സംശയമായി- ഈ മരം തന്നെയോ? അല്ലെങ്കില്‍ ആകാശത്തിരിക്കുന്ന മക്കളെ നോക്കിയതാവുമോ? പ്രായമായ മനസ്സില്‍നിന്നു കടിഞ്ഞാണില്ലാത്ത ചിന്തകള്‍ വന്നുകൂടായ്കയില്ല.

"സ്വന്തം പറമ്പിലെ മരങ്ങള്‍ ആണെങ്കില്‍ മക്കളെന്നു വിളിച്ചാലും തെറ്റില്ല. പൊതുവഴിയിലെ സര്‍ക്കാരുവക മരങ്ങളെങ്ങനെ മക്കളാവും"

"ന്റെ കുഞ്ഞേ, ഞാന്‍ വച്ചുപിടിപ്പിച്ച് വേലികെട്ടി ചൂടത്ത് വെള്ളോം കൊടുത്തു വളര്‍ത്തിയ മരങ്ങളാ ഈ കാണണതൊക്കെ...ഹി...ഹി...ഹി..."

"പഞ്ചായത്ത് തണല്‍മര പദ്ധതിയില്‍ കുഴിച്ചുവച്ച മരങ്ങളല്ലേ ഇത്"

"മോനെ, അവരൊക്കെ ഇപ്പോള്‍ വലിയ കേമമായി ഓരോയിടത്തും കൊട്ടിക്കൂവി കുഴിച്ചുവച്ചിട്ട് അങ്ങ് പോകും, അതൊക്കെ പശുവും ആടുമൊക്കെ തിന്നും, അല്ലേലും ഇവിടെ ഞാനിത് കുഴിച്ചുവക്കുമ്പോ എനിക്കൊരു മുപ്പതു കഴിഞ്ഞിട്ടേ ഉണ്ടാവൂ"

"ങാ, അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇതിന്റെ ചുവട്ടില്‍ ഇരിക്കാതെ ആ വെയിറ്റിങ്ഷെഡില്‍ ഇരിക്കാമല്ലോ. എനിക്ക് ബസ് വരാന്‍ ഇനിയും സമയമുണ്ട്"

എതിരൊന്നും പറയാതെ അയാള്‍ അവനോടൊപ്പം നടന്നു. കടന്നുവന്ന വഴിയിലെ എല്ലാ മരങ്ങളേയും ഒന്ന് തൊട്ടുതലോടാന്‍ വൃദ്ധന്‍ മറന്നില്ല. ഇതിനിടയില്‍ ജോമോന്‍ ആ മനുഷ്യന്റെ പേരു ചോദിച്ചു മനസ്സിലാക്കി- 'പരമു'

"ദാ, ആ കാണണതാ എന്റെ വീട്"

ആ പറമ്പിനു കുറച്ചു താഴെയായി പരമു ചൂണ്ടിക്കാണിച്ചതു കണ്ടപ്പോള്‍ അതിനെ ഒരു വീടെന്നു പറയാമോ എന്ന് ജോമോന്‍ അത്ഭുതപ്പെട്ടു; അത്രയ്ക്കും ചെറുതും പൊളിഞ്ഞതുമായ ഒരെണ്ണം! എന്റെ വീടിനടുത്തുള്ള ജര്‍മ്മന്‍കാരന്‍ സണ്ണിക്കുട്ടിയുടെ കാര്‍ഷെഡ്‌ ഇതിലും നല്ലതാണ്, വലുതാണ്‌! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയാണ്. അസമത്വങ്ങള്‍ മിക്ക രാജ്യങ്ങളിലും തല പൊക്കി പ്രശ്നങ്ങള്‍ ഉണ്ടാക്കിതുടങ്ങിയിരിക്കുന്നു. പത്രം തുറന്നാല്‍, ടി.വി തുറന്നാല്‍, ഇന്റര്‍നെറ്റ്‌ തുറന്നാല്‍ ഞെട്ടുന്ന വാര്‍ത്തകള്‍ കണ്ണിലും കാതിലും നിറയുന്നു.

തിരികെയെത്തി കാത്തിരിപ്പ്‌ കേന്ദ്രത്തിലെ സിമെന്റ്ബഞ്ചില്‍ രണ്ടുപേരും ഇരുന്നു.

"ഇന്ന് മഴ പെയ്യുമെന്ന് തോന്നണു. കിഴക്ക് മഴക്കാറ് കേറീട്ടൊണ്ട്"

ഇതുകേട്ട് ജോമോനു ചിരിയാണ് വന്നത്. കാരണം, സംസാരിക്കാന്‍ വിഷയമൊന്നുമില്ലാതെ വലയുമ്പോള്‍ ഒരു സാദാ മലയാളിയുടെ സ്ഥിരം ഡയലോഗ് ആണിത്. ഒരു പക്ഷേ, ഈ മനുഷ്യന്റെ ജീവിതത്തില്‍ വന്ന കാറും കോളും എന്തെന്ന് ചോദിച്ചാല്‍ അത് ഒരു പുത്തന്‍ അറിവ് എന്നതിലുപരി നല്ലൊരു അനുഭവമാകാം ചിലപ്പോള്‍. അല്ലെങ്കിലും പാവപ്പെട്ടവനു കാശുകാരേക്കാള്‍ കൂടുതല്‍ അനുഭവങ്ങള്‍ പറയാന്‍ കാണുമല്ലോ. വലിയ കേമന്മാരുടെ കഥകള്‍ കേള്‍ക്കാമെന്ന് വച്ചാല്‍ അവര്‍ എന്നോട് പറയാനും തയ്യാറല്ല!

"ഇവിടെ കാണുന്ന മരമക്കളല്ലാതെ മനുഷ്യ മക്കളൊന്നും പരമുച്ചേട്ടന് ഇല്ലേ?"

ആ ചോദ്യത്തിനു മറുപടിയായി ആ കണ്ണുകള്‍ ഈറനണിയുന്നത് അവന്‍ കണ്ടു. പരമു തളര്‍ന്ന സ്വരത്തിന്റെ അകമ്പടിയോടെ തന്റെ ഭൂതകാലത്തേക്ക് ജോമോനെ കൂട്ടിക്കൊണ്ടുപോയി-

പതിനാറു വയസ്സില്‍, കൂപ്പിലെ പണിയ്ക്ക് നാട്ടില്‍നിന്ന് പോയവരുടെ കൂടെ പരമു ചേര്‍ന്നു. കോശിമുതലാളി കള്ളത്തടിക്കച്ചവടത്തിന്റെ അവസാന വാക്കായി വിലസുന്ന കാലം. അയാള്‍ക്കു മുന്നില്‍ കാട്ടുമരങ്ങള്‍ ഓച്ഛാനിച്ചു നിന്നു. പരമുവിന്റെ നല്ല കാലമായിരുന്നു അത്. ഏതു കൊടുംകാട്ടിലെ എത്ര ഉയരമുള്ള മരവും പരമുവിന്റെ മഴുവിനു മുന്നില്‍ നിഷ്പ്രഭമായി. മുഴുവന്‍പേര് പരമേശ്വരന്‍ എന്നായിരുന്നിട്ടും എല്ലാവരും അവനെ 'നീറ് പരമു' എന്നു വിളിച്ചതിലും കാര്യമുണ്ട്-മരത്തിലെ നീര്‍-ഉറുമ്പുകള്‍ അവനെ കടിക്കില്ലത്രേ. ആ കരുത്തുറ്റ ശരീരവും തന്റേടവും മുതലാളിയുടെ ആദായം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ മുതലാളിയുടെ പ്രിയപ്പെട്ടവനായി. സമയവും ശരീരവും കൂലിയുമൊന്നും നോക്കാതെ ഒരു സ്ഥലത്തില്‍നിന്നു മറ്റൊരിടത്തേക്ക്. കിട്ടിയ പണം അപ്പാടെ കുടിക്കാനും തിന്നാനും ചീട്ടുകളിക്കാനും മാത്രമായി ചെലവഴിച്ചു. സമ്പാദ്യം എന്ന വാക്കുപോലും പരമു കേട്ടിട്ടില്ലായിരുന്നു.

ആരും ഉപദേശിക്കുന്നതോ നിയന്ത്രിക്കുന്നതോ ഇഷ്ടമല്ലാത്ത പ്രകൃതം. അങ്ങനെ വിവാഹം ചെയ്യുന്ന കാര്യവും മന:പൂര്‍വ്വം പരമു മറന്നുകളഞ്ഞു. ഒറ്റയാനായി കാട്ടിലൂടെ കുടിച്ചുമറിഞ്ഞു മദിച്ചു നടക്കുക. ഒട്ടുമിക്ക ജോലികള്‍ക്കും കളികള്‍ക്കും ഊര്‍ജം പകരുന്ന വാക്കുകള്‍ നാം കേട്ടിട്ടുണ്ടാകും. അതുപോലെ അന്നൊക്കെ തടിപിടിക്കുന്നവര്‍ പറയുന്ന വാക്കുകള്‍-

"ഒത്തുപിടിയെടാ ഹേലൈസ", പോരട്ടങ്ങനെ പോരട്ടെ", "ആനയ്ക്കെടുപ്പത് പോരട്ടെ" എന്നു തുടങ്ങി കേട്ടാല്‍ ചിരി വരുന്ന വാചകങ്ങളായിരുന്നു കൂടുതലും. എന്നാല്‍, പരമുവിന്റെ ദുശ്ശീലം മറ്റൊന്നായിരുന്നു- മഴുവെടുത്ത് ഓരോ വെട്ടും മരത്തില്‍ പതിപ്പിക്കുമ്പോള്‍ അയാള്‍ ഓരോ തെറിയും കൂടെ പറയും. ഒരിക്കല്‍, ഏതോ പച്ചമരുന്നു പറിക്കാന്‍ കാട്ടിലൂടെ ഒരു നാട്ടുവൈദ്യന്‍ വന്നു. അപ്പോഴുണ്ട് പരമു ആഞ്ഞിലിത്തടി ആഞ്ഞു വെട്ടിക്കൊണ്ടിരിക്കുന്നു. ഓരോ വെട്ടിനും ഓരോ തെറി വിളിച്ചുപറയുന്നത് കേട്ടിട്ട് അവനോടു പറഞ്ഞു:

"ഈ കാട്, മനുഷ്യന്റെ ആവശ്യത്തിനുള്ള തടിയൊക്കെ വെള്ളത്തിലൂടെ നാട്ടിലേക്ക് വിടുന്നുണ്ട്. കാറ്റും പെരുമഴയും വെള്ളപ്പൊക്കവുമൊക്കെ അതിനാ പ്രകൃതി വച്ചിരിക്കുന്നത്. ഇവിടെ കടപുഴകുന്ന മരങ്ങളുടെ തടിയും ഉപയോഗിക്കാമല്ലോ. നിന്നെ ആരാ ഈ പണി ഏല്‍പ്പിച്ചത്?"

"ഇയാളു വല്യ കാര്യങ്ങളൊന്നും തെരക്കേണ്ട"

"അല്ല, ഞാന്‍ പറഞ്ഞത് മരങ്ങളെ അതിക്രമിച്ചു വെട്ടുന്നതുതന്നെ തെറ്റ്. എന്നിട്ടും നീ അതിനെ തെറിയുംകൂടി വിളിക്കുന്നു! ശാപം കിട്ടുന്ന പണിയല്ലേ ഇത്?"

പരമുവിന് ദേഷ്യം ഇരമ്പി വന്നു-

"പ്ഫ....വൈദ്യന്‍കഴുവേറീ....പള്ള പറിക്കാന്‍ വന്നവന്‍ ആ പണി കഴിഞ്ഞു സ്ഥലം വിട്ടോണം"

കയ്യിലെ മഴു വീശിയുള്ള അലര്‍ച്ചയില്‍ പാവം വൈദ്യന്‍ പേടിച്ചോടി. അതുകണ്ട് രസിച്ച് അവന്‍ ആര്‍ത്തുചിരിച്ചു!

പല മരങ്ങളുടെയും ആയുസ്സ് പരമുവിന്റെ മഴു നിശ്ചയിച്ചു കൊണ്ടിരുന്നു. കാട്ടിലായതിനാല്‍ ഒരു ഗുണമുണ്ട്, നാട്ടിലേതു പോലെ പൈപ്പ് പൊട്ടുമോ, കറന്റ് കമ്പി പ്രശ്നമാകുമോ, വീടിനുമേല്‍ വീഴുമോ എന്നൊന്നും പേടിക്കേണ്ട. അതുകൊണ്ട് എങ്ങോട്ടെങ്കിലും മറിച്ചിടുക എന്നുമാത്രം. അതിനടിയില്‍ ചെറുമരങ്ങളും നശിക്കുക പതിവാണ്. ഒരാഴ്ച കഴിഞ്ഞുകാണണം, ഒരു കൂപ്പ് തേക്കിന്റെ ചുവട്ടില്‍ മഴു വീണു. അതിന്റെ ചുവട് പകുതി വെട്ടിക്കഴിഞ്ഞയുടന്‍ സുഹൃത്ത് മദ്യവുമായെത്തി. ഉടന്‍തന്നെ അടുത്തുള്ള അരുവിയില്‍നിന്ന് തണുത്ത മിനറല്‍വാട്ടര്‍ കൊണ്ടുവന്നതും ചേര്‍ത്ത് അവര്‍ കുടിച്ചു ക്ഷീണം തീര്‍ത്തു. ഒരു മണിക്കൂര്‍കൂടി കഴിഞ്ഞ്, പരമു ചുവട് വീണ്ടും വെട്ടാന്‍ തുടങ്ങി. ഇനി അല്പം കൂടി മാത്രം. എന്നാല്‍, പതിവിലും നേരത്തെ മരത്തിനു ചുവടു പിഴച്ചു; പരമുവിനും.

"പരമൂ..മാറിക്കോടാ..."

മറ്റവന്‍ അലറിക്കൊണ്ട് ഇടതുവശത്തേക്ക് ചിതറിയോടി. പരമു ഓടിയ വലതു ദിക്കിലേക്ക് മരവും ഓടിച്ചെന്നു. അവന്റെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അത് അനുവദിച്ചില്ല. ആപത്തിന്റെ നിമിഷത്തില്‍ നാവ് തെറി മറന്നുപോയിരുന്നു-

"ഹ....അ....മ്മേ..."

Chapter-5 of free online e-novel

അവന്റെ നിലവിളി വളരെ ഉച്ചത്തിലായിരുന്നെങ്കിലും മരത്തിന്റെ ആര്‍ത്തനാദം അതിനെ വിഴുങ്ങി. കാടുമുഴുവനും പ്രതിധ്വനിച്ച ശബ്ദത്തില്‍ പേടിച്ചരണ്ട പക്ഷികള്‍ എങ്ങോട്ടോ കരഞ്ഞുകൊണ്ട് പറന്നുപോയി. ശിഖരങ്ങള്‍ക്കിടയില്‍ ആ ശരീരം ഉണക്കച്ചുള്ളി കണക്കെ പൊടിഞ്ഞു. അത് പെറുക്കിയെടുത്ത് കാടിറങ്ങി നാട്ടിലെ ആശുപത്രിയിലെത്താന്‍ മൂന്നു മണിക്കൂറിലധികം വേണ്ടിവന്നു.

"അറിയിക്കേണ്ടവരെ അറിയിച്ചോളൂ. വെരി ക്രിറ്റിക്കല്‍. ദൈവത്തോടു പ്രാര്‍ത്ഥിക്കൂ. ലെറ്റ്‌...സ്.. ഹോപ്‌ ഫോര്‍ ദി ബെസ്റ്റ്"

ഗുരുതരമായ രോഗിയുടെ, ബന്ധുക്കളോട് ഏതൊരു ഡോക്ടറും പറയുന്നപോലെ ഓപ്പറേഷന്‍തീയറ്ററിനു മുന്നില്‍വച്ച് ആ ഡോക്ടറും അങ്ങനെ പറഞ്ഞെങ്കിലും ആരും അവനുവേണ്ടി പ്രാര്‍ഥിച്ചുകണ്ടില്ല. അതല്ല, ആരും അവനുവേണ്ടി കാത്തിരിക്കാന്‍ ഉണ്ടായിരുന്നില്ല. എങ്ങനയോ ജീവന്‍ തിരിച്ചുപിടിച്ചെങ്കിലും-

നരകയാതനയുടെ ദിനങ്ങള്‍....

പെണ്‍തുണയുടെ ശുശ്രൂഷ ഏതൊരു നഴ്സിനേക്കാളും വലുതെന്ന് നഷ്ടബോധം തോന്നിയ നിമിഷങ്ങള്‍....

മൂന്നുമാസത്തെ ആശുപത്രിയിലെ ചെലവ് കോശിമുതലാളി വഹിച്ചെങ്കിലും ഒരിക്കല്‍ കണ്ണിലുണ്ണിയായിരുന്നവന്‍ ഇപ്പോള്‍ കണ്ണിലെ കരടായി മാറിയിരിക്കുന്നു. 'നീറ് പരമു'വിന്റെ സ്ഥാനത്തേക്ക് പകരം, 'ഉടുമ്പ് രാജു' എന്ന വെട്ടുകാരനെ മുതലാളി നിയമിച്ചു. മാസങ്ങള്‍ക്കു ശേഷം, മുതലാളിയുടെ തിണ്ണനിരങ്ങിയപ്പോള്‍ അയാള്‍ ദേഷ്യപ്പെട്ടു:

"ഇന്നാടാ, ഇതുകൊണ്ട് പോയ്ക്കോണം, മേലില്‍ സഹായം ചോദിച്ചുകൊണ്ട് എന്റെ കണ്മുന്നില്‍ വന്നേക്കരുത്"

അമ്പതുരൂപ!

പരമു എന്ന ഉണക്കമരത്തിന് അമ്പതുരൂപ മുതലാളി വിലയിട്ടിരിക്കുന്നു!

കുനിഞ്ഞ ശിരസ്സും വളഞ്ഞ ഉടലുമായി എങ്ങോട്ടെന്നില്ലാതെ അവന്‍ നടന്നു. വിശന്നപ്പോള്‍ പലരുടെ മുന്നിലും കൈനീട്ടിയെങ്കിലും-

"തെണ്ടാതെ പോയി പണിയെടുത്ത് ജീവിക്കെടാ" എന്ന സൗജന്യ ഉപദേശം പലരും സംഭാവന ചെയ്തു. പക്ഷേ, അതുകൊണ്ടൊന്നും വയറുനിറഞ്ഞില്ല. വിറച്ചുവിറച്ച് നടക്കുന്ന ആള്‍ എന്തു ജോലി ചെയ്യാനാണ്? ഭക്ഷണമൊന്നും കിട്ടാതെ മരിച്ചുപോകുമെന്ന് ഉറപ്പായി. കാരണം, പൈപ്പ് വെള്ളം മൃതസഞ്ജീവനിയൊന്നും അല്ലല്ലോ. അങ്ങനെ വഴിയരികില്‍ തളര്‍ന്ന് ഇരിക്കുമ്പോഴാണ് നല്ലൊരു സുഗന്ധം മൂക്കിലേക്ക് അടിച്ചുകയറിയത്. താന്‍ വെട്ടിമറിച്ചിട്ടുള്ള മരങ്ങളില്‍ സുപരിചിതന്‍.

പ്ലാവ്....ചക്കപ്പഴത്തിന്റെ സുഗന്ധം....എവിടെ നിന്ന്....

അവന്‍ ചുറ്റും നോക്കി. പിറകിലുള്ള മതില്‍കെട്ടിനുള്ളിലെ പ്ലാവിന്റെ മുകളിലുള്ള കൊമ്പിലെ ചക്കപ്പഴത്തെ ആക്രമിക്കുന്ന കാക്കയുടെ മുന്നിലേക്ക് വരാതെ തന്റെ ഊഴം കാത്തിരിക്കുന്ന അണ്ണാന്‍. ഒരു ചക്കച്ചുള കിട്ടിയിരുന്നെങ്കിലെന്ന് പരമു ആഗ്രഹിച്ചെങ്കിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അതിനുപകരമായി കാക്കയുടെ അശ്രദ്ധമായ കുത്തിത്തുളയ്ക്കലിലൂടെ ഒരു ചക്കക്കുരു അവന്റെ കാല്‍ച്ചുവട്ടില്‍ തെറിച്ചുവീണു. നിരാശയോടെ ഒരു ചക്കക്കുരുവിനെ ജീവിതത്തില്‍ ആദ്യം കാണുന്ന രീതിയില്‍ നോക്കിയതിനു ശേഷം കൈകൊണ്ടു മണ്ണ് മാന്തി ആ വഴിയരികില്‍ നിക്ഷേപിച്ചിട്ട് പരമു പുകയുന്ന വയറുമായി വിറങ്ങലിച്ചു നടന്നു. പഴത്തിന്റെ ഇനത്തില്‍പ്പെട്ട എന്തെങ്കിലും മതിയായിരുന്നു ജീവന്‍ പിടിച്ചുനിര്‍ത്താന്‍. അതൊരു നാട്ടിന്‍പുറമായതിനാല്‍ വഴിയരികിലേക്ക് ചാഞ്ഞുകിടക്കുന്ന ഫലവൃക്ഷങ്ങള്‍ അയാളുടെ മുറിവുകളെ ആശ്വസിപ്പിച്ചു. പിച്ച കിട്ടാത്ത ദിവസങ്ങളില്‍ ചക്കപ്പഴമോ, മാങ്ങയോ, ആഞ്ഞിലിപ്പഴമോ, പപ്പായയോ അയാള്‍ക്ക്‌ സദ്യയൊരുക്കി.

പ്രകൃതി പ്രതികരിക്കും; ശപിക്കും! അതോ, അവയെ സംരക്ഷിക്കുന്ന പ്രപഞ്ചശക്തിയോ?

മരങ്ങളെ വെട്ടിയവനെ മരംതന്നെ വെട്ടിവീഴ്ത്തിയിരിക്കുന്നു!

വീണ്ടുമിതാ, പരമുവിന്റെ കൈകള്‍ മരത്തിനു നേരെ നീളുന്നു- നല്ല മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കൊടുക്കാന്‍ വച്ചിരിക്കുന്ന അതിന്റെ ഫലങ്ങള്‍ക്കായി!

മനുഷ്യര്‍ പുറംതിരിഞ്ഞു നിന്നിടത്ത് ഒറ്റപ്പെട്ടവരെ സ്നേഹിക്കാനുള്ള സഹായിക്കാനുള്ള പ്രകൃതിയുടെ കനിവ്, പതിവുവഴികളില്‍നിന്നു മാറി നടക്കാന്‍ അയാളെ പഠിപ്പിച്ചു. മദ്യവും ചീട്ടുകളിയും ചങ്ങാതികളും വേണ്ടെന്നുവച്ചു പ്രകൃതിയെ സ്നേഹിക്കാന്‍ തുടങ്ങി. കലര്‍പ്പില്ലാത്ത പ്രകൃതിജീവനത്തിലൂടെ ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ജോലികള്‍ ചെയ്യാമെന്നായിരിക്കുന്നു. വിവിധ നാടുകളിലൂടെ പല തരത്തില്‍പ്പെട്ട ചെറുപണികള്‍ ചെയ്തു നടന്നപ്പോള്‍, വഴിയോരത്തുള്ള മരങ്ങളില്‍നിന്നുതന്നെ മറ്റിടങ്ങളിലേക്ക് അതിന്റെ വിത്തുകളും കായ്കളും തൈകളും അയാള്‍ കൊണ്ടുപോയി. വഴിയോരത്ത് അവയെ പ്രതിഷ്ഠിച്ചു. നഗരങ്ങളിലേക്ക് അയാള്‍ തൊഴില്‍തേടിയെങ്കിലും പൊടിയും പുകയും അയാളെ ശ്വസിക്കാന്‍ തടസ്സപ്പെടുത്തിയതിനാല്‍ പിന്‍വാങ്ങേണ്ടിവന്നു. അങ്ങനെ ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ചപ്പോള്‍ കിട്ടിയ ശുദ്ധവായുവിനൊപ്പം മനസ്സിലെ അഴുക്കുനീങ്ങി ശാന്തി കൈവന്നു.

വര്‍ഷങ്ങള്‍ പലതും കടന്നുപോയി. പരമുവിന്റെ നൂറുകണക്കിനു വരുന്ന തൈമരങ്ങളെല്ലാം വന്‍മരങ്ങളായിത്തീരാന്‍ പ്രകൃതി സര്‍വ പിന്തുണയും ഉറപ്പുകൊടുത്തു. അതേസമയം, ഓരോ ദിക്കിലേക്ക് പോകാനുള്ള തണ്ടും ത്രാണിയും അയാള്‍ക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പ്രായമേറിയപ്പോള്‍, മറ്റേതൊരു ഏകാകിയും വിഭാര്യനും അനാഥനും നിര്‍ബന്ധമായി അനുഭവിക്കേണ്ടുന്ന അനിവാര്യമായ ദുരവസ്ഥ- വാര്‍ധക്യം, പരമുവിനെയും പിടികൂടി.

കഴിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങളുടെ പട്ടിക ഛര്‍ദ്ദിച്ച് ചുരുങ്ങിക്കൊണ്ടിരുന്നു. വഴിയില്‍നിന്നു കിട്ടുന്നതൊന്നും കഴിക്കാന്‍ പറ്റാത്തത് പിന്നെയും പട്ടിണിയെ ക്ഷണിച്ചു വരുത്തി. അങ്ങനെ ആകെയുള്ള ആശ്രയം ചെല്ലപ്പന്റെ ചായക്കടയായി മാറി. അതിന്റെ പിന്നാമ്പുറത്ത് നായ്ക്കളും പൂച്ചകളും മണംപിടിച്ചു നടന്നപ്പോള്‍ അയാള്‍ മുന്നിലെ ബഞ്ചിലിരുന്ന് യാചിച്ചു. വൈകുന്നേരം ബെഞ്ച്‌ അകത്തേക്ക് ഇടുന്നതിനാല്‍ മറ്റൊരു കടയുടെ തിണ്ണയിലായി ഉറക്കം. വെയിറ്റിംഗ്ഷെഡില്‍ ഉറങ്ങിയതിനു പൊലീസ് തല്ലിയതിനാല്‍ അങ്ങോട്ട്‌ പോകാനുമാവില്ലല്ലോ. കടയുടെ തൂണിന്റെ മറയത്തെ ഉറക്കത്തിനും ഒരു ദിവസം അവസാനമായി. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ച പോലെ തെരുവ് നായ ആക്രമിച്ചു!

ഈ വിവരം, സമീപത്തുള്ള പള്ളിവികാരി അറിഞ്ഞയുടന്‍, അദ്ദേഹത്തിന്റെ പരിചയത്തിലുള്ള വൃദ്ധസദനത്തിലെ, ജീവിതം വാഗ്ദാനം ചെയ്തെങ്കിലും പരമു വിഷമത്തോടെ നിരസിച്ചു-

"ന്റച്ചോ, എനിക്കീ മണ്ണിന്റെ മണോം മരോം കണ്ടോണ്ടു മരിക്കണോന്നാ"

"അങ്ങനെയാണെങ്കില്‍, താനൊരു കാര്യം ചെയ്യ്‌, പള്ളിപ്പറമ്പിലെ പഴയ വിറകുപുരയില്‍ താമസിച്ചോ, അതിപ്പോള്‍ വെറുതെ കിടക്കുകല്ലേ. എന്തായാലും കടത്തിണ്ണയില്‍ കിടക്കുന്നതിനേക്കാള്‍ ഭേദമാ"

അന്നുമുതല്‍, രാത്രിയുറക്കം അങ്ങോട്ടാക്കിയെങ്കിലും പകല്‍ മിക്ക സമയത്തും ഏതെങ്കിലും മരത്തിനു കീഴില്‍ പിറുപിറുത്തുകൊണ്ടിരിക്കും.

അങ്ങനെ, പരമു കഥകള്‍ പറയുന്നതിനിടയില്‍ വായൊന്നും മറച്ചുപിടിക്കാതെ ചുമച്ചുകൊണ്ടിരുന്നതു കൂടാതെ സംസാരത്തിനൊപ്പം തുപ്പലും തെറിച്ചിരുന്നു. അതുകൊണ്ട് ജോമോന്‍ അതിനൊപ്പിച്ച്‌ നീങ്ങിയിരുന്നു. അതു മനസ്സിലാക്കിയ പരമു പറഞ്ഞു:

"കുഞ്ഞേ, ഈ ചുമ പനിക്കാനാന്നു തോന്നണു"

അപ്പോള്‍, എവിടെനിന്നോ ബസിന്റെ ഹോണ്‍ മുഴങ്ങി. അതാ, കരിയിലകള്‍ പറത്തിക്കൊണ്ട് പ്രൈവറ്റ് ബസ് പറന്നു വരുന്നു. പെട്ടെന്ന്‍, ജോമോന്‍ പഴ്സ് തുറന്ന് ഗാന്ധിജിയുടെ ചിത്രം പേറുന്ന നൂറു രൂപയെടുത്ത് അയാളുടെ കൈയില്‍ തിരുകിയിട്ട് ഒന്നും മിണ്ടാതെ ബസില്‍ ചാടിക്കയറി.

Chapter-6 novel books

ജോമോന്‍, വീട്ടില്‍ ചെന്നുകയറിയതും ഷര്‍ട്ടും പാന്റും മാറാതെ കിടക്കയില്‍ അഭയം പ്രാപിച്ചു. ചമ്മിയ മുഖവുമായി ഓഫിസിലേക്ക് എങ്ങനെ ചെല്ലും. സീനിയേഴ്സിന്റെ കമന്റ്സ് കേള്‍ക്കാന്‍ എനിക്ക് പറ്റില്ല. പുതിയ ഉദ്യോഗം തപ്പി ഇറങ്ങുന്നതിനുള്ള ദുര്യോഗം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നു. അതിനിടയില്‍, പോക്കറ്റിലെ പഴ്സ് തുറന്നുനോക്കിയപ്പോള്‍ അവനു ദേഷ്യം വന്നു-

നാണയങ്ങള്‍ ഉള്‍പ്പെടെ പതിനെട്ടു രൂപ!

പഴ്സ് മുറിയുടെ കോണിലേക്ക് പറന്നതിനിടയ്ക്ക് നാണയത്തുട്ടുകള്‍ സ്വതന്ത്രരായി മുറി കിലുക്കിക്കൊണ്ട് വട്ടത്തില്‍ കറങ്ങി ശാന്തരായി.

"എന്താടാ, കൊച്ചേ, അവിടൊരു ശബ്ദം കേട്ടത്?"

"ഓ....ഒന്നൂല്ല..മ്മേ"

പിന്നെയും കുറച്ചുകൂടി കഴിഞ്ഞാണ് ജോമോന്റെ കറക്കം തീര്‍ന്നത്. അമ്മ കഴിഞ്ഞ ദിവസം തന്ന നൂറു രൂപയും തീര്‍ന്നിരിക്കുന്നു. എങ്ങനെ ആ വൃദ്ധനു കൊടുക്കാതിരിക്കും. ലക്ഷക്കണക്കിന്‌ രൂപയുടെ ആസ്തി ഈ മണ്ണിനു സമ്മാനിച്ച അയാളെ ആരും തിരിച്ചറിയുന്നില്ലല്ലോ. ഒന്നാലോചിച്ചാല്‍, ഇന്റര്‍വ്യൂ ചെയ്യപ്പെടാന്‍ അയാള്‍ക്കും യോഗ്യതയില്ലേ.

ആ വൃദ്ധന്റെ കഥ നാളെ അവതരിപ്പിച്ചാല്‍....

ചീഫ് എഡിറ്റര്‍ അത് സമ്മതിച്ചു തരുമോ?

ഉടന്‍, മേശപ്പുറത്തെ ചിതറിക്കിടന്ന സാധനങ്ങളൊക്കെ പെറുക്കി കിടക്കയിലേക്ക് മറിച്ചു. പകരം, പേപ്പര്‍ ഷീറ്റുകള്‍ നിറഞ്ഞു. റൈറ്റിങ് ബോര്‍ഡ്, മേശയുടെ ഭൂപടത്തിലെ കുഴികള്‍ മറച്ചുപിടിച്ച് എഴുത്ത് എളുപ്പമാക്കി. അന്ന്‍, ഒരുപോള കണ്ണടയ്ക്കാന്‍ അനുവദിക്കാതെ പേപ്പറില്‍ വെട്ടിയും കുത്തിയും തിരുത്തിയും കീറിയും അവന്‍ മുന്നേറി. അല്ലെങ്കിലും, ചന്തയില്‍നിന്ന് കിലോയ്ക്ക് നാല്പതു രൂപയ്ക്ക് കിട്ടുന്ന കച്ചിക്കടലാസില്‍ മാത്രമേ ഈ വക എഴുത്ത് അഭ്യാസങ്ങള്‍ പരീക്ഷിക്കാറുള്ളൂ. അച്ചടിമഷി പുരണ്ട് പത്രമായി മാറാന്‍ ഭാഗ്യമില്ലാതെ പോയ കടലാസുകള്‍ തൂക്കി വില്‍ക്കപ്പെടുന്നു; അത് വാങ്ങുന്ന മനുഷ്യര്‍, 'റഫ് പേപ്പര്‍-റഫ് വര്‍ക്ക്‌' എന്നു പറഞ്ഞ് ഭൂരിഭാഗവും ഉപയോഗിക്കാതെ കുത്തിവരച്ചു ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്ക് തള്ളുന്നു. ഇതൊരു കടലാസിന്റെ മാത്രം കാര്യമല്ല- വേണ്ട വിധത്തില്‍ ഉപയോഗിക്കാതെയും ഉപയോഗിക്കപ്പെടാതെയും 'റഫ്' ആയി ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുന്ന അനേകം മനുഷ്യ ജന്മങ്ങള്‍ ഈ ഭൂമിമലയാളത്തിലുണ്ട്!

സ്റ്റോറി പൂര്‍ത്തിയായെങ്കിലും പരമുവിന്റെ ഫോട്ടോ ഇല്ലാതിരുന്നതിനാല്‍ എന്തോ ഒരു കുറവ് അവനു തോന്നി. പിന്നെ ആകെ അവശേഷിച്ച പോംവഴി അയാളെ വരയ്ക്കുക എന്നുള്ളതായിരുന്നു. മരത്തില്‍ പടര്‍ന്നുകയറിയിരിക്കുന്ന വള്ളിപോലെ ഒരു രേഖാചിത്രം തട്ടിക്കൂട്ടി.

Chapter-7 as digital online reading

അടുത്ത ദിവസം പകല്‍. സീനിയര്‍ എഡിറ്റര്‍ പറഞ്ഞതിന്‍പ്രകാരം പത്രവിഭവത്തിന് വേണ്ട ഭാഷയും എരിവും പുളിയും ഉപ്പും ചേര്‍ത്ത് ജോമോന്‍ മാറ്റര്‍ പാകം ചെയ്തു സമര്‍പ്പിച്ചു. മറ്റുള്ള മൂന്നു സഹപ്രവര്‍ത്തകരുടെയും വിഷയങ്ങളെ പിന്തള്ളി ജോമോന്റെ പേരോടെ ഞായറാഴ്ച പതിപ്പ് ഒന്നാം പേജ് ഇറങ്ങി. എന്നാല്‍, പതിവുപോലെ മുന്‍നിര പത്രത്തിന്റെ 'ആരോടും പറയാത്ത രഹസ്യം' എന്നപേരില്‍ ഇറങ്ങിയ 'സാധനം' ജനപ്രീതി പിടിച്ചുപറ്റി. കാരണം, അതിനുള്ളില്‍ സിനിമാ നടിയുടെ 'ഗ്ലാമറസ്' ഫോട്ടോകളും അവളുടെ വീട്ടിലെ വേലക്കാരിയുമായുള്ള അഭിമുഖവും ഉണ്ടായിരുന്നു. മറ്റൊരു പത്രത്തില്‍ ഏതോ ഒരു സ്വാമിയുടെ പേരിലുള്ള വിവാദവും അപവാദവും ചര്‍ച്ച ചെയ്തപ്പോള്‍ അതും ജനശ്രദ്ധ പിടിച്ചുപറ്റി.

ഇതേസമയം, ഓഫിസില്‍ ജോമോന്‍ മറ്റു പത്രങ്ങളിലെ ഞായറാഴ്ച 'കെട്ടുകഥ'കള്‍ ഓടിച്ചുനോക്കി. അതിനിടയില്‍, ജിലു അവനെ അനുമോദിച്ചുകൊണ്ട് പറഞ്ഞു:

"ജോമോന്റെ വര്‍ക്ക് വളരെ നന്നായിരുന്നുവെന്ന് ഇവിടെ എല്ലാവരും പറഞ്ഞു. എം.ഡി. വൈകുന്നേരം മീറ്റിംഗ് വിളിച്ചിട്ടുണ്ട്, നമ്മുടെ തലേവര അന്നേരം അറിയാം. ഓരോ ദിവസവും രണ്ടും മൂന്നും കോടി രൂപ പരസ്യ വരുമാനമുള്ള പത്രങ്ങള്‍ രൂപ വാരിയെറിഞ്ഞ് വമ്പന്‍സ്രാവുകളെ പിടിക്കുന്നപോലെ നമുക്ക് പറ്റുമോ?"

വൈകുന്നേരം അഞ്ചുമണിയോടെ തഴമ്പിച്ച വട്ടമേശയുടെ ചുറ്റും ഇരുന്നവരെ നോക്കി എം.ഡി. പറഞ്ഞു:

"ദാ, ഈ ന്യൂസ്‌പേപ്പേഴ്സ് നിങ്ങള്‍ കണ്ടില്ലേ? ഇപ്പോഴത്തെ ട്രെന്‍ഡ് അറിഞ്ഞ് അവര്‍ കളിച്ചിരിക്കുന്നു. ജോമോന്‍, താങ്കളുടെ ദോശ തിന്ന കഥയൊന്നും ആളുകള്‍ വായിക്കില്ല, അവര്‍ക്ക് വേണ്ടത് മസാല ചേര്‍ത്ത ബിരിയാണിയാണ്. ഞാന്‍ ഈ സ്ഥാപനം നടത്തുന്നത് പുണ്യം കിട്ടാനല്ല, ഇറ്റ്‌'സ് എ ബിസിനസ്സ്, ദിസ്‌ ഈസ്‌ നോട്ട് എ ചാരിറ്റി ഹോം"

എല്ലാവരും നിശബ്ദമായി. യോഗാ ക്ലാസ്സിലേതുപോലെ ശ്വാസം പോലും കുറച്ചെടുത്തു; ഒരു മൊട്ടുസൂചി താഴെ വീണാല്‍ കേള്‍ക്കാവുന്ന സ്ഥിതി. പക്ഷേ, എം.ഡി പിരിമുറുക്കത്താല്‍ കണ്ണുരുട്ടി എല്ലാവരെയും മാറി മാറി നോക്കി. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ സൂചനയാണിതെന്നു മനസ്സിലാക്കിയ ജോണ്‍സാര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലക്‌ഷ്യം കണ്ടില്ല. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തപോലെ ആ ഏകാംഗ നാടകം കഴിഞ്ഞ് അവരെല്ലാം തങ്ങളുടെ സീറ്റുകളില്‍ വന്നിരുന്നു.

അല്പം കഴിഞ്ഞ്, ജോണ്‍സാര്‍ ജോമോന്റെ അരികിലെത്തി. അവന്‍ ഭവ്യതയോടെ എഴുന്നേറ്റു.

"ഇത്തവണ ട്രെയിനീസിനെ എല്ലാവരെയും പറഞ്ഞുവിട്ടേക്കാന്‍ തീരുമാനമായി. കര്‍ശന സാമ്പത്തിക അച്ചടക്കത്തിന് കമ്പനി നിയമനങ്ങളൊക്കെ ക്യാന്‍സല്‍ ചെയ്തു. തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്തത് കോണ്‍ട്രാക്റ്റ് മതിയെന്ന്. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നെക്സ്റ്റ് വീക്ക്‌ വന്നു വാങ്ങിച്ചോളൂ."

ജോമോന്‍ അത് പ്രതീക്ഷിച്ചിരുന്നതിനാല്‍ മുഖം കോടിയില്ല.

"സര്‍, ഞാന്‍ ഫ്രണ്ട്സിനെ അറിയിക്കട്ടെ?"

"നോ, അവര്‍ നോട്ടിസ് ബോര്‍ഡില്‍ നിന്നും വായിക്കട്ടെ. അത് പ്രിന്റ്‌ എടുക്കാന്‍ പോയിട്ടുണ്ട്. ഇത് സന്തോഷമുള്ള കാര്യമൊന്നുമല്ലല്ലോ"

അദ്ദേഹം തിരിഞ്ഞുനടന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ വീണ്ടും അവന്റെ അരികിലെത്തി.

"ങാ, ഞാന്‍ ഒരു കാര്യം പറയാന്‍ മറന്നു. എന്നെ കുറച്ചുമുന്‍പ്, നോവലിസ്റ്റ് രാമചന്ദ്രന്‍ വിളിച്ചിരുന്നു. അയാള്‍ക്ക്‌, തന്നെ ഒന്നു കാണണമെന്ന്. അയാള്‍ടെ പഴ്സണല്‍ വര്‍ക്സ് എന്തെങ്കിലും തരാനായിരിക്കും"

"രാമചന്ദ്രന്‍സാര്‍ എന്തിനാണ് വര്‍ക്ക് പുറത്തു കൊടുക്കുന്നത്? അവരുടെ മാഗസിന്‍, വീക്ക്‌ലി, ബുക്സ്....എല്ലാം ടോപ്‌ ഐറ്റംസ്. അതിനുള്ളില്‍ത്തന്നെ മിടുക്കര്‍ ധാരാളമുണ്ടല്ലോ"

"ഇപ്പോള്‍, അതൊന്നും അകത്തു കൊടുക്കാറില്ല. കാരണമുണ്ട്. അദ്ദേഹം മാഗസിന്‍ ചീഫ് എഡിറ്റര്‍ ആയതുകൊണ്ട് അയാളുടെ തെറ്റൊന്നും ആരും ചൂണ്ടിക്കാണിക്കില്ല. മാത്രമല്ല, ആളൊരു ക്ഷിപ്രകോപിയാണ്. അങ്ങനെ എഡിറ്റിംഗ്, പ്രൂഫ്‌ പ്രശ്നങ്ങള്‍ കാരണം എല്ലാം ഔട്ട്‌സോഴ്സിങ് ആണിപ്പോള്‍"

"സര്‍, ഞാന്‍ വീട്ടിലോ ഓഫിസിലോ ചെന്നു കാണേണ്ടത്?"

"സിറ്റിയിലെ ഹെഡ് ഓഫിസില്‍ ഇന്നുതന്നെ. വൈകുന്നേരം ഏഴുമണിക്ക് മുന്‍പ് "

അവന്‍ തലയാട്ടി സമ്മതം അറിയിച്ചു.

അവിടെ ചെന്നാല്‍, അഡ്വാന്‍സ് എന്തെങ്കിലും....കുറച്ചു രൂപ വര്‍ക്കിനു മുന്നേ കിട്ടിയിരുന്നെങ്കില്‍ ഒന്ന് പിടിച്ചുനില്‍ക്കാമായിരുന്നു. അവന്‍ പല വിധത്തിലും മനക്കോട്ടകള്‍ കെട്ടിപ്പൊക്കി. അഞ്ചരയോടെ, ആ ഓഫിസിലേക്ക് ജോമോന്‍ കയറിച്ചെന്നു. സെന്‍ട്രലൈസ്ഡ് എ.സി. കൊണ്ട് ആ ബില്‍ഡിങ് മുഴുവന്‍ സുഖമുള്ള ചെറുകാറ്റില്‍ തണുത്തിരുന്നു. കല്യാണപ്പെണ്ണിനെ പോലെ തോന്നിച്ച റിസപ്ഷനിസ്റ്റ്, മുഖത്ത് കുഴച്ചു തേച്ചിരുന്ന ക്രീമുകള്‍ വിയര്‍ത്ത് ഇളകിപ്പോകാതെ കൂടുതല്‍ സുന്ദരിയായി മന്ദഹസിച്ചുകൊണ്ട് ജോമോനെ സ്വാഗതം ചെയ്തു.

"ഫസ്റ്റ് ഫ്ളോര്‍....ഫസ്റ്റ് റോ...ക്യാബിനു മുന്നില്‍ 'രാമചന്ദ്രന്‍ കെ.പി.' എന്ന് നെയിം ബോര്‍ഡ് ഉണ്ട്"

ജോമോന്‍ നടന്ന വഴികളിലെ ചുവരുകളില്‍ മനോഹരമായ ഫോട്ടോകള്‍ കാണായി. ചില ഷോകേസുകളില്‍ അവാര്‍ഡുകള്‍, മാലകള്‍, ചിഹ്നങ്ങള്‍, മാസികയുടെ വിശേഷാല്‍പതിപ്പുകള്‍ അവിടം സന്ദര്‍ശിച്ച വി.ഐ.പി.കള്‍ എന്നിങ്ങനെ നല്ല അടുക്കും ചിട്ടയും. ക്യാബിന്റെ ഡോര്‍ തുറന്നുകിടന്നിരുന്നതിനാല്‍ അവന്‍ അതിന്റെ മുന്നില്‍ പരുങ്ങിയപ്പോള്‍ അദ്ദേഹം തലകൊണ്ട് മാടി വിളിച്ചു. ഫോണിലായിരുന്നതിനാല്‍, ജോമോന്‍ വിഷ് ചെയ്തത് അദ്ദേഹം കേട്ടില്ല. ഇരിക്കാന്‍ കൈകൊണ്ടായിരുന്നു ആംഗ്യം. തിരക്കുള്ള ജോലിക്കാരന്‍ എന്നു വിളിച്ചുപറയുന്ന വിധത്തില്‍ പുസ്തകങ്ങള്‍ പലതും ഷെല്‍ഫില്‍ നിന്ന് മുഴച്ചു നില്‍ക്കുന്നു. ടേബിള്‍ നിറയെ പേപ്പറുകളും തുറന്നിരിക്കുന്ന വലിയ പുസ്തകങ്ങളും കൊണ്ട് കറുത്ത ലാപ്ടോപ്പിനെ മറച്ചിരിക്കുന്നു. കുറെ പേനകള്‍ ചിതറിക്കിടപ്പുണ്ട്. ഓരോ തവണയും തപ്പിയിട്ട് കിട്ടാതെ പുതിയത് എടുത്തതാവാനേ തരമുള്ളൂ. ഫോണ്‍സംസാരം നിര്‍ത്തിയ ശേഷം-

"യെസ്, ജോമോന്‍....നിങ്ങളുടെ ചീഫ് എഡിറ്റര്‍ ജോണ്‍ എന്റെ സുഹൃത്താണ്. എങ്ങനെ പോകുന്നു തന്റെ വര്‍ക്ക്?"

"സര്‍, അവിടത്തെ ട്രെയിനിംഗ് തീര്‍ന്നു. ഇനി...വേറെ ജോലി അന്വേഷിക്കുന്നുണ്ട്"

"ഞാന്‍, താങ്കളുടെ സണ്‍‌ഡേ തീം ശ്രദ്ധിച്ചിരുന്നു"

അദ്ദേഹം അത്ഭുതകരമായി ജോമോന്റെ പേജ് മാത്രമായി പത്രക്കൂട്ടങ്ങളുടെ ഇടയില്‍നിന്ന് ഊര്‍ത്തിയെടുത്തു!

"ഇതെന്താ, ഒരു ഫോട്ടോ പോലുമില്ലാതെ....തന്റെ കഥാനായകനും മരവുംകൂടി ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ലേ?"

ജോമോന്‍ ഇങ്ങനെ ഒരു തിരിച്ചടി പ്രതീക്ഷിച്ചില്ല.

"സര്‍, അത്....ക്യാമറ കിട്ടിയില്ല. ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ ഗെയിംസ് കവര്‍ ചെയ്യാന്‍ ഡല്‍ഹിയില്‍ പോയിരിക്കുന്നു"

"അതുകൊണ്ട്? തനിക്ക് ഫോണ്‍ ക്യാമറ ഇല്ലായിരുന്നോ?"

ജോമോന്റെ ഊര്‍ജം ചോര്‍ന്നു തുടങ്ങി. ആറുവര്‍ഷം പഴക്കമുള്ള നോക്കിയാ ഫോണിന്റെ പായല്‍ പിടിച്ച കുളം പോലത്തെ ഫോട്ടോകള്‍. അക്കാര്യം എങ്ങനെ പറയും. പറയേണ്ട. എന്റെ ഫോണ്‍ ഷര്‍ട്ടിനിടയിലൂടെ കണ്ടിട്ട് മന:പൂര്‍വ്വം കളിയാക്കാന്‍ ചോദിച്ചതാവുമോ?

ജോമോന്‍ മൗനം പാലിച്ചു. എന്നാല്‍, രാമചന്ദ്രന്‍ വിടാനുള്ള ഭാവമില്ലായിരുന്നു.

"ഇത് പെട്ടെന്ന് തയ്യാറാക്കിയ പോലുണ്ട്. എഡിറ്റിംഗ് ഇനിയും വേണ്ടതായ ചില സ്ഥലങ്ങള്‍ ഇതിലുണ്ട്. കാട് കയ്യേറി പരിസ്ഥിതി നാശം വരുത്തുന്ന സ്റ്റോറി ചെയ്തുകൊണ്ടാണ് ഞാന്‍ എഴുത്തിന്റെ ലോകത്തേക്ക് വരുന്നതുതന്നെ. അതുകൊണ്ടാണ് ഞാന്‍ ഈ പേജ് നോക്കിയത്"

അപ്പോള്‍ അതാണ്‌ കാര്യം. വര്‍ക്ക് തരാനല്ല; കുറ്റം വിളമ്പി 'വണ്‍ മാന്‍ ഷോ'. അല്ലെങ്കിലും ഈ എഴുത്തുവര്‍ഗ്ഗത്തില്‍ ഒരുവന്‍ മറ്റൊരുവനെ ചെളി വാരിയെറിഞ്ഞു ശീലിച്ചു പോയില്ലേ. അത് മാറ്റാനാകുമോ.

"സര്‍, ഞങ്ങളുടെ പത്രത്തിന് ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. എന്റെ ഐ.ഡി കാര്‍ഡിന് പലയിടത്തും 'നോ എന്‍ട്രി'. നല്ല ഓഫര്‍ ഒന്നും കൊടുക്കാന്‍ കമ്പനിക്ക് ഫണ്ട്‌ ഇല്ല. ടി.എ പോലും തരാതെ അകലെയുള്ള പുത്തന്‍ ട്രെന്‍ഡ് എങ്ങനെ പിടിക്കും. ഈ സണ്‍‌ഡേ സ്കോര്‍ ചെയ്തത് ഒരെണ്ണം ചെന്നൈ, മറ്റൊന്ന് മൈസൂര്‍ പോയി തയ്യാറാക്കിയതാ"

ജോമോന്റെ ആത്മരോക്ഷം ആസ്വദിച്ചുകൊണ്ട്‌ രാമചന്ദ്രന്‍ പറഞ്ഞു:

"പുത്തന്‍തലമുറയുടെ എഴുത്ത് മതിയോ നമുക്ക്?"

"സര്‍ക്കുലേഷന്‍, പരസ്യം ഇതൊക്കെ നോക്കുമ്പോള്‍...."

രാമചന്ദ്രന്‍ ഏതു ലൈനില്‍ പോകുന്നുവെന്ന് പിടികിട്ടാതെ ജോമോന്‍ കുഴങ്ങി.

"ഉം...അതൊക്കെ അവിടെ നില്‍ക്കട്ടെ. താന്‍ ഇപ്പോള്‍ ഫ്രീ അല്ലേ?"

"അതേ സര്‍, സാറിന്റെ ഏതു വര്‍ക്കും ചെയ്യാന്‍ ഞാന്‍..."

"എന്റെ വര്‍ക്ക് തനിക്ക് തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതിനു വേറെ ചിലരുണ്ട്"

ഇതുകേട്ട് ജോമോന്‍ ഞെട്ടി. ഇയാളെന്താ ആളിനെ കളിയാക്കാന്‍ വിളിച്ചതാണോ. അവന്‍ പകച്ചിരിക്കുന്നത് നോക്കി അയാള്‍ പറഞ്ഞു:

"ജോമോന്‍, നമ്മുടെ നാടിനു ന്യൂജെന്‍ എഴുത്തുമാത്രം പോരാ. കാരണം, അതെത്ര നാള്‍ പിടിച്ചുനില്‍ക്കുമെന്ന് അറിയാന്‍വയ്യ. പിന്നെ നാടോടുമ്പോള്‍ നടുവേ ഞങ്ങളും ഓടുന്നു അത്രമാത്രം. മൂല്യങ്ങളും ധാര്‍മികതയുമൊക്കെ നമ്മുടെ നാട്ടിലും മറന്നു തുടങ്ങിയിരിക്കുന്നു. എന്നിട്ടെന്താ? മനസ്സമാധാനം തേടി പല കള്ളന്മാരുടെയും പിറകേ ഓടുന്നു. കുറച്ചു മുന്‍പേ നല്ലത് കണ്ടും കേട്ടും വായിച്ചും ജീവിച്ചിരുന്നുവെങ്കില്‍ ഇവിടെ ആള്‍ദൈവങ്ങള്‍ ഉണ്ടാകില്ലായിരുന്നു"

ജോമോന്‍ വീണ്ടും കണ്ണു മിഴിച്ചു. ഈ ഫിലോസഫിയൊക്കെ ഞാന്‍ പലയിടത്തുനിന്നും കേട്ടിരിക്കുന്നു. എനിക്ക് പ്രയോജനമുള്ളതൊന്നും ഇയാളുടെ പക്കല്‍ ഉണ്ടെന്നു തോന്നുന്നില്ല.

അദ്ദേഹത്തിന്റെ ഫോണില്‍ ഒരു 'പ്ലും' മെസ്സേജ് വന്നത് പെട്ടെന്ന് വീക്ഷിച്ചതിനു ശേഷം പിന്നെയും സംസാരം തുടര്‍ന്നു:

"ഞാന്‍ പറഞ്ഞുവന്നത്, ഞങ്ങളുടെ മാഗസിനിലും വീക്ക്‌ലിയിലും കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലും പഴമയും നന്മയും മൂല്യങ്ങളും കോര്‍ത്തിണക്കിയ ആര്‍ട്ടിക്കിള്‍സ് ചെയ്യാന്‍ പറ്റിയ ഒരാളെ കമ്പനിക്ക് വേണം. ആറുമാസം പ്രൊബേഷന്‍. സാലറി ട്വന്റി തൌസന്റ് പെര്‍ മന്‍ത്. അടുത്ത ആഴ്ചതന്നെ മാഗസിനില്‍ പുതിയ പേജ് തുടങ്ങുന്നു. വേഗം വേണം. പക്ഷേ, നല്ല കഴിവുള്ള ആളായിരിക്കണം എന്നു മാത്രം"

വീണ്ടും ഫോണില്‍ 'പ്ലും' ശബ്ദത്തില്‍ വന്ന മെസ്സേജ്, സംസാരത്തിനു ചെറിയ ഇടവേള കൊടുത്തു. അതേസമയം, രാമചന്ദ്രന്റെ വാചകങ്ങള്‍ ജോമോന് അത്ര ദഹിച്ചില്ല.

ഒടുവില്‍ പറഞ്ഞതിന്റെ അര്‍ഥം തനിക്ക് കഴിവില്ല എന്നല്ലേ? അതുമല്ലെങ്കില്‍, പരിചയത്തിലുള്ള മിടുക്കരെ പറഞ്ഞുകൊടുക്കാന്‍. മറ്റൊരു സാധ്യതയും കൂടിയുണ്ട്- ജോണ്‍സാറിന്റെ അടുത്തൊരു മൊട കാട്ടാനായിരിക്കുമോ? എന്തെങ്കിലുമാകട്ടെ.

അതുവരെ ഗോദ്റജ് ചെയറിന്റെ അറ്റത്തിരുന്ന അവന്‍ സുഖമായി കയറിയിരുന്ന് പിറകിലേക്ക് ചാരി ലാഘവത്തോടെ ഇരിക്കവേ,

"ജോമോന്‍, തന്റെ സി.വിയും ഫോട്ടോയും പിന്നെ വേണ്ട ഡോകുമെന്റ്സ്.... അതൊക്കെ എച്ച്.ആറില്‍ നാളെത്തന്നെ ഏല്‍പ്പിക്കണം. പിന്നെ കുറച്ച് ഫോര്‍മാലിറ്റീസ്....പ്രൊബേഷന്‍ കഴിഞ്ഞ് കമ്പനിക്കും തനിക്കും താല്പര്യമെങ്കില്‍ ഇവിടെ സ്റ്റാഫ് ആയി തുടരാം"

ജോമോന്‍ കസേരയുടെ അറ്റത്തേക്ക് വീണ്ടും ഊര്‍ന്നിറങ്ങി. മേലാകെ കുളിരുകോരുന്നു. രാമചന്ദ്രന്‍സാറിന്റെ 'ട്വിസ്റ്റ്‌' നേരുതന്നെയോ? എന്നെ കളിയാക്കാന്‍ വേണ്ടി...

"താന്‍ പരിഭ്രമിക്കേണ്ടടോ. തന്റെ കയ്യില്‍ ഐഡിയയും ക്രിയേറ്റിവിറ്റിയും ഹാര്‍ഡ് വര്‍ക്കും ഉണ്ടായാല്‍ മതി. സെല്‍ഫോണും ക്യാമറയും ടി.എ.യുമൊക്കെ കമ്പനി തരും. ഹ...ഹ...."

അദ്ദേഹത്തിന്റെ ചിരിച്ച മുഖം പത്രങ്ങളിലോ ചാനലുകളിലോ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. എന്റെ ഭഗവാനേ....ഇത്.... ഈ ചിരിയില്‍ കളിവാക്കുകള്‍ ഒളിഞ്ഞിരിപ്പുണ്ടാവുമോ?

"എന്റെ എഴുത്തിന്റെ തുടക്കവും ഈ വര്‍ക്കിനോട് സാമ്യമുണ്ടായിരുന്നു. അത്തരമൊരു വളര്‍ച്ചയാണ് താങ്കളിലും ഞാന്‍ കാണുന്നത്. അടുത്തിടയ്ക്ക്, ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു- പ്രകൃതിയ്ക്കുവേണ്ടി നിലകൊള്ളുന്നവരെ പ്രകൃതി ഒരിക്കലും കൈവിടില്ലെന്ന്”

ജോമോന് അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.

എന്റെ മുന്നില്‍ പുതിയൊരു ലോകം തുറക്കപ്പെട്ടിരിക്കുന്നു!

Chapter-8 as Malayalam digital novel

സാധാരണയായി അവന്‍ വീട്ടിലേക്ക് നടകള്‍ കയറുമ്പോള്‍ കാലുകള്‍ ഉദാസീനമായി വലിച്ചുവച്ചാണ്; കാലില്‍ മന്തുള്ളതുപോലെ. കാരണമുണ്ട്- വിജയത്തിന്റെ പാദമുദ്രകള്‍ കണ്ടിട്ട് ഏറെക്കാലമായിരിക്കുന്നു. പരാജയങ്ങളുടെ ഭാരം മനസ്സിനെയും ശരീരത്തെയും അത്രമേല്‍ ഗ്രസിച്ചിരിക്കുന്നു. ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കണം, ഇത്രയും വേഗത്തില്‍ ജോമോന്‍ നടകയറുന്നത്. മുറ്റത്ത് എത്തിയപ്പോഴുള്ള 'അമ്മേ' എന്ന വിളിയും ഏറ്റവും ശബ്ദത്തിലായി. അതേസമയം, ആ സന്തോഷവാര്‍ത്ത കേട്ടപ്പോള്‍ ഏതൊരു ശരാശരി മലയാളി വീട്ടമ്മയെപ്പോലെയും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അവിടമൊന്നു ശാന്തമാകാന്‍ ഒരു മണിക്കൂറെങ്കിലും വേണ്ടിവന്നു. അമ്മയുടെ ശക്തികേന്ദ്രങ്ങളായ അമ്പലങ്ങളിലെ വഴിപാടുകളും നേര്‍ച്ചകാഴ്ചകളും മറന്നുപോകാതിരിക്കാന്‍വേണ്ടി മകന്‍, കലണ്ടറിന്റെ കൂടെ ഒരു പേന നൂലില്‍ കെട്ടിയിട്ടുണ്ടെങ്കിലും മനസ്സ് നീറുന്ന സമയത്ത് നേരുന്നതിനാല്‍ കുറിച്ചിടുന്ന സ്വഭാവം അവര്‍ക്കില്ല.

"അമ്മ പറഞ്ഞ ലിസ്റ്റ് ഞാനൊന്നു ഡയറിയില്‍ എഴുതിവയ്ക്കട്ടെ. ആദ്യശമ്പളം കിട്ടിയിട്ട് ഒരു കാറ് പിടിച്ചു പോയ്ക്കളയാം, എന്താ, സന്തോഷായോ"

മുറിയില്‍വന്ന്‍ മേശവലിപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഡയറി തുറന്നു. ആ സ്ഥിതിവിവരക്കണക്കുകള്‍ ഒരു പേജ് നിറച്ചു. അടുത്ത പേജ് മറിച്ചപ്പോള്‍-

എനിക്ക് കുറിച്ചിടാന്‍ ഒരു നേര്‍ച്ച പോലുമില്ല. ആ പണി ഞാന്‍ പണ്ടേ നിര്‍ത്തിയില്ലേ. കടപ്പാട് തോന്നാന്‍മാത്രം ആരും എനിക്ക് ചെയ്തിട്ടില്ല. ആര്‍ക്കും ഞാനും ചെയ്തിട്ടില്ല. അങ്ങനെ എന്റെ കരങ്ങള്‍ക്ക് ശക്തി ഭഗവാന്‍ തന്നില്ല; അതല്ലേ കൂടുതല്‍ ശരി?

പക്ഷേ, ഇന്ന് അതിനൊരു മാറ്റം വന്നിരിക്കുന്നു.

പ്രകൃതിസ്നേഹി....ജോണ്‍സാറ്....രാമചന്ദ്രന്‍സാറ്....അങ്ങനെ പലരോടും ഞാന്‍ കടപ്പെട്ട് എനിക്കും ലിസ്റ്റ് എഴുതാമെന്നായിരിക്കുന്നു. പക്ഷേ, ഉടന്‍തന്നെ സഹായം വേണ്ടത് പരമുവിനാണ്....അല്ല.... പരമുച്ചേട്ടനാണ്. എന്റെ സ്ഥാപനത്തിന് സര്‍ക്കാരിലും മറ്റും നല്ല ഹോള്‍ഡ്‌ ഉള്ളതിനാല്‍ ഒരുപാട് കാര്യങ്ങള്‍ അയാള്‍ക്കു വേണ്ടി ചെയ്യാനാകും-

പേടിക്കാതെ അന്തിയുറങ്ങാന്‍ നല്ലൊരു വീട്....

തെണ്ടാതെയും മുടങ്ങാതെയുമുള്ള മൂന്നുനേരത്തുള്ള ഭക്ഷണം....

മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള സര്‍ക്കാരിന്റെ അവാര്‍ഡ്‌....

സഹൃദയരില്‍ നിന്നും നല്ലൊരു ഫണ്ട്....

പരമു എന്ന പേരുതന്നെ മാറ്റണം, പരമേശ്വരന്‍ എന്ന മുഴുപ്പേരില്‍ത്തന്നെ അറിയപ്പെടണം. അയാളും നന്നായി മരിക്കട്ടെ. സ്മാരകങ്ങളും ഉയരട്ടെ. അതൊക്കെ എന്റെ ജോലി ഒന്നു ഫ്ളോ ആയിട്ട് മതി, കൂടിയാല്‍ ഒരു മാസം. തുടക്കത്തില്‍ വര്‍ക്കില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും.

കുറച്ചു രൂപ അയാള്‍ക്ക്‌ കൊടുക്കാന്‍ പറ്റാതെ എങ്ങനെയാണു കാണാന്‍ പോകുന്നത്, എനിക്ക് ജോലി വാങ്ങിത്തന്ന ആളല്ലേ. തേങ്ങയിടാന്‍ ആള്‍ രണ്ടുമൂന്ന് ദിവസത്തിനകം വരുമെന്നാണല്ലോ അമ്മ പറഞ്ഞത്. തെങ്ങില്‍ കയറുന്നവര്‍ക്കും വംശനാശം സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച എത്ര തവണ ഫോണില്‍ വിളിച്ചിട്ടാണ് 'കോക്കനട്ട് ക്ളൈമ്പിങ് മാനേജര്‍' ഡേറ്റ് അനുവദിച്ചത്! തെങ്ങില്‍ കയറി കൈവിട്ട കളിക്ക് പുതിയതായി ആരും കടന്നുവരുന്നുമില്ല.

രൂപ കിട്ടിയാല്‍ ഞാന്‍ വേഗം പുറപ്പെടുന്നതായിരിക്കും, തീര്‍ച്ച.

Chapter-9 Malayalam E-Novel

രൂപയും അവധിയും ഒന്നിച്ചുകിട്ടിയ ദിനമായ ഞായറാഴ്ചതന്നെ ഗ്രാമത്തിലേക്ക് ജോമോന്‍ യാത്രയായി. ചെല്ലപ്പന്റെ ചായക്കടയിലെ 'ഡ്യൂട്ടി'ക്കിടയില്‍ പരമുച്ചേട്ടനെ കാണുന്നതായിരിക്കും നല്ലതെന്ന് അവനു തോന്നി. വയറുനിറച്ച് ആഹാരം കഴിച്ചിട്ടു സംസാരിക്കുന്നതായിരിക്കും ഏതൊരു മനുഷ്യജീവിക്കും ഉത്തമം. ലോക നേതാക്കള്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കൊടുക്കുന്ന 'വിരുന്ന്' വളരെ ശ്രദ്ധേയം. അതുകഴിഞ്ഞ് നയതന്ത്രം ചര്‍ച്ച ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷം, ഉദ്ദേശിക്കുന്ന കാര്യവും നടക്കും. ഇവിടെ കാര്യസാധ്യമൊന്നുമില്ലെങ്കിലും അതൊരു കടമയായി ജോമോന് തോന്നി.

ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്നതിനാല്‍ പട്ടണത്തിലൂടെ കടന്നുപോന്നപ്പോള്‍ വല്ലാത്ത ചൂടും പൊടിയും പുകയും ഹോണ്‍ശബ്ദവും എല്ലാം ചേര്‍ന്ന് വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഈ പട്ടണവും പണ്ടൊരു ഗ്രാമമായിരുന്നില്ലേ? ഓരോ ഗ്രാമവും- ആദ്യം പട്ടണവും പിന്നെ നഗരവുമായി പരിണമിക്കുന്നു. ഒടുവില്‍ ചായക്കടകളും പീടികത്തിണ്ണയും ആല്‍മരങ്ങളും ഒന്നുമില്ലാത്ത കോണ്‍ക്രീറ്റ് കാടുകള്‍ മാത്രം അവശേഷിക്കും. അവിടെ പൊതുനിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഒരു പുല്‍നാമ്പുപോലും കിളിര്‍ക്കാന്‍ അനുവദിക്കാത്ത തറയോടുകള്‍.... നഗരജീവിതം ഉയര്‍ത്തുന്ന പുകമഞ്ഞും പൊടിക്കാറ്റും മലിനജലവും അമിത ശബ്ദവുമെല്ലാം സ്വീകരിക്കുന്ന മനുഷ്യരുടെ മനസ്സും ശരീരവും മലിനപ്പെടുന്നതില്‍ എന്തിന് നാം അത്ഭുതപ്പെടണം?

ബസ് ഗ്രാമത്തിലേക്ക് പ്രവേശിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി അവന്. മരങ്ങള്‍ക്കിടയിലൂടെ കയറിയിറങ്ങി തണുത്ത കാറ്റില്‍ പ്രാണവായുവിന്റെ അളവ് കൂടിയിരുന്നു. അല്പം പരിചയക്കുറവു തോന്നിയെങ്കിലും വെയിറ്റിംഗ് ഷെഡ്‌ ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി മുന്നോട്ടു നടന്നു. ആദ്യം കണ്ണുകള്‍ പരതിയത് ബഞ്ചിലെ ആളിനെയായിരുന്നു. ഒന്നല്ല, നാലുപേര്‍ അടുത്തിരുന്ന് ചായ കുടിക്കുന്നു. ആരുടെ കയ്യിലും പത്രമൊന്നുമില്ല. ഞായറാഴ്ച ഇവിടെ ഇങ്ങനെയായിരിക്കും. ചായക്കടയിലേക്ക് കയറിയ ഉടനെ,

"കഴിഞ്ഞയാഴ്ച ഇവിടെ വന്ന ആളു തന്നല്യോ"

അകത്തെ ബഞ്ചിലിരുന്ന ഏതോ ഒരാള്‍ ചോദിച്ചപ്പോള്‍ അവന്‍ ഒന്നു മൂളുക മാത്രം ചെയ്തു. പട്ടണത്തിലെ ആളുകള്‍ അറിഞ്ഞാലും അറിഞ്ഞില്ലെന്നു നടിക്കും; ഗ്രാമത്തില്‍ ഒരാള്‍ കാലുകുത്തിയാല്‍ നേരെ മറിച്ചും.

പരമുവിന്റെ കാര്യം സപ്ലയറോട് ചോദിച്ചെങ്കിലും അയാള്‍ "ആ..." എന്ന ഒരക്ഷരത്തില്‍ നീരസം നിറഞ്ഞ മറുപടി ഒതുക്കി. ഒന്നുകൂടി ചോദിച്ചപ്പോള്‍, അത്ര സുഖമില്ലാത്ത മറുപടി വന്നു:

"അയാളെ ഞാനാ പറഞ്ഞുവിട്ടത്. ഇവിടത്തെ പള്ളീലെ പെരുന്നാളാ. പത്തുരൂപായുടെ കച്ചവടം നടക്കുന്ന സമയത്ത് അയാള് ഇവിടെ ചുമച്ചുകുരച്ച് നോക്കുകുത്തിപോലെ ഇരുന്നാലെങ്ങനാ? ഇതെന്താ, സര്‍ക്കാരാശൂത്രിയോ"

ജോമോന്‍ അത് കേട്ട മാത്രയില്‍ അവിടെനിന്നും ഇറങ്ങി നടന്നു. പള്ളിപ്പറമ്പിലെ വിറകുപുരയിലെ അന്തേവാസിക്ക് പെരുന്നാളിന് എന്തെങ്കിലും തിന്നാന്‍ കിട്ടിക്കാണും.

ചേരികളിലും കുടിലുകളിലും വിറകുപുരയിലും താമസിക്കാന്‍ വിധിക്കപ്പെട്ടവര്‍....

രാജകൊട്ടാരം പോലുള്ളവയില്‍ അന്തിയുറങ്ങി സ്വര്‍ണത്തളികയില്‍ ഭക്ഷണം കഴിച്ചു രത്നങ്ങള്‍ പതിച്ച ചെരുപ്പും ധരിച്ച് അങ്ങനെ മറ്റൊരു കൂട്ടര്‍....

പാവങ്ങള്‍ 'എത്രയും വേഗം തെക്കോട്ട് എടുക്കണേ' എന്ന് പ്രാര്‍ഥിക്കുമ്പോള്‍ സുഖിച്ചു ജീവിക്കുന്ന പണക്കാരാകട്ടെ, ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നതു കാണാം. എങ്കിലും മരണത്തില്‍ മാത്രം അവര്‍ സമന്മാരാകും; വെറും കയ്യോടെ മരണാനന്തരജീവിതം എന്ന ദുരൂഹതയിലേക്ക് മടങ്ങണം, മടങ്ങാതെ ആര്‍ക്കും പറ്റില്ല.

പള്ളിയിലെ കുര്‍ബാന കഴിഞ്ഞെന്ന് പെരുന്നാളിന്റെ പടക്കങ്ങള്‍ വിളിച്ചുപറഞ്ഞു. പരമുവിന്റെ പുരയിലേക്കുള്ള ഒറ്റയടിപ്പാത തീര്‍ന്നിരിക്കുന്നു. അതിന്റെ വിടവുള്ള പലകവാതില്‍ പാതി തുറന്നുകിടക്കുന്നുണ്ട്. അയാള്‍ അകത്തുണ്ടായിരിക്കും. പക്ഷേ, ചുമയൊന്നും കേള്‍ക്കുന്നില്ലല്ലോ. പെരുന്നാള്‍'പിരിവി'നു പോയിരിക്കുമോ.

അവന്‍ വാതില്‍ മുഴുവനായും തുറന്ന്‍ അകത്തേക്ക് നോക്കി. വെളിച്ചം നന്നേ കുറവുള്ള മുറിയില്‍ കുറെ പലകകളും ചാക്കുകളും നിരത്തിവച്ചിട്ടുണ്ട്. ഒരു പഴന്തുണി ചുരുട്ടിയതും കാണാം. ഇതായിരിക്കാം തലയണയും കട്ടിലും. എന്തായാലും ആള്‍ ഇവിടില്ല. ആരോടാണ് ഇനി ഒന്നു ചോദിക്കുക.

അവന്‍ നിരാശയോടെ തിരിഞ്ഞു നടന്നു. അതിനിടയില്‍, പുല്ലുകെട്ടുമായി വരുന്ന ഒരുവനെ കണ്ടപ്പോള്‍-

"ഒന്നു നില്‍ക്കണേ, ഒരു കാര്യം ചോദിക്കാനാണ്. അവിടെ കാണുന്ന വിറകുപുരയില്‍ താമസിച്ചു കൊണ്ടിരുന്ന ആള്‍ അവിടെയില്ലല്ലോ. എന്തെങ്കിലും അറിയാമോ?"

"എനിക്ക് കൃത്യമായിട്ട്‌ അറിയാന്‍ മേലാ. ഇയാളെ ആണെന്നു തോന്നുന്നു, വഴിയില്‍ വീണുകിടന്നിട്ട് ആരോ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്റെ പിള്ളേരു വീട്ടില്‍ പറയുന്നത്‌ കേട്ടതാ"

"എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയാമോ?"

"അങ്ങനെ ചോദിച്ചാല്‍....ആരുമില്ലാത്തതിനെയൊക്കെ വേറെ എവിടെ കൊണ്ടുപോകാനാണ്‌, താലൂക്കിലോട്ടായിരിക്കും"

ആ മനുഷ്യന്‍, ഇതിനൊന്നും പുല്ലുവില പോലും കൊടുക്കാതെ പുല്‍ച്ചുമടുമായി അയാളുടെ വഴിക്കുപോയി.

സമയം ഒട്ടും പാഴാക്കാതെ അടുത്ത ബസിനു സില്‍ബാരി-താലൂക്ക് ഹോസ്പിറ്റലില്‍ ജോമോന്‍ എത്തിച്ചേര്‍ന്നു. അവിടെ പലരോടും 'പരമേശ്വരനെയും' 'പരമു'വിനെയും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഒടുവില്‍, വെള്ള ഷര്‍ട്ടും പാന്റും ധരിച്ച ആശുപത്രി ജീവനക്കാരന്‍ നാലു ദിവസം മുന്‍പ്, ഒരാളെ വെള്ള പുതപ്പിച്ചത് ഓര്‍മ്മിച്ചു-

"സാറേ, ഏതോ നാട്ടുകാര് ബോധം പോലും ഇല്ലാത്ത ഒരു വയസ്സനെ ഇവിടെ യാക്കിയിട്ട് മുങ്ങി. അന്ന് രാത്രിതന്നെ അയാള്‍ മരിച്ചു. പിച്ചക്കാരനായതു കൊണ്ട് ബോഡി പൊതുശ്മശാനത്തിലേക്ക് പോയി"

ആരുമല്ലാതിരുന്നിട്ടും, ജോമോന്‍ നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞു നടന്നു.

ആരുടേയും ഔദാര്യം അയാള്‍ക്ക്‌ വേണ്ടെന്ന് പ്രകൃതിയുടെ നിശ്ചയമായിരിക്കും. ഞാന്‍ അയാളെ കാണാന്‍ ആഗ്രഹിച്ചപോലെ എന്നെ അയാള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നുവോ?

അറിയില്ല.

ആര്‍ക്കും ഒന്നും അറിയില്ല. കാരണം, അറിയേണ്ടാത്തത് ആവശ്യത്തില്‍ കൂടുതല്‍ അറിയാന്‍ മനുഷ്യര്‍ ഓടി നടക്കുകയാണ്...

(End)

This is a short novel (novella) from my PDF eBook. Thanks for reading!

Comments

Leena Binoy said…
Good story, very nice!

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam