(1077) തടാകത്തിൻ്റെ അപ്പുറം!
പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് ഒരു വലിയ തടാകം ഉണ്ടായിരുന്നു. ആ തടാകത്തിന്റെ അക്കരെ ഒരു ദ്വീപുണ്ട്. അതിന് ഒരുപാട് നിഗൂഢതകൾ ഉണ്ടായിരുന്നു. ഭൂതവും നിധിയും പാമ്പുകളും അത്ഭുതങ്ങളും അവിടെ ഉണ്ടെങ്കിലും ആ ദ്വീപ്, ശാപത്തിന്റെയും ദൗർഭാഗ്യത്തിന്റെയും അടയാളമായി ആ നാട്ടുകാർ കണക്കാക്കിയിരുന്നു.
എന്തെന്നാൽ, അവിടെ പോയിട്ടുള്ളവർ മിക്കവാറും ആളുകൾ തിരികെ വന്നിട്ടില്ല. അഥവാ, വന്നാലും ഏതെങ്കിലും അജ്ഞാത രോഗം പിടിപെട്ട് അകാലചരമമാണ് ഫലം!
അതിനാൽ, അങ്ങോട്ട് ആരും പോകാറില്ല. ഒരിക്കൽ, വീരൻ എന്ന് പേരുള്ള ഒരു കരുത്തുറ്റ ചെറുപ്പക്കാരൻ ഈ ദ്വീപിനെ കുറിച്ച് അറിഞ്ഞപ്പോൾ എങ്ങനെയും അവിടെയെത്തി രഹസ്യ അറകളിലുള്ള നിധി സാഹസികമായി കരസ്ഥമാക്കണമെന്ന് അവന് അതിയായ മോഹം ഉണർന്നു.
അങ്ങനെ, ഒരു ദിവസം അവൻ തടാകത്തിലൂടെ ഒരു കൊതുമ്പുവള്ളത്തിൽ തുഴയുമായി തുഴഞ്ഞ് പോയി കുറെ ദിവസത്തെ യാത്രയ്ക്കുശേഷം ആ ദ്വീപിൽ എത്തപ്പെട്ടു.
ശക്തമായ കാറ്റുള്ളതിനാൽ നടന്നപ്പോഴും തുഴ കയ്യിൽ ഉണ്ടായിരുന്നു. ഓരോ ചുവടും ശ്രദ്ധയോടെ വച്ചു. ചെറിയ ചെറിയ ഗുഹകൾ അവിടെ കാണാൻ പറ്റി. അവൻ ഓരോ ഗുഹയിലും കയറി നോക്കി.
അവിടെങ്ങും ഒന്നും കാണാനില്ലായിരുന്നു. നിരാശയോടെ ഒടുവിൽ ഒരു ഗുഹയിൽ കയറിയപ്പോൾ അതിൽ ഒരു വലിയ ഗർത്തം കണ്ടു. അതിന്റെ ആഴം എത്രയുണ്ടെന്ന് അറിയാൻ വയ്യാത്ത ഇരുട്ടായിരുന്നു അവിടെയെല്ലാം.
അവൻ ഗുഹയിൽ കിടന്ന ചെറിയ കല്ല് താഴേക്ക് എറിഞ്ഞു. ഉടൻ, അതേ വലിപ്പമുള്ള മഞ്ഞ നിറമുള്ള ഒന്ന് മുകളിലേക്ക് തെറിച്ചു വീണു. അവൻ അത് കയ്യിലെടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി!
"എൻ്റെ ഭഗവാനേ, ഇത് സ്വർണ്ണക്കല്ലാണ്!"
അപ്പോൾ വീരൻ്റെ മനസ്സിൽ മറ്റൊരു ആശയം ഉദിച്ചു പിറുപിറുത്തു- "ചെറിയ കല്ല് എറിഞ്ഞപ്പോൾ അത്രതന്നെ വലുപ്പമുള്ള സ്വർണ്ണം കിട്ടിയതിനാൽ വലിയ കല്ലിന് വലിയ സ്വർണ്ണക്കട്ടി കിട്ടും?"
ഏതാനും കല്ലുകൾ ഗുഹയിൽ കിടന്നത് താഴേക്ക് എറിഞ്ഞപ്പോൾ തിരികെ സ്വർണം കിട്ടിയതിനാൽ അവന് ആവേശം ഇരട്ടിയായി. ഒടുവിൽ കയ്യിലുള്ള തുഴ എറിഞ്ഞു!
അന്നേരം അതേ പോലുള്ള ഭാരമേറിയ സ്വർണത്തുഴ കിട്ടി. ഉടൻ തന്നെ, തിരികെ പോകാനായി സ്വർണ്ണങ്ങളുമായി നടന്ന് കായൽക്കരയിലെ വള്ളത്തിൽ എടുത്തു വച്ചു. വള്ളത്തിൽ കയറി ഭാരമേറിയ സ്വർണ്ണത്തുഴ കൊണ്ട് തുഴയാൻ നോക്കിയിട്ടും കുറച്ചുമാത്രമേ വള്ളം നീങ്ങിയുള്ളൂ.
അതേസമയം, ശക്തമായ കാറ്റ് വീശിയടിച്ചു. വള്ളം യാതൊരു നിയന്ത്രണവുമില്ലാതെ ഒരു ചുഴിയിലേക്കു നീങ്ങി. എങ്കിലും, വള്ളം മറിഞ്ഞ് സ്വർണ്ണ സമ്പത്ത് പോകാതിരിക്കാൻ ആയിരുന്നു വീരൻ്റെ ശ്രദ്ധ.
കുറെ സമയം കഴിഞ്ഞപ്പോൾ ദിശ മാറ്റാനായി സ്വർണ്ണത്തുഴ യാതൊരു പ്രയോജനവും ചെയ്യാതെ ചുഴിയിൽ അകപ്പെട്ട് വീരനും വള്ളവും സ്വർണ്ണവുമെല്ലാം കായലിൻ്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി!
ആശയം- കനകം എന്ന അത്യാഗ്രഹം മൂലം തിരികെ പോകേണ്ട തുഴപോലും സ്വർണമായി മാറ്റിയെടുക്കാൻ ശ്രമിച്ചപ്പോൾ എങ്ങനെ തിരികെ പോകുമെന്ന് പോലും അയാൾ ചിന്തിച്ചില്ല.
അതായത്, അത്യാഗ്രഹത്തിൻ്റെ പ്രതിരൂപങ്ങളായ കൈക്കൂലി, അഴിമതി, കരിഞ്ചന്ത, ചതി, വഞ്ചന, പൂഴ്ത്തിവയ്പ് എന്നിവയൊക്കെ ചെയ്യുന്നവർക്കും ഇങ്ങനെ സംഭവിക്കാം.
Written by Binoy Thomas, Malayalam eBooks-1077- folk tales -60, PDF-https://drive.google.com/file/d/1K2dnqErEWr_Oeaczm7a3gdeerx0N4qch/view?usp=drivesdk
Comments