(1071) താറാവിൻ്റെ കാൽ!
ഹോജയുടെ നർമ്മരസം അറിയാവുന്ന ബാദുഷ രാജാവ് ഇടയ്ക്ക് കൊട്ടാരത്തിലേക്ക് ഹോജയെ വിളിക്കാറുണ്ട്. ഒരിക്കൽ, ഒരു പാചകക്കാരൻ്റെ ഒഴിവ് കൊട്ടാര അടുക്കളയിൽ വന്നു.
ബാദുഷ ആ ഒഴിവിലേക്ക് ഹോജയെ നിയമിച്ചു. ഹോജയ്ക്ക് അനേകം ജോലികൾ അറിയാമായിരുന്നു. അതിനാൽ, പാചകമെല്ലാം യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാനായി.
ഒരു ദിവസം, താറാവിൻ്റെ കറി വച്ചു കഴിഞ്ഞപ്പോൾ ഹോജയുടെ കൊതി വല്ലാതായി. അയാൾ ഒരു കാൽ കഴിച്ചു. പക്ഷേ, അതുകഴിഞ്ഞപ്പോഴാണ് രാജാവിൻ്റെ പാത്രത്തിൽ വിളമ്പണം എന്നുള്ള ബോധം വന്നത്!
അയാൾ രാജാവിൻ്റെ മുന്നിൽ വിളമ്പിയപ്പോൾ രാജാവ് ദേഷ്യപ്പെട്ടു. "ഹോജാ, ഈ താറാവിൻ്റെ ഒരു കാലിലെ ഇറച്ചി കാണുന്നില്ല എവിടെ?"
ഹോജ ഒന്നു പതറി. ഭാഗ്യത്തിന് കൊട്ടാര ഉദ്യാനത്തിലെ കുളത്തിൻ്റെ അരികിൽ ഒറ്റക്കാലിൽ ഒരു താറാവിനെ കണ്ടപ്പോൾ ഹോജ പറഞ്ഞു - "രാജാവേ, ഇപ്പോഴുള്ള താറാവിന് ഒരു കാൽ മാത്രമേ ഉള്ളൂ. സംശയം ഉണ്ടെങ്കിൽ പുറത്തേക്കു നോക്കൂ"
രാജാവ് നോക്കിയപ്പോൾ ഒറ്റക്കാലിൽ നിൽക്കുന്ന താറാവിനെ കണ്ടു. പക്ഷേ, വിശ്വാസം വരാതെ ഭൃത്യനോട് അതിനെ ഓടിക്കാൻ പറഞ്ഞു. അത് ദൂരേയ്ക്ക് ഓടിയപ്പോൾ രാജാവ് പറഞ്ഞു -"ഹോജാ, അത് രണ്ടുകാലിൽ ഓടുന്നു"
അതിലും പതറാതെ ഹോജ പറഞ്ഞു -"രാജാവിനെ ഒരു തെരുവുനായ കടിക്കാൻ ഓടിക്കുന്നു എന്നു വിചാരിക്കുക. രാജാവ് നാലുകാലും പറിച്ച് ഓടുന്നു എന്നാണ് ആളുകൾ പറയുക. രാജാവിന് രണ്ടു കാലേയുള്ളൂ. എന്നാൽ, ഇരട്ടിയായി തോന്നും"
ഹോജയുടെ മറുപടിയിൽ രാജാവ് കുഴങ്ങിപ്പോയി.
Written by Binoy Thomas, Malayalam eBooks-1071-Hoja stories - 46, PDF-https://drive.google.com/file/d/1jro0zuA4CJzq-OlD8xCvJINnxz063qVe/view?usp=drivesdk
Comments