(594) ട്രയിൻ സിഗ്നൽ

ബിനിൽ പതിവു പോലെ ജോലിയും കഴിഞ്ഞ് വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ എത്തി.

ആകെ നാലു ട്രാക്കുകൾ മാത്രമുള്ള ഇടത്തരം സ്റ്റേഷൻ. സിമന്റ് ബഞ്ചിൽ മൂടുറപ്പിച്ച് താടിക്കു കയ്യും കൊടുത്ത് വീട്ടു പ്രാരബ്ധങ്ങൾ ആലോചിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കൊച്ചിന്റെ കിലുക്കിച്ചിരി കേട്ടപ്പോഴാണ് അയാൾ ചിന്തയിൽ നിന്നും ഉണർന്നത്.

ഏതാണ്ട് , ഒന്നര രണ്ടു വയസ്സുള്ള ഓമനത്തമുള്ള കുട്ടി പ്ലാറ്റ്ഫോമിലൂടെ ഓടിക്കളിക്കുകയാണ്. കൊച്ചിന്റെ അപ്പൻ അതെല്ലാം ഐഫോണിൽ വീഡിയോ എടുക്കുന്നുമുണ്ട്.

ഫുൾ സ്ലീവ് ഷർട്ടും വുഡ്ലാൻഡ് ഷൂസും മറ്റുമുള്ള അയാൾ ഏതോ നല്ല ഉദ്യോഗസ്ഥനാണെന്നു തോന്നുന്നു.

അതിനിടയിൽ, കണ്ണിനു വിശ്രമം കൊടുക്കാൻ പാകത്തിന് അകലത്തിലേക്ക് ബിനിൽ തന്റെ ദൃഷ്ടികളെ പായിച്ചു. റെയിൽവേ മൂന്നാം ട്രാക്കിന്റെ അറ്റത്തായി പച്ച സിഗ്നൽ തെളിഞ്ഞു നിൽക്കുന്നത് കണ്ണിൽപ്പെട്ടു. പക്ഷേ, കോളാമ്പിയിലൂടെ ട്രയിൻ വരുന്ന തൊന്നും ഇതുവരെ വിളമ്പിയതുമില്ലല്ലോ. പക്ഷേ, ഇവിടെ സ്റ്റോപ് ഇല്ലാത്ത ട്രയിൻ, എഞ്ചിൻ, ഗുഡ്സ്, റിപ്പയർ തുടങ്ങിയ വണ്ടികളൊന്നും അറിയിപ്പില്ലാതെ പാഞ്ഞു പോകും!

ഉടൻ, ബിനിൽ തന്റെ പരോപകാര കുടുക്കയിലേക്ക് ഒരെണ്ണം കൂടി കുടഞ്ഞിട്ടു -

"കൊച്ചിനെ പിടിച്ചോ, ഗ്രീൻ സിഗ്നലുണ്ട്, ട്രയിൻ വരും"

എന്നാൽ, ആ മോഡേൺമാൻ ഒരക്ഷരം മറുപടി പറയാതെ പുരികം കൊണ്ട് അകലെയുള്ള പച്ച സിഗ്നൽ, അലക്ഷ്യമായി മുഖത്തെ ആംഗ്യം കൊണ്ട് ബിനിലിനെ ഓർമ്മപ്പെടുത്തി. വീണ്ടും കൊച്ചിന്റെ വീഡിയോ തുടർന്നു.

ഏതാനും മിനിറ്റുകൾ മാത്രം കഴിഞ്ഞപ്പോൾ കള്ളനെപ്പോലെ വന്ന ഒരു മഞ്ഞ നിറമുള്ള ഒറ്റ ബോഗിയുള്ള റിപ്പയർട്രയിൻ ഹോൺ പോലും മുഴക്കാതെ പാഞ്ഞു പോയി!

ഇതിനിടയിൽ ആ മനുഷ്യൻ ഞെട്ടിത്തരിച്ച് കൊച്ചിനെ പെട്ടെന്നു വാരിയെടുത്ത് ചമ്മലും പേടിയും മാറ്റാനായി കുറെ ദൂരത്തേക്കു മാറി ബഞ്ചിൽ പോയി ഇരുന്നു.

ചിന്താവിഷയം - ട്രയിൻ വരുമ്പോൾ റെഡ് സിഗ്നൽ ആണു ട്രാക്കിൽ കാട്ടുന്നതെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ആ ചുവപ്പ് മഞ്ഞ പച്ച സിഗ്നലുകൾ ട്രയിൻ ഡ്രൈവർക്കുള്ളതാണ്. ചുവപ്പുനിറം നിർത്താനും പച്ചനിറം കടന്നുപോകാനും മഞ്ഞ നിറം ആളുകൾ കയറാനായി നിർത്തിയിടുമ്പോഴും. എന്നാൽ, ഇവിടെ അയാൾ പച്ചനിറം കണ്ടപ്പോൾ ഓർത്തത് Safe ആണെന്ന്!

Malayalam eBooks-594 - Safety -6 PDF file -https://drive.google.com/file/d/1EVh2gN2JtpOVEMO1eXYxXykUSnNF5yij/view?usp=drivesdk

Comments