ബിനീഷ് തന്റെ ജില്ലയിലുള്ള യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സിന് ചേരാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി മലയാളത്തിലുള്ള മികച്ച നാലഞ്ച് കൗൺസലിങ്ങ് പുസ്തകങ്ങൾ വാങ്ങി വായിച്ചു. അവന് അതെല്ലാം നന്നേ ബോധിച്ചു. കാരണം, മനസ്സു വിഷമിച്ചിരിക്കുന്ന ആളുകളെ ആശ്വസിപ്പിക്കാൻ പറ്റുന്ന വിശിഷ്ടമായ ജോലിയാണല്ലോ ഇത്. മാത്രമല്ല, ഇക്കാലത്ത് പ്രശ്നങ്ങളും കിട മൽസരങ്ങളും കൂടി വരികയുമാണ്.
അങ്ങനെ, യൂണിവേഴ്സിറ്റിയിൽ കൗൺസലിങ്ങ് കോഴ്സ് പുതിയ ബാച്ച് അഡ്മിഷന്റെ സമയമായി. ബിനീഷ് പഠന രംഗത്തു നിന്നും വിട്ടു നിന്നിട്ട് കുറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു മധ്യവയസ്ക്കനു പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടായേക്കാം. എന്നാൽ, അതിനു മുൻപ് ഒന്നു റിലാക്സ് ചെയ്യാൻ പോയേക്കാമെന്ന് തോന്നി. ആ ഞായറാഴ്ച ലുലുമാളിലേക്ക് സകുടുംബം കാറു വിട്ടു. അവിടെ ചെന്നപ്പോൾ ഭാര്യയും മോളും മമ്മിയും കൂടി ഏതോ തുണിത്തരങ്ങൾ വാങ്ങാൻ കടയിൽ കയറി. എന്റെ സെലക്ഷന് അവിടെ കാര്യമില്ലാത്തതു കൊണ്ട് നടുത്തളത്തിലെ ഒരു സീറ്റിലിരുന്നു.
അടുത്ത സീറ്റിൽ ഫോണിൽ തല കുമ്പിട്ടിരുന്ന ആളെ കണ്ട് പൊടുന്നനെ സന്തോഷം ഇരട്ടിയായി. അത് തന്റെ കോളജിൽ സീനിയർ ആയി പഠിച്ച മിടുക്കനായ സന്തോഷ്. അദ്ദേഹത്തേപ്പറ്റി ചുരുക്കിപ്പറഞ്ഞാൽ - ആളൊരു റഫ് ആന്റ് ടഫ് എന്നു സംസാരിച്ചാൽ തോന്നുമെങ്കിലും പഠിക്കാൻ മുൻ നിര വിദ്യാർഥിയായിരുന്നു.
അന്ന്, ഡിഗ്രി കോഴ്സ് പാസായ ഉടൻ, ഇന്ത്യയിലെ പ്രശസ്തമായ ഒരു ടീ കമ്പനിയിൽ ജോലി കിട്ടുകയും ചെയ്തു. എങ്കിലും, അന്നൊക്കെ ചിലർക്ക് സന്തോഷിനെ അത്ര പിടിക്കില്ലായിരുന്നു. കാരണം, അയാൾ ഏതവന്റെയും മുഖത്തു നോക്കി ഉള്ള കാര്യം പറയും. സുഖിപ്പിക്കൽ വർത്തമാനം ഒരിക്കലുമില്ല. കണിശമായി കാര്യം പറയുന്ന ആ രീതിയോട് ബിനീഷിന് വലിയ ബഹുമാനമാണുതാനും. അതൊക്കെ അവിടെ നിൽക്കട്ടെ. ഇനി കാര്യത്തിലേക്കു വരാം.
"എന്താ മാഷേ, ഒറ്റയ്ക്ക് ഇവിടെ ?"
"ങാ, ബിനീഷ്, വൈഫ് കൂടെയുണ്ട്. പക്ഷേ, അവളൊരു ഫോണിലാണ്. ജോലി സംബന്ധമായിട്ട് "
" സന്തോഷിന്റെ കമ്പനിയിൽ തന്നെയാണോ പുള്ളിക്കാരിക്ക് ജോലി?" അവൻ വെറുതെ ഒരു ചോദ്യമെറിഞ്ഞു.
"ഏയ്, അല്ലടോ. അവള് കൗൺസിലറാണ്. ഒരു പ്രൈവറ്റ് ഫേം. "
കൗൺസിലർ എന്നു കേട്ടപാടേ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ബിനീഷിനു തോന്നി. സംശയങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടുമല്ലോ.
"എങ്ങനെയുണ്ട് ആ ജോലി? ഞാൻ യൂണിവേഴ്സിറ്റിയിൽ അടുത്താഴ്ച കൗൺസലിങ്ങ് കോഴ്സിന് ചേരുകയാണ് "
"ഛെ! താനോ? ഏതു നേരവും കോളജ് ലൈബ്രറിയിൽ പുസ്തകം നോക്കി മൂങ്ങ പോലെ നടന്ന നീയെന്തിനാണ് വേണ്ടാത്ത പണിക്കു പോകുന്നത്?"
ബിനീഷ് വളിച്ചു പോയി. ആ മുഖത്തെ വിളർച്ച മനസ്സിലാക്കി സന്തോഷ് പറഞ്ഞു -
"എടാ, ഒരു ടൈമിങ്ങും ഇല്ലാത്ത ഒരു ജോലിയാ അത് , അതല്ലേ ഷോപ്പിങ്ങിന് വന്നിട്ട് ഞാനിവിടെ ഇരുന്നത്. അവൾ ഒരു കോൾ അറ്റൻഡ് ചെയ്യുകയാണ് , സമയം അരമണിക്കൂർ കഴിഞ്ഞു "
" ഇന്ന്, സണ്ടേ ആണല്ലോ. പിന്നെങ്ങനാണ് ഡ്യൂട്ടി വരുന്നത് ?"
" ശരിയാണ്. പക്ഷേ, കൗൺസിലർക്ക് അങ്ങനെ ഫ്രീ ആകുന്ന ദിവസം കിട്ടില്ല. വർക്കിങ്ങ് ഡെയ്സിലെ പല ഫോളോ അപ്പും വരും. ചില നേരത്ത് എനിക്കും ഒരു ശല്യമായി തോന്നും. ഇപ്പോൾ, കാറിന്റെയും വീടിന്റെയും ലോൺ അടയണം. രണ്ടു വർഷം കൂടി കഴിഞ്ഞാൽ കാറിന്റെ ക്ലോസാകും. എന്നിട്ട്, ഇതു നിർത്തണം."
"അതിന് ജോലി വിടാൻ അയാളു സമ്മതിക്കുമോ?"
"ഹാ, നല്ല കാര്യം. ചിലപ്പോൾ നല്ലതാണെന്നു പറയും. ചില ദിവസം ബോറാണെന്നും "
അതിനിടയിൽ, സംസാരം പണ്ട് കോളജിലെ ഒരു കാര്യത്തിലേക്കു തെന്നിമാറിയെങ്കിലും ബിനീഷ് കുറച്ചു കഴിഞ്ഞ് തിരിച്ചു പിടിച്ചു - "ഞാൻ കൗൺസലിങ്ങിന്റെ ജോലി സാധ്യത നോക്കിയപ്പോൾ .."
അതു മുഴുവനാക്കും മുൻപ് സന്തോഷ് പ്രതികരിച്ചു.
"എന്തു സാധ്യത ? എടാ, സാധാരണ ലേഡീസിനെയാണ് കൂടുതലും അപ്പോയിന്റ് ചെയ്യുന്നത്. ഒന്നാമത്, അവരാണ് ടോക്കറ്റീവ്. പിന്നെ സേഫ്റ്റി. കാരണം, ക്ലൈന്റിന്റെ പേഴ്സണൽ ഡീറ്റെയിൽസ് മുഴുവൻ കിട്ടുന്ന പണിയല്ലേ. ഇൻഫോപാർക്കിൽ നടന്ന ഇന്റർവ്യൂവിൽ ജെന്റ്സിനെ ആരെയും എടുത്തില്ലാ "
പിന്നീട് സന്തോഷ് മറ്റൊരു കാര്യം ചോദിച്ചു കൊണ്ട് വേറെ വിഷയത്തിലായി.
തിരികെ, കാറിൽ വീട്ടിൽ വരുന്നിടം വരെ കോഴ്സിനേക്കുറിച്ചായിരുന്നു കുടുംബവുമായി ബിനീഷ് ചർച്ച ചെയ്തത്. ഒടുവിൽ , അവർ ഒരു തീരുമാനത്തിലെത്തി - മറ്റൊരു കോഴ്സിനു ചേരണം. അങ്ങനെ യോഗാ കോഴ്സിനു ചേർന്നു!
Malayalam digital books-523 PDF FILE-https://drive.google.com/file/d/1mZS-kOSsU86P_XxXY3S2knujeVXtVuSi/view?usp=sharing
Comments