ഓണക്കാലത്തെ പലതരം വായനകൾ

ചിന്തിപ്പിക്കുന്ന കഥകൾ (Malayalam digital reading stories)
1. ആരും അനാഥരല്ല!

പുറത്താകെ മഞ്ഞു വീണുതുടങ്ങിയതിനാല്‍ ഡ്രൈവിങ്ങും ഷോപ്പിങ്ങുമെല്ലാം അടുത്തയാഴ്ചയാവട്ടെ- അവധിദിനം ടിവി കണ്ടുതീര്‍ക്കാന്‍തന്നെ അവള്‍ തീരുമാനിച്ചിരുന്നു. രാവിലെതന്നെ, ടിവി ഓണ്‍ ചെയ്തു. അപ്പോഴും, കൂട്ടുകാരി സബിത ഉറക്കമായിരുന്നു.
മൂന്നു മലയാളം വാര്‍ത്താ ചാനലുകള്‍ മാത്രമേ ഇവിടെ കിട്ടുകയുള്ളൂ. എന്നാലും, സ്വന്തം നാട്ടിലെ കശപിശകള്‍ കണ്ടില്ലെങ്കില്‍ എന്തോ ഒരു വല്ലായ്ക. കര്‍ശനമായ നിയമങ്ങളും അവ കൃത്യമായി പാലിക്കുകയും ചെയ്യുന്ന വിദേശ രാജ്യത്തു വന്നപ്പോഴാണ് ഇന്ത്യയിലെ അനീതികളെക്കുറിച്ച് ഏതൊരു പ്രവാസിക്കും അനുഭവപ്പെടുന്ന അമര്‍ഷം അവളിലും നുരഞ്ഞുപൊന്തിയത്. ഇടയ്ക്ക് ഏതോ ഇംഗ്ലീഷ് ചാനല്‍ വന്നപ്പോള്‍ ശബ്ദം ലേശം കൂടിപ്പോയി. ഉടന്‍ വന്നു, റൂം മേറ്റിന്റെ അലര്‍ച്ച-

“എടീ..ജിഷേ..ആ പണ്ടാരം ഒന്നു നിര്‍ത്താവോ നിനക്ക്?”

“ഓ...സോറി..”

അവള്‍ റിമോട്ട് അമര്‍ത്തി ഒച്ച കുറച്ചു. അതിനിടയില്‍ മലയാളം ചാനലില്‍ ഒരാള്‍ അഭിമുഖത്തില്‍ പറയുകയാണ്‌-

“ആരും ഇവിടെ അനാഥരായി ജനിക്കുന്നില്ല; പക്ഷേ, ഇവിടെ നാം അനാഥരെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് സുഹൃത്തുക്കളെ..”

അതുകേട്ടതും, ജിഷ അറിയാതെതന്നെ ടിവി ഓഫ്‌ ചെയ്തു!

എന്നിട്ട്, സബിതയുടെ ബ്ലാങ്കറ്റിനുള്ളില്‍ നുഴഞ്ഞുകയറി.

“നീ ആദ്യമായിട്ടാണല്ലോ ഞാന്‍ പറഞ്ഞയുടനെ ടിവി നിര്‍ത്തിയത്..നീ കണ്ടോ പെണ്ണേ.. ഞാന്‍ ചുമ്മാ പറഞ്ഞതാ..”

അപ്പോള്‍, ജിഷ മൃദുവായ സ്വരത്തില്‍ മൊഴിഞ്ഞു-

“സാരമില്ല..എന്റെ മൂഡ്‌ പോയി..എല്ലാ ക്രിസ്മസിനും അഗതിമന്ദിരത്തിനു നൂറു ഡോളര്‍ അയയ്ക്കുന്നതാ. ഇത്തവണ ഞാന്‍ മറന്നുപോയി..ടിവിയില്‍ ഒരാള്‍ ഓര്‍ഫന്‍സിനെപ്പറ്റി പറഞ്ഞപ്പോഴാ ഓര്‍ത്തത്.."

പെട്ടെന്ന്, പുതപ്പിനടിയില്‍നിന്ന് സുഹൃത്തിന്റെ കുറെ ചോദ്യങ്ങള്‍ വന്നപ്പോള്‍, അതുവരെ പറയാത്ത സംഭവകഥകള്‍ ജിഷ പറഞ്ഞുതുടങ്ങി-ഇന്ത്യയിലെ നല്ലൊരു സ്വകാര്യ ആശുപത്രി നടത്തുന്ന നഴ്സിംഗ് കോഴ്സിൽ ജിഷ പഠിച്ചു കൊണ്ടിരുന്ന സമയം. നൈറ്റ് ഡ്യൂട്ടി ഉള്ളതിനാൽ, അവിടെ ഹോസ്റ്റലിൽ നിൽക്കണമെന്നു നിർബന്ധമായിരുന്നു. ഹോസ്റ്റലിനോടു ചേർന്ന് ആശുപത്രിയുടെ വകയായി ഒരു അഗതിമന്ദിരവും ഉണ്ടായിരുന്നു. പക്ഷേ, ഹോസ്പിറ്റലിന്റെ ലാഭം അവിടെ ചെലവിടാന്‍ മാനേജ്മെന്റ് നിയമം ഒരുക്കമല്ല- കാരണം, നല്ല വൃത്തിയുള്ള കെട്ടിടവും സ്ഥലവുമെല്ലാം ഉള്‍പ്പെടെ വലിയൊരു തുക ഇതിനോടകം ചെലവിട്ട് കഴിഞ്ഞിരുന്നു. അതിനാല്‍ത്തന്നെ, പിന്നീടുള്ള കാര്യങ്ങള്‍ നടന്നുപോകാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും പല സമയങ്ങളിലായി കിട്ടുന്ന സാമ്പത്തിക സഹായത്താല്‍ ഹരിച്ചുഗുണിച്ച്‌ അങ്ങനെയങ്ങു പോകുന്നു. ചെലവുചുരുക്കല്‍പദ്ധതിയുടെ ഭാഗമായി അന്തേവാസികളുടെ എല്ലാ ദിവസത്തെയും പ്രഭാതഭക്ഷണം ശര്‍ക്കരയും പഞ്ചസാരയും കണ്ടിട്ടില്ലാത്ത, കുതിരാത്ത അവലാണ്! വെള്ളം കൂടെ കുടിച്ചില്ലെങ്കില്‍ ആ വരണ്ട ആഹാരം തൊണ്ടയില്‍ കുടുങ്ങും!

എങ്കിലും, ആര്‍ക്കും യാതൊരു അരുചിയുമില്ല, അമര്‍ഷവുമില്ല- ഒരു രൂപപോലും വസൂലാക്കാതെ കിടക്കാന്‍ ഇടവും കഴിക്കാന്‍ ഭക്ഷണവും ഉടുക്കാന്‍ തുണിയും ഇവിടെ തരുന്നില്ലേ? തെരുവില്‍ അലയേണ്ടതില്ല!

മക്കളില്ലാത്തവരും മക്കളുണ്ടായിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ടവരുമെല്ലാം ഉൾപ്പെടെ നൂറിലധികം ആളുകൾ അവിടെ അന്തേവാസികളായുണ്ട്. മിക്കവാറും വൈകുന്നേരങ്ങളിൽ ജിഷയും കൂട്ടുകാരും അഗതിമന്ദിരത്തിലെ അപ്പച്ചന്മാരോടും അമ്മച്ചിമാരോടും വർത്തമാനം പറയാൻ ചെല്ലാറുണ്ട്.

കുട്ടികളോട് സംസാരിക്കാൻ അവർക്ക് ആർത്തിയാണ്!

ഇവിടെ, അവരെ ഉപേക്ഷിച്ചവരെക്കുറിച്ചുപോലും പരാതിയും പരിഭവവുമൊന്നുമില്ലാതെ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും. സാധാരണയായി ആഴ്ചയിൽ ഒരു ദിവസം ബന്ധുക്കൾക്ക് അഗതിമന്ദിരം സന്ദർശിക്കാം. പക്ഷേ, അന്ന്, ഭൂരിഭാഗം മാതാപിതാക്കളും നേരം വെളുക്കുന്നതു മുതൽ സന്ധ്യ മയങ്ങുന്നതു വരെ മക്കളോ കൊച്ചുമക്കളോ സഹോദരങ്ങളോ വരുമെന്നു വിചാരിച്ചു താഴെ വഴിയിലേക്കു നോക്കിയിരിക്കും!

എന്നിട്ട്, നിരാശ മറച്ചുവച്ച് അവർ പറയും- അടുത്തയാഴ്ച വരുമെന്ന്!

ഒരു ദിവസം, വിദ്യാർഥികൾക്ക് ഒരുപാട് ഇഷ്ടമായിരുന്ന മറിയാമ്മച്ചി മരണമടഞ്ഞു. പതിമൂന്നു മക്കളുടെ അമ്മയായിരുന്നു അത്. മക്കളിൽ ഒരാളുടെ വീട്ടിൽ, ഒരു മാസം വീതം അമ്മയെ നോക്കണമെന്നായിരുന്നു വ്യവസ്ഥ. ഒരു മകന്‍റെ വീട്ടില്‍ താമസിച്ച മാസം, ഏതോ അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ രൂപ ചെലവിട്ടെന്നും, അത് നേരത്തെ ചികിത്സിക്കാതെ മറ്റുള്ളവര്‍ തന്റെ തലയില്‍ കെട്ടിവച്ചതെന്നും പറഞ്ഞ്‌ മക്കൾ തമ്മിൽ വഴക്കായി. പ്രശ്നം അവരുടെ അമ്മയാണെന്നു മനസ്സിലാക്കി അഗതിമന്ദിരത്തിലാക്കി!

പണ്ട്, കരപ്പനും ചൊറിയും ചിരങ്ങും അഞ്ചാംപനിയുമെല്ലാം വന്നപ്പോഴും പതിമൂന്നു മക്കളെയും ഒരു പ്രശ്നവുമില്ലാതെ ഒരുമിച്ചു വളർത്തിയ അമ്മയെ അവരെല്ലാം മറന്നു!

പിന്നെയാരും ഇതുവഴി വന്നില്ല. മരണ വിവരം മക്കളെ അറിയിച്ച് അഗതിമന്ദിരം ജോലിക്കാരും അന്തേവാസികളും വൈകുന്നേരംവരെ കാത്തിരുന്നിട്ടാണു സെമിത്തേരിയിൽ അടക്കം ചെയ്തത്. ക്രിസ്ത്യാനികളായ മക്കളോ കൊച്ചുമക്കളോ ഒരാളുപോലും അവിടെ വന്നില്ല!

ആ സംഭവം കുട്ടികളുടെ മനസ്സില്‍ ഒരു നൊമ്പരമായി. അക്കാലത്ത്, സോഷ്യല്‍മീഡിയ-കൂട്ടായ്മകള്‍ ഇല്ലായിരുന്നെങ്കിലും അവര്‍ ഒരുമിച്ച് ഒരു തീരുമാനമെടുത്തു- വിദേശത്തൊക്കെ ജോലി കിട്ടുമ്പോള്‍, അല്ലെങ്കില്‍ നല്ല വരുമാനം ഉണ്ടാകുന്ന കാലത്ത് ഈ അഗതിമന്ദിരത്തിലെ ഭക്ഷണകാര്യങ്ങള്‍, മുറിയിലെ സൗകര്യങ്ങള്‍ എന്നിവയൊക്കെ മെച്ചപ്പെടുത്തണം.

മനുഷ്യന്റെ മറവിയെ, സുഖവും സൗകര്യപ്രദവുമായ അവഗണനയ്ക്കുള്ള അനുഗ്രഹമായി ചിലര്‍ കണ്ടെങ്കിലും ഇപ്പോഴും ആ ബാച്ചിലെ നാലഞ്ചുപേര്‍ കൃത്യമായി ഓരോ വര്‍ഷവും സഹായിച്ചു പുണ്യം നേടുന്നുണ്ട്. അങ്ങനെ, അഗതിമന്ദിരത്തിന്റെ ഹാളില്‍, വലിയ ടിവിയും കൈത്താങ്ങുള്ള കസേരകളും പ്രായമായവര്‍ക്ക് വലിയ ആശ്വാസമായി മാറി. കല്യാണംപോലുള്ള വിശേഷാവസരങ്ങളില്‍ കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്ന ചുരുക്കം ചിലരുമുണ്ട്.

വിദേശത്തുള്ള നഴ്സുമാര്‍ ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് ആവശ്യങ്ങള്‍ക്ക് ഈ നഴ്സിംഗ് കോളജില്‍ വരുമ്പോള്‍ അധികാരികള്‍ അഗതികള്‍ക്കായി സംഭാവന ചോദിക്കുന്ന സമയത്ത്, പലരും 'പിന്നെയാട്ടെ' എന്ന മറുപടിയില്‍ ഒതുക്കും. ഏറെ പണവും അഹങ്കാരവുംകൊണ്ട് മൂടി നില്‍ക്കുന്നവര്‍ തങ്ങളുടെ മനസ്സിലിരുപ്പ് കൂട്ടുകാരോടൊക്കെ വെട്ടിത്തുറന്നങ്ങു പറയും-

“ഒരുപാട് വര്‍ഷങ്ങളായി എത്രയായിരം നഴ്സുമാര്‍ അവിടുന്ന് വിദേശത്തു പോയി. അവരൊക്കെ എത്ര കൊടുക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം? ഈ പണമൊക്കെ എങ്ങോട്ടാ പോകുന്നതെന്ന് നമുക്കറിയില്ലല്ലോ"

ആ പഴയകാലത്തിന്റെ ഓര്‍മ്മകള്‍ പലതും ജിഷ സബിതയോടു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവര്‍ ബ്രേക്ക്‌ഫാസ്റ്റിനു ഡൈനിങ്ങ്‌ ടേബിളിലേക്ക് എത്തി. രണ്ടുപേരും സാന്‍വിച്ചും ബര്‍ഗറും പങ്കിട്ടു. ഒന്നു കടിച്ചിട്ട് ബര്‍ഗറിനു രുചിയില്ലെന്ന കാരണത്താല്‍ സബിത അതു പാഴാക്കി.

“സബീ..ഇങ്ങനെ വേസ്റ്റാക്കുന്നത് ഇയ്യിടെ നിന്റെ സ്ഥിരം പരിപാടിയായിട്ടുണ്ട്, കുറച്ചു മുന്‍പ്, ഒണക്ക അവല് തിന്നുന്നവരുടെ കാര്യം കേട്ടത് നീ ഇത്രവേഗം മറന്നോ?”

“ശ്ശൊ!... നാവിന്റെ ടേസ്റ്റ് ഒക്കെ പോയെന്നു തോന്നുന്നു. സാരമില്ല..ഞാന്‍ ഒന്നു ശ്രമിച്ചു നോക്കട്ടെ. അടുത്ത ക്രിസ്മസ് ആകുമ്പോള്‍ കുറച്ചു ഡോളര്‍ സേവ് ചെയ്യാമോയെന്ന്! ഇനിയിപ്പോ, അതിനു പറ്റിയില്ലെങ്കിലും എന്റെ വീതം നൂറു ഡോളര്‍ ഗിഫ്റ്റ് ഉണ്ടാവും..”

സബിത ഫോണ്‍ എടുത്ത്, 2018 ഡിസംബര്‍ മാസത്തിലേക്ക് ഒരു റിമൈന്‍ഡര്‍ സെറ്റ് ചെയ്തു.

പണ്ടുകാലങ്ങളില്‍, വിദേശത്തുമാത്രം കൂടുതലായിരുന്ന ഓള്‍ഡ്‌ ഏജ് ഹോം, ഓര്‍ഫനേജ്, കെയര്‍ ഗിവെര്‍, റിട്ടയര്‍മെന്റ് ഹോം....എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തിലും അനുദിനം വര്‍ദ്ധിക്കുന്നതില്‍ നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കേരളത്തിലെ ചില കണക്കുകള്‍ നോക്കാം-

കേരളത്തിലെ കോടതികളിൽ 2017-ൽ ഏകദേശം 4000 ജീവനാംശ പരാതികൾ മാതാപിതാക്കൾ മക്കൾക്കെതിരെ കൊടുത്തിരുന്നു.

അതിൽ, 70% പരാതികളും വന്നത് 60-80 വയസ്സിനുള്ളിൽ ഉള്ളവരില്‍ നിന്നായിരുന്നു.

83% മാതാപിതാക്കളും തങ്ങളുടെ സ്വത്ത് മക്കൾക്കു കൊടുത്തു കഴിഞ്ഞാണ് പരാതിപ്പെട്ടത്.

മാതാപിതാക്കൾ 58% ശതമാനം പേർക്കും ശാരീരിക പീഡനങ്ങളും 28% പേർക്ക് മാനസിക പീഡനങ്ങളും അനുഭവിക്കേണ്ടിവന്നപ്പോൾ 7% പേർക്ക് അവഗണനയുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു.

ഇന്ത്യയിൽ, മുതിർന്ന പൗരന്മാരിൽ ഏറ്റവും കൂടുതൽ മാനസിക പീഡനം അനുഭവിക്കുന്നത് കേരളത്തിലാണ്!

കേരളത്തിൽ, മാതാപിതാക്കളെ പീഡിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് ആൺമക്കളാണ് - 70%, ഏകദേശം 21% പെൺമക്കളിൽനിന്നും മറ്റൊരു 9% ബന്ധുക്കളിൽ നിന്നും ഉപദ്രവങ്ങൾ നേരിടുന്നു.

ദു:ഖം പങ്കിടുമ്പോൾ പകുതിയാകും. സന്തോഷം പങ്കിടുമ്പോൾ ഇരട്ടിയാകും. ആയതിനാൽ, വാർധക്യകാലത്തും സുഹൃത്തുക്കളെ സമ്പാദിക്കുക.

മക്കളുടെ നിവൃത്തികേടുകൾ സാരമില്ല. പക്ഷേ, മന:പൂർവ്വമായുള്ള അവഗണന വരും തലമുറയിലേക്കും ശാപമാകും.

പ്രായമായവരുടെ രോഗങ്ങളുടെ വേദന, ഓർമ്മക്കുറവ്, സംസാരത്തിലെ പിശകുകൾ എന്നിവയെ പരിഗണിക്കാതെ മക്കൾ വഴക്കിനു പോകരുത്.

വരുമാനമുള്ള മാതാപിതാക്കൾക്ക് വാർധക്യത്തിൽ താരതമ്യേന അവഗണന കുറയുന്നു. അതിനാൽ, അനാവശ്യമായി പണം ധൂർത്തടിക്കാതെ വാർദ്ധക്യത്തിലും ഒരു സമ്പാദ്യം കരുതിയാൽ നന്നായിരിക്കും.

കുടുംബത്തിനു വേണ്ടതായ ശ്രദ്ധ കൊടുക്കാതെ ലോകം മുഴുവനും കറങ്ങി നടക്കുന്ന ശീലമുള്ള മാതാപിതാക്കൾ അവശരാകുമ്പോൾ, വീട്ടിൽ കുത്തിയിരുന്നാലും മക്കൾ കണ്ടതായിപ്പോലും ഭാവിച്ചേക്കില്ല. നല്ലതു കൊടുത്ത് നല്ലതു പ്രതീക്ഷിക്കുക.

വൃദ്ധരാകുമ്പോൾ ദൈവഭക്തി, ആത്മീയത, യോഗ, ധ്യാനം എന്നിവയൊക്കെ പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

ഒറ്റപ്പെടലുകളും അവഗണനയും ചെറുക്കാൻ നേരത്തേ തന്നെ മനസ്സുഖം നൽകുന്ന ഒന്നോ രണ്ടോ ഹോബി ശീലിക്കുക.

കുട്ടികളുമായി ഏതെങ്കിലും അനാഥാലയമോ, വൃദ്ധമന്ദിരമോ സന്ദർശിക്കുക. അങ്ങനെ, കുട്ടികളില്‍ സാമാന്യമായ അവബോധം സൃഷ്ടിക്കാന്‍ ഇടയാകാം.

ചെറുപ്പകാലത്ത്, കുട്ടികളെ കയ്യിൽ പിടിച്ച് മാതാപിതാക്കൾ വിനോദ സഞ്ചാരങ്ങൾക്കും തീർഥാടനത്തിനും പോകുന്നപോലെ, അതേ മാതാപിതാക്കൾ വൃദ്ധരാകുമ്പോൾ മക്കൾ കയ്യിൽ പിടിച്ച് കൊണ്ടു പോകുക.

മാതാപിതാക്കൾക്ക് സുബോധം ഉള്ളപ്പോൾത്തന്നെ മക്കൾക്ക് സ്വത്ത് വീതം നൽകുക. പക്ഷേ, ഒരു കാര്യം ഓർമ്മിക്കുക- കാലശേഷമല്ലാതെ, മുഴുവൻ സ്വത്തും നേരത്തേ കൊടുത്താൽ അവഗണനയ്ക്കും പ്രശ്നങ്ങൾക്കും സാധ്യതയേറെ, അഗതികളായി വലിച്ചെറിയപ്പെടാം.

ഇപ്പോഴത്തെ, മക്കളുടെയും കൊച്ചുമക്കളുടെയും സെൽഫോൺ ഉപയോഗം വളരെ സമയം അപഹരിക്കുന്നതിനാൽ പ്രായമായവരെ കാണാനോ സംസാരിക്കാനോ സമയം കിട്ടാതെ ബന്ധങ്ങൾ അപ്രസക്തമാവുന്നു.

വികലമായതും കിടമത്സരബുദ്ധിയുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ കുട്ടികളില്‍ അടിച്ചേല്പിച്ചു ഭാവിയില്‍ മനുഷ്യപ്പറ്റില്ലാത്ത യന്ത്രമാക്കി മാറ്റുമ്പോള്‍ മാതാപിതാക്കള്‍ സ്നേഹമൊന്നും പ്രതീക്ഷിക്കരുത്.

കാര്യങ്ങളുടെ മറുവശവും കാണാതെ പോകരുത്- എല്ലായിടത്തും മക്കള്‍ കുറ്റക്കാരല്ല! അപകടകരമായ ദുശ്ശീലങ്ങള്‍ പേറുന്ന മാതാപിതാക്കളും ജാരസന്തതികള്‍ക്കു സ്വത്ത്‌ കൊടുക്കുന്ന വീടുകളിലും മക്കള്‍ അവരെ ഉപേക്ഷിച്ചേക്കാം.

പ്രായമായവരുടെ പഴയ കാലം കേൾക്കാൻ അൽപ നേരം ചെവി കൊടുക്കുക. ഒരു കാലത്തെ, സനാഥരിൽനിന്ന്- അനാഥരെയും അഗതികളെയും അന്തേവാസികളെയും സൃഷ്ടിക്കാതിരിക്കാം..

"ആരും ഈ ഭൂമിയിൽ അനാഥരായി ജനിക്കുന്നില്ല. പിന്നീട്, മനുഷ്യര്‍ അനാഥരെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്"

2. ആഭരണ വ്യാപാരി

പണ്ടു പണ്ട്..ഒരു വ്യാപാരി സിൽബാരിപുരംരാജ്യത്ത് ആഭരണങ്ങൾ വിൽക്കാനായി വന്നു. അയാളുടെ ഭാണ്ഡക്കെട്ടിലെ ഒരു സഞ്ചി യാത്രക്കിടയിൽ എപ്പോഴോ, എവിടെയോ നഷ്ടപ്പെട്ടു. അതിനുള്ളിൽ ആയിരം സ്വർണമോതിരങ്ങളാണ് ഉണ്ടായിരുന്നത്. എങ്കിലും മറ്റുള്ള ആഭരണക്കിഴികളും നാണയപ്പൊതികളും അയാളുടെ ഭാണ്ഡക്കെട്ടിൽ സുരക്ഷിതമായിരുന്നു.

കാണാതെ പോയത് എങ്ങനെ വീണ്ടെടുക്കാമെന്നായി അയാളുടെ പിന്നത്തെ ചിന്ത. അതിനുവേണ്ടി രാജ്യത്തെ തിരക്കേറിയ പ്രധാന ചന്തയിൽ ചെന്ന് തന്റെ കാണാതെ പോയ ആഭരണക്കിഴി കണ്ടെത്തി തിരികെ ഏൽപ്പിക്കുന്ന ആളിന് നൂറ് സ്വർണനാണയങ്ങൾ സമ്മാനമായി നൽകുമെന്ന് വ്യാപാരി ഉറക്കെ പ്രഖ്യാപിച്ചു.

ചന്തയിലെ ഒരു കടയിൽ രണ്ടു ദിനം കാത്തുകിടന്നപ്പോൾ ഒരു സാധുവായ മനുഷ്യൻ, കിഴിയുമായി വ്യാപാരിയുടെ അടുക്കലെത്തി!

അയാൾ തിടുക്കത്തിൽ അതു വാങ്ങി വെപ്രാളപ്പെട്ട് മോതിരങ്ങൾ എണ്ണി നോക്കി- അത്ഭുതം! ഒരെണ്ണം പോലും നഷ്ടപ്പെടാതെ ആയിരവും തിരികെ കിട്ടിയിരിക്കുന്നു!

തന്റെ മുമ്പിൽ നിൽക്കുന്ന ഈ മനുഷ്യൻ സത്യസന്ധനായ ഒരു മരമണ്ടൻതന്നെ. അല്ലെങ്കിൽ, ഈ കിഴി അതേപടി ആരെങ്കിലും തിരികെ ഏൽപ്പിക്കുമോ?

അന്നേരം, കിഴിയുമായി വന്നയാൾ ചോദിച്ചു-

"അങ്ങ്..പ്രതിഫലമായി നൂറ് സ്വർണനാണയം വാഗ്ദാനം ചെയ്തിരുന്നല്ലോ. ദയവായി എനിക്കത് തന്നാലും"

അതു കേട്ടപ്പോൾ വ്യാപാരിയുടെ സന്തോഷമൊക്കെ പമ്പ കടന്നു. ഇവനെ എന്തെങ്കിലും സൂത്രം പ്രയോഗിച്ച്‌ ഓടിക്കണം. അങ്ങനെയെങ്കിൽ തനിക്ക് നൂറു നാണയങ്ങൾ ലാഭമാകും-അപ്രകാരം ചിന്തിച്ച് വ്യാപാരി ദേഷ്യപ്പെട്ടു:

"ആയിരം സ്വർണമോതിരങ്ങളും വിലയേറിയ ഒരു വജ്രമോതിരവും അടങ്ങിയതായിരുന്നു എന്റെ ആഭരണസഞ്ചി. പക്ഷേ, എവിടെ എന്റെ അമൂല്യമായ ആ മോതിരം? അതില്ലാത്തതിനാൽ സമ്മാനം തരാൻ സാധ്യമല്ല!"

ആ മനുഷ്യൻ അമ്പരന്നു!

"ഞാൻ അതിൽ ഒന്നുപോലും സത്യമായും എടുത്തിട്ടില്ല. പറഞ്ഞ പ്രതിഫലം തരാത്ത നിങ്ങൾ ചതിയനായ വ്യാപാരിയാണ്"

അവർ രണ്ടു പേരും തമ്മില്‍ തർക്കിച്ചപ്പോൾ ചന്തയിലുള്ള ആളുകൾ ചുറ്റിനും തടിച്ചുകൂടി. ചന്തയിലെ നികുതിപ്പണം പിരിക്കുന്ന ഭടന്മാർ ഇതറിഞ്ഞ് അവിടെയെത്തി രണ്ടു പേരെയും രാജാവിനു മുന്നിൽ ഹാജരാക്കി.

രാജാവ് രണ്ടു പേരുടെയും വാദങ്ങൾ കേട്ടു. അതിനു ശേഷം, കുറച്ചു നേരം രാജാവ് ആലോചനയിൽ മുഴുകി -

ആഭരണക്കിഴി തിരികെ കൊടുക്കാൻ സന്മനസ്സു കാട്ടിയ മനുഷ്യൻ സത്യസന്ധൻ തന്നെ. വ്യാപാരിയുടെ പ്രതിഫലം കൊടുക്കാതിരിക്കാനുള്ള സൂത്രമാണ് ഇതെന്ന് രാജാവിനു ബോധ്യമായി.

ഇതിനിടയിൽ, കൊട്ടാരമുറ്റത്ത് ധാരാളം പ്രജകൾ തടിച്ചുകൂടിയിരുന്നു.

രാജാവ് വീണ്ടും വ്യാപാരിയുടെ മുന്നിൽ വന്നിട്ട് ചോദിച്ചു -

"താങ്കളുടെ കിഴിയിൽ എന്തൊക്കെയാണ് ഉണ്ടായിരുന്നത്?"

"തിരുമനസ്സേ.. ആയിരം സ്വർണ മോതിരങ്ങളും ഒരു വജ്രമോതിരവും അടങ്ങുന്ന കിഴിയായിരുന്നു അത് "

ഉടൻ രാജാവ് കല്പിച്ചു:

"ഈ കിഴി സ്വർണ മോതിരങ്ങൾ മാത്രമുള്ള കിഴിയാണ്. അപ്പോൾ ഇത് തന്റേതല്ല. താങ്കളുടെ രത്നക്കല്ലുള്ള കിഴി ഇനിയും കണ്ടെത്തിയിട്ടില്ല. തന്റെ അശ്രദ്ധമൂലം ഭാണ്ഡക്കെട്ടിലെ കിഴികൾ ഇനിയും നഷ്ടപ്പെട്ടേക്കാം. അപ്പോൾ, ഇതുപോലെ വഴക്കുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ, ഇപ്പോൾത്തന്നെ സ്വദേശത്തേക്കു മടങ്ങുക. വ്യാപാരത്തിനായി എന്റെ രാജ്യത്ത് മേലിൽ വന്നുപോകരുത്!"

അങ്ങനെ, കുബുദ്ധിയായ വ്യാപാരി നാണംകെട്ട് അവിടം വിട്ടു.

സത്യസന്ധനായ മനുഷ്യന് പ്രതിഫലമായി ആ സ്വർണ്ണക്കിഴി കൂടാതെ കൊട്ടാരത്തിൽ ജോലി ലഭിക്കുകയും ചെയ്തു.

സത്യസന്ധതയെ വെല്ലുവിളിക്കുന്ന കപടത എന്ന 'ട്രെന്‍ഡ്' നോക്കി അതിനെ ന്യായീകരിക്കരുത്- "ലോകം മുഴുവന്‍ അങ്ങനെയാണ്, ഞാന്‍ എന്തിന് മാറി നില്‍ക്കണം?"

"ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ ഇതൊന്നും മാറ്റാന്‍ കഴിയില്ല..”

ഇങ്ങനെയൊക്കെ പിന്തുണച്ചുകൊണ്ട് ചെയ്യുന്ന താല്‍ക്കാലിക സുഖം തരുന്ന അഴിമതികളും വെട്ടിപ്പും തട്ടിപ്പും ചതിയുമെല്ലാം സ്വന്തം ജീവിത വിശുദ്ധി നഷ്ടപ്പെടുത്തുന്ന ഒന്നായി മാറും. ആജീവനാന്തകാല സൗഖ്യം ആഗ്രഹിക്കുന്നവര്‍ സത്യത്തിന്റെ നേര്‍വഴിയില്‍ ജീവിക്കുക.

3. ശിരസ്സിനുള്ള വില

പണ്ടുപണ്ട്..സില്‍ബാരിപുരംകൊട്ടാരം വീരേന്ദ്രരാജാവ് ഭരിച്ചിരുന്ന കാലം. ഒരിക്കല്‍, അയല്‍രാജ്യത്തുനിന്നും ഒരു പണ്ഡിതന്‍ ക്ഷേത്രതീര്‍ഥാടനത്തിനായി അവിടം സന്ദര്‍ശിച്ചു. അതിനുശേഷം, രാജസന്നിധിയിലേക്ക് കടന്നുവന്ന പണ്ഡിതനെ, രാജാവ് ശിരസ്സ് വണങ്ങി സ്വീകരിച്ചു. പല രാജ്യങ്ങളിലെയും വിശേഷങ്ങള്‍ രാജാവ് തിരക്കുകയും ചെയ്തു. അവിടത്തെ സല്‍ക്കാരത്തിനു ശേഷം അദ്ദേഹം തിരികെ യാത്രയായി.

അപ്പോള്‍ കൂടെ ഉണ്ടായിരുന്ന മന്ത്രി രാജാവിനോട് ഉണര്‍ത്തിച്ചു-

"പ്രഭോ, അങ്ങ് ഈ രാജ്യത്തിന്‍റെ രാജാവാണ്. ഈ രാജ്യവും, ഇവിടുത്തെ സകല സമ്പത്തുകളും പ്രജകളും അങ്ങേക്ക് അടിമപ്പെട്ടതാണ്. അങ്ങ്, ആ പണ്ഡിതനെ ശിരസ്സ് വണങ്ങി സ്വീകരിച്ചത് ശരിയായില്ല!"

ഇത് കേട്ട രാജാവ് ഒരു പുഞ്ചിരിയോടെ പറഞ്ഞു-

“നാളെ നമുക്ക് ഒരു സ്ഥലംവരെ പോകണം, അപ്പോള്‍, മന്ത്രിയുടെ ആശങ്ക തീരുമെന്നു തോന്നുന്നു"

അതിനുശേഷം, രാജാവ് കൊട്ടാര ശില്പിയെ കണ്ട് നാളെ രാവിലെ ഒരു ശില്‍പം വേണമെന്ന് കല്പനയും കൊടുത്തു.

രാജാവ് പറഞ്ഞതിന്‍പ്രകാരം, വേഷം മാറി രാജാവും മന്ത്രിയും പ്രധാന ചന്തയിലെത്തി. രാജാവിന്റെ കയ്യിലെ ചാക്കില്‍ ശില്പവും ഉണ്ടായിരുന്നു. അക്കാലത്ത്, അടിമക്കച്ചവടം നിലവിലുണ്ടായിരുന്നു. നല്ലതുപോലെ പണിയെടുക്കാന്‍ കഴിവുള്ള കരുത്തരായ ആണുങ്ങളെ ജന്മിമാരും നാടുവാഴികളും കൂടുതല്‍ പണം കൊടുത്ത് സ്വന്തമാക്കുകയായിരുന്നു പതിവ്. കൈകള്‍ പിറകിലേക്ക് കെട്ടിയ നിലയില്‍ ഇരുനൂറോളം അടിമകള്‍ ചന്തയില്‍ കുത്തിയിരിക്കുന്നത് അവര്‍ കണ്ടു.

അപ്പോള്‍, ഒരു ജന്മി വിളിച്ചുകൂവി-

“എന്റെ ഇരുപത് അടിമകളെ തല ഒന്നിന് നൂറ് സ്വര്‍ണനാണയം വീതം തന്നാല്‍ വില്‍ക്കാന്‍ ഞാന്‍ ഒരുക്കമാണ്!”

അവര്‍ പിന്നീട് കണ്ടത്, ആട്ടിന്‍തല വില്‍ക്കുന്ന ആളിനെ. അയാള്‍ വിളിച്ചുപറഞ്ഞു-

“ഒന്നാന്തരം ആട്ടിന്‍സൂപ്പുണ്ടാക്കാം, തല ഒന്നിന് വെറും പത്ത് വെള്ളിക്കാശ് തന്നാല്‍ മതി"

രാജാവ് ഒരു ആട്ടിന്‍തല വാങ്ങി ചാക്കിലിട്ടു.

രാജാവും മന്ത്രിയും വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ പോത്തിന്റെ തല വില്‍ക്കുന്ന മനുഷ്യനെ കണ്ടു-

“കൊടുംകാട്ടില്‍ വേട്ടയ്ക്കു പോയവര്‍ തന്ന കാട്ടുപോത്തിന്റെ തലയാ. ഒരു തറവാട്ടില്‍ ഇത്തരം ഒന്നു ചുവരില്‍ ഉണ്ടെങ്കില്‍ അതിന്റെ ഗാംഭീര്യം ഒന്നു വേറെ. തല ഒന്നിന് വെറും അന്‍പത് വെള്ളിക്കാശു മാത്രം"

രാജാവ് ഒരു പോത്തിന്‍തലയും മേടിച്ചു ചാക്കിലിട്ടു. എന്നിട്ട്, ചന്തയിലെ മറ്റൊരു സ്ഥലത്ത് രാജാവും മന്ത്രിയും ചെന്നിരുന്നു. ചാക്കിലെ രണ്ടു തലയും, തുണികൊണ്ട് പൊതിഞ്ഞ ശില്പവും നിരത്തിവച്ചു-

ഉടന്‍തന്നെ, പോത്തിന്‍തലയും ആട്ടിന്‍തലയും വില്പനയായി. പിന്നീട്, വില്‍ക്കാനുണ്ടായിരുന്ന ശില്പത്തിന്റെ തുണി മാറ്റിയപ്പോള്‍ മന്ത്രി ഞെട്ടി വിറച്ചു!

ഒരു മനുഷ്യന്റെ തല!

ശില്പി തോല്‍കൊണ്ട് ഉണ്ടാക്കിയ ശില്പമാണെന്ന് ആര്‍ക്കും തോന്നില്ല!

അത് ശ്രദ്ധയില്‍പ്പെട്ട ഒരുവന്‍ മന്ത്രിയെ അടിക്കാന്‍ ഒരുങ്ങി-

"പ്രേതം! വൃത്തികെട്ട ശവവുമായി വന്നിരിക്കുന്നു!”

ഉടന്‍, രാജാവ്‌ ശില്‍പം തിരികെ ചാക്കിലിട്ടു. അവര്‍ തിരികെ നടന്നപ്പോള്‍, രാജാവ് പറഞ്ഞു:

“മന്ത്രീ, ഒരു അടിമയുടെ തലയ്ക്ക് നൂറു സ്വര്‍ണനാണയത്തിന്റെ വിലയുണ്ടായിരുന്നു. എന്നാല്‍, ഒരു മനുഷ്യന്റെ മരിച്ച തലയെ ആളുകള്‍ ശവമെന്നും പ്രേതമെന്നും പറഞ്ഞ്‌ വെറുക്കുന്നു...പേടിക്കുന്നു. അതിന്, കേവലം ആട്ടിന്‍തലയുടെ വില പോലുമില്ല! രാജാവായ ഞാന്‍ മരിച്ചാല്‍പോലും രാജാവിന്റെ പ്രേതം, ശവം, മൃതശരീരം എന്നാവും പ്രജകള്‍ പറയുക- സ്വന്തം പേരുപോലും നഷ്ടപ്പെടും. ശിരസ്സുകൾക്ക് വിലയുണ്ടാവുന്നത് അത് ജീവിച്ചിരിക്കുമ്പോൾ കാണിക്കുന്ന വിനയത്തിലൂടെ മാത്രമാണ്. വിനയമില്ലാത്ത ശിരസ്സുകൾ മൃതശരീരത്തിന്റെ തലകൾ പോലെയാണ്. അതുകൊണ്ട് നമ്മൾ എത്ര ഉയരത്തിൽ എത്തുന്നുവോ, അത്രയും വിനയമുള്ളവരാവുക. നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ!”

പണ്ടത്തെ, ആരാധനാലയങ്ങളുടെയും വീടുകളുടെയും വാതിലുകള്‍ പൊക്കം കുറഞ്ഞവയായിരുന്നു.

എന്തിനെന്നോ? അതിനുള്ളിലേക്ക് പ്രവേശിക്കുന്ന മനുഷ്യന്‍ തല കുനിച്ച് അഹങ്കാരം കളഞ്ഞു കയറി എന്നു സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്!

മുതിര്‍ന്നവരുടെ കാലില്‍ തൊട്ടു വന്ദിച്ചുകൊണ്ട് അനുഗ്രഹം വാങ്ങുമ്പോഴും ശിരസ്സ് കുമ്പിട്ട് അഹങ്കാരം വെടിഞ്ഞു എന്നര്‍ത്ഥം!

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍